www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Sunday, 28 August 2016

തളിരിടുന്ന കിനാവുകള്‍

അടുത്ത ക്ളാസ് ടെൻത് ബിയിലാണ്. ആ ക്ളാസ് സുഭദ്രടീച്ചർക്കു കൊടുത്തു. അവർക്ക് കണക്കിലെ പോർഷൻസ് ഇനിയും തീരാനുണ്ട്. അമ്മ മരിച്ചപ്പോൾ സുഭദ്രടീച്ചർ കുറെ നാള്‍ ലീവായിരുന്നു. അവരുടെ ഭര്‍ത്താവ് വീണു കാലൊടിഞ്ഞുകിടന്നപ്പോഴും കുറച്ചു ലീവെടുത്തു വീട്ടില്‍ പോയിരുന്നു. ആ ഭാഗമെല്ലാംതീർക്കാൻ ബാക്കി കിടക്കുന്നു . തനിക്ക് എപ്പോ വേണമെങ്കിലും സമയമുണ്ട്. മലയാളം ക്ളാസിൽ പിള്ളേരു നല്ല താൽപര്യത്തോടെ ഇരിക്കും. കവിതയും കഥയുമൊക്കെയായി അവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തനിക്ക് പെട്ടെന്ന് കഴിയും. സുഭദ്ര ടീച്ചര്‍ക്ക് ഇങ്ങനെയെങ്കിലുംഒരു സഹായം ചെയ്യാന്‍ കഴിയുന്നല്ലോ എന്നതിൽ സന്തോഷം തോന്നാറുണ്ട്.

 സ്റ്റാഫ് റൂമില്‍ ഇരുന്നാൽ മറ്റുള്ളവർ ഓരോ വർത്തമാനം ചോദിച്ചുവരും. അത് ഭയങ്കര ശല്യമാണ്. നേരെ ലൈബ്രറിയിൽ ചെന്നപ്പോള്‍ ആരുമില്ല. ഒരു പുസ്തകമെടുത്തു ഒഴിഞ്ഞ മൂലയില്‍ ചെന്നിരുന്നപ്പോഴുണ്ട് വിനയന്‍ മാഷ് വരുന്നു.തന്നെ കാണണ്ടാ. ഒന്നുകൂടി മറഞ്ഞിരുന്നു. വിനയന്‍ മാഷെ കാണുമ്പോൾ മനസ്സില്‍ മൃദുലവികാരങ്ങൾ തളിരിടുന്നപോലെ തോന്നാറുണ്ട്. അദ്ദേഹം മാത്രമേ എന്തു ചോദിച്ചാലും മിണ്ടാതിരിക്കുന്ന തന്നോട് വീണ്ടും വീണ്ടും സംസാരിക്കാൻ ശ്രമിക്കാറുള്ളൂ. ദൂരെ കാണുമ്പോൾത്തന്നെ ആ മുഖത്ത് പുഞ്ചിരി വിടരും. ആ കണ്ണുകളിലെ ശാന്തതയും സ്നേഹവും കാണുന്നേരം മോഹിച്ചുപോകും ഈയാൾ തന്റെ സ്വന്തമായിരുന്നെങ്കിലെന്ന്.. വിവേകം വിലക്കും, അരുത്. . ആ മോഹമൊക്കെ മനസ്സില്‍നിന്ന് മാച്ചു കളഞ്ഞതല്ലേ..ഈ വൃത്തികെട്ട മുഖവും കണ്ടു ആരെങ്കിലും തന്നെ ഇഷ്ടപ്പെടുമോ. കൂടെ കൂട്ടുമോ..
 ഒരു ദിവസംതനിച്ച് കണ്ടപ്പോള്‍, "നീലിമടീച്ചർക്ക് വിരോധമില്ലെങ്കിൽ നമുക്ക് കല്യാണംകഴിച്ചുകൂടേ .ഞാൻ അമ്മയെ ഇങ്ങോട്ട് അയയ്ക്കട്ടേ? " എന്ന് വെട്ടിത്തുറന്നു ചോദിച്ചു. ആ ശബ്ദവുംസ്നേഹം നിറഞ്ഞ നോട്ടവും എല്ലാം തനിച്ചിരിക്കുമ്പോൾ ഓർത്തുപോകാറുണ്ടെങ്കിലും അന്നേരം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോവാനാണ് തോന്നിയത്. സുഭദ്രടീച്ചർ ഇതു കേട്ടപ്പോൾ പറഞ്ഞത് ഞാനാണെങ്കിൽ ആ നിമിഷം സമ്മതമറിയിക്കുമായിരുന്നല്ലോ ടീച്ചറേ എന്നായിരുന്നു.

നീലിമടീച്ചർക്ക് എന്തു സുഖമാണ് എന്ന് മറ്റുള്ള ടീച്ചര്‍മാരുടെ കമന്റ് ശരിയാണ്. ഒരു തരത്തില്‍ തന്റെ ജീവിതം ഒരു സുഖമല്ലേ. ഒന്നും ചിന്തിക്കാതെ ആരോടും കടപ്പാടില്ലാതെ ജീവിക്കുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ല . മരിച്ചാല്‍ ചീഞ്ഞുനാറുംമുന്നെ ആരെങ്കിലും എടുത്തു സംസ്കരിച്ചോളും.

തനിക്കും അമ്മയുംഅച്ഛനുമുണ്ടായിരുന്നു. പ്രേമിച്ച പെണ്‍കുട്ടിയുമായി അച്ഛന്‍ നാടുവിട്ടതുകൊണ്ടാണ് വേറെ ബന്ധുക്കൾ ഇല്ലാതായിപ്പോയത്. എവിടെയോ ബന്ധുക്കൾ എല്ലാവരും ഉണ്ടായിരിക്കും.
 ഓർക്കരുതെന്നു കരുതുന്ന കാര്യങ്ങളാണ് തിക്കിതിരക്കി ഓർമ്മയിൽഓടിയെത്തുന്നത്.

വർഷങ്ങൾ നീണ്ട പ്രാർത്ഥനക്കുശേഷംകിട്ടിയ മകളുടെ വിവാഹത്തിനു ആഹ്ളാദത്തോടെ പുറപ്പെട്ട അച്ഛനും അമ്മയും. .
കല്യാണം കഴിഞ്ഞ് ഗുരുവായൂരില്‍നിന്ന് വീട്ടിലേക്കുള്ള വരവില്‍ വിവാഹപാർട്ടി സഞ്ചരിച്ച ബസ്സു ലോറിയിലിടിച്ച് മറിഞ്ഞു. നീണ്ട മുപ്പതു ദിവസങ്ങൾക്കുശേഷംകണ്ണു തുറന്നത് ആശുപത്രിയിലായിരുന്നു. അച്ഛനും അമ്മയും താലികെട്ടിയ ആളും ആരുമില്ലാതെ ഈ ലോകത്ത് തനിച്ചായിപ്പോയെന്ന തിരിച്ചറിവിൽ, ശുശ്രൂഷിക്കാനാളില്ലാതെ കിടന്നപ്പോഴും കൂടെ ജോലി ചെയ്യുന്ന സുഭദ്ര ടീച്ചറാണ് സഹായവുംആശ്വാസവാക്കുകളുമായെത്തിയത്.
 ഭർത്താവിന്ടെ വീട്ടുകാർ, മകനെ കൊല്ലാനെത്തിയ യക്ഷി എന്ന മട്ടിലാണ് അപകടം മുഖത്തു സമ്മാനിച്ച വൈരൂപ്യവുമായി നിന്ന തന്നോടു പെരുമാറിയത്. തന്ടെ ജാതകദോഷമാണത്രേ അവരുടെ മകന്ടെ ജീവനപഹരിച്ചത്.

നാട്ടിൽ നിന്നുംസ്ഥലംമാറ്റം ചോദിച്ചു വാങ്ങി ഈ നാട്ടിൻപുറത്ത് വന്നത് ആരോരുമറിയാതെ ജീവിക്കാൻവേണ്ടി ആയിരുന്നു. പക്ഷേ കറങ്ങിത്തിരിച്ചു സുഭദ്രടീച്ചറും ഇവിടേക്കുതന്നെ വന്നു. അങ്ങനെ എല്ലാമറിയുന്ന ഒരാള്‍ ഇവിടെയും ഉണ്ടായി. രണ്ടുപേരുംഒരു വീടെടുത്തു താമസമാക്കി. സുഭദ്രടീച്ചർ എല്ലാ ആഴ്ചയിലും വീട്ടില്‍ പോകും. എത്ര വിളിച്ചിട്ടും ഇതുവരെ ടീച്ചറുടെ വീട്ടില്‍ പോയിട്ടില്ല. രണ്ടു മാസത്തെ അവധിദിവസങ്ങളിൽപ്പോലും തനിച്ചിരിക്കയാണു പതിവ്.
             
അവസാന പിരിയേഡുകഴിഞ്ഞു. ഇന്ന് വെള്ളിയാഴ്ച യാണ്. സുഭദ്രടീച്ചർക്കു വീട്ടില്‍ പോകണം.
     "ഞാനില്ലാത്ത തക്കത്തിന് ഭക്ഷണം പോലും കഴിക്കാതെ മടിപിടിച്ചിരിക്കല്ലേ ടീച്ചര്‍ " എന്നുപറഞ്ഞു
സുഭദ്രടീച്ചർ യാത്ര ചോദിച്ചു പോയി. ഇനി
രണ്ടു നാൾ തന്റെ സ്വന്തം സാമ്രാജ്യമാണ് വീട്. വീടെത്തുവോളം ഓരോന്ന് ചിന്തിച്ചുകൊണ്ടാണ് നടന്നത്.

കുടഞ്ഞുകളയാന്‍ ശ്രമിച്ചിട്ടും വിനയന്‍ മാഷുടെ മുഖം പലപ്പോഴും മനസ്സില്‍ കയറിവന്നു. ..
ഒന്നും ചെയ്യാനില്ല. വായിക്കാൻ ബാക്കി വച്ച പുസ്തകങ്ങളിൽ രക്ഷതേടി.
മഴ ശക്തിയായി പെയ്തപ്പോഴാണ് വെളിയില്‍ തോരാനിട്ട തുണിയെക്കുറിച്ച് ഓർത്തത്. ലൈറ്റിട്ട് ഓടിച്ചെന്ന് തുണികളെല്ലാമെടുത്ത് കൈത്തണ്ടയിൽ വച്ച് മുൻവശത്തൂടെ ഓടിക്കയറി. ഞെട്ടിപ്പോയി. ഒരാൾ നനഞ്ഞു
വിറച്ച് വരാന്തയിൽ നില്ക്കുന്നു.
" ഹാരാത് " ശബ്ദം പൊങ്ങുന്നില്ല.
"പേടിക്കേണ്ട ടീച്ചര്‍. ഞാനാ വിനയന്‍. ടൗണിൽ പോയി വരുംവഴിയാ. മഴ പെയ്തത് പെട്ടെന്നാ. ലൈറ്റു കണ്ടു ഓടിക്കയറിയപ്പോൾ ടീച്ചറുടെ വീടാണെന്ന് ഓർത്തില്ല. "
"അതിനെന്താ മാഷ് ഇരിക്കൂ." അങ്ങനെ പറയാനാണു തോന്നിയത്. പക്ഷേ പെട്ടെന്ന് മനസ്സില്‍ ഒരു വടംവലി നടന്നു. ആരുമില്ലാത്ത രാത്രി സമയം. ഒരു അന്യപുരുഷൻ ..വഴിയില്‍ക്കൂടി പോകുന്ന ആരെങ്കിലും ശ്രദ്ധിച്ചാലോ. നാളെ കുട്ടികളുടെ മുന്നില്‍ ചെന്നു നിൽക്കാനൊക്കുമോ. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ നനഞ്ഞു കുളിച്ചു വന്നപ്പോൾ ഇറങ്ങിപ്പോകാൻ എങ്ങനെ പറയും. .
"മാഷ് അകത്തു കയറി ഇരിക്കൂ. വരാന്തയിൽ തൂവാനമടിക്കുന്നുണ്ട്."
വെളിയില്‍ നിന്ന് ആരെങ്കിലും കാണരുതെന്നേയുണ്ടായിരുന്നുള്ളൂ.
" തല തുവർത്തൂ മാഷേ. വല്ലാതെ തണുത്തു വിറയ്ക്കുന്നുമുണ്ടല്ലോ" തോർത്ത് എടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു.
"ടീച്ചറുംനന്നായി നനഞ്ഞല്ലോ" ശരീരത്തിൽ നനഞ്ഞൊട്ടിയ വേഷവുമായാണ് താൻ നിൽക്കുന്നത് എന്ന തിരിച്ചറിവിൽ ലജ്ജ തോന്നി. ധൃതിയില്‍ അകത്തുപോയി വസ്ത്രം മാറി ഒരു കപ്പ് ചൂട് കാപ്പിയുമായി വന്നപ്പോൾ വിനയന്‍ മാഷ് തലതുവർത്തി നിൽക്കുന്നു. കാപ്പി കൊടുത്തു കൊണ്ടു പറഞ്ഞു
"പാലില്ല കട്ടനാ. തണുപ്പു മാറട്ടേന്നു കരുതിയാ.കുടിക്കൂ മാഷെ"

"അവധിക്കാലത്ത് തനിച്ച് ടീച്ചര്‍ എങ്ങനെയാണ് സമയം കളയുന്നത്."
"ലൈബ്രറിയിൽ പുസ്തകങ്ങൾ ഉള്ള കാലത്തോളം എനിക്ക് എന്ത് വിഷമം"
നിസ്സാരഭാവത്തിൽ പറഞ്ഞെങ്കിലും ആ നാളുകളില്‍ അനുഭവിക്കുന്ന മടുപ്പിക്കുന്ന ഏകാന്തതയുടെ കയ്പ് മുഖത്ത് വന്നോ ആവോ.
മാഷുടെ കണ്ണുകൾ തന്നെ അടിമുടി ഉഴിയുന്നത് മനസ്സിലായപ്പോൾ വേവലാതിയോടെ
വേഗം വിഷയം മാറ്റി.
" എങ്ങനെ പോവും മാഷേ. മഴ കുറയുന്നില്ലല്ലോ"
അതു ശ്രദ്ധിക്കുകപോലും ചെയ്യാതെ
 വിനയന്‍ മാഷ് പറഞ്ഞു "നമ്മളൊന്നിച്ചു താമസിക്കുന്ന ഒരു കൊച്ചു വീട് ടീച്ചറെ കണ്ടതു മുതല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇതുപോലെ. "
"ശാപം പിടിച്ച എന്നെയാണോ മാഷ് കണ്ടുപിടിച്ചത്. ആളുകളുടെ മുന്നില്‍ കൂടെ കൊണ്ടു നടക്കാൻ പറ്റിയ ഒരു മുഖം പോലുമില്ലല്ലോ എനിക്ക്. മാഷിനേക്കാൾ ചില വർഷങ്ങൾ കൂടുതൽ ഓണമുണ്ടിട്ടുണ്ട് ഞാന്‍. അതറിയുമോ മാഷെ"
"ഞാനതൊന്നും കാര്യമാക്കുന്നില്ല. മുഖമല്ല പ്രായമല്ല മനസ്സാണു ഞാന്‍ കണ്ടത്. ഇപ്പോള്‍ മുഖംമൂടിയുമായല്ലല്ലോ സ്കൂളില്‍ പോകുന്നത്.. നീലിമടീച്ചറെ എനിക്ക് ഇഷ്ടമാണ്. എനിക്ക് എന്നും കൂട്ടായി വരാമോ.അത് മാത്രം അറിഞ്ഞാല്‍ മതി. "
കൺകോണുകളിൽ നീരസം ചാലിച്ച് ഒഴിഞ്ഞ കാപ്പിക്കപ്പ് വാങ്ങാന്‍ കൈ നീട്ടി. ആ കൈയ്യില്‍ കടന്നുപിടിച്ചു വിനയന്‍ മാഷ് എഴുന്നേൽക്കുന്നത് ചങ്കിടിപ്പോടെയാണ് കണ്ടത്. മനസ്സിലെ ആന്തൽ അടക്കി കൈ വലിച്ചു. "നീലിമടീച്ചർക്ക് എന്നെ ഇഷ്ടമല്ലേ. അതു മാത്രമാണ് എനിക്കറിയേണ്ടത്. എത്ര നാളായി ഇതൊന്നു പറയാന്‍ ഞാന്‍ കാത്തിരിക്കുന്നു . എപ്പോഴും ഞാന്‍ അടുത്തു വരുമ്പോള്‍ ടീച്ചര്‍ മാറിക്കളയും. ഇപ്പോള്‍ പറയൂ ടീച്ചര്‍ക്ക് എന്നെ ഇഷ്ടമല്ലേ.."
ഒരാള്‍ എന്നെങ്കിലും ചോദിക്കണമെന്നാഗ്രഹിച്ച ചോദ്യം.

പുരുഷന്റെ ഗന്ധം, അവന്റെ നിശ്വാസം, ആ കയ്യില്‍ നിന്ന് പ്രസരിച്ച സ്നേഹം, ഇതൊക്കെ എത്ര കൊതിച്ചതാണ്.

അവൾ അകത്തു പോയി ഒരു കുടയുമെടുത്തു വന്നു.
"മാഷ് നനയാതെ പോകൂ. അമ്മ വരട്ടെ എന്നെ ഇഷ്ടമായെങ്കിൽ ഞാന്‍ കൂടെ വരും. "
"ഹാവൂ ദേവി പ്രസാദിച്ചല്ലോ. സന്തോഷമായി ടീച്ചര്‍. "

   കുടയുമെടുത്തു നടന്നു പോകുന്ന മാഷെ നോക്കി നില്ക്കുമ്പോൾ പുറത്ത് നാദസ്വരമേളം പോലെ മഴ ആർത്തലച്ചു പെയ്യുകയായിരുന്നു.

35 comments:

 1. This comment has been removed by the author.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. നന്നായി അവതരിപ്പിച്ചു.
  ആശംസകൾ.

  ReplyDelete
  Replies
  1. ആദ്യത്തെ ആശംസകള്‍ക്ക് സന്തോഷം നന്ദി സർ

   Delete
 4. നല്ല അവതരണം ചേച്ചീ.

  ReplyDelete
  Replies
  1. സന്തോഷം സ്നേഹം ഈ വായനയ്ക്ക് സുഷമാ

   Delete
 5. നല്ല അവതരണം ചേച്ചീ.

  ReplyDelete
  Replies
  1. സുമയുടെ ബ്ലോഗ് ലിങ്കു തരുമോ

   Delete
 6. തളിരിടുന്ന കിനാക്കള്‍...
  ആഗ്രഹം പോലെ അവസാനം.

  ReplyDelete
  Replies
  1. സന്തോഷം സർ ഈ വരവിനും വായനക്കും.

   Delete
 7. കിനാക്കൾ ശരിക്കും തളിരുട്ടുവല്ലൊ

  ReplyDelete
 8. എത്ര നാളായി കണ്ടിട്ട്. .?
  വായനയ്ക്ക് നന്ദി സ്നേഹം മുരളി.

  ReplyDelete
 9. ഇഷ്ടായി ചേച്ചി :)

  ReplyDelete
 10. മുബീ. സന്തോഷമുണ്ട് സ്നേഹവും

  ReplyDelete
 11. നല്ല ഇഷ്ടമായി കഥ. ചെറിയ നല്ല ഒരു കഥ. ആശംസകൾ

  ReplyDelete
 12. താങ്ക്യൂ ഗീതാ. സന്തോഷമുണ്ട്. സ്നേഹം

  ReplyDelete
 13. ആദ്യമായാണിവിടെ.. നല്ലൊരു വായന സമ്മാനിച്ചതിന് നന്ദി

  ReplyDelete
  Replies
  1. വായനയ്ക്ക് സന്തോഷം. സ്നേഹം.

   Delete
  2. This comment has been removed by the author.

   Delete
 14. വേനലിൽ ഒരു മഴ നനഞ്ഞ ഫീലിംഗ്‌.നല്ല കഥ.ആശംസോൾസ്‌ ടീച്ചർ.

  ReplyDelete
  Replies
  1. സന്തോഷം സ്നേഹം സുധീ

   Delete
 15. നല്ലൊരു കഥ, ചേച്ചീ

  ReplyDelete
  Replies
  1. ഞാന്‍ വീണ്ടുംവന്നു ശ്രീ. ..

   Delete
  2. This comment has been removed by the author.

   Delete
  3. സുഖമുള്ള ഒരു എഴുത്ത്‌..നന്നായി ആശംസകൾ
   Delete
  4. ആദ്യവരവിനു സന്തോഷം. .

   Delete
 16. അവസാനം കിനാവുകൾ തളിരിട്ടല്ലോ അത് മതി .
  നല്ല കഥ. നല്ല സുഗമുള്ള ഒരു എഴുത്ത്. ഇഷ്ടായിട്ടോ... ആശംസകൾ ചേച്ചി.

  ReplyDelete
  Replies
  1. സന്തോഷം സ്നേഹം

   Delete
  2. ഇനിയും വരുമല്ലോ

   Delete
  3. This comment has been removed by the author.

   Delete
  4. തീർച്ചയായും വരും

   Delete
 17. ടീച്ചറേ!!!!പിന്നെ ഒന്നും എഴുതിയില്ലേ????

  ReplyDelete
 18. ആകാംക്ഷാപൂർവ്വം വായിച്ചു തീർത്തു.
  നല്ല കഥ . ആശംസകൾ ...

  ReplyDelete
 19. ടീച്ചർ
  ​​
  ഇതെങ്ങനെ മിസ്സ് ആയി എന്നറിയില്ല.
  വളരെ നല്ല അവതരണം. എഴുതുക അറിയിക്കുക.
  സുധി ചോദിച്ചതു കേട്ടില്ലേ!!
  കനലിൽ കുറിച്ച മഴയോർമ്മകളും വായനാനുഭവങ്ങളും
  ഇവിടെ പകർത്തൂ, എഫ്ബിയിൽ പിന്നെ നോക്കിയാൽ മിഴിയിട്ടു നോക്കിയാലും കിട്ടിയെന്നു വരില്ല അതുകൊണ്ടു അതിൻ്റെ പകർപ്പ് ഇവിടെ ചേർക്കുക ഇവിടെ വായനക്കാർ വിഭിന്നമാണല്ലോ.
  ദേഹാസ്വാസ്ഥ്യങ്ങൾ എല്ലാം മാറിയെന്നു കരുതുന്നു ആശംസകൾ

  ReplyDelete