www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Tuesday, 31 December 2013

ഇവന്‍ എന്റെ പ്രിയ ബ്രൂണോ

ഇവന്‍ എന്റെ പ്രിയ ബ്രൂണോ

സര്‍ക്കാര്‍ജോലിക്കാര്‍ക്ക് വേണ്ടി അനുവദിച്ച ക്വോട്ടേര്‍സില്‍ നിന്നു കാക്കനാട് വാങ്ങിയ പുതിയ വീട്ടിലേക്കു ഞങ്ങള്‍ താമസം മാറിയ സമയം. എട്ടുവയസ്സുകാരനായ ഞങ്ങളുടെ മകന്‍ വഴിയില്‍ കാണുന്ന നായക്കുട്ടികളെയൊക്കെ വളര്‍ത്താനായി വേണമെന്ന് വാശി പിടിച്ചു കൊണ്ടിരുന്നു. നിര്‍ബന്ധം സഹിക്കാതായപ്പോള്‍ എന്റെ ഭര്ത്താവ് കൂടെ ജോലി ചെയ്യുന്ന ആളുടെ വീട്ടില്‍ ആയിടെ പ്രസവിച്ച ടോബെർമാൻ  കുഞ്ഞിനെ വളർത്താനായി ആവശ്യപ്പെട്ടു. ആ നായക്കുട്ടിക്കു സിനിമയുമായും വിദൂരബന്ധമുണ്ട്. അവന്റെ അമ്മ - നമ്മുടെ സിനിമാനടൻ മോഹന്‍ ലാലിന്റെ അമ്മാവനായ രാധാകൃഷ്ണൻ നായരുടെ  വീട്ടിൽ ഉള്ള ജൂലി എന്ന പേരുള്ള  ടോബെർമാൻ നായ. അച്ഛൻ അടുത്തവീട്ടിലെ ഒരു ബൊക്സെറും.  രാധാകൃഷ്ണൻ നായരും ഭാര്യയും ആ  കൊച്ചു കറുമ്പന്‍ നായക്കുട്ടിയെ ഉണ്ണിക്കുട്ടൻ എന്നാണു വിളിച്ചിരുന്നത്‌. അവന്റെ അമ്മയുടെ മണമുള്ള ഒരു കൈലിയിൽ   പൊതിഞ്ഞാണ് കാർഡ്‌ ബോർഡ്  പെട്ടിക്കുള്ളിൽ കിടന്നു കൊണ്ട് അവൻ ഞങ്ങളുടെ വീട്ടിലേക്കു പ്രവേശിച്ചത്. ഞങ്ങളുടെ മകനുള്ള പിറന്നാൾ സമ്മാനമായിരുന്നു  അവൻ.

പെറ്റു  ഇരുപത്തിനാലു ദിവസം മാത്രം പ്രായമായ  കൊച്ചു കറുമ്പന്‍ നായക്കുട്ടി.  വലുതായപ്പോള്‍ എണ്ണ  തടവിയ പോലെ മിന്നുന്ന കറുപ്പ് പുറത്തും വയറിലും മുഖത്തും ടാന്‍ കളറും  ആയി കാണുന്നവര്‍ക്ക് ഭയങ്കരനും ഞങ്ങളുടെ പ്രിയങ്കരനും ആയി മാറിയവന്‍ ബ്രൂണോ.  പുറത്തേക്കു നോക്കിയിരുന്ന തിളങ്ങുന്ന കണ്ണുകളും ഒടിഞ്ഞുവീണ  ചെവികളും മാത്രമാണ് ഞാന്‍ ആദ്യം കണ്ടത്. മക്കള്‍ക്ക്‌ സ്കൂളില്‍ അവധി കിട്ടുമ്പോഴൊക്കെ യാത്ര ഒരു ഹരമായി കണ്ടിരുന്ന ഞങ്ങള്‍ക്ക് ഇവന്‍ ഒരു ഭാരമാകുമല്ലോ എന്നാണു എനിക്ക് ആദ്യ കാഴ്ചയില്‍ തോന്നിയത്. നിലത്തു വെച്ചപ്പോൾ തറയുടെ മിനുമിനുപ്പിൽ അവന്റെ കുഞ്ഞിക്കാലുകൾ നാല് വശത്തേക്കും വഴുതി.  നില്ക്കാൻ അവൻ പെടാപ്പാട് പെടുന്നതും നോക്കി നടു വളച്ചു നിന്ന എന്റെ സുന്ദർ എന്ന പൂച്ചക്കുട്ടി ഒരു ശത്രുവേ കണ്ടത് പോലെ പുറകിലേക്ക് മാറി അവനെത്തന്നെ  നോക്കിയിരുന്നു..  

വെളുവെളെ വെളുത്ത ശരീരത്തിൽ   കടം വാങ്ങിയ പോലെ കറുത്തൊരു വാലും ഫിറ്റ്‌ ചെയ്തു ഒരു  സുന്ദരന്‍ പൂച്ചക്കുട്ടിയായിരുന്നു സുന്ദർ . എവിടെ നിന്നോ കയറി വന്നു വളരെ വേഗം എന്റെ മനസ്സിലേക്ക് കുടിയേറിയവന്.  നായപ്രേമിയായിരുന്ന എന്റെ ഭര്‍ത്താവിനു പൂച്ചകളെ ഇഷ്ടമല്ലായിരുന്നു.മുന്‍പില്‍ കാണുമ്പോള്‍ ചവിട്ടി തെറിപ്പിക്കുന്ന എന്റെ ഭര്‍ത്താവിനെ അവനു ഭയമായിരുന്നു. അദ്ദേഹത്തിന്റെ   മുന്നില്‍ വരാതിരിക്കാന്‍ സുന്ദര്‍ ശ്രദ്ധാലുവായിരുന്നു. അതിനാല്‍ എപ്പോഴും എന്നെ വിട്ടു മാറാതെ നടന്നു.  രാവിലെ 5 മണി കഴിഞ്ഞാല്‍  എന്റെ കട്ടിലിനടുത്ത്‌ വന്നു നിന്നു മ്യാവൂ മ്യാവൂ വിളിച്ചിട്ടും ഞാന്‍ ഉണര്‍ന്നില്ലെങ്കില്‍ രണ്ടു കാലില്‍ നിവര്‍ന്നു നിന്നു മുന്‍കാലുകള്‍ എന്റെ മുഖത്ത് വെച്ച് എന്റെ ചെവിയില്‍ പതുക്കെ മ്യാവൂ ശബ്ദമുണ്ടാക്കുന്നവന്‍. ഞാന്‍ ഉണര്‍ന്നാല്‍ എന്റെ കാലില്‍ മുട്ടിയുരുമ്മി അടുക്കളയിലേക്കു ആനയിച്ചു പാല് കാച്ചി തണുപ്പിച്ചു അവന്റെ പാത്രത്തില്‍ ഒഴിച്ച് കൊടുക്കുംവരെ എന്നെ വിടാതെ പിന്തുടര്‍ന്നിരുന്ന എന്റെ പ്രിയ ചങ്ങാതി. 

ബ്രൂണോയെ കൊ ണ്ട് വ ന്ന പ്പോ ള്‍ അമ്പരപ്പോടെ ഭയത്തോടെ ആ കറുത്ത ജന്തുവെ നോക്കിയ സുന്ദര്‍, പിന്നീട് ബ്രൂണോവിന്റെ ട്രെയിനെര്‍ ആയി സ്വയം  മാറിയത്  ഞങ്ങളെ ഏറെ രസിപ്പിച്ചു. അവനെ മൂത്രമൊഴിക്കാനും അപ്പിയിടാനും ശീലിപ്പിച്ചത് സുന്ദര്‍ ആയിരുന്നു. വലുതായപ്പോൾ പൂച്ചകളെ കണ്ടാല്‍ പറമ്പിന്റെ അറ്റം വരെ ഓടിച്ചു വിടുന്ന ബ്രൂണോ സുന്ദറിനെ മാത്രം സ്നേഹിച്ചു. സുന്ദര്‍ കഴിച്ചു തീരും വരെ കാത്തു നിന്നിട്ട് ബാക്കി വരുന്നത് മാത്രമാണ് ബ്രൂണോ കഴിച്ചിരുന്നത്. ഒരേ പാത്രത്തില്‍ നിന്നു പാല് കുടിച്ചും ചോറു  തിന്നും അവര്‍ ദിവസങ്ങള്‍ ഒരുമിച്ചു ചെലവിട്ടു.

സുന്ദറിനെ വിരട്ടാൻ അടുത്ത കന്യാസ്ത്രീമഠത്തിലെ ഒരു കണ്ടൻപൂച്ച ചില ദിവസങ്ങളില്‍  ഞങ്ങളുടെ വീട്ടിലെത്തുമായിരുന്നു. ഒരു രാത്രി ആ തടിയന്‍ പൂച്ച വന്നു സുന്ദറിനെ ഉപദ്രവിക്കുന്നത്  കണ്ടു.  ബ്രൂണോ പേടിച്ചു നിലവിളിച്ചത് കേട്ട്  എന്റെ ഭര്ത്താവ് ഓടിചെന്നു. കുഞ്ഞു ബ്രൂണോയുടെ   ഹൃദയം പടപടാ മിടിക്കുന്നത്‌ കേട്ട് അദ്ദേഹം അവനെ ഒരുപാട് നേരം നെഞ്ചിൽ  കിടത്തിയുറക്കി.  

സുന്ദറിനെ കെട്ടിപ്പിടിച്ചു കളിച്ചിരുന്ന ബ്രൂണോ വളര്‍ന്നപ്പോള്‍ അവന്റെ  ഭീമാകാരമായിരുന്ന ശരീരഭാരം സുന്ദറിനു താങ്ങാന്‍ കഴിയാതായി. അവന്‍ ബ്രൂണോവിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു ഒഴിഞ്ഞുമാറി തടി രക്ഷിച്ചെടുക്കാന്‍ ശ്രദ്ധിക്കുമെങ്കിലും  സുന്ദര്‍  അവന്റെ ഇഷ്ടതോഴന്‍ തന്നെയായിരുന്നു.  അവരുടെ അപൂര്‍വ സ്നേഹബന്ധം കാണുന്നവര്‍ക്കെല്ലാം ആശ്ചര്യമായിരുന്നു. 

പപ്പയെവിടെ എന്ന് ചോദിച്ചാൽ  ചിരിച്ചു കൊണ്ട് എന്റെ ഭർത്താവിന്റെ നേരെ ഓടും. ചിലപ്പോള്‍ അവന്‍ കസേരയിൽ  കയറി ഇരിക്കും.  എനിക്കു അവന്‍ കസേരകളില്‍ ഇരിക്കുന്നത് ഇഷ്ടമല്ല എന്ന് അവനറിയാം. അതാ   മമ്മി വരുന്നു എന്ന് പറഞ്ഞാൽ മതി പേടിച്ചു ഇറങ്ങി ദൂരേക്ക്‌ ഓടും. 

ബ്രെഡ്‌ചപ്പാത്തി ഇവ ബ്രൂണോവിന്റെ ദൌർബല്യമായിരുന്നു. വെറുതെ ബ്രെഡ്‌ എന്ന് പറഞ്ഞാല്‍  അവന്റെ വായിൽ വെള്ളം ഒഴുകും. ഒരു ദിവസം അവന്റെ കൊതി തീര്‍ക്കാൻ ഞാൻ ചപ്പാത്തി കൊടുത്തു കൊണ്ടെയിരുന്നു 15 എണ്ണം ആയിട്ടും അവൻ തിന്നുന്നത് നിര്‍ത്താതെ ആശയോടെ വീണ്ടും നോക്കിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ ചപ്പാത്തി ഉണ്ടാക്കി മടുത്തു  ഞാൻ നിർത്തി (ഇവൻ കഴിഞ്ഞ ജന്മം സര്‍ദാര്‍ജി ആയിരുന്നോ എന്ന് പറഞ്ഞു മക്കൾ കളിയാക്കി).

ഇപ്പോൾ കാക്കനാട് ഇൻഫോപാർക്ക്‌ നില്ക്കുന്ന സ്ഥലത്ത് ആണ് ഞാൻ ആ  കാലത്ത് നടക്കാൻ പോയിരുന്നത് .   എന്റെ കൂടെ ബ്രൂണോയും ഇറങ്ങും. അന്ന് ആ സ്ഥലം വെള്ളവും  ചെടിയും കാടും നിറഞ്ഞ സ്ഥലമായിരുന്നു.   ഇന്ഫോപാര്‍ക്കിനു വേണ്ടി  പാഴ്നിലം നികത്തുന്ന ജോലി ചെയ്യാനായി ചില തമിഴര്‍ മാത്രം അവിടെ കാണുമായിരുന്നു. ഇടക്കുണ്ടായിരുന്ന ചെറിയ റോഡില്‍ കൂടെയാണ് ഞങ്ങള്‍ നടക്കാറുണ്ടായിരുന്നത്. കൂടെ നടക്കുന്ന ബ്രൂണോയെ ചിലപ്പോള്‍ നോക്കിയാല്‍ കാണില്ല. അവന്‍ റോഡിന്റെ രണ്ടു വശത്തുമുള്ള കുറ്റിചെടികള്‍ക്കിടയില്‍ മറഞ്ഞിട്ടുണ്ടാകും. ആരെങ്കിലും എന്റെ എതിരെ വരുന്നത് കണ്ടാൽ  എവിടെ നിന്ന് എന്നറിയില്ല അവൻ ഓടിഎത്തി  എന്നെ ചേർന്ന് നടക്കും.  നോട്ടം ആ അപരിചിതന്റെ കണ്ണിൽ  തന്നെയാകും. ഭീമാകാരമായ ബ്രൂണോയെ കണ്ടു ആളുകള്‍ക്ക് പേടിയാകും പക്ഷെ  അവൻ വീട്ടില്‍ നിന്നു പുറത്തിറങ്ങിയാൽ ആരെയും ദ്രോഹിക്കില്ലായിരുന്നു.

ഞാൻ ഓഫീസ് വിട്ടു വരുന്ന നേരം ആയാൽ  റോഡിൽ എന്നെ കാത്തു നിന്ന് എന്റെ കുട വാങ്ങി കടിച്ചുപിടിച്ചു  മമ്മിയുടെ സ്ഥലം അവിടെയാ എന്ന് ഉറപ്പിക്കാനെന്ന പോലെ നേരെ അടുക്കളയിൽ  കൊണ്ട് വെക്കും. എന്റെ ഭര്‍ത്താവ് ഓഫീസില്‍ നിന്നു വരുന്നത് അവനറിയാം. ദൂരെ നിന്നു തന്നെ അദ്ദേഹത്തിന്റെ   വണ്ടിയുടെ ശബ്ദം അവന്‍ തിരിച്ചറിയും. ചെവികള്‍ ഉയര്‍ത്തി ജാഗരൂകനായി നില്‍ക്കുന്ന ബ്രൂണോയെ കണ്ടാലറിയാം അദ്ദേഹം വരുന്നുണ്ടെന്നു.

അത്തം കഴിഞ്ഞാല്‍ ഞങ്ങള്‍  പൂക്കള്‍ പറിക്കാന്‍ പോകുന്നതും പൂക്കളമൊരുക്കുന്നതും ഒക്കെ നോക്കി അവന്‍ കൂടെ നടക്കും. പൂക്കളത്തിന്റെ അരികില്‍ പോകുകയോ അത് ചാടി കടക്കുകയോ ഒരിക്കലും ചെയ്തിരുന്നില്ല.

എന്റെ മകന്റെ കൂടെ ഫുട്ബാൾ കളിക്കാൻ ബ്രൂണോയ്ക്ക് വളരെ ഇഷ്ടമായിരുന്നു. അതിനായി എന്റെ ഭർത്താവ്  ഒരു വലിയ ഫുട്ബാൾ വാങ്ങി കൊണ്ട് വന്നിരുന്നു.

വിഷുവിനു പടക്കം പൊട്ടിക്കാന്‍ ഞങ്ങള്‍ കുട്ടികളെയും കൂട്ടി ടെറസ്സിന്റെ മുകളിലേക്ക് പോകുമ്പോള്‍  ബ്രൂണോവും കൂടെ  ഓടി വരും. പടക്കവും പൂത്തിരിയും ഒക്കെ  കാണാൻ അവനു  എന്ത് സന്തോഷമായിരുന്നുവെന്നോ! അവനൊരു മധുര പ്രിയനായിരുന്നു. പായസം കുടിക്കാനും ലഡ്ഡുവും ജിലേബിയും തിന്നാനും വളരെ ഇഷ്ടമായിരുന്നു.

എന്റെ മകളുടെ കല്യാണം കഴിഞ്ഞു ഞങ്ങൾ മൂന്നാഴ്ചയോളം ചെന്നൈയിലും കൊല്‍ക്കത്തയിലും അഗർത്തലയിലും ഒക്കെ ആയിരുന്നു. ബ്രൂണോക്ക്  ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും  ആളെ ഏർപ്പാടാക്കിയിരുന്നു. പക്ഷെ   തിരിച്ചു വന്നപ്പോൾ ഒരു കുട്ടി പിണങ്ങിയ പോലെ അവൻ എനിക്ക് മുഖം തരാതെ എന്നോട് മിണ്ടാതെ മാറിയിരുന്നു. (മറ്റാരോടും പിണക്കം കാണിച്ചുമില്ല)

അവനെ ഞങ്ങള്‍ ഒരിക്കലും കൂട്ടില്‍ അടച്ചിരുന്നില്ല. ചങ്ങലക്കിടുന്നതും അവനു തീരെ ഇഷ്ടമില്ലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും അവന്‍ മതില് ചാടി പുറത്തു പോയി കുറെ കഴിഞ്ഞു തിരിച്ചു വരും.  കാക്കനാട് പാമ്പുകള്‍ ഒരുപാടുണ്ടായിരുന്നു. ആ കാലത്ത് ഫ്ലാറ്റ് പണിയാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. സമീപ പുരയിടങ്ങളൊക്കെ ജെ സീ ബീ വന്നു കിളച്ചു മറിച്ചു കൊണ്ടിരുന്നത്, പാമ്പുകള്‍ക്ക് വാസസ്ഥലം വിട്ടു അവശേഷിച്ച സ്ഥലങ്ങളിലേക്ക് കുടിയേറാന്‍ അവസരമുണ്ടാക്കി. പാമ്പുകളെ എവിടെ കണ്ടാലും അവൻ  കടിച്ചു കുടഞ്ഞു കൊല്ലുമായിരുന്നു. ഒരുനാൾ അവൻ പതിവുപോലെ വീട്ടിൽ  നിന്നിറങ്ങി എങ്ങോട്ടോ പോയി. അപ്പിയിടാനാവും എന്ന് കരുതി. പക്ഷെ അന്ന് തിരിച്ചു വന്നില്ല . അടുത്ത ദിവസം അയലത്തെ  ഒരു സ്ത്രീ വന്നു ചോദിച്ചു, "ബ്രൂണോ ഇവിടെ ഇല്ലേ?'' അവിടെ ഫ്ലാറ്റ് പണിയുന്ന സ്ഥലത്ത് ബ്രൂണോയെപ്പോലെ ഒരു നായ ചത്തു കിടക്കുന്നു എന്ന്. എന്റെ ഭര്‍ത്താവ് ചെന്ന് നോക്കുമ്പോൾ അത് ബ്രൂണോ തന്നെയായിരുന്നു; അടുത്ത് തന്നെ ഒരു അണലിയും ചത്തു കിടന്നിരുന്നു. ബ്രൂണോയുടെ നവദ്വാരങ്ങളിലും രക്തം നീലിച്ചു കിടന്നിരുന്നുവത്രേ.  ഞാന്‍ കാണാന്‍ പോയില്ല. എനിക്ക് അവന്റെ ജീവനില്ലാത്ത രൂപം കാണാന്‍ ശക്തിയില്ലായിരുന്നു. എന്നെ നോക്കി ചിരിക്കുന്ന, എന്നോട് കലഹിക്കുന്ന, എന്നെ സ്നേഹത്തോടെ ഉമ്മ വെക്കുന്ന എന്റെ ഇളയ മകന്‍ തന്നെയായിരുന്നവനെ ഞാന്‍ എങ്ങനെ ആ നിലയില്‍ കാണും. 

വീട്ടില്‍ അന്ന് ജോലിക്ക് നിന്നിരുന്ന പയ്യന്‍ ബ്രൂണോ  കിടന്ന സ്ഥലത്ത് തന്നെ അവനെ കുഴിയെടുത്തു മൂടി. അവനന്നു കിടന്ന സ്ഥലത്ത് ഇന്ന് നാഗാര്‍ജുനക്കാരുടെ ഫ്ലാറ്റ് ഉയര്‍ന്നു നില്ക്കുന്നു..

പിന്നീട് വീട്ടില്‍  വളര്‍ത്തിയ മൂന്നു അൽസേഷ്യന്മാരെയൊന്നും എനിക്ക് ഇഷ്ടപ്പെടാനേ കഴിഞ്ഞിട്ടില്ല. അവൻ, ആ സങ്കരസന്തതി, അത്രമേൽ  എന്റെ മനസ്സിൽ  ജീവിക്കുന്നു, ഇപ്പോഴും!

Saturday, 30 November 2013

അസ്തമയം

   അസ്തമയം
 
  
                   
എന്റെ മോൾ കരയുന്നോ .അതെ എന്റെ പൊന്നുമോളുടെ ശബ്ദമാണല്ലോ ഞാൻ കേൾക്കുന്നത് ..വെറും തേങ്ങലിന്റെ  ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല  അവൾ എവിടെയാഉള്ളത്?
മോള് കരഞ്ഞു കൊണ്ടേയിരിക്കുന്നു..പതിയെ ഒരു മഞ്ഞുമറ  നീങ്ങിയത് പോലെ.. എനിക്ക് ഇപ്പോൾ എല്ലാം കാണാം. കുഞ്ഞു  തല കുമ്പിട്ടു ഇരിക്കുന്നു. അവളുടെ ചുണ്ട് അനങ്ങുന്നതേയില്ല .പക്ഷെ അവൾ  ഉള്ളാലെ  എന്തൊക്കെയോ  പറയുന്നത് എനിക്ക് ഇപ്പോഴും കേൾക്കാം  . ദാ  ഇപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു... 
 
"ഞാൻ പഠിച്ചു ജോലി നേടണം എന്ന് പറഞ്ഞില്ലേ.  അച്ഛൻ ഇല്ലാത്തത് എന്നെ അറിയിക്കാതെയല്ലേ അമ്മ എന്നെ വളര്ത്തിയത്. ഇനി എനിക്കാരുണ്ട് അമ്മെ. ഞാൻ ആരോടാ  എന്റെ സങ്കടങ്ങൾ പറയുക? എനിക്ക് ഒരു സന്തോഷം തോന്നിയാൽ കൂടെ ആനന്ദിക്കാൻ ആരുണ്ട്‌ ഇനീ"
 
എല്ലാം ഞാൻ കേൾക്കുന്നുണ്ട്.അവളുടെ മനോവ്യാപാരങ്ങൾ .... അവൾ കരയാതെ ചിരിക്കാതെ ഒരു കൽ പ്രതിമ പോലെ ഇരിക്കുകയാണ്. ചുണ്ട് കൂട്ടിക്കടിച്ചു പിടിച്ചിരിക്കുന്നു . 
അവളെ ഒന്ന് സമാധാനിപ്പിക്കാൻ എനിക്കാവുന്നില്ലല്ലോ.  കൈനീട്ടി അവളുടെ തലയിലൊന്ന് തൊടാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.
എന്റെ മോളെ  ആശ്വസിപ്പിക്കാൻ  ആരും ശ്രദ്ധിക്കുന്നുമില്ല.
 
ആങ്ങ്ഹ  എന്റെ മോനുമുണ്ടല്ലോ.!  അവൻ ഓരോരുത്തരോടു സംസാരിക്കുന്നു. മുഖത്ത് ശോകഭാവമുണ്ടോ ? അവന്റെ ഭാര്യ എവിടെ? അവളുടെ വീര്‍ത്ത വയറിൽ ഒരു പൊന്നുമോൻ തന്നെയാകും. വീട്ടില്‍ ഒരു കുഞ്ഞിക്കാലു  കാണാൻ ഞാൻ എത്ര കൊതിച്ചതാണ് .
കുടുംബത്തിലെ എല്ലാരും എത്ത്തിയിട്ടുണ്ടല്ലോ ....
 
ചിലര് താഴ്ന്ന സ്വരത്തിൽ വീട്ടു വിശേഷം പങ്കു വെക്കുന്നു.  ചിലർ  മുറ്റത്തു ഒരരുകിൽ നിന്ന് കട്ടൻ കാപ്പി കുടിക്കുന്നു.
 
"അസുഖം കൂടിയത്  ഞാൻ അറിഞ്ഞില്ല . എളെമ്മ ഇത്ര വേഗം പോകുമെന്നു സ്വപ്നത്തിൽ വിചാരിച്ചില്ല."
മാഹിയിലെ ചേച്ചിയുടെ മകളാണ് ..ഇവരൊക്കെ ഇവിടെ  ഉണ്ടായിരുന്നോ.
"സതീ എപ്പോൾ എത്തി?" എന്റെ ചോദ്യം അവൾ കേട്ട ഭാവമില്ല.
 
"ഞാനും ഇന്ന് പുലർ ച്ചേയാണ് വിവരമറിഞ്ഞത് . കേട്ട ഉടനെ പുറപ്പെട്ടതാ"
അത് എന്റെ ഏട്ടന്റെ മകനാണല്ലോ.. അവൻ  തലശ്ശേരി നിന്ന് എപ്പോഴെത്തി?
അവരുടെ അടുത്തേക്ക് ചെന്നിട്ടും  അവർ എന്നെ നോക്കുന്നു പോലുമില്ല.. 
 
ഇതെന്താ എല്ലാര്ക്കും പറ്റിയത്..
അയൽക്കാരിൽ ചിലര് ഒരു   ഭാഗത്ത്‌ മാറി നിന്ന് കുശുകുശുക്കുന്നു.  ചിലര് എന്നെപ്പറ്റി യാണല്ലോ   സംസാരിക്കുന്നത് 
"പാവം ചേച്ചി ഈ തറവാട്ടിലെ വിളക്കായിരുന്നു.  പിള്ളേർവിശന്നു കരയുന്നു  വീട്ടില്‍ ഒന്നുമില്ല അവര്‍ക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞാല്‍  "ഇവിടെ  പ്ലാവിൽ ചക്കയുണ്ടല്ലോ ജാനകി ... ഇട്ടു എടുത്തോണ്ട് പോയി പിള്ളേർക്ക് പുഴുങ്ങി കൊടുക്ക്‌ എന്ന് പറയും. എന്ത് ആവശ്യത്തിനു വന്നാലും   കയ്യിലുള്ളത് എപ്പോഴും എടുത്തു തരുമായിരുന്നു"
ഒരുത്തി മൂക്ക് പിഴിയുന്നു .
.  
"ആഹാരം കഴിക്കാൻ ഇരിക്കുന്ന നേരത്ത് വന്നാല്‍   പോലും എഴുനേറ്റു  കൈ കഴുകി മുന്‍പില്‍ ഇരിക്കുന്ന  ഭക്ഷണം ഒരു മടിയുമില്ലാതെ വന്ന ആള്ക്ക് എടുത്തു കൊടുക്കും. പണമായാലും തുണിയായാലും ഉള്ളത് എല്ലാര്ക്കും കൊടുക്കാൻ സന്തോഷമേയുള്ളൂ ആയമ്മക്ക്‌.." .അത്  വടക്കേലെ ചിരുതയാണ്.
 
കഴിക്കാൻ വേറെ ഉണ്ടാവില്ല പെണ്ണുങ്ങളെ അതോണ്ടല്ലേ എന്റെ ഓഹരി തന്നെ എടുത്തു തരുന്നത്..പണ്ടത്തെ പോലെയല്ല കൂട്ടരേ ഇപ്പൊ ഈ തറവാട്ടിലെ സ്ഥിതി. ഇവിടുത്തെ വിഷമം നിങ്ങളോട് പറയുന്നത് നന്നോ? കാടിയാനേലും  മൂടിക്കുടിക്കണ്ടേ?. "
എല്ലാവരുടെയും അടുത്ത് ഓളത്തിലെന്നപോലെ  ഒഴുകി  ചെന്നെത്താൻ കഴിയുന്നു . പക്ഷെ ആരും എന്നെ കാണുന്നില്ലേ...ഇതെന്തു പറ്റി ..?
എന്നെ തീരെ ഗൗനിക്കാതെ എന്നെക്കുറിച്ച് പുകഴ്ത്തുന്നു .ഇവര്ക്കൊക്കെ എന്താ പറ്റിയത്..
 
എല്ലാരും വര്‍ത്തമാനം തന്നെ .എന്റെ ഈ പാവം കുഞ്ഞിനു ആരും ഒരു തുള്ളി വെള്ളം കൊടുക്കുന്നില്ലല്ലോ.  ...
അച്ഛൻ പോയതറിയിക്കാതെ ഞാൻ പാടുപെട്ടു വളര്ത്തിയ എന്റെ മോൾ. ഞാൻ ഇല്ലാത്ത കാലം അതിന്റെ ഗതി ഇതൊക്കെ തന്നെ.
നേരെ അടുക്കളയിൽ  കടന്നു.... ങേ  ഇതെന്താ ഇത് വരെ തീ പിടിപ്പിചിട്ടില്ലേ. എന്താ കഥ...പിന്നെ ഈ മനുഷ്യർ ചിലരൊക്കെ ചായ കുടിക്കുന്നതോ.  .
ചായ തിളപ്പിക്കുന്ന പാത്രം എടുക്കാൻ ശ്രമിച്ചു .കയ്യിൽ കിട്ടുന്നില്ല ഇതെന്തു പറ്റി .
ഇവിടെ നിന്നിട്ട് ഇനി  എന്ത് കാര്യം...എന്റെ മോളുടെ അടുത്തേക്ക് തന്നെ ചെന്ന് നോക്കാം.
 
"എന്റെ അമ്മ ഒരുങ്ങി പോകുന്നല്ലോ. എന്നെ കൂട്ടാതെ ഒരിടത്തും അമ്മ പോകാറില്ലല്ലോ. എന്താണമ്മേ എന്നെ കൂടെ കൊണ്ട് പോകാത്തത്? ഞാനും വരുന്നമ്മേ..."
മോൾ ഇത്തവണ കാറിക്കരയുകയാണല്ലോ .

ഇപ്പോഴാണ് ഒരു രൂപം എന്റെ  കണ്ണിൽ  പെട്ടത്''   വെള്ള പുതച്ച ഒരു ശരീരം കിടത്തിയിരിക്കുന്നു. അതിന്റെ മുഖത്തേക്കാണ്  അവൾ സൂക്ഷിച്ചു നോക്കുന്നത്... 
അതിശയം തന്നെ. അത് ഞാൻ തന്നെയല്ലേ  വെള്ള സാരിയും ബൗസും അണിഞ്ഞു നെറ്റിയിൽ  ചന്ദനവും ഭസ്മവും തൊട്ടു കണ്ണ് പൂട്ടിയുറങ്ങുന്നു . അതെ ഞാൻ തന്നെ.
 
അപ്പോൾ ഈ നില്ക്കുന്നതോ? ഞാനല്ലേ  ഇവിടെ നില്ക്കുന്നത്.
കണ്ണും പൂട്ടി കിടക്കുന്ന  എന്റെ മുഖത്തും  ചുണ്ടിലും ഒക്കെയായി അരി മണികളും തുളസിയിലകളും വെള്ളവും വന്നു വീഴുന്നു. തറ്റുടുത്ത ഒരാള്  പൂജകൾ ചെയ്യുന്നു .തലയ്ക്കൽ  നാക്കിലയിൽ പൂവും അരി,എള്ള് കറുക ഒക്കെ  ചിതറിക്കിടക്കുന്നു. നിലവിളക്ക് ജ്വലിക്കുന്നുണ്ട്  .എന്റെ മോനാണ്  ഈറനുടുത്തു ഒരു കാൽ മുട്ട് കുത്തി യിരിക്കുന്നത് .

എന്റെ ശരീരം മോനും മറ്റു  ചിലരും  ചേർന്ന് എടുത്തു കൊണ്ട് പോകുന്നു. മോൾ വിട്ടുകൊടുക്കാതെ കെട്ടിപ്പിടിച്ചു കരയുകയാണ്. ആൾക്കാർ അവളെ പിടിച്ചു മാറ്റുന്നു. 
 മോളെ ഇവിടെതനിച്ചാക്കിയിട്ടു ഞാൻ എങ്ങനെ അകലേക്ക്‌ പോകും...പക്ഷെ എനിക്ക് പോകാതിരിക്കാൻ കഴിയുന്നില്ലല്ലോ.. എന്തോ ഒരു ശക്തി അങ്ങോട്ട്‌ പിടിച്ചു വലിക്കുന്നപോലെ...
 
പതിനെട്ടു വയസ്സുള്ളപ്പോൾ അദ്ദെഹത്തിന്റെ കൂടെ വധുവായി വന്നു കയറിയ ഈ പടിപ്പുരവിട്ടു ഞാൻ ഇറങ്ങുകയാണ്.  അദ്ദേഹം ഇതുപോലെ ഒരുനാൾ പടിയിറങ്ങിയത്  കണ്ണീ രണിഞ്ഞു  കണ്ടു നിന്നതാണ് ഞാനും
 
അന്ന് എന്റെ കൈകളിൽ  എന്റെ മോളുടെ കുഞ്ഞുകൈ ഉണ്ടായിരുന്നു .അവളെ വളര്‍ത്തണം  വലുതാക്കണം  അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ എല്ലാം സഫലമാക്കണം.  ആ ഒരു നൂലിൽ പിടിച്ചാണ്  പിന്നീട് ജീവിച്ചത്.. 
 
മകൻ ജനിചതും വളര്‍ന്നതും  സമ്പത്തിന്റെ നിറവില്‍ ആയിരുന്നു.. പ്രഭുകുമാരനെ പോലെ 
വളര്‍ത്തിയ അവൻ വലുതായി  വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒട്ടും  പ്രതീക്ഷിക്കാതെ വയറ്റിൽ ഊറിക്കൂടിയ മോൾ, അച്ഛന്റെ ലാളന  അനുഭവിക്കാൻ അവൾക്കു കഴിഞ്ഞില്ല.
അച്ഛന്റെ മരണ ശേഷം അദ്ധേഹത്തിന്റെ മരുമകൻ തറവാട്ടിന്റെ കാരണവർ ആയപ്പോൾ അത് വരെ അനുഭവിച്ചതൊക്കെ പെട്ടെന്ന് നഷ്ടപ്പടുകയായിരുന്നു. 
 
സമ്പത്ത് ഇല്ലാതെയായി.. പറക്ക മുറ്റിയ മകൻ അകലേക്ക്‌ അന്നം തേടി പോയി.
എങ്കിലും  ജീവിച്ചേ മതിയാകൂ. ഈ പോന്നു മോൾക്ക്‌ വേണ്ടി...  അദ്ദേഹമൊത്ത് കഴിഞ്ഞ ഓർമ്മകൾ എനിക്ക് ജീവിക്കാനുള്ള കരുത്തു പകർന്നു .
 
എത്ര പൂമണം നിറഞ്ഞ ഓണക്കാലം . 
എത്ര പൂത്തിരികൾ സന്തോഷം പകര്‍ന്ന  വിഷുക്കാലം 
എത്ര മാമ്പഴം മണക്കുന്ന വേനല്ക്കാലം..
എത്ര പുത്തരി ഉണ്ട കൊയ്ത്തുകാലം.
എത്ര തുടിച്ചു  കുളിച്ച കുളിരുന്ന തിരുവാതിരകൾ..
എത്ര മഴവെള്ളമൊലിച്ചു പോയി ഈ കാലത്തിനിടക്ക് ...
 
സമൃദ്ധമായ ആ ജീവിതം ഓർമ്മയായ ശേഷം അകലെ ഭാര്യയോടൊത്ത് ജീവിക്കുന്ന മകന്റെ ശമ്പളത്തിൽ ഒതുങ്ങേണ്ടി വന്ന എന്റെയും മോളുടെയും അർദ്ധ പട്ടിണിയുടെ വറവ് കാലവും
 
എന്തൊക്കെ കണ്ടു ഈ ജീവിതത്തിനിടക്ക്   
 ഇനി  ഞാനുംകൂടെ  ഇല്ലാതെ എങ്ങനെയാവും എന്റെ മോളുടെ ജീവിതം...
അവളെ  ഈ വലിയ വീട്ടിൽ  തനിച്ചാക്കി എങ്ങനെ പോകും ഞാന്‍?
 മോൾ കുഴഞ്ഞു വീഴുന്നു .ഹയ്യോ ഒരു നിമിഷം പുറകോട്ടു കുതിച്ചു പോയി .
 
ഇല്ല എനിക്ക് ഇനി പിന്തിരിയാൻ കഴിയില്ല..ഈ ശരീരത്തിന്റെ കൂടെ പോയെ പറ്റു
വിറകിൻ കൂമ്പാരത്തിനു മേൽ  കിടക്കുന്ന എന്റെ ശരീരത്തിനു ചുറ്റും നിറകുടവുമായി പ്രദക്ഷിണം വെക്കുന്ന മകൻ.... .ഒടുവിൽ  ആ കുടം നിലത്തു വീണു തകർന്നപ്പോൾ .. എന്റെ എല്ലാ ഓര്മകളും മായുന്നു. 
മുന്നില്‍ ശൂന്യത മാത്രം..


(ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)

Saturday, 9 November 2013

ഞാന്‍ എന്താ ഇങ്ങനെ?

          ഇന്നലെ എന്നോട് എന്റെ മോള്‍ ,കൊച്ചിയിലെ ഞങ്ങളുടെ വീടിന്റെ തൊട്ടു അയലത്ത്  താമസിക്കുന്ന വീട്ടുകാരെക്കുറിച്ചു എന്തോ  കാര്യം പറയുന്നകൂട്ടത്തില്‍ പറഞ്ഞു. . ആ വീട്ടുകാര്‍ സ്വന്തം വീട് വെക്കുന്നത് വരെ, ഞങ്ങളുടെ അടുത്തുതന്നേയുള്ള മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു എന്ന് .
എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു കാര്യം എനിക്ക് ഓര്‍മ വരുന്നില്ല.
ഒടുവില്‍ ദുഷ്യന്തനോടു  ശകുന്തള മോതിരത്തിന്റെ കാര്യം പറഞ്ഞ പോലെ
അവള്‍ ചോദിച്ചു;,
"ഞാന്‍ പാട്ട് പഠിച്ചത് മമ്മിക്കു ഓര്‍മ്മയുണ്ടോ?"
"അതോര്‍മയുണ്ട് .നല്ല ഓര്‍മയുണ്ട്." എന്ന് ഞാന്‍.
"എങ്കില്‍ ഓര്‍ത്തു നോക്ക്.ഞാനും സംഗീതയും ഒരുമിച്ചു ചിലപ്പോള്‍ നമ്മുടെ വീട്ടിലും മറ്റു ചിലപ്പോള്‍  ആ വീട്ടിലും  ഇരുന്നാണ് പാട്ട് പഠിച്ചത്."

"ശരിയാണ് ഇപ്പോള്‍ ഒരു മങ്ങിയ ഓര്മ വരുന്നു. സംഗീതയുടെ ആ വീട്ടില്‍ ഇരുന്നും ചിലപ്പോള്‍ ഭാഗവതര്‍ വന്നു പാട്ട് പഠിപ്പിച്ചിരുന്നു.

അവര്‍ ആ കാലത്ത് ,വല്ലപ്പോഴും ഒരു ബസ്‌ മാത്രം  വന്നിരുന്ന ഞങ്ങളുടെ രണ്ടു വീടുകളുടെയും ഇടയില്‍ ഉണ്ടായിരുന്ന ആ റോഡില്‍ ഓടിക്കളിച്ചിരുന്നു.
(മോളുടെ വലിയ കൂട്ടുകാരിയായിരുന്ന സംഗീത എന്ന ആ സുന്ദരിക്കുട്ടി  മരിച്ചിട്ട് ഇരുപതു കൊല്ലം ആയെന്നു ഇപ്പോഴാണ് ഓര്മ വരുന്നത്.)
(ഇന്ന് ആ റോഡില്‍ ഇന്‍ഫോ പാര്‍ക്കിലേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്കാണ്.)
                                           ****

ഇന്ന് രാവിലെ അടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍  ഒരു താക്കോല്‍ കൊണ്ട് തന്നു. ഞാന്‍ അത് വാങ്ങി കീ സൂക്ഷിക്കുന്ന സ്ഥലത്ത് വച്ചു.
എന്റെ മോള്‍ എന്നോട് ചോദിച്ചു "ആരായിരുന്നു മമ്മീ  വിളിച്ചത്? "
":അത് കാര്‍ത്തിക് ആണ് "എന്ന എന്റെ മറുപടി അവള്‍ ആശ്ചര്യത്തോടെയാണ് കേട്ടത്.
"കാര്‍ത്തിക്കും രേഖയും ബോംബയ്ക്ക് പോയി എന്നല്ലേ വിചാരിച്ചത്. ഇത്ര നാളും കാര്‍ത്തിക് ഇവിടെ ഉണ്ടായിരുന്നോ? "
രേഖയും കാര്‍ത്തിക്കും തൊട്ടു മുന്നിലെ വീട്ടിലാണ് താമസിക്കുന്നത്. രേഖ ബോംബയിലേക്ക് ജോലി  മാറ്റമായി പോയിട്ട് കുറെ നാള്‍ കഴിഞ്ഞു. കാര്‍ത്തിക് വീട്ടു സാമാനങ്ങള്‍ ഒക്കെ പായ്ക് ചെയ്തു അയക്കുകയും  വീട്ടിലെ എ സീ അഴിചെടുക്കുകയും  ഒക്കെ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു.
എന്തെങ്കിലും കാര്യത്തിനു പോകുമ്പോള്‍ വീടിന്റെ താക്കോല്‍ തന്നതായിരിക്കും എന്ന് ഞാന്‍ കരുതി.പക്ഷെ രേഖ അവിടെ ഇല്ലാത്ത സാഹചര്യത്തില്‍ താക്കോല്‍ കാര്‍ത്തിക്കിന് തന്നെ കയ്യില്‍ വച്ചു കൂടെ. എന്തിനു നമ്മുടെ കയ്യില്‍ തന്നു എന്നൊക്കെ ഞാന്‍ ആലോചിച്ചു.

കുറെ നേരം കഴിഞ്ഞു  ഡോര്‍ ബെല്‍ മുഴങ്ങിയപ്പോള്‍ വീഡിയോവില്‍ കണ്ടത് മൂന്നാമത്തെ വീട്ടിലെ അനിതയുടെ മുഖമാണ്.
"അതാ അനിത വിളിക്കുന്നു.ഒന്ന് ചെന്ന് വാതില്‍ തുറന്നുകൊടുക്കൂ " എന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു.
ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അനിത അവരുടെ  വീടിന്റെ താക്കോല്‍ വാങ്ങാനാണ് വന്നത് എന്ന് പറഞ്ഞു.
ഞാന്‍ അവിടെ മുഴുവനും തിരഞ്ഞിട്ടും കാര്‍ത്തിക് തന്ന താക്കോല്‍ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. ഒടുവില്‍ എന്റെ ഭര്‍ത്താവ് വന്നു നോക്കിയിട്ട് നേരത്തെ ഞാന്‍ വാങ്ങി വെച്ച താക്കോല്‍ എടുത്തു അനിതയെ കാണിച്ചു.
"അത് തന്നെയാണ്  താക്കോല്‍ .ഇത്തിരി മുന്പ് ഋതീഷിന്റെ അച്ഛന്‍ ഇവിടെ തരാന്ന് പറഞ്ഞിരുന്നു."എന്ന് അനിത പറഞ്ഞു.ആ താക്കോലും വാങ്ങി അനിത പോയി..
എന്റെ ഭര്‍ത്താവും മോളും എന്നെ തുറിച്ചു നോക്കി..

"അപ്പോള്‍ കാര്‍ത്തിക് അല്ല അനിതേടെ ഭര്‍ത്താവാണ്  മമ്മിയെ താക്കോല്‍  ഏല്‍പ്പിച്ചത് അല്ലെ.?"എന്ന് മോളും.

" വല്ലപ്പോഴും മാത്രം കാണുന്നത് കൊണ്ട്  നിനക്ക് അനിതേടെ ഭര്‍ത്താവിനെ അറിയില്ലാന്നു  വെക്കാം പക്ഷെ കാര്‍ത്തിക്കിനെ അറിയാമല്ലോ. എപ്പോഴും കാണുന്നതല്ലേ.?"
എന്ന് അദ്ദേഹവും  ചോദ്യം ചെയ്യല്‍  തുടങ്ങി.

                                            
"എനിക്ക് പേടിയാകുന്നു മമ്മിക്കു എന്താ പറ്റിയത്? "മോളുടെ ശബ്ദത്തിലും ഭാവത്തിലും  വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു.
ഞാന്‍ ചമ്മല്‍ മറച്ചു വച്ചു ദേഷ്യപ്പെട്ടു."എന്തിനാ നീ പേടിക്കുന്നത്?എനിക്ക് ഭ്രാന്തൊന്നുമില്ല ഞാന്‍ ആക്രമിക്കുകയൊന്നുമില്ല."
                                      *****

അവള്‍ പറയുന്നത് ശരിയാണ്.
 ചിലകാര്യങ്ങള്‍  ഒരു തരിമ്പു പോലും എന്റെ ഓര്‍മയില്‍ വരുന്നില്ല. എന്നാല്‍ എന്റെ അമ്മയോടൊപ്പം ചിലവിട്ട ആ ബാല്യകാലം നല്ല ഓര്‍മയുണ്ട് താനും.

 എനിക്കും ഇപ്പോള്‍  ഭയമാകുന്നു.വല്ല അമ്നെഷ്യയൊ മറ്റോ പിടിപെടുകയാണോ ദൈവമേ.
അല്ലെങ്കില്‍ ഞാന്‍  എന്താ ഇങ്ങനെ..?

Wednesday, 6 November 2013

ഞാനും എന്റെ കൊച്ചു മോനുംഇന്ന് കുഞ്ഞു നീല്‍ മേശപ്പുറത്തു കിടന്ന ഒരു എന്‍വലപ് എടുത്തിട്ട് എന്നോട് ചോദിച്ചു

            "ഇത് എന്താ അമ്മമ്മ?
ഞാന്‍:  അത് ഒരു കല്യാണത്തിന് പങ്കെടുക്കാനുള്ള ക്ഷണം ആണ്
നീല്‍:    കല്യാണം എന്ന് പറഞ്ഞാല്‍ എന്താ?
ഞാന്‍:   മാമശ്രീയുടെ കല്യാണത്തിന് പോയത് ഓര്‍മയില്ലേ?
നീല്‍:     ആ. കുതിരപ്പുറത്തുവാളൊക്കെപിടിച്ചു മാമശ്രീവന്നു. പല്ലക്കില്‍  ഇരുന്ന               ദീപ്തി മാമിയെ ആളുകള്‍ എടുത്തു കൊണ്ടുവന്നു. എന്നിട്ട് ദീപ്ടിമാമിയെ
             മാമശ്രീ മാലയിട്ടതും ഓര്‍മയുണ്ട്   .
ഞാന്‍:   ആ  അതുതന്നെ. അന്ന് മാമാശ്രീയുടെ കല്യാണമായിരുന്നു.
നീല്‍ :   അന്ന് കുതിരപ്പുറത്ത്‌ ഞാനും വേദും കൂടി കയറിയില്ലേ?
ഞാന്‍:   ഉം.മരുമക്കള്‍ കൂടെ ഇരിക്കണം അതാ നിങ്ങള്‍ കൂടെ ഇരുന്നത് .
നീല്‍:     എന്റെ കല്യാണത്തിന് ആരാ എന്റെ കൂടെ കുതിരപ്പുറത്തുണ്ടാവുക?
   .
ഞാന്‍ എന്ത് പറയും? നീലിനും വേദിനും മരുമക്കള്‍ ഇല്ല.ഞങ്ങളുടെ കുടുംബത്തില്‍ ഇവര്‍ക്ക് സഹോദരിമാര്‍ ഒരു വീട്ടിലും ഇല്ല.ഒക്കെ ആണ്‍കുട്ടികളാണ്‌ പിന്നെ എങ്ങനെ മരുമക്കള്‍ ഉണ്ടാവും? നീലിന്റെ പിതൃ സഹോദരീപുത്രിയായി ഒരു പെണ്‍കുട്ടിയുണ്ട്.അന്വേഷ .നീലിന്റെ ദീദിയാ


ഞാന്‍ :  ദീദിയാക്ക്  മക്കള്‍ ഉണ്ടായാല്‍ അവര്‍ ഇരിക്കും നിങ്ങളുടെ കൂടെ.
നീല്‍:    എന്നാണു അമ്മമ്മ എന്റെ കല്യാണം?
ഞാന്‍:   വേദും നീയും വലുതാവട്ടെ. കുറഞ്ഞത്‌ ട്വന്റി years കഴിഞ്ഞാലേപറ്റുള്ളൂ..
നീല്‍:    ഓ.ട്വന്റി years .ഞാന്‍ അമ്മമ്മയെ കല്യാണം കഴിക്കും.
ഞാന്‍:   അമ്മമ്മയെ മുത്തശ്ശന്‍ കല്യാണം കഴിച്ചതല്ലേ.
നീല്‍:    എന്നാല്‍ മമ്മയെ കല്യാണം കഴിക്കാം അല്ലെ?
ഞാന്‍:  മമ്മയെ റിഷി കല്യാണം കഴിച്ചില്ലേ?നി ഒരു ചെറിയ പെണ്‍കുട്ടിയെയാണ്
            കല്യാണം കഴിക്കേണ്ടത്‌

നീല്‍:   (ആലോചിച്ചിട്ട്.) എങ്കില്‍ വേദിനെ കല്യാണം കഴിക്കാം അല്ലെ.?
ഞാന്‍:   പറ്റില്ല. ഒരു ചെറിയ പെണ്‍കുട്ടിവാവ എവിടെയോ ജനിചിട്ടുണ്ടാകും.
             സമയമാകുമ്പോള്‍ നമുക്ക് കണ്ടുപിടിക്കാം ട്ടൊ.
നീല്‍:    അമ്മമ്മ കാണിച്ചു  തന്നാല്‍ മതി.
ഞാന്‍ :  അന്ന് അമ്മമ്മ ഉണ്ടാകില്ല മോനെ.
നീല്‍:    അതെന്താ അമ്മമ്മ എവിടെ പോകും?
ഞാന്‍:  അപ്പോഴേക്കും അമ്മമ്മ മരിച്ചു പോകില്ലേ?
നീല്‍:   അമ്മമ്മയുടെ കൂടെ ഞാനും വരട്ടെ?എന്നേം കൊണ്ട് പോവ്വോ ?
ഞാന്‍:   അയ്യോ ഇല്ല. അമ്മമ്മ ഇങ്ങനെ വെള്ളയൊക്കെ പുതച്ചു കിടക്കും
            
നീല്‍.     എന്നിട്ട് തീയില്‍ വെക്കും അല്ലെ?
ഞാന്‍:  അത് നീയെങ്ങനെ അറിഞ്ഞു?
നീല്‍:    നാളെ ടീവി യില്‍ കണ്ടില്ലേ?
ഞാന്‍:   ഓ.നാളെ എന്നല്ല ഇന്നലെ. സിനിമയില്‍ കണ്ടതു അല്ലെ?
നീല്‍:    (സങ്കടത്തോടെ)ഞാന്‍ സമ്മതിക്കില്ല.അമ്മമ്മയ്ക്ക് പൊള്ളില്ലേ?
ഞാന്‍:   പോട്ടെ.പോട്ടെ. അമ്മമ്മ മരിക്കില്ല ട്ടൊ.മോന്‍ കരയേണ്ട.

അപ്പോഴാണ്‌   വേദിനു എന്റെ കൂട്ടുകാര്‍ അയക്കുന്ന പിറന്നാള്‍ ആശംസകള്‍ ലാപ്ടോപില്‍ അവന്‍ കണ്ടത്.

നീല്‍:  ഇതൊക്കെ എന്താ അമ്മമ്മ?
ഞാന്‍: ഇന്ന് വേദിന്‍റെ  birthday അല്ലെ?അവനു അമ്മമ്മയുടെ ഫ്രണ്ട്സ്            
            അയക്കുന്ന birthday wishes ആണ്.
നീല്‍: അപ്പോള്‍ എനിക്കില്ലേ?
ഞാന്‍:  മോന്റെ birthdayക്ക് അവരൊക്കെ wishes അയച്ചില്ലേ?

നീല്‍: (ഉറക്കെ കരഞ്ഞു കൊണ്ട്)
          എനിക്ക് വേണം എത്ര toys ആണ് .എനിക്ക് വേണം ഈ toys .
          എനിക്ക് കേക്കും ഐസ് ക്രീമുംമാത്രമാ എല്ലാരും അയച്ചത്.
ഞാന്‍ : വേദിന്റെ birthdayക്ക് വേദിനല്ലേ എല്ലാരും അയക്കുക?
നീല്‍:  ഞാനും ഇന്ന് പായസം കഴിച്ചല്ലോ. അപ്പോള്‍ എന്റെയും birthday
          അല്ലെ?എനിക്കും വേണം ഇതൊക്കെ..

ഇതികര്‍ത്തവ്യാമൂഢയായി ഞാന്‍ ഇരിക്കയാണ്.. എന്താ ഇപ്പൊ ചെയ്യേണ്ടത്?

Thursday, 17 October 2013

എന്റെ ഗ്രാമത്തിൽ ഒരു ദിവസം

മകരമഞ്ഞിന്‍റെ കുളിരുള്ള പുലരിയിൽ
കറുകറുത്തൊരു രാവുമരിക്കുന്നു.
മഴമുകില്‍ തള്ളിമാറ്റി  കതിരവൻ
ചെമ്പനീര്‍പ്പൂപോലെയെത്തിനോക്കീടുന്നു.
പൂർവദിങ്മുഖമാറ്റും  വിയര്‍പ്പ് പോൽ
ഹിമകണം വന്നുവീഴുന്നു പൂക്കളിൽ.
ഏഴു വർണ്ണങ്ങളാകെ തെളിയുന്നു
മഞ്ഞു വീണു കുളിർന്നപുൽനാമ്പതിൽ.  
മൂളിമൂളിപ്പറക്കുന്ന വണ്ടുകൾ
ഉമ്മവെക്കുന്നു പൂക്കളെയാകവേ.
മെല്ലെമെല്ലവേ കണ്‍ തുറന്നർക്കനെ
പ്രേമപൂർവം കടാക്ഷിപ്പു താമര.
നവ്യമാം ചെറു തെന്നൽ തഴുകവേ
കുളിരുകൊണ്ട് വിറയ്ക്കും  ചെടികളും,
കാലമെത്താതെ വന്നെത്തി കൊന്നപ്പൂ
പൊന്നണിഞ്ഞ മണവാട്ടിപ്പെണ്ണുപോൽ.
                           ***
കിളികൾപാടുന്ന പൂമരച്ചില്ലയിൽ
നദിയിൽ കണ്‍നട്ടു പൊന്മാനിരിക്കുന്നു.
മരതകപ്പട്ടു തോല്ക്കുന്ന പാടവും ,
ഒറ്റക്കാലിൽ തപം ചെയ്യും  കൊറ്റിയും. 
കളകളാരവത്തോടെയരുവികൾ
പുഴകൾതേടിക്കുതിക്കുന്നു സാനന്ദം.
അലസഗാമിനി ഇക്കിളി കൂട്ടുന്നു
ഇരുകരങ്ങളാൽ കണ്ടൽച്ചെടികളെ.
വെണ്‍ നുരക്കൈകൾ നീട്ടിച്ചിരിച്ചു തൻ
പ്രിയയെ സ്വാഗതം ചെയ്യുന്നു സാഗരം.
അമൃത കുംഭങ്ങൾ പേറുന്ന കേരങ്ങൾ
കൈകൾ കോർത്തു നിരന്നുചിരിക്കുന്നു.
ധവളമേഘം മുഖം നോക്കുമാറ്റിലെ
പായലിനുള്ളിൽ മീനുകളോടുന്നു.
പുനർജനിതേടിയെത്തുമാത്മാക്കളാം
തുമ്പികൾ മുറ്റമാകെ പറക്കുന്നു.
മന്ദപവനനു മയവെട്ടും പൈക്കളും
തെല്ലുനേരം മയങ്ങീ മരച്ചോട്ടിൽ.
കൊയ്തകറ്റകൾ മദ്ധ്യാഹ്നസൂര്യന്റെ
പൊള്ളുംചൂടേറ്റിരിപ്പൂ കളമിതിൽ.
                   ***
 രൌദ്രഭാവം വെടിഞ്ഞൂ ദിനകരൻ
പശ്ചിമാംബരം നോക്കീ നടകൊണ്ടു.
കൂടുതേടിപ്പറക്കുന്നു പക്ഷികൾ
വാവലാഹാരം തേടിയിറങ്ങുന്നു.
അർക്കനിന്നത്തെ വേഷമഴിക്കാനായ്
ആഴിയിൽ പൊള്ളുമാനനം താഴ്തവേ
ചെമ്പട്ടെല്ലാമഴിച്ചു മടക്കിയാ-
സന്ധ്യപോയോരരങ്ങിലേക്കായിതാ 
പട്ടടപ്പുകയേറ്റ കരിമ്പട-
മെത്തയുമായ് വരുന്നൂ നിശീഥിനി.
നീലമേലാപ്പില്‍രത്നം പതിച്ചപോല്‍
വാനിലാകെ തിളങ്ങുന്നു താരകള്‍.
തേഞ്ഞു തീർന്നോരരിവാൾ തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ. 
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ
രാക്കിളികൾ തൻ താരാട്ട് പാട്ടുകേ-
ട്ടീ ധരിത്രി സുഖമായുറങ്ങുന്നു.

Saturday, 21 September 2013

ഒരു ദിവസത്തിന്റെ തുടക്കം
ഫ്രിഡ്ജ്‌  തുറന്നു പിടിച്ചു ആലോചിച്ചു.. എന്തിനായിരുന്നു ഇപ്പോള്‍ ഇങ്ങോട്ട് വന്നത്.. മറന്നു പോയി. ശരി ഓര്‍ത്താല്‍ അപ്പോള്‍ വരാം. ഈയിടെ  എന്തൊരു മറവി ആണ്..  തലച്ചോറിനും രോഗം വന്നുവോ..വല്ലാത്ത മനപ്രയാസം തോന്നി..
മനസ്സു പറയുന്നു.. നീ ഒക്കെ മറന്നിരിക്കുന്നു...നിനക്ക് വയസ്സായിരിക്കുന്നു..
വയസ്സായാല്‍ മറവി വരുമോ. അതിനു മാത്രം വയസ്സുണ്ടോ തനിക്കു.. അമ്മ മരിക്കുന്നത് അമ്പതി എട്ടു വയസ്സുള്ളപോള്‍ ആണ് .അതുവരെ  പുരാണ കഥകളും സംസ്കൃത ശ്ലോകങ്ങളും ഒക്കെ ചൊല്ലി അതിന്‍റെ അര്‍ത്ഥവും ഒക്കെ പറഞ്ഞു തരുമായിരുന്നല്ലോ. അത്രയും പ്രായം തനിക്കു ആയില്ലല്ലോ. എന്നിട്ടും... ഇനി വല്ല അല്ഷിമെര്സും ..ഭഗവാനെ നീ തന്നെ തുണ..

ഹാവൂ . ചീര അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കത്തി വിരലില്‍ ചെറുതായി കൊണ്ടു .. കുറച്ചു നേരം ഒന്ന് അമര്‍ത്തി പിടിച്ചു..ചോര നിന്നു....ഇത് കണ്ടാല്‍ മതി മോള്‍ ദേഷ്യപ്പെടും.
ഭക്ഷണം ഉണ്ടാക്കാന്‍ ഒരു സ്ത്രീ വരുന്നുണ്ട്. അവള്‍ ചിലപ്പോൾ  നേരം വൈകിയേ വരൂ . ചിലപ്പോൾ വന്നില്ലെന്നും വരും .
അവൾ വന്നിട്ട് ഉണ്ടാക്കട്ടെ അമ്മ എന്തിനാ അപ്പോഴേക്കും ഇതൊക്കെ ഉണ്ടാക്കുന്നത്‌ എന്ന് മോള് ചോദിക്കും. പക്ഷെ അവൾ വന്നില്ലെങ്കിൽ മോളും കുഞ്ഞുങ്ങളും വല്ല ബ്രെഡ്‌ ജാം ഒക്കെയായി പ്രാതൽ കഴിക്കേണ്ടെ, ലഞ്ച് കൊണ്ട് പോകാനും കഴിയില്ല. 
തനിക്കു ഇതൊരു കഷ്ടപ്പാടെ അല്ല  എന്ന്  എത്ര തവണ പറഞ്ഞിട്ടും അവള്‍ക്കു മനസ്സിലാകുന്നില്ല. അവളുടെ വിചാരം അമ്മയെ ഇവടെ കൊണ്ട് വന്നു ജോലിക്കാരി ആക്കിയെന്നു ആരെങ്കിലും വിചാരിച്ചാലോ എന്നാണു.. അല്ലാതെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ അവള്‍ക്കും ഇഷ്ടമാണ്.പാവം കുട്ടി. എന്തറിയാം അവള്‍ക്കു..ഇത് കൂടി ഇല്ലായിരുന്നെങ്കില്‍ എങ്ങനെ സമയം പോക്കും ഇവിടെ..
ഇറങ്ങി നടക്കാന്‍ പറമ്പുകള്‍ ഇല്ല. വായിക്കാന്‍  ആണെങ്കില്‍   പുസ്തകങ്ങള്‍   താന്‍ വരുമ്പോള്‍ കൊണ്ട് വന്ന വളരെ കുറച്ചു മാത്രമേ ഉള്ളു. 
ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഓഫീസില്‍  ചിലര്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ വരും. അവരുടെ കയ്യില്‍ ഇഷ്ടപ്പെട്ട ബുക്സ് കണ്ടാല്‍ വാങ്ങും. ഇഷ്ടപ്പെട്ടത് എന്തെങ്കിലും അവരോടു പറഞ്ഞാല്‍ കൊണ്ട് തരികയും ചെയ്യും..അല്ലാതെ ബുക്സ് തേടി    പുറത്തു നടക്കുകയൊന്നുമില്ല. വീട് വിട്ടാല്‍ ഓഫിസ്. അവിടം വിട്ടാല്‍  നേരെ വീട്. അതായിരുന്നല്ലോ തന്‍റെ രീതി. എത്ര പുസ്തകങ്ങള്‍ അങ്ങനെ തന്‍റെ ശേഖരത്തില്‍ ഉണ്ട്. രണ്ടു അലമാര നിറയെ..
ഒക്കെ ഒരു പ്രാവശ്യം എടുത്തു മറിച്ചു  നോക്കിയിട്ട്   പോലുമില്ല . അതൊക്കെ  പിശുക്കന്‍  നിധി  കാക്കും  പോലെ  കരുതി  വച്ചത്  ജോലി മതിയാക്കി    വീട്ടില്‍  ഇരിക്കുമ്പോള്‍  സമയം ചിലവഴിക്കാന്‍  മറ്റു  മാര്‍ഗം  തേടെണ്ടല്ലോ    എന്ന് കരുതിയാണ് .  പക്ഷെ ജോലിയില്‍ നിന്നു പിരിഞ്ഞത് വര്‍ഷങ്ങളായി കേള്‍ക്കാന്‍ കൊതിച്ച ഒരു വാര്‍ത്ത അറിഞ്ഞ ശേഷമാണ്. ഏക മകള്‍ ഒരു കുഞ്ഞിനെ തരാന്‍ പോകുന്നു. പിന്നെ എന്തു നോക്കാന്‍ അവളുടെ അടുത്തേക്ക് പോന്നു
ഇങ്ങോട്ട് പോരുമ്പോള്‍  താന്‍ കുറെ പുസ്തകങ്ങള്‍  കൂടി എടുത്തു വച്ചതാണ്.   ഭര്‍ത്താവ് പറഞ്ഞു.. ഇതൊക്കെ തൂക്കിഎടുത്തു  ചെല്ലുമ്പോള്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ തൂക്കം അധികമാണ് എന്ന് പറഞ്ഞു  ഒക്കെ വാരി പുറത്തിടും അപ്പോള്‍ നിന്‍റെ പുസ്തകം  നഷ്ടപ്പെടുകയില്ലേ. ഒക്കെ ഇവിടെ ഇരിക്കട്ടെ. നമുക്ക്  ഇനി വരുമ്പോള്‍ എടുക്കാമല്ലോ.  എപ്പോള്‍ വരുമ്പോഴും മകള്‍ക്ക് എന്തെങ്കിലും വിശേഷവിധിയായി നാട്ടില്‍ നിന്നും കൊണ്ട് പോകാന്‍ എടുത്തു വെക്കും പിന്നെ പുസ്ടകങ്ങള്‍  വീണ്ടും പുറത്തു തന്നെ...
ഇവിടെ പുറത്തിറങ്ങാന്‍ ഇഷ്ടം തോന്നാറില്ല. അറിഞ്ഞുകൂടാത്ത ഭാഷ സംസാരിക്കുന്ന ആളുകളെ അഭിമുഖീകരിക്കാന്‍  എന്തോ ഒരു വല്ലായ്മയാണ്. എന്തു പറയും.ഒരു ചിരിയില്‍ ഒതുക്കി അവിടെ നിന്നു മാറുകയല്ലാതെ.
പണ്ടും പുറത്തിറങ്ങി നടക്കാറെ  ഇല്ല. ഒരു സാരി വാങ്ങാന്‍ പോലും പോകില്ല. അദ്ദേഹം മൂന്നു നാലെണ്ണം കൊണ്ട് വരും അതില്‍ ഇഷ്ടമുള്ളത് എടുക്കും ബാക്കി  അദ്ദേഹം തിരിച്ചു കൊണ്ടുപോയി കടയില്‍ കൊടുക്കും. കൂട്ടുകാരന്‍റെ വലിയ വസ്ത്ര  വ്യാപാര ശാലയില്‍ നിന്നും എടുക്കുന്നത് കാരണം തിരിച്ചു കൊടുത്താലും വാങ്ങിക്കോളും.. എന്നാലും താന്‍ ചുറ്റുന്ന സാരികള്‍ ഒക്കെ കൂട്ടുകാര്‍ക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന് തുണി എടുക്കാന്‍ അറിയാം. ഒരിക്കല്‍ തന്‍റെ ഏട്ടന്‍ പറഞ്ഞു നിന്‍റെ ഭര്‍ത്താവിന്‍റെ സെലെക്ഷന്‍ ഒക്കെ  നല്ലതാണല്ലോ.എന്ന്..
 ഇന്ന് ആ പെണ്ണ് വരില്ല എന്ന് തോന്നുന്നു.ശരി ബാക്കി കൂടി ഉണ്ടാക്കാം.

ചീര തോരനും അച്ചിങ്ങ മെഴുകു പുരട്ടിയും സാമ്പാറും. അത് മതി. മകളുടെ    ഭര്‍ത്താവ് എപ്പൊഴു പറയും അമ്മ ഉണ്ടാക്കുന്നത്‌ എന്തു സ്വാദാണ്. എന്‍റെ ഭാര്യ എന്തെ ഇതൊന്നും പഠിച്ചില്ല...അവള്‍ ഉണ്ടാക്കും എന്തെങ്കിലും പച്ചക്കറികള്‍ എടുത്തു അവള്‍ക്കു തോന്നിയ പോലെ അതിനു സാംബാറുമായോ എരിശ്ശെരിയുമായോ ഒരു ബന്ധവും  കാണില്ല.എന്നേയുള്ളു.
 താന്‍ ചിരിക്കും ആല്ലാതെ എന്തു പറയാന്‍..
 ,"കൈപ്പുന്ന്യ മില്ല  തെല്ലും ഇതിനെ ആര് പഴക്കി 
എന്നുള്ള അപ്പേരിനു  എന്‍റെ മകളെ വഴി വച്ചിടല്ലേ"
 എന്ന്  തന്‍റെ അമ്മ പറയാറുള്ളത് ഓര്‍ത്തു പോയി..
ഇവള്‍ ചെറുപ്പത്തില്‍  ഒരിക്കലും അടുക്കളയില്‍ കയറുകയില്ലായിരുന്നു. ഒരു കുടുംബം പുലര്ത്താറായാല്‍ നീ എന്തു ചെയ്യും എന്ന് ചോദിച്ചാല്‍ പറയും ഞാന്‍ ഒരു കുക്ക്നെ വക്കും .അത് പോലെ തന്നെ അവള്‍ ചെയ്തു. 

നല്ല ഒരു പെണ്ണായിരുന്നു മുന്പു ഉണ്ടായിരുന്ന പ്രേമ . എന്തു വച്ചാലും നല്ല സ്വാദായിരുന്നു. മലയാളിയായ അവള്‍ക്കു എല്ലാ മലയാള സദ്യയുടെ കറികളും വെക്കാന്‍ അറിയാമായിരുന്നു. അവള്‍ ഉണ്ടായിരുന്നപ്പോള്‍ താനും അടുക്കളയില്‍ ചെന്ന് അവളോട്‌ സംസാരിച്ചിരിക്കും.എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവള്‍ തന്നോട് ചോദിച്ചേ ചെയ്യുമായിരുന്നുള്ളൂ . ആ സ്ഥലത്ത് നിന്നും മാറ്റമായി പോന്നപ്പോള്‍  വിഷമത്തിലായത്  താനാണ്   . അവിടെ നിറയെ മലയാളികളുടെ വീടുകള്‍ ഉണ്ടായിരുന്നു. എന്ന് മാത്രമല്ല അവരൊക്കെ നല്ല സ്നേഹമുള്ള കൂട്ടത്തിലുമായിരുന്നു.. ഈ സ്ഥലത്തേക്ക് പോന്നപ്പോള്‍ ആ നല്ലവരെയും പ്രേമയെയും വിട്ടു പോരേണ്ടി വന്നു..പിന്നെ ഇവിടെ ജോലിക്ക്  വന്നതൊക്കെ ഭാഷ അറിയാത്ത പെണ്ണുങ്ങൾ .ഒരു വക നാവിനു രുചിയോടെ വെക്കാനറിയില്ല. അങ്ങനെ താന്‍ തന്നെ സന്തോഷപൂര്‍വ്വം അടുക്കളയില്‍ കയറി...
അമ്മമ്മേ   . 
കുഞ്ഞു  വന്നു നിന്നത്   താന്‍ കണ്ടെയില്ലല്ലോ  .അവന്റെ മമ്മ കുളിപ്പിച്ച് വിട്ടതാണ് 
കുറച്ചു പുട്ടും പഴവും നെയ്യ് കൂട്ടി കുഴച്ചു കുഞ്ഞു ഉരുളകള്‍  ഉണ്ടാക്കി പ്ലേറ്റില്‍ വച്ച് കൊടുത്തു...
അവനു ഇഷ്ടം തനിയെ എടുത്തു കഴിക്കാന്‍ ആണ്.പാലും കുടിച്ചു  കഴിഞ്ഞപ്പോള്‍ അവന്‍റെ മുഖം കഴുകിച്ചു ഉടുപ്പിടീച്ചു .
കൊച്ചു ബാഗ് എടുത്തു തോളില്‍ തൂക്കി അവന്‍ കവിളില്‍ ഒരു ഉമ്മ തന്നു . അമ്മമ്മ ഗിവ് മി എ കിസ്സ്‌... .എന്നും പറഞ്ഞു അവന്‍ മുഖം അടുപ്പിച്ചു നിന്നപ്പോള്‍ കെട്ടിപിടിച്ചു രണ്ടു കവിളിലും മുത്തം കൊടുത്തു. 

സ്കൂള്‍ വാന്‍ വരും വരെ ഗേറ്റിനു  അടുത്ത് മോന്‍റെ  കുഞ്ഞുവിരലുകള്‍ പിടിച്ചു നിന്നു. ദൂരെ നിന്നും മഴത്തുള്ളികള്‍ എന്ന പ്ലേ സ്കൂളിന്റെ വാന്‍ വരുന്നത് കണ്ടപ്പോള്‍ കുഞ്ഞു സന്തോഷം കൊണ്ട് തുള്ളിച്ചാടി.  

വാന്‍ ഈസ്‌ കമിംഗ്  അമ്മമ്മ. 

വാനില്‍ എടുത്തു കയറ്റിയപ്പോള്‍  ചിരിച്ചു കൊണ്ട് തന്നെ നോക്കി ബായ്  അമ്മമ്മ എന്ന് പറഞ്ഞു ഒരു ഉമ്മ കൂടി തന്നു. വാന്‍ അകന്നു പോകുമ്പോള്‍  അകത്തുള്ള എല്ലാ കുഞ്ഞുങ്ങളും ഒന്നായി ബൈ അമ്മമ്മ എന്ന് പറഞ്ഞു കൊണ്ടിരുന്നു..
എന്തു സ്നേഹമുള്ള കുട്ടിയാണ് അവന്‍  ..........രണ്ടര വയസ്സായെ ഉള്ളു. അമ്മയുടെ അടുത്ത് ചെന്ന് കിടന്നു ദൂത് താ  മമ്മാ  എന്നും പറഞ്ഞു കൊഞ്ചി ഇത്തിരി പാല് കട്ട് കുടിച്ചാല്‍ പിന്നെ അവനു അമ്മമ്മ മാത്രം മതി.
 രാത്രി എന്നും അവന്‍റെ അമ്മയുമായി വഴക്കാണ്. ഐ വാണ്ട്സ് ടു സ്ലീപ്‌ വിത്ത്‌ അമ്മമ്മ.  അവള്‍ക്കാണെങ്കില്‍ കുട്ടിയെ കെട്ടിപ്പിടിച്ചു കിടക്കണം എന്നാണു.. 
 'പകല്‍ മുഴുവന്‍ അമ്മമ്മയുടെ കൂടെയല്ലായിരുന്നോട. ഇപ്പോള്‍ ഇങ്ങോട്ട് വാ. മമ്മ ഉറക്കാം നിന്നെ..  
 'നോ മമ്മ ഐ വില്‍ സ്ലീപ്‌ വിത്ത്‌ അമ്മമ്മ '. എന്തു കടുംപിടിത്തമാണ്   ചിലപ്പോള്‍ കുട്ടിക്ക്...
തന്‍റെ മകള്‍ ചെറുതായിരുന്നപ്പോള്‍ ഇങ്ങനെ ആയിരുന്നു. താന്‍ ഓഫീസില്‍ നിന്ന് വന്നാലും അവള്‍ ഒന്നുകില്‍ കളിച്ചു കൊണ്ടിരിക്കും അല്ലെങ്കില്‍ അച്ഛമ്മയുടെ  കൂടെയോ ചിറ്റയുടെ  കൂടെയോ ഒട്ടിനില്‍ക്കും.. അന്ന് തനിക്കും ഇത് പോലെ സങ്കടം വരാറുണ്ട്.ആനി തോമസ്‌ എന്ന  കൂട്ടുകാരിയോട് ഒരിക്കല്‍ അത് പറയുക പോലും ചെയ്തു . അന്നേരം അവള്‍ ആശ്വസിപ്പിച്ചു.. വലുതായാല്‍ അവള്‍ നിന്‍റെ സ്നേഹം തിരിച്ചറിയും ...അത്    ശരിയായി. വളര്‍ന്നപ്പോള്‍ മോള്‍ തന്നെ എത്ര മാത്രം സ്നേഹിക്കുന്നു..
മദിരാശി പട്ടണത്തിലേക്ക് പഠിക്കാന്‍ ആയി പോന്നപ്പോള്‍ തനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. ഇത്ര നാളും തന്നെ വിട്ടു പിരിയാതെ നിന്നവള്‍ ആദ്യമായി ഇത്ര അകലേക്ക്‌...............,....സഹിച്ചല്ലെ പറ്റു. 
കുട്ടിക്ക് മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കണം എന്നാണു വാശി. ആയിക്കോട്ടെ.. ആ വിട്ടുനില്‍ക്കല്‍ അങ്ങ് നീണ്ടു പോയി. പഠിച്ച ഉടനെ ജോലികിട്ടി  . 

പിന്നെ താമസിയാതെ അവളുടെ കല്യാണം കഴിഞ്ഞപ്പോള്‍   ഏറെയൊന്നും ആ വിരഹം അനുഭവപ്പെട്ടില്ല  ..അപ്പോളേക്കും അത് ശീലമായി കഴിഞ്ഞിരുന്നു.
ക്ളോക്കില്‍  മണി അടിച്ചപ്പോള്‍ ഞെട്ടി.  മോള്‍ കുളി കഴിഞ്ഞു ഇപ്പോള്‍ എത്തും.പിന്നെ ഒന്നും കഴിക്കാതെ ഓരോട്ടമാകും 
അവളുടെ ടിഫിന്‍ ബോക്സ്‌ എടുത്തു . കുറച്ചു ചോറ് ഒരു പാത്രത്തില്‍ ഇട്ടു. ഒരു കൊച്ചു കുഞ്ഞിനു കഴിക്കാന്‍ ഉള്ളതെ ഉള്ളു. അത്രയേ  അവള്‍ കഴിക്കുള്ള്. അധികം ചോറ് ഉണ്ടാല്‍   വണ്ണം വച്ചാലോ എന്ന് പേടിയാണ്.മറ്റൊരു കൊച്ചു പാത്രം എടുത്തു അതില്‍ കുറെ പച്ചക്ക് കഷണിച്ച കാരറ്റും വെള്ളരിയും തക്കാളിയും  നിറച്ചു.  ഒന്നില്‍ കുറച്ചു ചീര തോരനും പിന്നെ കുറച്ചു തൈര്‍  മറ്റൊന്നില്‍ എടുത്തു. എല്ലാം കൂടെ ഒരുമിച്ചു ക്ലിപ്പ് ചെയ്തു. ടിഫ്ഫിന്‍ ബോക്സില്‍ വച്ചു .
. അപ്പോളേക്കും മോള്‍ എത്തി  
പൊട്ടു തൊടില്ല കണ്ണെഴുതില്ല. മുടി പോലും ചീകാറില്ല. ഇങ്ങനെ ഒരു പെണ്ണ്. അത് പറഞ്ഞാല്‍ അവള്‍ക്കു ഇഷ്ടപ്പെടില്ല. ഇങ്ങനെ മതി.. എന്നാണു പറയുക. കല്യാണം കഴിഞ്ഞാല്‍ ഈ ശീലം മാറും എന്നാണു കരുതിയത്‌...പക്ഷെ  കെട്ടിയവന്‍ അതിനൊന്നും നിര്‍ബന്ധിക്കില്ല. അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ അമ്മെ  എന്നാണു അവന്‍ പറയുക. 
എന്നാല്‍ അവനോ പാന്റ്സിന്  ചേരുന്ന ഷര്‍ട്ട് അതിനു ചേരുന്ന സോക്സ്‌, , എന്തിനു ബെല്‍റ്റ്‌ പോലും ചേരുന്ന നിറം തന്നെ വേണം ...കുഞ്ഞിനെ ഒരുക്കുമ്പോഴും  അങ്ങനെ  തന്നെയാണ്.
ആ ബെല്‍റ്റ്‌ ഇടല്ലേ അത് ആ പാന്റ്സിന് ചേരില്ല എന്നൊക്കെ കുഞ്ഞിനോട് പറയുന്നത് കേള്‍ക്കാം.
മോള് നിന്ന നില്‍പ്പില്‍ ഒരു ഗ്ളാസ്‌ പാല് കുടിച്ചു.
"സമയം പോയി അമ്മ. വേറെ ഒന്നും വേണ്ട" എന്നും പറഞ്ഞു  കാറിന്‍റെ

കീ എടുത്തു ഓട്ടം തുടങ്ങി..
ലഞ്ച് ബോക്സ്‌ എടുക്കുന്നില്ലേ  ഇതാ മോബൈലെടുക്കെണ്ടേ..
താന്‍ ഓര്മപ്പെടുത്തിയില്ലായിരുന്നെങ്കില്‍  അവള്‍ ഒക്കെ മറക്കും..
വേഗം കയ്യില്‍ കൊണ്ട് ചെന്ന് കൊടുത്തു.. അവളുടെ കാര്‍ അകന്നു പോയപ്പോള്‍ ഗേറ്റ് അടച്ചു വീട്ടിനുള്ളിലേക്ക് കയറി.. പുലര്‍ച്ചെ കുളി കഴിഞ്ഞതാണ് മുടി ഒന്ന് കൂടെ വിടര്‍ത്തി ചീകി കെട്ടി. 
ഇനി ഉച്ചയാകുമ്പോള്‍ കുഞ്ഞു വരും അത് വരെ തനിക്കു ഫേസ് ബുക്കിലെ കൂട്ടുകാരെ കണ്ടു സംസാരിക്കാം.. 
  .. നേരെ ചെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തു