www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Sunday, 21 April 2013

ഭയം ചില മനസ്സുകളിൽ


ഭയം ചില മനസ്സുകളിൽ 

പണ്ടു .....

ദശരഥനെന്തിനു വിങ്ങി വിയര്ത്തു 
മുനി ദമ്പതിമാർ ചാരെ നിന്നു ?
അന്ധൻ മുനി തൻ മുന്നിൽ  വച്ചത് 
സ്വന്തം മകനുടെ  ജഡമെന്നറിഞ്ഞു 
നൊന്തു ശപിക്കെ രാജാവിൻ മന 
മെന്തെ ഞെട്ടി? പേടി കൊണ്ടല്ലേ 

പണ്ടൊരു നാളതിബലവാനൊരുവൻ 
മണ്ടിചെന്നാനിരുപതു കയ്യാൽ 
കയറതെടുത്തു കെട്ടിവരിഞ്ഞു 
 വെള്ളിക്കുന്നു വലിച്ചു കുലുക്കി 
ശശിധരനുള്ളിൽ ചിരിവന്നെന്നാൽ 
 പർവത നന്ദിനി പേടിച്ചില്ലെ.
ഓടിച്ചെന്നവൾ  കാന്തൻ  ചാരെ 
അന്നവർ  കലഹവുമങ്ങനെ തീർന്നു   


മുക്കുവനോതും വാക്കുകൾ  കേൾക്കേ   
ശന്തനു തൻ മുഖമെന്തേ  മങ്ങീ 
ഗംഗാപുത്രനെ ഓർത്തോ  രാജൻ 
സ്വന്തം പ്രജകൾ മന്ത്രീ സത്തമർ 
ഇവരുടെ മുന്നിൽ  ചെറുതാകും തൻ
 സൽ പേരോർത്ത്  ഭയന്നതു കൊണ്ടോ?

ഗുരുവിനു മുന്നിൽ  വിപ്രൻ മട്ടിൽ 
വിദ്യ പഠിക്കാനെത്തി രാധേയൻ 
പൊളി പറഞ്ഞെന്നത് കണ്ടുപിടിച്ചാ 
ഗുരു ശപിച്ചപ്പോൾ ഭയമായോ കർണ്ണാ 
അങ്കത്തട്ടിൽ വിദ്യകളെല്ലാം 
കാറ്റിൽ പറക്കും പഞ്ഞി കണക്കെ 
ഓർമയിൽ നിന്നും പാഞ്ഞകന്നപ്പോൾ 
ഓർതിതെന്റെ വിധിയാണിതെന്നോ 


ഗാന്ധാരി ചെന്നങ്ങു യുദ്ധക്കളത്തിൽ 
കണ്ടതോ മക്കൾ തൻ പ്രേതങ്ങൾ മാത്രം 
അമ്മമനസ്സ് വെന്തു പോയപ്പോൾ 
പൊന്തിയ ശാപ വചസ്സുകൾ കേൾക്കേ 
കൃഷ്നക്ക് തോഴനാം കൃഷ്ണൻ മനസ്സിൽ 
തോന്നിയതേതു വികാരം ഭയമോ 


ഇന്നു. ഒരു അമ്മ മനസ്സ് . 

എൻകുഞ്ഞിതുവരെ  വീടെത്തിയില്ല 
സന്ധ്യയാകുന്നതു കണ്ടീലയെന്നോ 
വിദ്യാലയം വിട്ടാൽ പോകണം നേരെ 
ട്യൂഷനെടുക്കുന്ന  ടീച്ചർ തൻ ചാരേ 
എന്നാലു മെത്തീടാൻ നേരമായല്ലോ 
എന്തെൻ മകളിത്ര വൈകുന്നു ദേവീ 
എന്തൊക്കെയാണിന്നു  പത്രം തുറന്നാൽ 
എന്തെന്തു വാർത്തകൾ ശിവ ശിവ കേൾപ്പു 
എന്റെ മോളാപത്ത് കൂടാതെ വന്നാൽ 
എന്നുണ്ണി കൃഷ്നാ  വെണ്ണ തരാമേ 


മകൾ ...
ട്യൂഷൻ കഴിഞ്ഞിട്ടും കൂട്ടുകാർ  പോയിട്ടും 
ടീച്ചർ തൻ ചാരെ നിൽക്കുവതിന്നായ് 
ഓരോരോ  കാരണമുണ്ടാക്കീ ഞാനും 
കാത്തു നില്പ്പാണിന്നു സന്ധ്യ കഴിയാൻ 
അമ്മയില്ലാത്തപ്പോൾ വീട്ടിലെത്തീടാൻ
 പേടിയാണെന്നു ഞാൻ ആരോടു ചൊല്ലും 
ജോലി കഴിഞ്ഞെന്റെ അമ്മവരും വരെ 
ഈ വീട്ടില് തങ്ങുമെൻ രക്ഷയിതൊന്നെ 
ഇന്നലെ അമ്മയില്ലാ നേരമെന്റെ 
മുറിയിലെന്നച്ചൻ  അച്ഛനല്ലാതായ് 
മുറിതുറന്നോടി ഞാൻ റോഡിലെത്തുമ്പോൾ  
അയലത്തെ വീട്ടിലെ ചേച്ചി ചോദിച്ചു 
എന്തെന്റെ കുഞ്ഞേ നീ വീട് വിട്ടോടുന്നു 
എന്തെങ്കിലും കണ്ടു പേടിച്ചു പോയോ 
എന്തു  ഞാൻ ചൊല്ലേണമന്യരോടെല്ലാം 
എന്നച്ചനെയാണ് ഭയമെനിക്കെന്നോ?
എന്നും കണ്ണീരു മാത്രമാണമ്മ യ്ക്ക് 
എങ്ങനെ ഈകഥ ചൊല്ലീടും ഞാൻ?

കോഴിക്കുഞ്ഞിന് പേടി മാവിൻ കൊമ്പിലിരിക്കും കാക്കപ്പെണ്ണിനെ 
കാക്കയ്ക്കാരെ പേടി കൂട്ടിലെ മുട്ടയുടച്ച  പാമ്പിനെയത്രേ 
പാമ്പിനു പേടിഏറെ മുകളിൽ  വട്ടം ചുറ്റും പരുന്തിനെയെന്നാൽ 
പരുന്തിനാരെ പേടി അതിലും മുകളിലിരിക്കും ദൈവത്തെയോ?


 

Tuesday, 9 April 2013

ചെളിയില്‍ പുതഞ്ഞ പഞ്ചാമൃതം
ഇളകിത്തുടങ്ങിയ ട്രെയിനിലേക്ക്‌ ഒരു പെണ്‍കുട്ടി ഓടിക്കയറി. ദീര്‍ഘമായി ശ്വാസം വിട്ടു കൊണ്ടു അവള്‍ എല്ലാരെയും നോക്കി. ഒരു സ്ത്രീ അവരുടെ അടുത്ത് ഒഴിഞ്ഞു കിടന്ന ഇരിപ്പിടത്തിലേക്ക് അവളെ വിളിച്ചു. ആശ്വാസത്തോടെ അങ്ങോട്ട്‌ നീങ്ങിയ പെണ്‍കുട്ടി അറിയാതെ നീട്ടിവെച്ച അയാളുടെ കാലില്‍ ചവിട്ടി. കുനിഞ്ഞു കാലുകള്‍ തൊട്ടു കണ്ണില്‍ വച്ച് കൊണ്ട് അവള്‍ പറഞ്ഞു
'" സോറി അങ്കിള്‍ ."
അയാളുടെ കൈകള്‍ അനുഗ്രഹിക്കും പോലെ അവളുടെ നെറുകയില്‍ തൊട്ടു.
അന്നേരമാണ് അയാള്‍ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്
അയാളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു
ഇതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി പണ്ട് ഒരു സന്ധ്യക്ക് തന്റെ ജീവിതത്തിലേക്ക് അനുവാദം ചോദിക്കാതെ ഓടിക്കയറി വന്നു
ദേവി
അയാളുടെ മനസ്സ് ഇരുപതു വര്ഷം മുന്‍പുള്ള ആ ഓര്‍മയിലേക്ക്‌ ഊളിയിട്ടു

*******

ഇടതൂര്‍ന്ന കണ്‍പീലികള്‍ വേലികെട്ടിയ തടാകം പോലെയുള്ള അവളുടെ വലിയ കണ്ണുകളില്‍ നിറയെ പരിഭ്രമമായിരുന്നു. പുറകുവശം മുഴുവന്‍ മൂടിയ ചുരുണ്ട് നീണ്ട മുടി കാറ്റില്‍ പറക്കുന്നുണ്ടായിരുന്നു
വന്ന പാടെ യാതൊരു മുഖവുരയുമില്ലാതെ ഒറ്റശ്വാസത്തില്‍ അവള്‍ പറഞ്ഞു.
"ജയേട്ടാ എന്നെ രക്ഷിക്കണം.. കഴിഞ്ഞ ആഴ്ച ഗുരുവായൂരില്‍ നിന്ന് വന്ന ആള്‍ക്കാര്‍ ജാതകം നല്ല പൊരുത്തമുണ്ട് കല്യാണം ഉടന്‍ വേണമെന്ന് പറഞ്ഞു വന്നിരിക്കുന്നു".
"എനിക്ക് എന്ത് ചെയ്യാന്‍ കഴിയും ദേവി "താന്‍ നിസ്സഹായനായി നിന്നു.
"ജയേട്ടനേ എന്നെ രക്ഷിക്കാന്‍ കഴിയു. നമുക്ക് ദൂരെ എവിടെക്കെങ്കിലും പോകാം പ്ലീസ് ജയേട്ടാ ..ജയേട്ടന്റെ കൂടെ അല്ലാതെ എനിക്ക് ജീവിക്കേണ്ട. എന്നെ കയ്യൊഴിഞ്ഞാല്‍ ഞാന്‍ മരിക്കും തീര്‍ച്ച "

ഞങ്ങള്‍ പ്രേമത്തിലായിരുന്നു എന്നത് സത്യം
പക്ഷെ വെറുമൊരു പാരലല്‍ കോളേജ് അധ്യാപകന് അന്ന് ജീവിതം ഇത്തിരി കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം ജീവിതത്തില്‍ ഉണ്ടാവും എന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

പക്ഷെ അവളെ കയ്യൊഴിയാനും വയ്യായിരുന്നു . ആകെ ചെയ്യാന്‍ കഴിയുന്നത്‌ അവളുടെ വീട്ടുകാരുടെ കണ്ണില്‍ പെടാതെ എവിടെയെങ്കിലും ഓടിപ്പോയി രക്ഷപ്പെടുക മാത്രമായിരുന്നു.
ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.ഒരു ബാഗില്‍ വസ്ത്രങ്ങള്‍ കുത്തി നിറച്ചു ദേവിയേയും കൊണ്ട് നാട് വിട്ടൂ.ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന ദീര്‍ഘ ദൂര ബസ്‌ കോഴിക്കോട് എന്ന സ്ഥലത്തേക്ക് ഉള്ളതായിരുന്നു അതില്‍ തന്നെ കയറിക്കൂടി . പുലര്‍ച്ചെ ബസ്‌ കല്ലായി എത്തിയപ്പോള്‍ രണ്ടുപേരും അവിടെ ഇറങ്ങി ..അടുത്തുണ്ടായിരുന്ന കല്ലായി റെയിലവേ  സ്റെഷനിൽ കയറിയിരുന്നു നേരം വെളുപ്പിച്ചു ....
രാവിലെ അടുത്തുകണ്ട ചെറിയ ചായപ്പീടികയില്‍ ചെന്നപ്പോള്‍ ഒരാള്‍ ചായക്കടക്കാരനോട് പറയുന്നതാണ് ചെവിയില്‍ വീണത്‌ .
"അല്ല രാമന്നായരെ മൂസാക്കാന്റെ മരപ്പീടികേലേക്ക് ഒരാളെ വേണല്ലോ ചങ്ങായീ. ഓന്റെ കണക്കപ്പിള്ള രണ്ടീസായി ബെരുന്നില്ല."
ഈശ്വരന്‍ കൊണ്ടുതന്ന ഒരു അവസരം..അത് കളയരുതെന്നു തൊന്നി.
ആയാല്‍ ഒരു ജോലി. പോയാല്‍ ഒരു വാക്കു.
അയാളോട്ഉടനെ ചോദിച്ചു ,"ഞാന്‍ മതിയൊ. എനിക്കറിയാം കണക്കെഴുത്തു.
അയാള്‍ പുരികം ചുളുക്കി നോക്കി.," ഞ്ഞി എബട്ന്നാ. ?"
"ഞാന്‍ കുറെ തെക്കുന്നാ. എന്റെ ഭാര്യയാണ് കൂടെയുള്ളതു.""
പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ വാക്കുകളെ തനിക്കു തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇവള്‍ തന്റെ ഭാര്യയൊ... അപ്പോള്‍ താന്‍ ഇന്ന് ഒരു ഭര്‌ത്താവാണ്

"ഹും.തെക്കരെ ബിശ്വസിക്കരുതുന്നാ . . എന്നാലും ഇബടെ ഇരി ഞമ്മള് മൂസാക്കനോട് ചോയ്ച്ചു ബരട്ടെ . രാമന്നാരെ, ഇബനും കെട്ട്യോളും ഇബടെ കുത്തിരിക്കട്ടെ. ഞാന്‍ ബേം ബരാ .ന്തേയ്‌ "
"ഓല് അബ്ടെ ഇരുന്നോളും ഇഞ്ഞു വേം പോയിവാ "
രാമന്‍ നായര്‍ ദേവിയെ സൂക്ഷിച്ചു നോക്കി. പൊട്ടില്ല, താലിയില്ല, പുതു മണവാട്ടിയുടെതായ എന്തെങ്കിലും അടയാളം അവളുടെ ദേഹത്തില്‍ കാണാത്തത് കൊണ്ടാവാം ചോദ്യഭാവത്തില്‍ തന്റെ നേരെ നോക്കിയതു.
"ഇങ്ങള്‍ രണ്ടാളും വീട്ടുകാര് കാണാതെ ഒളിച്ചു പോന്നതാ?"

"അതെ " എന്ന് പറയാതെ തരമില്ലായിരുന്നു.
"ഹും. എപ്പ പൊറപ്പെട്ടതാ ? ചായയോ വെള്ളോ കുടിച്ചിക്കുന്നോ?"
ആ ഗ്രാമീണന്റെ മനസ്സിലെ കാരുണ്യത്തിന്റെ ഉറവ പൊട്ടി. ആവി പറക്കുന്ന പുട്ടും കടലക്കറിയും ഓരോ പ്ലേറ്റ് മുന്‍പില്‍ കൊണ്ട് വച്ചു . ഓരോ ഗ്ലാസില്‍ ചായയും.. ഇന്നലെ മുതല്‍ ഒന്നും കഴിക്കാത്ത നാവിനു അത് അമൃത് പോലെയാണ് തോന്നിയതു.

"പ്രേമം ന്നും പറഞ്ഞു ഓടിപ്പോരുമ്പോ നിങ്ങള്‍ എന്താ മക്കളെ അമ്മേനേം അച്ഛനേം പറ്റി ചിന്തിക്കാത്തത്?"

രാമന്‍ നായരോട് നടന്നതെല്ലാം പറഞ്ഞു.

"മൂസ്സ മൊയലാളീന്റെ മരപ്പീട്യേല്‍ കണക്കപ്പിള്ള പോയീന്നല്ലേ പറഞ്ഞതു.മോന്‍ ആ പണി ചെയ്യ് തല്‍ക്കാലം. മൊയലാളി നല്ലോനാ മുറുക്കെ പിടിച്ചോ .."

മൂസാക്കയുടെ കണക്കപ്പിള്ളയായി ജോലി തുടങ്ങി.
ഒരു മുറിയും അടുക്കളയും മാത്രമുള്ള ഒരു കൊച്ചു പുരയും കാണിച്ചു തന്നത് രാമന്‍ നായര്‍ തന്നെ ആയിരുന്നു.

അവിടെ ജയന്റെയും ദേവിയുടെയും ജീവിതം ആരംഭിച്ചു ....

*****
മോള് ജനിച്ചു കഴിഞ്ഞപ്പോള്‍ പണത്തിനു പ്രയാസം കണ്ടു തുടങ്ങി. ചെലവ് കൂടുകയല്ലെ. ദേവിക്ക് പ്രസവരക്ഷക്ക് കടം വാങ്ങേണ്ടി വന്നു. കുഞ്ഞിനു ഒരു അസുഖം വന്നാല്‍ മരുന്ന് വാങ്ങാന്‍ പോലും കയ്യില്‍ കാശില്ലാതെ വിഷമിച്ചു. രാമന്‍ നായര്‍ തന്നെയാണ് മൂസാക്കയോട് പറഞ്ഞതു.
"അല്ല മൊയലാളി ഇങ്ങളെ അനിയന്‍ പൊറത്തു എവിടെയോ അല്ലെ. ഈ കുട്ടിക്ക് അവിടെ എന്തേലും പണി തരാക്കി കൊടുത്തൂടെ . ഒന്ന് ചോയ്ച്ചു നോക്കീന്‍ അനിയന്‍ വരുമ്പോ "

അങ്ങനെ അധികം വൈകാതെ മണലാരണ്യത്തില്‍ എത്തിപ്പെട്ടു.
ദേവിയേയും മോളെയും വിട്ടു പോരുന്നത് ഓര്‍ത്തപ്പോള്‍ കരളു പൊടിയുന്ന വേദന ആയിരുന്നു,. എന്നാല്‍ തന്റെ കുടുംബം രക്ഷപ്പെടുമല്ലോ എന്നോര്‍ത്ത് സന്തോഷവും തോന്നി.


യാത്രയാകുന്നതിനു ഒരാഴ്ച മുന്‍പ് തുടങ്ങിയ ദേവിയുടെ കരച്ചില്‍ തന്റെയും സമനില തെറ്റിക്കുന്നുണ്ടായിരുന്നു. ഒരു പാട് പ്രതീക്ഷയോടെയാണ് കുവൈത്തില്‍ വിമാനം ഇറങ്ങിയത്‌
രണ്ടു വര്ഷം ആ മണലാരണ്യത്തില്‍ കഴിച്ചു കൂട്ടിയത് എങ്ങനെയെന്നു തനിക്കു മാത്രമേ അറിയൂ

ആദ്യത്തെ ലീവിന് നാട്ടിലെത്തിയപ്പോള്‍ രാമന്‍ നായര്‍ തന്നെ കുറെ അകലെ കുറച്ചു സ്ഥലം നല്ല ലാഭത്തില്‍ കണ്ടുപിടിച്ചു . അത് ദേവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാണ് താന്‍ തിരിച്ചു പോയത്. അതിനു അടുത്ത് തന്നെ കുറേക്കൂടി മെച്ചപ്പെട്ട ഒരു വാടക വീടും കണ്ടു പിടിച്ചു. ദേവിയും മോളും വളരെ ന്തോഷത്തിലായിരുന്നു

എല്ലാ തവണ ലീവ് കഴിഞ്ഞു തിരിച്ചു ജോലിസ്തലത്തേക്ക് പോകുമ്പോഴും പഴയപോലെ ദേവി കണ്ണീരു കൊണ്ട് തന്‍റെ മാറ് നനയ്ക്കും എങ്കിലും ജീവിതം പച്ചപിടിച്ചു തുടങ്ങിയതില്‍ രണ്ടുപേരും സന്തോഷിച്ചു. .
പിന്നീടുള്ള നാളുകളില്‍ വാങ്ങിയ സ്ഥലത്ത് ഒരു വീട് വെക്കണം എന്നുള്ളതായിരുന്നു തന്റെ സ്വപ്നം. പണം അയച്ചു കൊടുത്താല്‍ മതി. വീട് പണി നടക്കുന്നിടത്തും ദേവിയുടെ കണ്ണ് ചെന്നെത്തുന്നു എന്നത് ആശ്വാസമായി.. അവള്‍ പഴയ ഒന്നുമറിയാത്ത പൊട്ടി പെണ്ണല്ല ഇപ്പോള്‍ എല്ലാ കാര്യത്തിലും പ്രാപ്തയായ വീട്ടമ്മയായിരിക്കുന്നു.
വര്‍ഷങ്ങള്‍ പറന്നു പോയി. ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍ മോള് മുന്‍പില്‍ വരാന്‍ മടിച്ചു നില്ക്കുംപോലെ തോന്നി. അവള്‍ നാണിച്ചു മുറിക്കുള്ളില്‍ തന്നെ നിന്നു. ദേവി പറഞ്ഞു

"മോള് വലിയ പെണ്ണായിരിക്കുന്നു "
അത്ഭുതം തോന്നി. ഇന്നലെ എന്നപോലെ തന്റെ കയ്യില്‍ കിടന്നു കണ്ണും പൂട്ടി കൈ ചുരുട്ടിപിടിച്ചു കാറി കരഞ്ഞ കുഞ്ഞുമോള്‍, ഇന്ന് വലിയ പെണ്ണായിരിക്കുന്നു
മോള് ദേവിയുടെ തനി പകര്‍പ്പായിരിക്കുന്നു..സ്വപ്നം മയങ്ങിയ കണ്ണുകള്‍, ചുരുണ്ട മുടി, പവന്‍ കാച്ചിയ നിറം അമ്പിളി പോലത്തെ ചിരി എല്ലാം ദേവിയെ പോലെ തന്നെ. അമ്മയും മോളും ഒരുമിച്ചു പോകുന്നത് കണ്ടാല്‍ ചേച്ചിയും അനിയത്തിയും എന്നേ തോന്നു

ആ പ്രാവശ്യം ദേവി സംസാരിച്ചതെല്ലാം ഭാവിയെ കുറിച്ചായിരുന്നു..
"ഇനി നല്ലോണം പിശുക്കി പിടിച്ചേ ചെലവ് ചെയ്യാവു. വീട് പണി ഉടനെ തീര്‍ക്കണം. കഴിയുന്നത്ര സ്വര്‍ണം സ്വരൂപിച്ചു വെക്കണം ,ഒരുമിച്ചു വാങ്ങാന്‍ നില്‍ക്കരുതു. പെണ്ണ് വളര്‍ന്നു .ഇനി ധാരാളം പണച്ചെലവ് വരും" എന്ന് തുടങ്ങി. അവളുടെ പയ്യാരം പറച്ചില്‍ .
ഇത് കേട്ടാല്‍ തോന്നും താന്‍ അവിടെ പണം ധൂര്‍ത്തടിച്ചു കളയുകയാണെന്നു. കിട്ടുന്ന ഓരോ പൈസയും ദേവിയുടെ പേര്‍ക്ക് അയച്ചു കൊടുക്കുന്ന തന്നോടാണ് ഇതെല്ലാം പറഞ്ഞു തരുന്നതു... ഒരു അമ്മയുടെ മനസ്സിന്റെ നീറ്റലായി മാത്രമേ അത് കണ്ടുള്ളൂ

എങ്കിലും ,"സമ്പാദിച്ചത് മതി ഇനിയെങ്കിലും നമുക്ക് ഉള്ളത് കൊണ്ടു ഒരുമിച്ചു കഴിയാം"
എന്ന് മുന്‍പൊക്കെ ഓരോ തിരിച്ചു പോക്ക് അടുക്കുമ്പോഴും മാറില്‍ വീണു കരഞ്ഞു കൊണ്ട് പറഞ്ഞിരുന്ന ദേവിയില്‍ വന്ന മാറ്റം
അത്ഭുതപ്പെടുത്തി.

പിന്നീട് വരുന്ന കത്തുകളില്‍എഴുതുന്ന കാര്യങ്ങള്‍ കണ്ടാല്‍, ഇനി ഭര്‍ത്താവ് നാട്ടില്‍ വന്നില്ലെങ്കിലും സാരമില്ല കാശ് ഇങ്ങോട്ട് അയച്ചു കൊണ്ടിരുന്നാല്‍ മതി എന്നപോലെയാണ് തോന്നുക

'അടുത്ത് ഒരു സ്ഥലം വില്‍ക്കാനുണ്ട് നമുക്ക് അതും കൂടി വാങ്ങിയാല്‍ ഈ പുരയിടത്തിനോട് ചേര്‍ന്ന് കിടക്കും. അങ്ങോട്ടേക്ക് കടക്കാന്‍ വേറെ വഴിയില്ല. അത് കൊണ്ട് നമ്മള്‍ വാങ്ങുന്നതാണ് ആ വീട്ടുകാര്‍ക്കും താല്പര്യം

ഈ തരം കാര്യങ്ങള്‍ നിറയെ എഴുതുന്ന ഓരോ കത്തിലും ജയേട്ടന് സുഖമാണോ എന്നൊരു വാക്ക് പോലും കാണാന്‍ ഇല്ലാതായിത്തുടങ്ങിയത് മനസ്സിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്

ഒരു വെള്ളിയാഴ്ച

താന്‍ തുണി കഴുകലും കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞു ഓരോന്ന് ചിന്തിച്ചു വെറുതെ കിടക്കുകയായിരുന്നു. റൂമില്‍ മറ്റുള്ള കൂട്ടുകാര്‍ രഹസ്യമായി കിട്ടിയ ഏതോ സീഡി ഇട്ടു വളിപ്പുകള്‍ പറഞ്ഞു കണ്ടു കൊണ്ടിരിക്കുന്നു

പെട്ടെന്ന് കൂട്ടുകാരന്‍ രാംദാസ് 'ദേ ഡാ ഇങ്ങോട്ട് നോക്കു. തീരെ ചെറുപ്പം ഒരു ചരക്കു ഇതൊന്നു വന്നു കണ്ടേടാ എന്തൊരു സൌന്ദര്യം നോക്ക് . വന്നു കാണെടാ" എന്ന് ആര്‍ത്തു വിളിച്ചപ്പോള്‍ അങ്ങോട്ട്‌ നോക്കി. സീഡിയില്‍ ക്ലോസ് അപ്പില്‍ വന്ന ആ മുഖം തന്നെ ഞെട്ടിച്ചു
ഒരു കുതിപ്പിന് എഴുനേറ്റു അവരുടെ കൂട്ടത്തില്‍ ചെന്നിരുന്നു. ചെന്ന് വീണു എന്നതാണ് ശരി തന്റെ ബോധം പോകും എന്ന് തോന്നി. തന്റെ മോള്‍ .... തന്റെ പൊന്നു മോള്‍ രണ്ടു പുരുഷന്മാരുടെ നടുവില്‍ നൂല്‍ ബന്ധമില്ലാതെ... കണ്ണില്‍ ഇരുട്ട് കയറി . ചെവിയില്‍ ഒരു മൂളല്‍ മാത്രം

ബോധം വരുമ്പോള്‍ ആശുപത്രിയിലാണെന്നു മനസ്സിലായി രാംദാസ് മുഖത്തേക്ക് തന്നെ വെപ്രാളത്തോടെ നോക്കിയിരിക്കുന്നു
"എന്താടോ തനിക്കു പറ്റിയത്?ഇങ്ങനെ എപ്പോളെങ്കിലും ഉണ്ടായിട്ടുണ്ടോ?"

വരണ്ടു പോയ നാവില്‍ വെള്ളം ഒഴിച്ച് തന്നു കൊണ്ട് രാംദാസ് ചോദിച്ചു
തല വിലങ്ങനെ ആട്ടാനെ തനിക്കു കഴിഞ്ഞുള്ളൂ

പിന്നീട് ഡോക്ടര്‍ പറഞ്ഞു ഒരു ചെറിയ ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു. ഇനി വളരെ സൂക്ഷിക്കണം എന്നൊക്കെ
റൂമില്‍ തിരിച്ചു എത്തിയപ്പോള്‍ കൂട്ടുകാരുടെ ചോദ്യങ്ങള്‍ ഒന്നും ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല. ആ സീഡിയില്‍ കണ്ട കാഴ്ച്ചമാത്രമായിരുന്നു മനസ്സ് നിറയെ

പിന്നീട് എല്ലാരെയും സംശയത്തോടെയാണ് നോക്കിയത്
തന്റെ നേരെ നീണ്ടു വരുന്ന നോട്ടങ്ങളില്‍ പരിഹാസത്തിന്റെ മുള്ളുകള്‍ ഉണ്ടോ വാക്കുകളില്‍ എന്തെങ്കിലും കളിയാക്കല്‍ ആണോ ഉള്ളത്?

ഇവരില്‍ ആര്‍ക്കെങ്കിലും അറിയാമോ, അവര്‍ കണ്ടു രസിച്ചു കൊണ്ടിരുന്നത് തന്റെ സകല പ്രതീക്ഷയും സന്തോഷവുമായിരുന്ന തന്റെ പൊന്നു മോളുടെ നഗ്നത ആയിരുന്നു എന്നു...
ജോലി വേണ്ട എന്ന് പറഞ്ഞിട്ട് പോലും അറബിക്ക് റിലീവ് ചെയ്യാന്‍ മടി . പാസ്പോര്‍ട്ട് അയാളുടെ കയ്യില്‍ ആയതു കൊണ്ട് ചാടി പോരാനും പറ്റില്ല. ഒടുവില്‍ മൂസാക്കയുടെ അനിയനെ തന്നെ ശരണം പ്രാപിച്ചു . അദ്ദേഹത്തിന്റെ മുന്‍പില്‍ ആശുപത്രിയില്‍ നിന്നും കിട്ടിയ കേസ് ഷീറ്റ് കാണിച്ചു സുഖമില്ലാത്ത അവസ്ഥയാണെന്നു കണ്ടു ഒടുവില്‍ നാട്ടിലേക്ക് മടക്ക ടിക്കറ്റ്‌ കിട്ടി.

നാട്ടില്‍ എത്തിയിട്ട് ആദ്യം കണ്ടത് രാമന്‍ നായരെ ആയിരുന്നു പീടികയില്‍ ആരും ഇല്ലാത്ത ഒരു ഉച്ച നേരത്താണ് അവിടെ ചെന്ന് കയറിയത്
തന്റെ വീട്ടിലെ വിശേഷം എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു നിമിഷം മുഖത്ത് തന്നെ നോക്കി നിന്നു.
പിന്നീട് പറഞ്ഞു,"മൂസ മൊയലാളി ന്നെ വിളിപ്പിച്ചിരുന്നു. നെനക്ക് സുഖോല്ലാണ്ടായി ഒടനെ വരുന്നുണ്ട് ന്നും പറഞ്ഞു. അത് നെന്റെ പൊരേല്‍ ചെന്ന് പറയാന്നു വെച്ച് ഞാന്‍ അവിടെ ചെന്നു.
നീ വെഷമിക്കല്ലെ ന്‍റെ മോനെ ..നെന്‍റെ ദേവി അവ്ടെ ന്ടായിര്‌ന്ന്‌ല്ല . അടുത്ത പൊരേല്‌ ചോയ്ച്ചപ്പോ ഓര് നല്ല വര്‍ത്താനോന്നും അല്ല പറഞ്ഞത്
ഒന്ന് നിര്‍ത്തി രാമന്‍ നായര്‍ തുടര്‍ന്നു ,
" ദേവീം മോളും ചെല ദിവസം വീട്ടില് ന്ടാവൂല്ല പോല്‍ . പിന്നെ നെന്റെ മോള് ഇപ്പൊ ചില സീരിയലിലൊ സിലിമെലോ ഒക്കെ അബിനയിക്കാന്‍ പോവൂത്രെ. ഞ്ഞു മനസ്സ് വെഷമിക്കല്ലെ മ്മക്ക് ഓളെ പറഞ്ഞു മനസ്സിലാക്കിക്ക ദൊന്നും മ്മക്ക് പറ്റൂല്ലാന്ന് ."

ഒരു വിധത്തിലാണ് വീട്ടില്‍ എത്തിയത്. ദ്വാരകയില്‍ നിന്നും തിരിച്ചു സ്വഗൃഹത്തില്‍ എത്തിയ കുചേലനെപ്പോലെ താന്‍ ആകെ അമ്പരന്നുപോയി

ഇത് തന്റെ വീട് തന്നെയൊ. പുരയിടത്തിനു ചുറ്റുമുള്ള ഭംഗിയുള്ള മതിലും വീടിനു മുന്നിലുള്ള പൂന്തോട്ടവും ലാന്‍ഡ്‌ സ്കേപ്പും മുറ്റത്തു കിടക്കുന്ന വില കൂടിയ കാറുകളും ഒക്കെ കണ്ടപ്പോള്‍ വീട് തെറ്റിപ്പോയോ എന്നാണു സംശയിച്ചത്

വാതില്‍ തുറന്ന ദേവിയെ കണ്ടു അതിലേറെ അമ്പരന്നു. കഴുത്തൊപ്പം മുറിച്ചിട്ട മുടിയും ചായം പുരട്ടിയ ചുണ്ടുകളും പുറവും മാറും പകുതി കാണുന്ന ബ്ലൗസും വയറു മുഴുവന്‍ കാണും വിധം ചുറ്റിയ സാരിയും... പഴയ ശാലീന സുന്ദരിയുടെ സ്ഥാനത്ത് ഒരു മദാലസ ...

നീണ്ട മൂന്നു വര്‍ഷത്തിനു ശേഷം കാണുന്ന ഭര്‍ത്താവിനോടുള്ള സ്നേഹം ആ മുഖത്തോ വാക്കുകളിലോ കണ്ടില്ല. അവള്‍ ആകെ പരിഭ്രമിച്ചപോലെയാണ് തോന്നിയത്. വാതില്‍ക്കല്‍ നിന്നും മാറാതെ നിന്ന ദേവിയെ തള്ളി മാറ്റി അകത്തു കടന്നപ്പോള്‍ സ്വീകരണ മുറിയില്‍ ഇരുന്ന രണ്ടു പുരുഷന്മാര്‍ അവരുടെ കയ്യിലെ പകുതി ഒഴിഞ്ഞ ഗ്ലാസുകളുമായി എഴുന്നേറ്റു.
"നിങ്ങള്‍ ആരാണ് " അവരോടുള്ള ചോദ്യത്തിനു ദേവിയാണ് മറുപടി പറഞ്ഞത്.
'ജയേട്ടാ ഇതാണ് പ്രശസ്ത സംവിധായകന്‍ പ്രേം ചന്ദ്ര, ഇത് പ്രൊഡ്യുസര്‍ ഷംസുദീന്‍ ഇവരുടെ പുതിയ സീരിയലിലേക്ക് മോളെ അഭിനയിപ്പിക്കുന്ന കാര്യം സംസാരിക്കാന്‍ വന്നതാ. "
ആ സമയം തന്റെ കണ്മുന്നില്‍ സീഡിയിലെ രംഗങ്ങള്‍ ആയിരുന്നു.. ഈ പിശാചു എന്റെ മോളെ ...അവളെ ഒറ്റയടിക്ക് കൊന്നു കളയാന്‍ തോന്നി. മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് അവിടെ നിന്നത്.

ദേവിയുടെ മുഖത്ത് പോലും നോക്കാതെ ആ പുരുഷന്മാരോട് പറഞ്ഞു ,
'നിങ്ങള്‍ ദയവു ചെയ്തു ഇവിടുന്നു പോകണം. എന്റെ മോള്‍ അഭിനയിക്കാന്‍ പോകുന്നത് എനിക്ക് ഇഷ്ടമല്ല."

ആ രണ്ടു പേരും ദേവിയെ നോക്കി
ക്രൂരമായ മുഖഭാവത്തോടെ ദേവിയാണ് പിന്നീട് സംസാരിച്ചത്
"ജയേട്ടാ എന്റെ ഗെസ്റ്റ് ആണവര്‍ അവരോടു മാന്യമായി സംസാരിക്കണം "

"നീ എന്നെ മാന്യത പഠിപ്പിക്കുന്നോടീ .ഇപ്പൊ ഇറങ്ങണം ഇവിടെ നിന്നു. എന്റെ വീട്ടില്‍ ഇതൊന്നും നടക്കില്ല..കൂടെ പോകണമെങ്കില്‍ നീയും ഇറങ്ങിക്കോടീ "
താന്‍ അലറുകയായിരുന്നു

"നിങ്ങളുടെ വീടോ ..ആര് പറഞ്ഞു ഇത് നിങ്ങളുടെ വീടാണെന്ന് ..?"
ദേവിയുടെ മുഖം ചുവന്നു തുടുത്തു. ക്രൌര്യത്തോടെ അവള്‍ പറഞ്ഞു
"എന്റെ വീടാണിത് നിങ്ങളാണ് ഇറങ്ങി പോകേണ്ടത് .. "
"എടീ "അവളുടെ നേരെ കൈ വീശിയതെ ഉള്ളു
നെഞ്ചില്‍ ഒരു കൊളുത്തി പിടുത്തം പോലെ തോന്നി.തളര്‍ന്നു നിലത്തേക്കു ഇരിക്കുമ്പോള്‍ പരിഭ്രമിച്ച മുഖം ഒരു നിമിഷം കണ്ണില്‍ തടഞ്ഞു.തന്‍റെ മോളുടെ മുഖം ..

ആരാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അറിയില്ല ആലോചിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നു. എന്ത് ചെയ്യണം? ഇനി എന്താണ് തനിക്കു ചെയ്യാന്‍ കഴിയുക?

മുഖമടച്ചു അടി കിട്ടിയപോലെ തോന്നി ഓരോ പ്രാവശ്യവും ദേവിയുടെ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍

അവളുടെ വീട് ..
ഇക്കണ്ട കാലമത്രയും നല്ല ഭക്ഷണം കഴിക്കാതെ, വിശ്രമം എന്തെന്നറിയാതെ, കഴുതപോലെ മരുഭൂമീയില്‍ കഷ്ടപ്പെട്ട് താന്‍ പടുത്തുയര്‍ത്തിയ ടാജ്മഹല്‍ .. ഇപ്പോള്‍ അവിടെ താന്‍ അന്യനായിരിക്കുന്നു

ഇപ്പോള്‍ വീടില്ല. കുടുംബമില്ല നിസ്വനായ ഒരു വഴിയാത്രക്കാരന്‍

ചുടുകണ്ണീര്‍ ഒഴുകി തലയണ നനഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും ആരും കാണാതെ ഇറങ്ങി നടന്നു പരിചയമുള്ളവരെ ആരെയും കാണാതിരിക്കണേ എന്നൊരു പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍

***

"അങ്കിള്‍,കരയുകയാണോ?"
മൃദുലമായ ഒരു വിരല്‍ സ്പര്‍ശം ചിന്തയില്‍ നിന്നുണര്‍ത്തി
അയാള്‍ കണ്ണ് തുറന്നു ചുറ്റും നോക്കി. ഇരിപ്പിടങ്ങള്‍ മിക്കതും കാലിയായിരിക്കുന്നു
തൊട്ടു മുന്നില്‍ ആ പെണ്‍കുട്ടി മാത്രമുണ്ട്

"ഒഹ്. വെറുതെ ഓരോന്ന് ചിന്തിച്ചു ഇരുന്നു പോയി "
മുഖത്തെ നരച്ച കുറ്റിരോമങ്ങള്‍ തോളിലെ കാവിമുണ്ട്‌ എടുത്തു തുടച്ചു കൊണ്ട് അയാള്‍ പറഞ്ഞു
അവള്‍ വീണ്ടും പറഞ്ഞു," എനിക്ക് ഇറങ്ങേണ്ട സ്ഥലമായി .
അങ്കിള്‍ എവിടേക്കാണ് ?"

"ഓരോരോ അമ്പലങ്ങള്‍ തോറും ഉള്ള യാത്രയിലാണ് മോളെ ഞാന്‍ . ഇപ്പോള്‍ മൂകാംബികയെ കാണാന്‍ പോകയാണ് .അത് കഴിഞ്ഞാല്‍ വീണ്ടും വേറൊരു അമ്പലത്തില്‍ ..
അങ്ങനെ , അങ്ങനെ .ഈ യാത്ര അവസാനിക്കുംവരെ... "
ഒന്നും മനസ്സിലാകാതെ നിന്ന ആ പെണ്‍കുട്ടിയെ നോക്കി നില്‍ക്കെ അയാളുടെ കണ്ണുകളില്‍ വാത്സല്യം നിറഞ്ഞു