www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Monday 11 March 2013

അശോകവനത്തിലെ സീത



അശോകവനത്തിലെ സീത 

 ലക്ഷ്മണ രേഖ കടന്നുപോയ് ആ ദിനം, 
ചതിയായിരുന്നതെന്നോര്‍ത്തില്ല  ഞാന്‍ 
ഇന്നീ വിധം ഞാന്‍ ഇരിക്കുവാന്‍ കാരണം 
അന്നത്തെ എന്‍തെറ്റ് താനല്ലയോ? 
രാമ, പ്രിയനാകുമാര്യപുത്രാ എൻ 
കണ്ണുനീരിനിയും തോരുകില്ലേ?
രാക്ഷസിമാര്‍ ചൂഴ്ന്നു നില്‌ക്കുന്നിടംവലം 
രക്ഷിക്കു നാഥാ  ഈ തടവില്‍ നിന്നും. 
രാവണനിന്നും പതിവുപോലെ  വന്നു.  
രാവിലെയെന്‍ മനം മാറ്റുവാനായ്. 
നാഥാ ,നിന്നെ വധിച്ചെന്നവന്‍ പ്രാണ-
നാഥയാമെന്നോട്    പൊളി പറഞ്ഞു. 
നിന്നെ വധിക്കാനായ് ആരുമില്ലീയുലകി-
ലെന്നറിയാത്തോനോ  ലങ്കാധിപന്‍ 
വന്നൂ കപീന്ദ്രനെനിക്കേകി  നിന്‍ മുദ്ര-
മോതിരമത് കാണ്‍കെന്നുള്ളുലഞ്ഞു. 
നിന്‍ കരതാരുകള്‍ ഓമനിച്ചെന്‍ മുടി, 
ബന്ധിച്ചോരാ,'മുടിപ്പൂ"വെടുത്ത്,
നിന്നോര്‍മ്മകളെ ഉണര്‍ത്തുവാനായതു,  
പവനാത്മജന്‍ ചാരെയേല്‍പ്പിച്ചു ഞാന്‍  
ഇതുവരെ പൂക്കാത്ത ശിംശിപ വൃക്ഷമിതില്‍ , 
ഇന്നലെ ആദ്യത്തെ പൂവിരിഞ്ഞു. 
അതു കാണ്‍കെന്‍ ഹൃദയത്തിലോമല്‍ പ്രതീക്ഷകള്‍
തെരുതെരെ മുളപൊട്ടി പൂത്തുലഞ്ഞു. 
വന്നീടും രാമന്‍ വധിക്കുമീ നീചനെ  
വിരഹിണിയാമെന്നെ വീണ്ടെടുക്കാന്‍  
അങ്ങനെയുള്ളോരുറപ്പേകി ഈ വഴി 
വന്നോരിളം തെന്നല്‍ തഴുകിയെന്നെ 
നാഥാ  എന്നു നീ വന്നിടുമെന്‍ ചാരെ 
നാളുകളെണ്ണി ഞാന്‍ കാത്തിരിപ്പൂ 
നീ വരും,വന്നു വധിക്കും ലങ്കേശനെ 
എന്നുള്ളോരാശയില്‍ ജീവിപ്പൂ ഞാന്‍ 


- നളിനകുമാരി 

Wednesday 6 March 2013

ഇത് കാരൈക്കുടി (കവിത)



ഒരു തേങ്ങല്‍ കേട്ടുവോ

ഞാന്‍ ഞെട്ടി തിരിഞ്ഞൊന്നു നോക്കി 

ആരുമില്ലെന്‍ പുറകെയെന്നാലുംകേട്ടുഞാൻ

അതുപോലൊരു തേങ്ങൽ വീണ്ടും വീണ്ടും 

ഒരു പെണ്ണിന്‍  ഹൃദയം നുറുങ്ങുന്ന വേദന തൻ സ്വരം

എനിക്കല്ലാതാർക്കു മനസ്സിലാകും??

കരളിന്റെയുള്ളിലോളിപ്പിച്ച  തേങ്ങലുകൾ

എനിക്കല്ലാതാർക്കു മനസ്സിലാകും??

ഞാനും ഒരു പെണ്ണല്ലയൊ... 

പിന്നെ കേട്ടതൊരു  ചിലമ്പിൻ  കിലുക്കം

 ഒരൊറ്റ ചിലമ്പിൻ  തരി കിലുക്കം 

കൂടെ ദീര്‍ഘമാമൊരു നെടുവീര്‍പ്പും 

ഭീതിയാലോ, ചിലപ്പതികാരനായിക

പ്രതികാര ദുര്‍ഗ്ഗയാം കണ്ണകി തന്‍ 

കഥയോര്‍ത്തുകുളിരണിഞ്ഞതോ

എന്‍ മേനിയാകെ വിറച്ചു ഞാന്‍ കണ്ണടച്ചു 

മുനീശ്വരന്‍ കോവില്‍ തെരുവിന്‍ നടുക്കൊരു 

കരിങ്കല്ലില്‍ കൊത്തിയ ബിംബം  പോല്‍ 

വിറങ്ങലിച്ചു നിന്നു പോയീ  ഞാന്‍ 

എഴുന്നു നിന്നെന്നിൽ  മുടിനാരു  പോലും 

പിറകിലാ ചിലംബൊലി

പേടിപ്പിച്ചുകൊണ്ടോടി വരുന്നോ 

മധുരാ നഗരമൊരു മാത്രയെന്‍കണ്ണില്‍ തെളിഞ്ഞു 

ആളുന്ന തീനാളങ്ങള്‍

ആസുരമായ് വാപിളര്‍ന്നടുക്കുന്നുവോ 


ഇത് കാരൈകുടി ...

കണ്ണകിയെ പെറ്റ നാട്‌

ചിലപ്പതികാരം പിറന്ന നാട് 

ഇത് കാരൈക്കുടി .. 

കണ്ണകിയുടെ കുഞ്ഞുപാദങ്ങള്‍ തന്‍

നൃത്തം കണ്ടു പുളകം കൊണ്ട മണ്ണ്

ഇത് കാരൈക്കുടി 

ഒരു പതിവൃതയുടെ ചുടുകണ്ണീര്‍ വീണു നനഞ്ഞ മണ്ണ് 

മറ്റൊരു പെണ്ണിന്റെ  ലാസ്യ നടനത്തില്‍ 

വീണു    മയങ്ങിയ  കാന്തന്നായ് ഒഴുകിയ 

കണ്ണീര്‍ വീണു നനഞ്ഞ  മണ്ണ് 


പഴം തമിഴ് പാട്ടൊഴുകുന്ന കാറ്റില്‍ 

പുഞ്ചിരിക്കുന്നുവോ ഗ്രാമ വീഥികള്‍

എന്മുന്നിലാരോ നടന്നുപോയോ  

കവി കണ്ണദാസനൊ മറ്റാരാനോ ..?  

          *************