www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday 21 November 2019


മഴയോർമ്മകൾ  (ഭാഗം  രണ്ട് )
എന്റെമുടി ചീകിവിടർത്തുകയായിരുന്നു ചന്ദ്രുവേടത്തി. എനിക്ക് നന്നായി വേദനിക്കുന്നുമുണ്ട്. പനിമാറുമ്പോളേക്കും  മുടിയാകെ ജടപിടിച്ചിരുന്നു.

"എന്തുമാത്രം മുടിയുണ്ടായിരുന്നതാ കുട്ട്യേ  ..ഇപ്പോ കോഴിവാലുപോലെ..ഇതെന്തുപറ്റി. എറണാകുളത്തെ പൈപ്പുവെള്ളം പറ്റിച്ചതാ  ല്ലേ.. നിയ്യ് ബ്യൂട്ടിപാർലറിൽ പോയി മുടീടെ ചുരുളു‍ മാറ്റീരുന്നോ.?"
"ഏയ് ഇല്ല ചന്ദ്രുവേടത്തി. ഞാനൊന്നുംചെയ്തില്ല"
"പിന്നെ ഇതെന്താ മോളേ.. നിന്റെ മുടി കണ്ടാലിപ്പോ പണ്ട്  ചുരുൾമുടിയായിരുന്നൂന്ന് ആരെങ്കിലും വിശ്വസിക്ക്യോ.? 
നിനക്കോർമ്മേണ്ടോ പണ്ട് മുടിവെട്ടാൻ വീട്ടില്‍ ആളു വര്വായിരുന്നു. അന്നൊക്കെ നിന്റെ തല സായ്ബാബയെപ്പോലെയാ...ചീപ്പു അങ്ങ്ട് കടത്താന്‍ നോക്കണ്ട...ചീകാൻ വിളിച്ചാ നിയ്യ്  ലഹളയാ.. ഒരീസം വെളക്കത്രോന്റെ പെണ്ണ് വന്നു.  പതിയെ കഥയൊക്കെ പറഞ്ഞു നെന്റെ മുടി വെട്ടി. അതുതീരുന്നവരെ കണ്ണുംചിമ്മി നിന്നതാ നിയ്യ്.  മുഖത്ത് വീണ മുടിയൊക്കെ തട്ടിക്കളഞ്ഞ് മേല്പൊതച്ച തുണിയും മാറ്റി കണ്ണുതുറന്നു നോക്കൂ ന്നു പറഞ്ഞു ഓള്  ഒരു കണ്ണാടി കാണിച്ചു തന്നു.  കണ്ണാടീലു നോക്കി  താഴെ വീണ മുടീം വാരിപ്പിടിച്ച് ഒരൊറ്റ നെലോളി   . .   ന്റെ കുപ്പിമോതിരം പോയീന്ന് പറഞ്ഞാ കരച്ചില്‍. .   കണ്ടുനിന്നോർക്കുപോലും  സങ്കടായീട്ടോ.  "
"അതെന്താ ചന്ദ്രുവേടത്തി,  കുപ്പിമോതിരം ന്ന് പറഞ്ഞു കരയാന്‍. "
" അതോ. ...  അന്നൊക്കെ  വളച്ചെട്ടികള് വീട്ടിലുവരുമ്പളാ പെൺകുട്ട്യോള്  വളവാങ്ങ്വാ.  ഓരെപെട്ടീല് കുപ്പിവളേം റിബണും കുപ്പികൊണ്ടുള്ള കറുപ്പും ചോപ്പും മോതിരങ്ങളൂണ്ടാവും. ഉമ്മക്കുട്ട്യേളാ അധികോം കുപ്പിമോതിരം വാങ്ങ്വാ. നെനക്കും  ഇഷ്ടാരുന്നു കറുത്ത  കുപ്പിമോതിരം. 
നെന്റെ   വെട്ടിയിട്ട മുടിച്ചുരുളുകൾ ശെരിക്കും തിളങ്ങുന്ന മോതിരം പോലുണ്ടാരുന്നേ.. അന്ന് നെലോളി  മാറ്റാന്‍ പെട്ട പാട്. .ദൈവേ  ഓർത്തൂടാ."
പെട്ടെന്ന് ചന്ദ്രുവേടത്തി എന്തോ ചിന്തയില്‍  കണ്ണു തുടച്ചു. .
"എന്തുപറ്റി ചന്ദ്രുവേടത്തി."
"ഒന്നൂല്ലെടീ..ഞാന്‍  ഓനെ ഓർത്തുപോയി..നിയ്യ് ഓടിച്ചാടി ഇതിലെയെല്ലാം നടക്കുന്നേരം ചിപ്പ്ളീന്നാ ഓൻ നെന്നെ വിളിക്ക്യാ.  "
"അതെന്താ ചെറീമ്മേ. .ചിപ്പ്ളീന്ന്വച്ചാ."
"ആശാരിമാര് മരം ചിപ്ളിയുന്തി മിനുക്കുമ്പോ മരത്തൂളുകൾ കട്ടച്ചുരുളായി വീഴും. അതുപോലെ നിയ്യ്  നടക്കുമ്പോ നെന്റെ ചുരുണ്ട മുടീങ്ങനെ തുള്ളിക്കളിക്കും. അതു കാണാന്‍  ഓനെന്തിഷ്ടാരുന്നൂന്നോ.. .. സരൂട്ടിയേടത്തിക്കു  ശേഷംജനിച്ചതു മുഴ്ഴോനും ആമ്പടയല്ലേ..  ഉള്ളേലും എളേതായി ഒരു പെങ്കുട്ടീണ്ടായപ്പോ  ഓന്റൊരു സന്തോഷം. .നിക്കിപ്പോം ഓർമ്മേണ്ട് ഓനന്ന് സിവില്‍  എഞ്ചിനീയറിംഗിന് കോഴിക്കോട്ടാ പഠിക്കുന്നത്. വരുംവഴി ആരോപറഞ്ഞറിഞ്ഞതാ അമ്മപെറ്റു പെങ്കുട്ട്യാന്ന്..വന്നുകേറീപ്പം ന്റെ മോന്റെ  മൊകം കാണണാരുന്ന്..സന്തോഷംകൊണ്ട്, പൂവിരിഞ്ഞ പോലെ .."
ഏതോ ഓർമ്മയിൽ മുഴുകിയപോലെ ചന്ദ്രുവേടത്തി അകലേക്കുനോക്കി മൗനമായിരുന്നു.
" എന്നിട്ടോ ചന്ദ്രുവേടത്തി..  ഏട്ടന് ന്നെ ഇഷ്ടാരുന്നോ.."
ഒരുനെടുവീർപ്പോടെ  ചന്ദ്രുവേടത്തി പറഞ്ഞു
" ഇഷ്ടാരുന്നോ ന്നോ....  അവനാരുന്നു അമ്മേക്കാളും നെന്നെ ഇഷ്ടം. എളേമ്മക്കു  ആളോള് എന്തു പറയുംന്നൊരു നാണക്കേട്. പേറ് നിന്നൂന്നു കരുതീപ്പോ ഇത്രേം വൈകീട്ട് വീണ്ടും  ഒരുപേറ്. .
എന്നാല്‍ മോനങ്ങനെയല്ല...
മോളെ ഏട്ടൻ നോക്കും..  മോള് പഠിക്കണം. എത്ര കഴിയുമോ അത്രേം പഠിക്കണം.  മോളെ ഏട്ടൻ  പഠിപ്പിക്കും.എന്ന് എപ്പോം പറേം. നെന്നേ ഉടുപ്പിടീച്ച് പൊട്ടുതോടീച്ച് പൊറപ്പെടീച്ച് പോകുന്നെടത്തൊക്കെ കൊണ്ടുനടക്കും."
"എങ്ങന്യാരുന്നു ചെറീമ്മേ എന്റേട്ടൻ കാണാന്‍. "
"ഓന്റൊരു നെറോം ചിരീമൊക്കെ  നെന്റമ്മേപ്പോലെത്തന്നെ.. വെളുത്തുചൊകന്ന്...ഒയരോക്കെ നെന്റെ  അച്ഛനെപ്പോലെ  ആറടിപ്പൊക്കം..പവൻമാർക്ക് മോനായിരുന്നേ..എളേമ്മക്കു ഭാഗ്യോണ്ടായില്ല..നെനക്കും...അത് പറഞ്ഞാ മതീലോ.."
"എന്തിനാരുന്നു ചന്ദ്രുവേടത്തി,  എന്റേട്ടൻ അന്ന്  ആ പൊഴേല് പോയത്.?"
ചന്ദ്രുവേടത്തി കുറേനേരം അകലേക്ക് നോക്കി മൗനമായിരുന്നു.   നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഈറനണിയിച്ച കണ്ണുകള്‍ നേരിയതിന്റെ തുമ്പുകൊണ്ട് ഒപ്പി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
"നെന്റെ  അച്ഛൻ  അപ്പഴേക്കും മിലിട്ടറീന്നു പോന്നിരുന്നു. കളരിപഠിപ്പിക്കലും കൊറച്ച് ചികിത്സേമൊക്കെയായി  കഴീന്ന കാലം. മോനാണ്  ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി. 
ഓൻ പഠിക്കുന്ന സ്ഥലത്ത് വന്നു റെയില്‍വേക്കാർ ഓന് ജോലിക്ക് ഓർഡർ കൊടുത്തു. പാന്സും ഷർട്ടുമൊക്കെ തുന്നിച്ച് പെട്ടിയൊരുക്കി നിന്നപ്പോ നെന്റെ  അച്ഛന് ഒരു സങ്കടം..ഇനിയെന്നാ മോൻ തിരിച്ചു വര്വാ.. ഓണം മുന്നിലിട്ടു പോണ്ടാ. ഒരുമിച്ച്  ഓണമുണ്ടിട്ടു പോയ്ക്കോ എന്ന്.  മോന് അച്ഛനുമമ്മേം പറേന്നതിന് അപ്പുറോല്ല. "
" ഓണപ്പൂവിട്ടു. എല്ലാർക്കും കോടിവാങ്ങി. ഗംഭീരമായി സദ്യയുണ്ടു. അവിട്ടത്തിന്റന്ന് ഊണും കഴിഞ്ഞു മോൻ പുറത്തോട്ടിറങ്ങുമ്പോ അച്ഛൻ  പറഞ്ഞു..
"നായാടൻപുഴയ്ക്ക് അക്കരെ ഉമ്മത്തിന്റെ പൂവുണ്ട് , ആ വഴിയാണേൽ കുറച്ചു ആ മരുന്നുംഎടുത്തോണ്ടുപോരൂ "എന്ന്.
ശരിയച്ഛാന്ന് മോൻ. .
ഓന് കിണ്ണത്തപ്പം വല്യ ഇഷ്ടാണ്.
അമ്മേ ഞാന്‍ വരുമ്പളേക്കും അമ്മ കിണ്ണത്തപ്പം ണ്ടാക്കി വെക്കണേന്ന് പറഞ്ഞു. .
നെന്നെയെടുത്ത് ഉമ്മ തന്ന്   ചേച്ചീ  മോളെ ഒരുക്കിവെക്കണേ ..ഈ ചുന്ദരിക്കുട്ടിയേംകൊണ്ട് പ്രഭൂനെ കാണാന്‍ പോകണം. ഞാനിതാ എത്തിപ്പോയിന്നും പറഞ്ഞു ന്റെ കുട്ടി  ചിരിച്ചോണ്ട് അനിയനേംകൂട്ടി പടിപ്പുരയെറങ്ങിപ്പോയതാ..
ഓന്റൊരു നല്ല ചങ്ങായിയാ  ഹോമിയോ ഡോക്ടര്‍ പ്രഭു, .. എടയ്ക്കിടെ അങ്ങ്ട് ഒരു പോക്കുണ്ട്. നാട്ടിലെ  ആകേള്ളൊരു ചങ്ങായിയാ . വേറെവ്ടേം പോയിരിക്ക്ന്ന പതിവില്ല.  "
"ന്നിട്ട്.?"
"  മോൻ പോവ്വാണല്ലോന്നു കരുതി ഞാനൂണ്ടായി ആ ഓണത്തിന് ഇവിടെ. മോനിപ്പോ എത്തൂലോ നേരംവൈകീന്നുംപറഞ്ഞ്
എളേമ്മ കിണ്ണത്തപ്പം ണ്ടാക്കുന്ന തെരക്കിലാ.
ഞാനും സരൂം നെന്നെ കുളിപ്പിച്ചു ഒരുക്കുന്ന തെരക്കിലും..
അപ്ളേക്കും പതിവില്ലാത്തൊരു മഴേം തൊടങ്ങി. അന്നേരം അപ്പൊറത്തുള്ള ഓരോരുത്തർ ഓരോ കാരണോംപറഞ്ഞ് വന്നോണ്ടിരുന്നു.
അവരൊക്കെ ഈ വിവരറിഞ്ഞോണ്ടാ വരുന്നത് ."
"എങ്ങന്യാരുന്നു ചന്ദ്രുവേടത്തി  അത് പറയ്"
"ന്റെ മോളേ. പിന്നീട്‌ നെന്റെ കുഞ്ഞേട്ടൻ പറഞ്ഞാ  ഞങ്ങളറിഞ്ഞത്..പൊഴേടെ അക്കരെയല്ലേ ഉമ്മം..പൊഴചുറ്റിനടന്ന് അപ്പുറത്തുചെല്ലാം. അതിനു നേരം പിടിക്കൂലേ..
നീയ്യിവിടെ നിക്കെടാ ഞാന്‍ നീന്തിച്ചെന്ന് ആ മരുന്ന് പറിച്ചു വേഗംവരാന്ന് പറഞ്ഞു  ഉടുപ്പഴിച്ച് അനിയന്റെ കയ്യില്‍ കൊടുത്തു മോനങ്ങു നീന്തിയത്രേ..
ആ പൊഴേല് നെറച്ചും താമരയാ.. വിഷമാവും നീന്താന്‍. ..
കൊറെ നീന്തിയപ്പോ അനിയനെ തിരിഞ്ഞുനോക്കി , 'വെള്ളത്തിനെന്തൊരു തണുപ്പാണെടാന്ന് 'പറഞ്ഞു പോലും..
'എന്നാ ഏട്ടന്‍  ഇങ്ങോട്ട് കേറിപ്പോരൂ. നമ്മക്ക് അപ്പുറത്തൂടി പോവാലോന്നു 'അനിയൻ  പറഞ്ഞപ്പോ,  നീയ്യവ്ടെ നിക്ക് ഞാനിപ്പോവരാന്ന് പറഞ്ഞു  ഒരു ചിരീം ചിരിച്ചു അവനങ്ങു ഊളിയിട്ടുപോലും..
കളിപ്പിക്ക്യാന്നു വിചാരിച്ചു അനിയൻ നോക്കിനിന്നു. , പതിവുപോലെ എണ്ണം പിടിച്ച്നിന്നിട്ട്,കുറെനേരം കഴിഞ്ഞിട്ടും കാണാതായപ്പോ അനിയനു പേട്യായി.
ഓൻ കരയാന്‍ തൊടങ്ങി .
ഓരോരുത്തർ ഓടിവന്നു മുങ്ങിത്തപ്പീട്ടൊന്നും കിട്ടീല്ല. കൊറേനേരംകഴിഞ്ഞാ ന്റെ മോന്റെ ശരീരംകിട്ടീത്..അപ്ളേക്കും ഒക്കെകഴീഞ്ഞീര്ന്നു.. "
ചന്ദ്രുവേടത്തി മുഖം  അമർത്തിതുടച്ചു. നിയന്ത്രിച്ചിട്ടും കണ്ണുകള്‍ പെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും..
എന്നാലും  എനിക്ക് അറിയണമായിരുന്നു. അസ്സലായിനീന്തുന്ന ഏട്ടന്  അന്നേരം എന്താ സംഭവിച്ചത് എന്ന്. 
ഒരിക്കലും വീട്ടില്‍ ആരും  ഈ കഥ പറയില്ല. പറഞ്ഞു തുടങ്ങിയാൽ അമ്മ കരയാന്‍ തുടങ്ങും.  അതുകാരണം  അമ്മയോടു ഞാന്‍  ഇതൊന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ഇപ്പോള്‍ ചന്ദ്രുവേടത്തി തുടങ്ങി വച്ച സ്ഥിതിക്ക് മുഴുവൻ കേൾക്കണം. വേറെ ആരും  പറഞ്ഞു തരാനില്ല.  അന്നത്തെ ആരും ഇപ്പോൾ ബാക്കിയില്ല.
ചന്ദ്രുവേടത്തി  ഒന്ന് നോർമലായി എന്നു കണ്ടു വീണ്ടും ഞാന്‍ ചോദിച്ചു
"ഇത്രയും നന്നായി നീന്തലറീന്ന ഏട്ടന്  എന്തുപറ്റീതാരിക്കും ചന്ദ്രുവേടത്തി. ?"
എന്റെമുടി ജടതീർത്ത് മുറുകെ മെടഞ്ഞിട്ടുകൊണ്ട് ചന്ദ്രുവേടത്തി പറഞ്ഞു,
" താമരവളയത്തിൽ കുടുങ്ങീന്നും, നീരാളി പിടിച്ചതാന്നും ഒക്കെ  ഓരോരുത്തർ പിന്നീട് പറഞ്ഞു. . അതൊന്ന്വല്ല നീരാളി പിടിച്ചെങ്കി കടീടെ പാടു കാണൂലേ..അതൊന്നും ണ്ടായില്ല ദേഹത്തിലൊന്നും..
തണുത്താല് കാലു മസിലുകേറുവായിരുന്നു നെന്നെപ്പോലെത്തന്നെ ഓനും..നീന്തുമ്പോ മസിലു പിടിച്ചാ പിന്നെന്താ ചെയ്യാ. ആണ്ടുപോവ്വല്ലാണ്ട്...
കോരിച്ചൊരീന്ന മഴേത്ത് തണുത്തു മരവിച്ച ന്റെ മോനേം കൊണ്ട്   ആളോള് കേറിവന്നപ്പോ....  "ന്റെ മോനേ  ഞാനല്ലേ ടാ നെന്നെ പറഞ്ഞയച്ചേന്നും "ചോദിച്ചു നെന്റെ അച്ഛൻ  വീണു..
രണ്ടാഴ്ച മാത്രാ പിന്നെ കെടന്നുള്ളൂ
മോന്റെ കൂടെ അച്ഛനും പോയി. 
അതോടെ  ഈ വീടൊറങ്ങി കുട്ടീ.."
ചന്ദ്രുവേടത്തി മുഖം അമർത്തിതുടച്ചു.

1 comment: