രാധാ മാധവ സംഗമം

താരകളുറങ്ങി പൂന്തിങ്കളുറങ്ങീ
കുളിരുമായ് എത്തിയ പൂങ്കാറ്റുമുറങ്ങീ
ഇരുളിനെനോക്കീ മയക്കം വരാതെ
ആരുടെ കാലൊച്ച യോര്‍ത്തു ഞാനിരിപ്പൂ
ഒരു ചെറൂ തെന്നലെന്‍ കവിളില്‍ തഴുകി
ഒരു ചെറു മോഹമെന്‍ കരളില്‍ ഒഴുകി
തുളസിക്കതിര്‍ മണം പേറുമീ കാറ്റോ
കണ്ണന്‍ എന്നെ കാണാന്‍ വന്നുവെന്നോ?
മുന്നിലായൊരു നിഴല്‍ കണ്ടുവോ ഞാനെന്‍
കണ്ണന്നുടല്‍ മണം അറിഞ്ഞുവല്ലോ
പീള നിറഞ്ഞോരെന്‍ കാഴ്ചയില്ലാ കണ്ണില്‍
ഒരു ചിത്രം പോലും തെളിഞ്ഞില്ല പക്ഷെ.
മണല്‍ പോല്‍ പരുപരുപ്പുള്ള ഈ കൈത്തലം
തളിര്‍ പോലൊരു കൈകവർന്നുവെന്നോ...
മൊരിയും ചുളിവുമായ് വികൃതമാമെന്‍ മുഖം
മൃദുവാം ഒരു കരം തലോടിയെന്നോ..
മഴമേഘം പോല്‍ ഘനമാര്‍ന്നയീ വാര്‍മുടി
കൊഴിഞ്ഞുപോയ് ആകെ നരച്ചു പോയ് ഞാൻ
നില്‍ക്കുവാന്‍ കെല്‍പ്പില്ല വേദന കാല്‍ കള്‍ക്ക്
ഞാന്‍ പടു വൃദ്ധയായ് തീര്‍ന്നുവെന്നോ
.
കാലം കടന്നു പോയ് അറിഞ്ഞില്ല നീ കണ്ണാ
കാലം കടന്നു പോയ് അറിഞ്ഞില്ല നീ കണ്ണാ
പേക്കോലമീ രാധ ........കാണ്മതില്ലേ.
.
മെത്തയെന്‍ ചിരകാല സഖിയായതറിഞ്ഞില്ലെ
മെത്തയെന്‍ ചിരകാല സഖിയായതറിഞ്ഞില്ലെ
ചത്തപോല്‍ കിടപ്പൂ ഞാന്‍ കാണ്മതില്ലേ.
ഒരുവേള കണ്ണനെ ഒരു നോക്ക് കാന്മാനോ
പരുവമീ മട്ടിലും ഞാന്‍ കിടപ്പൂ
തണ്‌പ്പാല്‍ വിറയ്ക്കുമെൻ ഉടലാകെ കണ്ണാ നിന്‍
കൈകളിന്‍ ചൂടേറ്റു പുളകമാര്‍ന്നു
നിന്‍ ചുണ്ട് ശലഭം പോല്കവിളില്‍ പതിക്കവേ
ചെന്താമരയായ് വീണ്ടും വിടര്‍ന്നൂ ഞാന്‍
********* ****** ******
ഒരു മഹായുദ്ധം കഴിഞ്ഞുവെന്നോ കണ്ണാ
ഒടുവില്‍ നിന്‍ കുലവും മുടിഞ്ഞുവെന്നോ
ഒരു കൂരമ്പ് നിന്‍ പാദത്തിന്‍ തറച്ചെന്നോ
ഒടുവില്‍ ഈ രാധയെ ഓര്‍ത്തുവെന്നോ
നിറയുന്നു എന്‍ മനം; കൂടെയെന്‍ കണ്കളും
നിനയാതെ നാം വീണ്ടും ചേര്‍ന്നുവല്ലോ.
മതി എന്‍റെ ജന്മം ; കൃതാര്‍ത്ഥയായീ ഞാന്‍
മതി എന്‍റെ പ്രാണനും മോക്ഷമായി
***************
ആ രണ്ടു പ്രാണനും ചേര്‍ന്നൊരു ദീപ നാളം
കുതിച്ചത് സത്യലോകം തേടിയത്രെ...
***************