www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Saturday 30 November 2013

അസ്തമയം

   അസ്തമയം
 
  
                   
എന്റെ മോൾ കരയുന്നോ .അതെ എന്റെ പൊന്നുമോളുടെ ശബ്ദമാണല്ലോ ഞാൻ കേൾക്കുന്നത് ..വെറും തേങ്ങലിന്റെ  ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല  അവൾ എവിടെയാഉള്ളത്?
മോള് കരഞ്ഞു കൊണ്ടേയിരിക്കുന്നു..പതിയെ ഒരു മഞ്ഞുമറ  നീങ്ങിയത് പോലെ.. എനിക്ക് ഇപ്പോൾ എല്ലാം കാണാം. കുഞ്ഞു  തല കുമ്പിട്ടു ഇരിക്കുന്നു. അവളുടെ ചുണ്ട് അനങ്ങുന്നതേയില്ല .പക്ഷെ അവൾ  ഉള്ളാലെ  എന്തൊക്കെയോ  പറയുന്നത് എനിക്ക് ഇപ്പോഴും കേൾക്കാം  . ദാ  ഇപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു... 
 
"ഞാൻ പഠിച്ചു ജോലി നേടണം എന്ന് പറഞ്ഞില്ലേ.  അച്ഛൻ ഇല്ലാത്തത് എന്നെ അറിയിക്കാതെയല്ലേ അമ്മ എന്നെ വളര്ത്തിയത്. ഇനി എനിക്കാരുണ്ട് അമ്മെ. ഞാൻ ആരോടാ  എന്റെ സങ്കടങ്ങൾ പറയുക? എനിക്ക് ഒരു സന്തോഷം തോന്നിയാൽ കൂടെ ആനന്ദിക്കാൻ ആരുണ്ട്‌ ഇനീ"
 
എല്ലാം ഞാൻ കേൾക്കുന്നുണ്ട്.അവളുടെ മനോവ്യാപാരങ്ങൾ .... അവൾ കരയാതെ ചിരിക്കാതെ ഒരു കൽ പ്രതിമ പോലെ ഇരിക്കുകയാണ്. ചുണ്ട് കൂട്ടിക്കടിച്ചു പിടിച്ചിരിക്കുന്നു . 
അവളെ ഒന്ന് സമാധാനിപ്പിക്കാൻ എനിക്കാവുന്നില്ലല്ലോ.  കൈനീട്ടി അവളുടെ തലയിലൊന്ന് തൊടാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.
എന്റെ മോളെ  ആശ്വസിപ്പിക്കാൻ  ആരും ശ്രദ്ധിക്കുന്നുമില്ല.
 
ആങ്ങ്ഹ  എന്റെ മോനുമുണ്ടല്ലോ.!  അവൻ ഓരോരുത്തരോടു സംസാരിക്കുന്നു. മുഖത്ത് ശോകഭാവമുണ്ടോ ? അവന്റെ ഭാര്യ എവിടെ? അവളുടെ വീര്‍ത്ത വയറിൽ ഒരു പൊന്നുമോൻ തന്നെയാകും. വീട്ടില്‍ ഒരു കുഞ്ഞിക്കാലു  കാണാൻ ഞാൻ എത്ര കൊതിച്ചതാണ് .
കുടുംബത്തിലെ എല്ലാരും എത്ത്തിയിട്ടുണ്ടല്ലോ ....
 
ചിലര് താഴ്ന്ന സ്വരത്തിൽ വീട്ടു വിശേഷം പങ്കു വെക്കുന്നു.  ചിലർ  മുറ്റത്തു ഒരരുകിൽ നിന്ന് കട്ടൻ കാപ്പി കുടിക്കുന്നു.
 
"അസുഖം കൂടിയത്  ഞാൻ അറിഞ്ഞില്ല . എളെമ്മ ഇത്ര വേഗം പോകുമെന്നു സ്വപ്നത്തിൽ വിചാരിച്ചില്ല."
മാഹിയിലെ ചേച്ചിയുടെ മകളാണ് ..ഇവരൊക്കെ ഇവിടെ  ഉണ്ടായിരുന്നോ.
"സതീ എപ്പോൾ എത്തി?" എന്റെ ചോദ്യം അവൾ കേട്ട ഭാവമില്ല.
 
"ഞാനും ഇന്ന് പുലർ ച്ചേയാണ് വിവരമറിഞ്ഞത് . കേട്ട ഉടനെ പുറപ്പെട്ടതാ"
അത് എന്റെ ഏട്ടന്റെ മകനാണല്ലോ.. അവൻ  തലശ്ശേരി നിന്ന് എപ്പോഴെത്തി?
അവരുടെ അടുത്തേക്ക് ചെന്നിട്ടും  അവർ എന്നെ നോക്കുന്നു പോലുമില്ല.. 
 
ഇതെന്താ എല്ലാര്ക്കും പറ്റിയത്..
അയൽക്കാരിൽ ചിലര് ഒരു   ഭാഗത്ത്‌ മാറി നിന്ന് കുശുകുശുക്കുന്നു.  ചിലര് എന്നെപ്പറ്റി യാണല്ലോ   സംസാരിക്കുന്നത് 
"പാവം ചേച്ചി ഈ തറവാട്ടിലെ വിളക്കായിരുന്നു.  പിള്ളേർവിശന്നു കരയുന്നു  വീട്ടില്‍ ഒന്നുമില്ല അവര്‍ക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞാല്‍  "ഇവിടെ  പ്ലാവിൽ ചക്കയുണ്ടല്ലോ ജാനകി ... ഇട്ടു എടുത്തോണ്ട് പോയി പിള്ളേർക്ക് പുഴുങ്ങി കൊടുക്ക്‌ എന്ന് പറയും. എന്ത് ആവശ്യത്തിനു വന്നാലും   കയ്യിലുള്ളത് എപ്പോഴും എടുത്തു തരുമായിരുന്നു"
ഒരുത്തി മൂക്ക് പിഴിയുന്നു .
.  
"ആഹാരം കഴിക്കാൻ ഇരിക്കുന്ന നേരത്ത് വന്നാല്‍   പോലും എഴുനേറ്റു  കൈ കഴുകി മുന്‍പില്‍ ഇരിക്കുന്ന  ഭക്ഷണം ഒരു മടിയുമില്ലാതെ വന്ന ആള്ക്ക് എടുത്തു കൊടുക്കും. പണമായാലും തുണിയായാലും ഉള്ളത് എല്ലാര്ക്കും കൊടുക്കാൻ സന്തോഷമേയുള്ളൂ ആയമ്മക്ക്‌.." .അത്  വടക്കേലെ ചിരുതയാണ്.
 
കഴിക്കാൻ വേറെ ഉണ്ടാവില്ല പെണ്ണുങ്ങളെ അതോണ്ടല്ലേ എന്റെ ഓഹരി തന്നെ എടുത്തു തരുന്നത്..പണ്ടത്തെ പോലെയല്ല കൂട്ടരേ ഇപ്പൊ ഈ തറവാട്ടിലെ സ്ഥിതി. ഇവിടുത്തെ വിഷമം നിങ്ങളോട് പറയുന്നത് നന്നോ? കാടിയാനേലും  മൂടിക്കുടിക്കണ്ടേ?. "
എല്ലാവരുടെയും അടുത്ത് ഓളത്തിലെന്നപോലെ  ഒഴുകി  ചെന്നെത്താൻ കഴിയുന്നു . പക്ഷെ ആരും എന്നെ കാണുന്നില്ലേ...ഇതെന്തു പറ്റി ..?
എന്നെ തീരെ ഗൗനിക്കാതെ എന്നെക്കുറിച്ച് പുകഴ്ത്തുന്നു .ഇവര്ക്കൊക്കെ എന്താ പറ്റിയത്..
 
എല്ലാരും വര്‍ത്തമാനം തന്നെ .എന്റെ ഈ പാവം കുഞ്ഞിനു ആരും ഒരു തുള്ളി വെള്ളം കൊടുക്കുന്നില്ലല്ലോ.  ...
അച്ഛൻ പോയതറിയിക്കാതെ ഞാൻ പാടുപെട്ടു വളര്ത്തിയ എന്റെ മോൾ. ഞാൻ ഇല്ലാത്ത കാലം അതിന്റെ ഗതി ഇതൊക്കെ തന്നെ.
നേരെ അടുക്കളയിൽ  കടന്നു.... ങേ  ഇതെന്താ ഇത് വരെ തീ പിടിപ്പിചിട്ടില്ലേ. എന്താ കഥ...പിന്നെ ഈ മനുഷ്യർ ചിലരൊക്കെ ചായ കുടിക്കുന്നതോ.  .
ചായ തിളപ്പിക്കുന്ന പാത്രം എടുക്കാൻ ശ്രമിച്ചു .കയ്യിൽ കിട്ടുന്നില്ല ഇതെന്തു പറ്റി .
ഇവിടെ നിന്നിട്ട് ഇനി  എന്ത് കാര്യം...എന്റെ മോളുടെ അടുത്തേക്ക് തന്നെ ചെന്ന് നോക്കാം.
 
"എന്റെ അമ്മ ഒരുങ്ങി പോകുന്നല്ലോ. എന്നെ കൂട്ടാതെ ഒരിടത്തും അമ്മ പോകാറില്ലല്ലോ. എന്താണമ്മേ എന്നെ കൂടെ കൊണ്ട് പോകാത്തത്? ഞാനും വരുന്നമ്മേ..."
മോൾ ഇത്തവണ കാറിക്കരയുകയാണല്ലോ .

ഇപ്പോഴാണ് ഒരു രൂപം എന്റെ  കണ്ണിൽ  പെട്ടത്''   വെള്ള പുതച്ച ഒരു ശരീരം കിടത്തിയിരിക്കുന്നു. അതിന്റെ മുഖത്തേക്കാണ്  അവൾ സൂക്ഷിച്ചു നോക്കുന്നത്... 
അതിശയം തന്നെ. അത് ഞാൻ തന്നെയല്ലേ  വെള്ള സാരിയും ബൗസും അണിഞ്ഞു നെറ്റിയിൽ  ചന്ദനവും ഭസ്മവും തൊട്ടു കണ്ണ് പൂട്ടിയുറങ്ങുന്നു . അതെ ഞാൻ തന്നെ.
 
അപ്പോൾ ഈ നില്ക്കുന്നതോ? ഞാനല്ലേ  ഇവിടെ നില്ക്കുന്നത്.
കണ്ണും പൂട്ടി കിടക്കുന്ന  എന്റെ മുഖത്തും  ചുണ്ടിലും ഒക്കെയായി അരി മണികളും തുളസിയിലകളും വെള്ളവും വന്നു വീഴുന്നു. തറ്റുടുത്ത ഒരാള്  പൂജകൾ ചെയ്യുന്നു .തലയ്ക്കൽ  നാക്കിലയിൽ പൂവും അരി,എള്ള് കറുക ഒക്കെ  ചിതറിക്കിടക്കുന്നു. നിലവിളക്ക് ജ്വലിക്കുന്നുണ്ട്  .എന്റെ മോനാണ്  ഈറനുടുത്തു ഒരു കാൽ മുട്ട് കുത്തി യിരിക്കുന്നത് .

എന്റെ ശരീരം മോനും മറ്റു  ചിലരും  ചേർന്ന് എടുത്തു കൊണ്ട് പോകുന്നു. മോൾ വിട്ടുകൊടുക്കാതെ കെട്ടിപ്പിടിച്ചു കരയുകയാണ്. ആൾക്കാർ അവളെ പിടിച്ചു മാറ്റുന്നു. 
 മോളെ ഇവിടെതനിച്ചാക്കിയിട്ടു ഞാൻ എങ്ങനെ അകലേക്ക്‌ പോകും...പക്ഷെ എനിക്ക് പോകാതിരിക്കാൻ കഴിയുന്നില്ലല്ലോ.. എന്തോ ഒരു ശക്തി അങ്ങോട്ട്‌ പിടിച്ചു വലിക്കുന്നപോലെ...
 
പതിനെട്ടു വയസ്സുള്ളപ്പോൾ അദ്ദെഹത്തിന്റെ കൂടെ വധുവായി വന്നു കയറിയ ഈ പടിപ്പുരവിട്ടു ഞാൻ ഇറങ്ങുകയാണ്.  അദ്ദേഹം ഇതുപോലെ ഒരുനാൾ പടിയിറങ്ങിയത്  കണ്ണീ രണിഞ്ഞു  കണ്ടു നിന്നതാണ് ഞാനും
 
അന്ന് എന്റെ കൈകളിൽ  എന്റെ മോളുടെ കുഞ്ഞുകൈ ഉണ്ടായിരുന്നു .അവളെ വളര്‍ത്തണം  വലുതാക്കണം  അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ എല്ലാം സഫലമാക്കണം.  ആ ഒരു നൂലിൽ പിടിച്ചാണ്  പിന്നീട് ജീവിച്ചത്.. 
 
മകൻ ജനിചതും വളര്‍ന്നതും  സമ്പത്തിന്റെ നിറവില്‍ ആയിരുന്നു.. പ്രഭുകുമാരനെ പോലെ 
വളര്‍ത്തിയ അവൻ വലുതായി  വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒട്ടും  പ്രതീക്ഷിക്കാതെ വയറ്റിൽ ഊറിക്കൂടിയ മോൾ, അച്ഛന്റെ ലാളന  അനുഭവിക്കാൻ അവൾക്കു കഴിഞ്ഞില്ല.
അച്ഛന്റെ മരണ ശേഷം അദ്ധേഹത്തിന്റെ മരുമകൻ തറവാട്ടിന്റെ കാരണവർ ആയപ്പോൾ അത് വരെ അനുഭവിച്ചതൊക്കെ പെട്ടെന്ന് നഷ്ടപ്പടുകയായിരുന്നു. 
 
സമ്പത്ത് ഇല്ലാതെയായി.. പറക്ക മുറ്റിയ മകൻ അകലേക്ക്‌ അന്നം തേടി പോയി.
എങ്കിലും  ജീവിച്ചേ മതിയാകൂ. ഈ പോന്നു മോൾക്ക്‌ വേണ്ടി...  അദ്ദേഹമൊത്ത് കഴിഞ്ഞ ഓർമ്മകൾ എനിക്ക് ജീവിക്കാനുള്ള കരുത്തു പകർന്നു .
 
എത്ര പൂമണം നിറഞ്ഞ ഓണക്കാലം . 
എത്ര പൂത്തിരികൾ സന്തോഷം പകര്‍ന്ന  വിഷുക്കാലം 
എത്ര മാമ്പഴം മണക്കുന്ന വേനല്ക്കാലം..
എത്ര പുത്തരി ഉണ്ട കൊയ്ത്തുകാലം.
എത്ര തുടിച്ചു  കുളിച്ച കുളിരുന്ന തിരുവാതിരകൾ..
എത്ര മഴവെള്ളമൊലിച്ചു പോയി ഈ കാലത്തിനിടക്ക് ...
 
സമൃദ്ധമായ ആ ജീവിതം ഓർമ്മയായ ശേഷം അകലെ ഭാര്യയോടൊത്ത് ജീവിക്കുന്ന മകന്റെ ശമ്പളത്തിൽ ഒതുങ്ങേണ്ടി വന്ന എന്റെയും മോളുടെയും അർദ്ധ പട്ടിണിയുടെ വറവ് കാലവും
 
എന്തൊക്കെ കണ്ടു ഈ ജീവിതത്തിനിടക്ക്   
 ഇനി  ഞാനുംകൂടെ  ഇല്ലാതെ എങ്ങനെയാവും എന്റെ മോളുടെ ജീവിതം...
അവളെ  ഈ വലിയ വീട്ടിൽ  തനിച്ചാക്കി എങ്ങനെ പോകും ഞാന്‍?
 മോൾ കുഴഞ്ഞു വീഴുന്നു .ഹയ്യോ ഒരു നിമിഷം പുറകോട്ടു കുതിച്ചു പോയി .
 
ഇല്ല എനിക്ക് ഇനി പിന്തിരിയാൻ കഴിയില്ല..ഈ ശരീരത്തിന്റെ കൂടെ പോയെ പറ്റു
വിറകിൻ കൂമ്പാരത്തിനു മേൽ  കിടക്കുന്ന എന്റെ ശരീരത്തിനു ചുറ്റും നിറകുടവുമായി പ്രദക്ഷിണം വെക്കുന്ന മകൻ.... .ഒടുവിൽ  ആ കുടം നിലത്തു വീണു തകർന്നപ്പോൾ .. എന്റെ എല്ലാ ഓര്മകളും മായുന്നു. 
മുന്നില്‍ ശൂന്യത മാത്രം..


(ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)

60 comments:

 1. ഇത്രയേയുള്ളൂ ജീവിതം...
  സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന്‌...
  ഒടുവില്‍ നിത്യവിസ്മൃതിയിലേയ്ക്ക്...
  നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ സര്‍..ഇത്ര മാത്രം...

   Delete
 2. ഒരു കരച്ചിലില്‍ തുടങ്ങി മറ്റൊരു കരച്ചില്‍ സമ്മാനിച്ച്‌ യാത്ര തുടരുന്നു.

  ReplyDelete
  Replies
  1. എല്ലാരെയും ചിരിപ്പിച്ചു നമ്മള്‍ കരഞ്ഞു കൊണ്ട് വരുന്നു.
   എല്ലാരെയും കരയിച്ചു നാം യാത്ര പോകുന്നു.

   Delete
 3. തിരിഞ്ഞു നോക്കുമ്പോള്‍ ..

  ReplyDelete
  Replies
  1. വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ അമ്മ എന്നെ തനിച്ചാക്കി പോയ യാത്രയുടെ ഓര്‍മ്മകള്‍ ആണ് റാംജി സര്‍.ഈ കഥ.

   Delete
 4. സമാനമായ ഈ പ്രമേയം എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.. ഇത് കൂടുതല്‍ ലളിതമായി തോന്നി .. ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം Muhammed sir
   ഈ വായനക്കും കയ്യൊപ്പിനും

   Delete
 5. This comment has been removed by the author.

  ReplyDelete
 6. നാട്ടുകാരി ചേച്ചീ ...എഴുത്തൊക്കെ നന്നായി......ന്നാലും..
  സങ്കടമായി

  ReplyDelete
  Replies
  1. അശ്വതി
   ആ സങ്കടത്തില്‍ നിന്നു വന്ന എഴുത്താണ് കുട്ടീ ഇത്.

   Delete
 7. ഹൃദയഹാരിയായ എഴുത്ത്. സങ്കടമെങ്കിലും സത്യം! എല്ലാർക്കുമുണ്ട് ഒരു ദിനം. പോയേ തീരു ഈ നശ്വര ലോകത്ത് നിന്നും.

  ReplyDelete
  Replies
  1. അതെ അമ്പിളി. പോയെ തീരൂ.
   എന്നാലും.....

   Delete
 8. പ്രേതാണല്ലെ....? ചുമ്മാ വെള്ള സാരിയുടുത്ത് പേടിപ്പിക്കാതെ..!
  ഇതറിഞ്ഞിരുന്നെങ്കിൽ പിന്നാലെ വരുമായിരുന്നില്ല. ആദ്യമേതന്നെ തിരിഞ്ഞു പോയേനേ...!

  ReplyDelete
  Replies
  1. പേടിക്കേണ്ട വീ കെ.
   ആരെയും ഉപദ്രവിക്കില്ല..

   Delete
 9. കൂടുതൽ പറയാനാവാത്തവിധം വല്ലാതെ സ്പർശിച്ച എഴുത്ത്.....

  ReplyDelete
  Replies
  1. ഈ വഴി വന്നതിനും വായനക്കും സന്തോഷം ശ്രീ പ്രദീപ്‌ കുമാര്‍

   Delete
 10. പോയേ തീരൂ എന്ന സത്യം എല്ലാവരും ഓർമിക്കുന്നില്ല. നല്ല കഥ.

  ReplyDelete
  Replies
  1. പക്ഷെ കാലാവധി ഇത്ര വേഗം തീര്‍ന്നു പോകുന്നത്...

   Delete
 11. അനിവാര്യമായ തിരിച്ചു പോക്കുകള്‍! ഒരിക്കല്‍ കൂടി ഒന്ന് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തൊടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എല്ലാ ആത്മാക്കളും കരുതുന്നുണ്ടാകും അല്ലെ നളിനേച്ചീ ? :(

  ReplyDelete
  Replies
  1. തീര്‍ച്ചയായും ആര്‍ഷ.രണ്ടുനാള്‍ കൂടി നീട്ടിക്കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ?
   പക്ഷെ എന്റെ അമ്മക്ക് multiple മൈലോമ എന്ന ഉഗ്ര വേദനയുള്ള നട്ടെല്ലിനെ ബാധിക്കുന്ന കാന്‍സര്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ അതിനു ഇന്നത്തെപോലെ മരുന്ന് ഉണ്ടായിരുന്നില്ല. കീമോ പോലും ചെയ്തിരുന്നില്ല.

   Delete
 12. മടക്കമില്ലാത്ത യാത്ര.... കഥ നന്നായിരിക്കുന്നു ചേച്ചി

  ReplyDelete
  Replies
  1. ആ യാത്രക്ക് തിരിച്ചു വരവില്ല. എങ്കിലും അവിടെ ചെന്നെതിയാല്‍ എങ്കിലും ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു.... മുബി

   Delete
 13. കണ്‍കുടം പൊട്ടിച്ചു ഒരിറ്റു കണ്ണീർ കർമങ്ങൾ പൂര്ത്തിയായി ഓർമ്മകൾ ബാക്കിയായി

  ReplyDelete
 14. എല്ലാം കഴിഞിട്ടും ഓര്‍മ്മകള്‍ മാത്രം ബാക്കിയായി എനിക്ക് കൂട്ടിരിക്കാന്‍....

  ReplyDelete
 15. ‘സമൃദ്ധമായ ആ ജീവിതം
  ഓർമ്മയായ ശേഷം അകലെ ഭാര്യയോടൊത്ത് ജീവിക്കുന്ന മകന്റെ ശമ്പളത്തിൽ
  ഒതുങ്ങേണ്ടി വന്ന എന്റെയും മോളുടെയും അർദ്ധ പട്ടിണിയുടെ വറവ് കാലവും‘

  എല്ലാം ഈ രണ്ട് വരിയിൽ കൂ‍ട്ടിവായിക്കാം...!

  ReplyDelete
 16. മുരളി.
  അതെ അത് അങ്ങനെ തന്നെയായിരുന്നു.

  ReplyDelete
 17. Replies
  1. Shajithaa
   ഈ ആദ്യവരവിനും വായനക്കും സന്തോഷം.

   Delete
 18. തിരിച്ചു പോക്കുകള്‍ അനിവാര്യമാണ് ഹൃദയസ്പര്‍ശിയായി എഴുതി

  ReplyDelete
  Replies
  1. സാജന്‍.
   അനിവാര്യം എങ്കിലും..അത്രയും വേഗത്തില്‍...

   Delete
 19. എന്തിനാണ് ഇത്ര ക്രൂരമായി എഴുതി, ഞങ്ങളുടെ ഹൃദയ ധമനികളുടെ കരുത്തു പരീക്ഷിക്കുന്നത് നളിനെച്ചീ.....
  ഒരുദയത്തിനു, ഒരസ്തമയം പ്രകൃതി നിയമമല്ലേ...അനുസരിച്ചല്ലേ പറ്റൂ...
  ആശംസകള്‍.

  ReplyDelete
  Replies
  1. അതെ ആ ഉദിച്ചു നിന്നത് എന്റെ ജീവന് വെളിച്ചം തന്ന സൂര്യന്‍ ആയിരുന്നു.
   ആ അസ്തമയം എന്റെ ജീവിതത്തില്‍ കുറെ വര്‍ഷങ്ങള്‍ ഇരുട്ടിലാഴ്ത്തി കളഞ്ഞു.

   Delete
 20. "ഒരു പക്ഷേ" എല്ലാവര്‍ക്കും അവസാനം (അല്ല, അവസാനത്തിനു ശേഷം) ഇങ്ങനെ ഒന്ന് പറയാനുണ്ടാകുമായിരിയ്ക്കും... അല്ലേ ചേച്ചീ?


  ReplyDelete
  Replies
  1. തീര്‍ച്ചയായും ഉണ്ടാകും ശ്രീ.

   Delete
 21. hrudayam kondezhuthunnath inganeyanalle?
  valare nannaayi....

  ReplyDelete
 22. സ്വന്തം ദുഖങ്ങള്‍ക്ക്‌ ഇത്തിരി കൂടുതല്‍ തീവ്രത ഉണ്ടാകുമല്ലോ.
  നന്നിയും സന്തോഷവും ഈ വായനക്ക്

  ReplyDelete
 23. ചേച്ചീ.. ഞാ൯ പറയാ൯ വിചാരിച്ചതൊക്കെ മുമ്പേ വന്നവ൪ പറഞ്ഞുപോയി... :(

  ReplyDelete
  Replies
  1. അത് സാരമില്ല മുബാറക്ക്
   വൈകിയാലും ഇവിടെ എത്തിയല്ലോ.

   Delete
 24. Replies
  1. ഇങ്ങനെ ഒരിടം ഉണ്ടെന്നു ആദ്യമായാണ്‌ അറിയുന്നത്. ഇതുവരെ പരിചയപ്പെടാത്ത ബ്ലോഗുകളും അവിടെ ഞാന്‍ കണ്ടെത്തിയത് സന്തോഷമായി. അവിടെയും ഇനി സ്ഥിരം സന്ദര്‍ശക ആവാമല്ലോ.
   ഈ കൂട്ടത്തില്‍ എന്റെ നളിനദളങ്ങള്‍ കണ്ടത് വളരെ സന്തോഷം.
   അണിയറയില്‍ പ്രവര്ത്തിച്ചവരായ എന്റെ പ്രിയ സുഹൃത്തുകള്‍ക്ക് നന്ദി
   ശ്രീ പ്രദീപ് കുമാര്‍, ശ്രീ സോണി, ശ്രീ ഫൈസല്‍ ബാബു.

   Delete
 25. ജീവിതം വേദനയുടേയും വിരഹത്തിന്‍റെയും ലോകമാണ് .ഓരോ മനുഷ്യനും സന്തോഷത്തേക്കാള്‍ കൂടുതല്‍ വേദന അനുഭവിക്കുന്നുണ്ട് എന്നതാണ് വാസ്ഥവം .നമ്മുടെ മനസിന്‌ താങ്ങുവാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കരയാത്തവരായി ആരുണ്ട്‌ ഈ ഭൂലോകത്ത് .സമ്പന്നരും പാവപെട്ടവരും കരയുമ്പോള്‍ കണ്ണുനീരിന് ഒരേ നിറം .മനസിനെ സ്പര്‍ശിക്കുന്ന എഴുത്ത് ആശംസകള്‍

  ReplyDelete
  Replies
  1. കണ്ണീരിനും സങ്കടത്തിനും ഒരേ നിറം ഒരേ ഭാവം.എങ്കിലും അവനവന്റെയാകുമ്പോള്‍ വേദന മരണം വരെ പിന്തുടരുന്നു.

   Delete
 26. വായനയുടെ അവസാനം സങ്കടമായി.. ചിതക്ക് ചുറ്റും വലം വെച്ചു, കുടം നിലത്ത് വീണു ഉടയുന്നതോടെ ഒരു ജീവിതത്തിനു തിരശ്ശീല വീഴുന്നു.. എന്ത് പറയാന്‍.. :(

  ReplyDelete
  Replies
  1. ആ ജീവിതം അവിടെ തീരുന്നു..പക്ഷെ അവരുടെ കൈ പിടിച്ചു മാത്രം നടന്നിരുന്നവരുടെ ജീവിതം പിന്നീട് എങ്ങോട്ടെന്നറിയാതെ ഒഴുകുമ്പോള്‍.....
   അതാണല്ലോ ജീവിതം അല്ലെ? മുന്‍കൂട്ടി തിരക്കഥ എഴുതാതെ അഭിനയിക്കേണ്ടി വരുന്നത്..

   Delete
 27. കഥ ഇങ്ങനെ തീരുന്നു..
  സാറാ തോമസിന്‍റെ ഒരു ചെറുകഥയുണ്ട് ഇത്തരം സങ്കേതത്തില്‍ രചിക്കപ്പെട്ടത്.

  വല്ലാതെ സ്പര്‍ശിക്കുന്ന എഴുത്ത്.. കൂടുതലൊന്നും എഴുതാന്‍ വയ്യ.

  ReplyDelete
  Replies
  1. Echmukkutty
   സാറാ തോമസിന്റെ കഥയുടെ പേര് എന്താണ്? കയ്യില്‍ ഉണ്ടെങ്കില്‍ എനിക്ക് തരാമോ?ഞാന്‍ അവരെ വായിക്കുന്നത് ഏതെങ്കിലും മുഖ്യധാരാ വാരികകളില്‍ കാണുമ്പോള്‍ മാത്രമാണ്.

   Delete
 28. Life is a beautiful journey, one never knows whats going to happen tomorrow..
  Best wishes!

  ReplyDelete
  Replies
  1. നല്ല ഒരു നാളെയെ സ്വപ്നം കണ്ടു ജീവിക്കുമ്പോള്‍ പെട്ടെന്നുമുന്നില് ണ്ടാകുന്ന ഗര്‍ത്തങ്ങളില്‍ വീണു ഇല്ലാതായി പോകുന്ന ജീവിതങ്ങള്‍..
   ബാക്കിയാവുന്നവരുടെ നിസ്സഹായത...

   Delete
 29. ആത്മാവുകള്‍ക്ക് ഹൃദയമില്ലാതിരിക്കട്ടെ...തിരിഞ്ഞ് നോക്കി വേദനിക്കാന്‍ വയ്യ...വേദനിപ്പിക്കുന്ന എഴുത്ത്.

  ReplyDelete
  Replies
  1. ആത്മാവുകൾ നമ്മളെ കാണുന്നുണ്ടാവില്ലെ തുമ്പി.
   ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

   Delete
 30. മനസ്സില്‍ തട്ടിയ എഴുത്ത് ചേച്ചി ...:(

  ReplyDelete
  Replies
  1. ഇവിടെ എത്തിയതിനു സന്തോഷം അനിയത്തീ.

   Delete
 31. വേദനിപ്പിക്കുന്ന എഴുത്ത്.

  ReplyDelete
 32. പ്രമേയം എന്തുതന്നെയാകട്ടെ..മനോഹരമായി,ഏവരുടെയും മനസ്സിൽ തങ്ങിനിൽക്കുന്ന വിധത്തിൽ അതിനെ അവതരിപ്പിക്കുക എന്നതാണ് എഴുത്തുകാരുടെ ധർമ്മം. മരണത്തെ ഭാവനയിലൂടെ ആവിഷ്കരിച്ച ടീച്ചർ എഴുത്തിന്റെ ധർമ്മം ശരിയായി വിനിയോഗിച്ചിട്ടുണ്ട് ഇതിൽ.ടീച്ചറുടെ സർഗാത്മകത ഇതിൽ അടയാളപ്പെടുത്തുന്നു.

  ReplyDelete