www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Friday 24 May 2013

വിധി


                      വിധി ...(കവിത)


സൂര്യദേവൻ തന്റെ രശ്മിയാം കൈകളാൽ

സന്ധ്യയാം ദേവിയെ പുല്കിയപ്പോൾ

സന്ധ്യയോ,ലജ്ജയാൽ ആകെ ചുവന്നു പോയ്‌

സന്ധിക്കാം നാളെയെന്നോതിയവൻ

ഒരുതുള്ളി മധുപോലും കിട്ടാതലഞ്ഞൊരു

കരിവണ്ടാ നേരമവിടെയെത്തി

അരികിലായ് കണ്ടൊരു ചെന്താമരയതിൽ

അരുമയായ് തേൻ  തേടി ചെന്നാനവൻ

ആശിച്ചു ചെന്നവനാനളിനം  തന്നി -

ലാമോദമോടെ  തേൻ മോന്തും  നേരം

പയ്യെ തൻ ദളമാകെ കൂമ്പിയൊതുക്കിയാ

പങ്കജം സൂര്യനെ കൈതൊഴാനായ്

ആ സരോജത്തിന്റെ കണ്ണീരൊപ്പീടാനായ്

ആശ്വസിപ്പിച്ചു കവിളിൽ തൊട്ടു

ആഴിയിലാഴത്തിൽ മുങ്ങീ കതിരവൻ

ആകെ തനുവിന്റെ താപം തീർത്തു

മധുവുണ്ട് പശിമാറ്റി  പോകാൻ തുനിയുമ്പോൾ

വഴികളടഞ്ഞതാ വണ്ട്‌ കണ്ടു

ഇനിയെന്ത് വഴി സ്വന്തം വീടണഞ്ഞീടാനെ

ന്നൊരുപാടു ചിന്തിച്ചു കണ്ണീര്  തൂകി

നാളെ കതിരവൻ വന്നീടു മന്നേരം

വ്രീളയോടെ യിവളിതൾ  വിടർത്തും

അന്നേരം വീടെത്താൻ വഴി കിട്ടുമെന്നൊക്കെ

ഭ്രമരം മനസ്സിൽ  കണക്കു കൂട്ടി. .

അതുവരെ യീപൂവിൻ മൃദുലമാം മെത്തയിൽ

അഴലേതുമില്ലാതെ ഞാനുറങ്ങും

മധുനുകര്ന്നങ്ങനെ മധുപനുറക്കത്തിൽ

മധുരമാം സ്വപ്നങ്ങളേറെ കണ്ടു

അതുവഴി പോയൊരു കാട്ടാനക്കൂട്ടത്തി -

ലൊരുവനൊരു ചെറു കുസൃതി തോന്നി

ആയാസമോടവൻ പൊയ്കയിൽ കൈനീട്ടി

ഒരുവിധമാപ്പൂവിറുത്തൂ മോദാൽ

ഭൂമിയിലിട്ടവനാകമലത്തിനെ

നന്നായ് ചവിട്ടിയരച്ചു  പോയി

പുലരാൻ കൊതിച്ചു മയങ്ങിയ  വണ്ടിന്റെ

വിധിയിന്നീ മട്ടിലെന്നാരറിഞ്ഞൂ ..

35 comments:

  1. പാവം വണ്ട്‌.
    ആനയുടെ കുസൃതി കടുപ്പമായിപ്പോയി.
    ആശംസകള്‍

    ReplyDelete
  2. നന്ദി സർ. ഈ വഴി വന്നതിനും ആദ്യത്തെ commentinum

    നമ്മുടെ ജീവിതത്തിൽ ഓരോന്ന് സംഭവിക്കുന്നതും ഇത് പോലെയല്ലേ സർ.
    നാം ഒന്ന് കണക്കു കൂട്ടും പലപ്പോഴും മറ്റൊന്ന് സംഭവിക്കും.

    ReplyDelete
  3. താമരപ്പൂവിലുറങ്ങിപ്പോയ വണ്ടിന്റെ ദുര്‍വിധി കവിതയില്‍ നന്നായി ആവിഷ്കരിച്ചു

    നല്ല ഭംഗിയായി എഴുതി

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അജിത്‌
      നന്ദി ഈ വരവിനും ഈ കയ്യൊപ്പിനും.

      Delete
  4. മധുരം, മനോഹരമീ രചന -
    മധുവുണ്ണാനെത്തി,
    മനസ്സില് പോലും നിനക്കാത്ത വിധി ഏറ്റുവാങ്ങിയ പ്രമേയം.

    ReplyDelete
    Replies
    1. ഈ തിരക്കിനിടയിലും എന്റെ കവിത വായിക്കാൻ സമയം കണ്ടെത്തി വന്ന ഡോക്ടർക്ക്‌ നന്ദി നന്ദി നന്ദി.

      Delete
  5. മനുഷ്യജീവിതവും ഏതാണ്ട്‌ ഇതേപോലെയൊക്കെത്തന്നെയാണ്‌. ആശംസകൾ.

    ReplyDelete
    Replies
    1. ശരിയാണ് സർ നാം ഒന്ന് കരുതുന്നു. എന്തൊക്കെയോ സംഭവിക്കുന്നു. എത്ര ഉദാഹരങ്ങൾ....!
      എല്ലാം നാം കണക്കു കൂട്ടുംപോലെ വന്നിരുന്നെങ്കിൽ മനുഷ്യൻ ആരായേനെ.
      നന്ദി സർ ഈ വായനക്കും ഈ കയ്യൊപ്പിനും

      Delete
  6. വണ്ടിന്റെ ദുര്വിധിയെക്കൾ എന്നെ വേദനിപ്പിച്ചത് ആ കൈകൂപ്പി തൊഴുത്ത തരള പങ്കജം സൂര്യനെ സ്വപ്നം കണ്ടു ഉറങ്ങുമ്പോഴും ആ വണ്ടിന് മധുവും ഒരു ദിവസത്തെ താമസവും ഒരുക്കി ആരെയും വേദനിപ്പിക്കാതെ ഒതുങ്ങി മാറി കഴിഞ്ഞ ആ സ്ത്രീത്വത്തെ കാട്ടനക്കുട്ടന്റെ കുസൃതി കടുത് പോയി, സൂര്യൻ അതറിഞ്ഞാൽ നാളെ എന്തൊക്കെ പുകിലാവോ ഉണ്ടാവുക സൂര്യാഘാതം വരള്ച്ച ഒന്നും പറയേണ്ട
    കാടത്തം നിറഞ്ഞ കുസൃതിയെ വിധി എന്ന തലേക്കെട്ട് ഒരു പോള്ളലായോ അതോ ഒരു ആശ്വാസം ആണോ
    നന്നായി വരച്ചു കാട്ടി നളിനകുമാരി അക്ക നന്ദി

    ReplyDelete
    Replies
    1. Byju നാരായണ്‍ ആദ്യമായി വന്നു നന്ദി അതെ ആ പാവം താമരപ്പൂവും അതിന്റെ വിധിയും ആരും കണ്ടില്ലെങ്കിലും byju കണ്ടല്ലോ. ശരിയാ സൂര്യൻ ഇതറിഞ്ഞാൽ....? പക്ഷെ ആരാധികയുടെ മൌന പ്രണയം,ആ നൊമ്പരം ഒക്കെ അറിയുമോ ആരാധ്യർ?
      നന്ദി ഈ കയ്യൊപ്പിനു. വീണ്ടും വരുമല്ലോ.

      Delete
  7. കവിതതുളുമ്പുന്ന വരികള്‍ .ഒരു കുട്ടിക്കഥ മനസ്സില്‍ ആഴത്തില്‍ പതിയുന്ന പദപ്രയോഗങ്ങള്‍ .
    ആശംസകളോടെ..

    ReplyDelete
    Replies
    1. നന്ദി സർ. ഈ വരവിനും നല്ല അഭിപ്രായത്തിനും വീണ്ടും കാണാമല്ലോ?

      Delete
  8. നല്ല രസത്തില്‍ വായിച്ചു. ഈ കുട്ടിക്കഥ കവിതയാക്കിയത്തിനു ആശംസകള്‍. വീണ്ടും വരാം ടീച്ചറ്

    ReplyDelete
    Replies
    1. വർമാജീ നന്ദി ഈ വായനക്കും കയ്യൊപ്പിനും

      Delete
  9. പുരാണത്തിലെവിടെയോ കേട്ട കഥ പോലെ....അസാധ്യ വരികള്‍.

    ReplyDelete
    Replies
    1. രൂപേഷ് നന്ദി ആദ്യമായി ഇവിടെ എത്തിയതിനും പിന്നെ ഈ കയ്യൊപ്പിനും

      Delete
    2. This comment has been removed by the author.

      Delete
  10. രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങു മുഷസെങ്ങും പ്രകാശിച്ചിടും
    ദേവന്‍ സൂര്യനുദിച്ചിടുമിക്കമലവും കാലേ വിടര്‍ന്നീടും
    ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ
    പിഴുതാന്‍ ദന്തീന്ദ്രനാ പത്മിനി......

    - ഈ നല്ല കവിതക്ക് അനുബന്ധമായി ഈ കവിതയുമിരിക്കട്ടെ.
    ഈ ബ്ലോഗില്‍ ആദ്യമായാണ്....ആദ്യം വായിച്ചതുതന്നെ ഇഷ്ടമായി....

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌ കുമാർ ആദ്യമായുള്ള ഈ വരവിനും കമന്റിനും.


      അതെ ആ നല്ല കവിതയ്ക്ക് കണ്ണ് തട്ടാതിരിക്കാൻ ഈ കവിതയും ഇരിക്കട്ടെ കൂട്ടിനായ്

      Delete
  11. വളരെ നല്ലകവിത.
    പ്രാസം ചെര്‍ത്തിണക്കിയ വരികള്‍ വായിക്കാന്‍ തന്നെ ഒരു സുഖം.

    ReplyDelete
    Replies
    1. ജോസെലെറ്റ്‌ എം ജോസഫ്‌

      ഈ വരവിനും ഈ കയ്യൊപ്പിനും നന്ദി
      ഇനിയും കാണാം എന്ന് പ്രതീക്ഷിക്കുന്നു.

      Delete
  12. എനിക്ക് ഏറെ ഇഷ്ടപ്പെട്ടു,
    മനോഹരമായ വരികൾ ..മോഹങ്ങൾ ബാക്കി
    വെച്ചുകൊണ്ട് വിധി വിളിച്ചു കൊണ്ടു പോയി
    പാവം വണ്ടിനെയും .ആശംസകൾ .

    ReplyDelete
    Replies
    1. നാളെ സൂര്യനെ കാണാം എന്ന മോഹം ഉള്ളിലടക്കി താമരയും
      നാളെ കുടുംബത്തിൽ എത്താം എന്ന മോഹം ബാക്കിയാക്കി വണ്ടിനെയും
      ഒരേപോലെ വിധി ചതിച്ചു.

      നന്ദിsulaiman
      ഈ വരവിനും വായനക്കും
      നല്ല കംമെന്റിനും

      Delete
  13. വായിച്ചു, ഏറെ ഇഷ്ടപ്പെട്ടു. താമരയില്‍ ഉറങ്ങി കുടുങ്ങിപ്പോയ വണ്ടിനെ കുറിച്ച് സംസ്കൃതത്തില്‍ ഒരു ശ്ലോകം ഇല്ലേ?

    ReplyDelete
    Replies
    1. രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങു മുഷസെങ്ങും പ്രകാശിച്ചിടും
      ദേവന്‍ സൂര്യനുദിച്ചിടുമിക്കമലവും കാലേ വിടര്‍ന്നീടും
      ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ
      പിഴുതാന്‍ ദന്തീന്ദ്രനാ പത്മിനീം ......


      ഇതല്ലേ ആ സംസ്കൃത വരികൾ?
      നന്ദി ഈ വായനക്കും കയ്യൊപ്പിനും.

      Delete
  14. ഓരോ കർമ്മത്തിനും അനുയോജ്യമായ ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന് പറയപ്പെടുന്നത് എത്ര ശരി.!! അനുചിതമായ സമയത്ത് തേൻ
    നുകരാനെത്തിയതാണ് വണ്ടിനു പറ്റിയ തെറ്റ്.എന്നാൽ,നട്ടുച്ചയ്ക്ക് വന്നെന്നാകിലും,വണ്ടിന്റെ വിധി അതാണെങ്കിൽ ആനക്കൂട്ടം അപ്പോൾത്തന്നെയെത്തും.!!


    വിധിയിന്നീ മട്ടിലെന്നാരറിഞ്ഞൂ..? വളരെ ശരി. നല്ല കവിത.നല്ല പദ വിന്യാസം. വളരെ ഇഷ്ടമായി മാഡം.ജാലകത്തിൽ ഇതു വന്നു കണ്ടില്ല.
    അതാ കാണാതെ പോയത്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഓരോരുത്തര്ക്കു ഓരോന്ന് തലയിൽ എഴുതിയിട്ടുണ്ട് എന്ന് പറയില്ലേ. വളരെ ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്. .
      വൈകിയെന്നാലും വന്നല്ലോ.നന്ദി
      (ഏതു വിധത്തിലാണ് ഇത് നിങ്ങളിൽ എത്തിക്കുക എന്ന് അറിയില്ല. അതാണ്‌ അറിയിക്കാത്തത്.. ഇ മെയിലിൽ അയച്ചാലോ?)










      Delete
  15. മനോഹരം ! ഈ വരികള്‍ക്കിടയില്‍ അല്‍പ്പം അകലം കൂടിയിട്ടാല്‍ അതിമനോഹരമാവും ടീച്ചറെ .

    ReplyDelete
  16. വരികള്ക്ക് അകലം കൂട്ടാം മിനി

    ഈ വരവിനും വായനക്കും നന്ദി ഇനിയും വരണേ

    ReplyDelete
  17. വായിച്ചു. വളരെ മനോഹരമായ കവിത ..ആദ്യമായാണ്‌ ഇവിടെ ..വീണ്ടും വരാം ..

    ReplyDelete
  18. വരവിനും വായനക്കും നന്ദി
    ഇനിയും വരുമല്ലോ

    ReplyDelete
  19. ഇത് കലക്കി... രൊമ്പ പിടിച്ചിരുക്ക്..

    ReplyDelete
    Replies
    1. നന്ദി ഈ വായനക്കും കമന്റിനും എച്മു

      Delete
  20. നയന മനോഹരം, ശ്രവണ സുന്ദരമെന്നൊക്കെ പറയും പോലെ ഒരു കവിത.. സ്നേഹം ചേച്ചീ..ആശംസകൾ

    ReplyDelete
    Replies
    1. ഇവിടെ വന്നതിനു സന്തോഷം മോളെ..

      Delete