www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday 21 November 2019

മഴയോർമ്മകൾ ഭാഗം5

നവരാത്രി കാലങ്ങൾ എന്നും എനിക്ക് ആഹ്ളാദം നിറഞ്ഞവയായിരുന്നു.

അവലും പഴവും ശർക്കരയും ഇളനീരും പിന്നെ, കല്ലിലരച്ചെടുത്ത ചന്ദനത്തിന്റെ സ്ഥലകാലബോധം മറന്നുപോകുന്ന  മോഹിപ്പിക്കുന്ന ഗന്ധവും..അതാണ് എനിക്കു നവരാത്രി.

 കീറിയെടുത്ത വാഴയില നെറ്റിയിൽവച്ചാണ് അമ്മ ഇലക്കുറി തൊടുവിക്കുക.
അമ്മയുടെ നനഞ്ഞ കൈയും
ചുണ്ടിലുതിരുന്ന ശ്ലോകങ്ങളും  ചന്ദനത്തിന്റെ മണവും മുഖത്തോടടുക്കുമ്പോൾ
ഒരു പ്രത്യേക അനുഭൂതിയായിരുന്നു. 

ഒരു വിദ്യാരംഭദിവസം  സ്കൂളിൽ നിന്നും തിരിച്ചു വന്നപ്പോൾ നല്ല മഴയായിരുന്നു. ഒതുക്കുകല്ലിന്നരികെ ഏട്ടന്മാരുടെ ചെരിപ്പല്ലാതെ വേറൊരു ചെരിപ്പും  നനഞ്ഞ ഒരു കുടയുംകണ്ടു, വിരുന്നുവന്നത് ആരെന്നറിയാനായി അകത്തേക്കു  ഓടിച്ചെന്നപ്പോൾ പരിചയമില്ലാത്തൊരാൾ കുഞ്ഞേട്ടനൊപ്പമിരിക്കുന്നു. 

"നീ എത്തിയോ ?  വാ  ഇങ്ങോട്ട് വാ. നീ ഈയാളെ അറിയ്യോ" കുഞ്ഞേട്ടൻ വിളിച്ചിട്ടും മടിച്ചുനിന്നു.

അമ്മ പറഞ്ഞു" നാണിക്കേണ്ട. കുഞ്ഞേട്ടന്റെ കൂട്ടുകാരനാ.."

ശാന്തമായ കണ്ണുകൾ, പുഞ്ചിരി ഒളിച്ചു വച്ച ഇളംചുവപ്പ്നിറമുള്ള   ചുണ്ടുകൾ, നീണ്ട മൂക്ക്, വാർന്നെടുത്തപോലെ സുന്ദരമായ മുഖം .  കിരീടംവച്ചതുപോലെ  ചീകിവച്ച സമൃദ്ധമായ   മുടി.
 ആളെ നോക്കിക്കാണുകയായിരുന്നു ഞാൻ.

"നീയെന്താ മോളെ  ഇങ്ങനെ നോക്കുന്നത്.?"

ഞാന്‍ മിണ്ടാതെ നിന്നപ്പോൾ

 എന്റെ കൈയിൽ പിടിച്ച് അടുത്ത് ചേർത്ത് നിർത്തി സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചു . 
പിന്നെ ഞങ്ങൾ സംസാരിച്ചുതുടങ്ങി...
നിർത്താതെ..

"എനിക്ക് ഒരു അനിയത്തിയെ ഈശ്വരന്‍ തന്നില്ല, ഇവളെന്റെയുംകൂടിയാ"ണെന്നു പറഞ്ഞയാൾ ,

എന്റെ ഏട്ടന്മാരെക്കാൾ ഞാൻ സ്നേഹിച്ച എന്റെ വിശ്വേട്ടൻ..

പിന്നീട് ---


സൈക്കിളിൽ മുന്നിലെ ബേബിസീറ്റിലിരുത്തി
ഡാൻസ് ക്ലാസ്സിൽ കൊണ്ടുപോയതും,

അകലെയുള്ള അമ്പലത്തിൽ ഉത്സവത്തിനുപോയി വരുമ്പോള്‍ പലനിറത്തിലുള്ള കുപ്പിവളകൾ കൊണ്ടു വന്നു കൈനിറയെ  ഇട്ടുതന്നതും,

പിന്നീട് ഒരു അനിയത്തി ജനിച്ചശേഷം അവളെയുമെടുത്ത് വീട്ടില്‍ കൊണ്ടുവന്നു പരിചയപ്പെടുത്തിയതും  ഈയാളുതന്നെ.

ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ സയൻസ് എക്സിബിഷനുവേണ്ടി ഒരുപാട് ചിത്രങ്ങൾ വരച്ചു തന്നതും,

നല്ല പെയിന്റിങ്ങുകൾ എന്നു ടീച്ചര്‍മാരു നോക്കിയാസ്വദിക്കുമ്പോൾ, "എന്റെ ഏട്ടനാ അതു വരച്ചതെന്നു " പറഞ്ഞു ഞാന്‍  അഭിമാനിച്ചതും ഈയൊരാൾകാരണം.

പ്രീഡിഗ്രി ക്ലാസ്സിലായിരുന്നപ്പോൾ എന്റെ തലയിൽ  കയറാത്ത ലോഗരിതം എന്നെ പഠിപ്പിച്ചതും,

കോളേജിൽ നിന്ന് തിരിച്ചു വരുമ്പോൾ ട്രെയിൻ വൈകിയ ഒരു ദിവസം നേരം ഇരുട്ടിവരുന്നതോർത്തു വിഷമിച്ചപ്പോൾ പേടിക്കണ്ടെന്നു ധൈര്യം തന്നതും, അഞ്ചാറു കിലോമീറ്റർ കൂടെനടന്നു  വീട്ടിൽ എത്തിച്ചതും,

കോളേജില്‍ വച്ച്  മഴ നനഞ്ഞോടിയപ്പോൾ പട്ടുപാവാട കീറിപ്പോയ കാര്യംകേട്ട്  ഇനിയും നടന്നാല്‍ കൂടുതല്‍ കീറിപ്പോവുമെന്നു പറഞ്ഞു  സൈക്കിളിൽ വീട്ടില്‍കൊണ്ടുവിട്ടതും,

ആദ്യമായി(അവസാനമായും) ഒരിക്കല്‍  ഉച്ചയ്ക്ക് വീണുകിട്ടിയ അവധിയാസ്വദിക്കാൻ  കൂട്ടുകാരോടൊപ്പം ഞാനും സിനിമാ കാണാൻ പോയ ദിവസം..
എന്നെത്തിരഞ്ഞു വന്ന ക്ഷിപ്രകോപിയായ ഭുവനേട്ടനോടു ട്രെയിൻ മിസ്സായതുകൊണ്ടാണ് വീട്ടിൽ എത്താൻ വൈകിയത് എന്ന് കളവുപറഞ്ഞ് എന്നെ അടി കിട്ടാതെ  രക്ഷപ്പെടുത്തീയതും
ഈയൊരാൾതന്നെ.

Fact യിൽ ജോലിക്ക് ചേരാൻ പോകുമ്പോൾ "മോള് ആഴ്ചയിൽ ഒരു കത്തെങ്കിലും വിശ്വേട്ടന് എഴുതിയിടണം കേട്ടോ "എന്നുപറഞ്ഞു യാത്ര ചോദിച്ചു പോയശേഷം...

കോളേജില്‍ സീനിയര്‍ ക്ലാസ്സിൽ പഠിക്കുന്ന ഒരാള്‍ ലൈബ്രറിയിൽ വച്ചു ആരുംകാണാതെ എനിക്ക് തന്ന പ്രേമലേഖനം ഒരു കവറിലിട്ട് ജോലിസ്ഥലത്തേക്ക് ഞാൻ  തപാലിലയച്ചുകൊടുത്തു , ആ ഇഷ്ടം ശരിയോതെറ്റോന്ന് ഉപദേശം തേടിയപ്പോൾ  "ഏട്ടന്മാരിതു സമ്മതിക്കുമെന്നു തോന്നുന്നില്ലെടീ "യെന്നു വിലക്കിയതും  ഈയാളായിരുന്നു.

 ഒരു മഴയത്ത് കോളേജില്‍ വഴുതിവീണുകൈയൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നത്  അറിയിക്കാതിരുന്നതിനു  ദേഷ്യപ്പെട്ടു എനിക്ക്  കത്തെഴുതിയതും,

മലയാളനാടിൽ ഞാനെഴുതിയ  കഥ വായിച്ചു  "പ്രണയമാണു വിഷയം ഈ പെണ്ണും മാധവിക്കുട്ടിയെപ്പോലെ  എഴുതുന്നെന്നു കൂട്ടുകാർ പറഞ്ഞു  "എന്നെന്നെ എഴുതാൻ നിരുത്സാഹപ്പെടുത്തിയതും,

പിന്നീട് കൂടെ ജോലിചെയ്യുന്ന അതിസുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ  അയച്ചുതന്ന്,
"മോൾക്ക് ഇഷ്ടായോ ഈ ചേച്ചിയെ.." എന്നു അന്വേഷിച്ചതും,

ഒരു വര്‍ഷം കഴിഞ്ഞ്  ആ സ്ത്രീയുടെ  കല്യാണം വേറൊരാളുമായി നടന്നപ്പോൾ നിരാശാകാമുകനായി  കുറെനാൾ അലഞ്ഞുനടന്നതും  ഈയൊരാൾതന്നെ.

വീണ്ടും മൂന്നുവർഷങ്ങൾ കൊഴിഞ്ഞുവീണപ്പോൾ
എനിക്ക് ജോലികിട്ടിയതറിഞ്ഞു,  അനിയത്തിയെക്കൂട്ടി വീട്ടില്‍ വന്നതും അവരുപോകുമ്പോൾ യാത്രയാക്കാനായി  കൂടെച്ചെന്ന എന്നെ പടിപ്പുരകടക്കുമ്പോൾ പിടിച്ചു നിര്‍ത്തി,
"ജോലികിട്ടിയതിന് എന്റെ സമ്മാനമെന്നു"പറഞ്ഞ് 
ഒരുമ്മതന്നതും പകച്ചുപോയ എന്നെ തിരിഞ്ഞു നോക്കാതെ അനിയത്തിയുടെ കൈയില്‍ പിടിച്ച് നടന്നു പോയതും മറക്കുവതെങ്ങനെ...

എനിക്ക് കല്യാണാലോചന വന്നതറിയിച്ചപ്പോൾ "ഞാനുംകൂടെ വന്നിട്ടു തീരുമാനിക്കാ"മെന്ന് കുഞ്ഞേട്ടന് എഴുതിയതും,
ചെറുക്കനെ കണ്ടപ്പോൾ," മോൾക്ക് നല്ല ഹൈറ്റല്ലേ..അവൾ വലുതായാൽ വണ്ണം വെച്ചാലോ  . They are not physically match." എന്നു പറഞ്ഞതും ഈയൊരാൾതന്നെ.

ആങ്ങളമാർക്കില്ലാത്ത നിർബന്ധം  ഇവനെന്തിന് എന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞു  പ്രശ്നമായപ്പോൾ..

 വല്യേന്റെ മുന്നില്‍ ചെന്നുനിന്ന്
" അവളെ എനിക്ക് വിവാഹം കഴിച്ചു തരാമോ"എന്നു ചോദിച്ചതും,

പകച്ചുപോയ വല്യേട്ടൻ കടമകളിൽനിന്നു  രക്ഷപ്പെടാനായി 
 "അവൾക്ക് ജോലികിട്ടിയിട്ടു ആറുമാസമായല്ലേ ആയുള്ളൂ.  രണ്ടുമൂന്നു വർഷം കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം "എന്ന് പറഞ്ഞപ്പോൾ

"പണവും സ്വർണ്ണവുമൊന്നും വല്യേട്ടൻ ചിലവാക്കേണ്ട. കല്യാണത്തിന് കൈപിടിച്ചു തന്നാൽ മതി"യെന്ന് പറഞ്ഞതും,

"എങ്കിൽ നിങ്ങൾ രെജിസ്റ്റർ മാരിയേജ് ചെയ്തോളൂ "എന്ന വല്യേട്ടനോട്,

"അതുപറ്റില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും ഫ്രണ്ട്സും സഹപ്രവർത്തകരുമില്ലേ. അവരെയൊക്കെ ക്ഷണിക്കേണ്ടേ. അമ്പലത്തിൽ വെച്ചു കല്യാണം കഴിക്കുന്നതാണ് ശരി "എന്നുപറഞ്ഞതും

ഗുരുവായൂരിൽവച്ച് ഒക്ടോബര്‍ പതിനാലിന് മോതിരംമാറി, 
മനസ്സിലെ ചിന്താക്കുഴപ്പങ്ങൾ  മാറ്റാനായി
ആറുമാസത്തെ ഇടവേള തന്നതും

പൊന്നുംപണവുംവേണ്ടെന്നു പറഞ്ഞ്,
നല്ല ദിവസംനോക്കാതെ,  രാഹുകാലംനോക്കാതെ,
 'കുംഭ'മാസത്തിലെ ഞായറാഴ്ച 
'വൈകുന്നേരം നാലരമണിക്ക്'
കോഴിക്കോട് ശിവക്ഷേത്രത്തിലെ ഹാളില്‍വച്ചു നടത്തണമെന്നു തീരുമാനിച്ചു ക്ഷണക്കത്ത് അച്ചടിപ്പിച്ച് എല്ലാവരെയും ക്ഷണിക്കാൻ മുൻകൈയ്യെടുത്തതും ,

രണ്ടു വീട്ടുകാരുടെയും
ബന്ധുക്കളുടെയും അർദ്ധസമ്മതത്തോടെ,

 സ്വന്തം  അനിയന്മാരുടെയും അനിയത്തിയുടെയും പൂർണ്ണസമ്മതത്തോടെ

അയല്ക്കാരുടെയും  രണ്ടു പേരുടെ ജോലിസ്ഥലത്തുള്ളവരുടെയും  സമക്ഷത്തിൽ                  ജീവിതത്തിലേക്കു ചേർത്തുനിർത്തിയതും  അന്നത്തെ  ആ സുന്ദരകില്ലാടിതന്നെ..

ഇതൊക്കെ ഇങ്ങനെ വേണം എന്ന്   ദൈവം അന്നേ കരുതിവച്ചതാവണം.

2 comments:

  1. രണ്ടു വീട്ടുകാരുടെയും
    ബന്ധുക്കളുടെയും അർദ്ധസമ്മതത്തോടെ,

    സ്വന്തം അനിയന്മാരുടെയും അനിയത്തിയുടെയും പൂർണ്ണസമ്മതത്തോടെ

    അയല്ക്കാരുടെയും രണ്ടു പേരുടെ ജോലിസ്ഥലത്തുള്ളവരുടെയും സമക്ഷത്തിൽ ജീവിതത്തിലേക്കു ചേർത്തുനിർത്തിയതും അന്നത്തെ ആ സുന്ദരകില്ലാടിതന്നെ..!

    ReplyDelete
  2. അതേ. സന്തോഷം ഈ വായനയ്ക്ക്.

    ReplyDelete