www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Friday 24 May 2013

വിധി


                      വിധി ...(കവിത)


സൂര്യദേവൻ തന്റെ രശ്മിയാം കൈകളാൽ

സന്ധ്യയാം ദേവിയെ പുല്കിയപ്പോൾ

സന്ധ്യയോ,ലജ്ജയാൽ ആകെ ചുവന്നു പോയ്‌

സന്ധിക്കാം നാളെയെന്നോതിയവൻ

ഒരുതുള്ളി മധുപോലും കിട്ടാതലഞ്ഞൊരു

കരിവണ്ടാ നേരമവിടെയെത്തി

അരികിലായ് കണ്ടൊരു ചെന്താമരയതിൽ

അരുമയായ് തേൻ  തേടി ചെന്നാനവൻ

ആശിച്ചു ചെന്നവനാനളിനം  തന്നി -

ലാമോദമോടെ  തേൻ മോന്തും  നേരം

പയ്യെ തൻ ദളമാകെ കൂമ്പിയൊതുക്കിയാ

പങ്കജം സൂര്യനെ കൈതൊഴാനായ്

ആ സരോജത്തിന്റെ കണ്ണീരൊപ്പീടാനായ്

ആശ്വസിപ്പിച്ചു കവിളിൽ തൊട്ടു

ആഴിയിലാഴത്തിൽ മുങ്ങീ കതിരവൻ

ആകെ തനുവിന്റെ താപം തീർത്തു

മധുവുണ്ട് പശിമാറ്റി  പോകാൻ തുനിയുമ്പോൾ

വഴികളടഞ്ഞതാ വണ്ട്‌ കണ്ടു

ഇനിയെന്ത് വഴി സ്വന്തം വീടണഞ്ഞീടാനെ

ന്നൊരുപാടു ചിന്തിച്ചു കണ്ണീര്  തൂകി

നാളെ കതിരവൻ വന്നീടു മന്നേരം

വ്രീളയോടെ യിവളിതൾ  വിടർത്തും

അന്നേരം വീടെത്താൻ വഴി കിട്ടുമെന്നൊക്കെ

ഭ്രമരം മനസ്സിൽ  കണക്കു കൂട്ടി. .

അതുവരെ യീപൂവിൻ മൃദുലമാം മെത്തയിൽ

അഴലേതുമില്ലാതെ ഞാനുറങ്ങും

മധുനുകര്ന്നങ്ങനെ മധുപനുറക്കത്തിൽ

മധുരമാം സ്വപ്നങ്ങളേറെ കണ്ടു

അതുവഴി പോയൊരു കാട്ടാനക്കൂട്ടത്തി -

ലൊരുവനൊരു ചെറു കുസൃതി തോന്നി

ആയാസമോടവൻ പൊയ്കയിൽ കൈനീട്ടി

ഒരുവിധമാപ്പൂവിറുത്തൂ മോദാൽ

ഭൂമിയിലിട്ടവനാകമലത്തിനെ

നന്നായ് ചവിട്ടിയരച്ചു  പോയി

പുലരാൻ കൊതിച്ചു മയങ്ങിയ  വണ്ടിന്റെ

വിധിയിന്നീ മട്ടിലെന്നാരറിഞ്ഞൂ ..