www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Tuesday 26 November 2019











പോണ്ടിച്ചേരി

യാത്രയെന്നു കേൾക്കുമ്പോളേക്കും ഞാൻ തയ്യാറാവും . ഇത്രയും കാലം ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. ജീവിതത്തിൽ ഇനിയെത്ര നാൾ ബാക്കിയുണ്ട് എന്നറിയില്ലല്ലോ. ഈ ലോകത്തു എന്തൊക്കെ കാണാൻ  ബാക്കി കിടപ്പുണ്ട് ...പ്രകൃതിയിലെ സുന്ദരകാഴ്ച്ചകൾ ആവുന്നത്ര കാണണം എന്നത്   എന്റെ മോഹമാണ്..

നമുക്ക് പോണ്ടിച്ചേരിവഴി    ചിദംബരത്തു പോയാലോ അതുവഴി പിച്ചാവരം കണ്ടൽക്കാട് കാണാനും  പോകാം.. എന്ന് മോൾ പറഞ്ഞപ്പോഴേക്കും ഞാൻ ഒരുങ്ങിക്കഴിഞ്ഞു. ചിദംബരം എന്ന വാക്കാണ് എന്നെ കൊതിപ്പിച്ചത്

ഒക്ടോബർ 19 നു വന്ദനയുടെയും ഇളയ മകൻ നീലിന്റെയും ബർത്തുഡേയാണ്. അന്ന് ഉച്ചകഴിഞ്ഞു മോളുടെ കുടുംബവും ഞാനും ചെന്നൈയിൽ നിന്നു 165 കിലോമീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു.

മുൻപ്   രണ്ടു മൂന്നു തവണ മഹാബലിപുരവും    പോണ്ടിച്ചേരിയുമൊക്കെ കാണാൻപോയിട്ടുണ്ട്. അപ്പോഴൊക്കെ വിശ്വേട്ടൻ  കൂടെയുണ്ടായിരുന്നു. ആ ഓർമ്മകളിൽ മുഴുകിയിരുന്ന ഞാൻ കാർ വഴിയിൽ നിർത്തിയപ്പോളാണ് ഉണർന്നത്. സൂര്യൻ ഭൂമിയോടു വിടചോദിച്ചിരുന്നു . എല്ലാരേയും വിശപ്പ്‌ കീഴ്പ്പെടുത്തി. വഴിയിൽ കണ്ട  ഒരു ഹോട്ടലിൽ കയറി ലഘുഭക്ഷണം കഴിച്ചശേഷം വീണ്ടും യാത്ര തുടർന്നു . പോണ്ടിച്ചേരിയിൽ എത്തുമ്പോൾ രാത്രി ഏറെയായിരുന്നു.

ഞങ്ങൾ പോണ്ടിച്ചേരിയിൽ ഒരു ഹോട്ടലിൽ കയറി പീറ്റ്സ  കഴിച്ചു. ക്രിക്കറ്റ് ബോളുകളും സ്റ്റമ്പുകളും കൊണ്ടാണ് ആ  ഹോട്ടലിന്റെ  വാതിൽ പോലും.(Sauce and toss എന്നാണ് അതിന്റെ പേര് ) രണ്ടു വലിയ ടീവിയിൽ എപ്പോളും ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുന്നു. അവിടെയുള്ള പീറ്റ്‌സകൾക്കൊക്കെ  ക്രിക്കറ്റ് കളിക്കാരുടെ  പേരുകളായിരുന്നു..

പോണ്ടിച്ചേരി ' ഹിന്ദു ' വിൽ ജോലിചെയ്യുന്ന,  റിഷിയുടെ ഒരു സുഹൃത്താണ് അരബിന്ദോ ആശ്രമത്തിന്റെ new guest house ൽ  മുറികൾ ബുക്ക്‌ ചെയ്തത്. അവിടെ Online ബുക്കിങ് ഇല്ല . ആള് നേരിട്ട് ചെന്നു പണംകൊടുത്താലേ  മുറി കിട്ടുള്ളൂ.. രണ്ടുപേരും ഒരു കുട്ടിയും മാത്രമേ ഒരു മുറിയിൽ താമസിക്കാൻ പാടുള്ളൂ എന്ന  നിയമം അനുസരിച്ചു ഞങ്ങൾ രണ്ടു മുറി ബുക്ക്‌ ചെയ്തിരുന്നു.. വന്ദനയും  റിഷിയും നീലും  ഒരു മുറിയിലും ഞാനും വേദും മറ്റൊരു മുറിയിലും ഉറങ്ങി. രണ്ടാമത്തെ നിലയിലായിരുന്നു താമസം.

താമസസ്ഥലം വളരെ വൃത്തിയുള്ളതായിരുന്നു. എല്ലാനിലയിലും  വരാന്തയ്ക്കു ചുവടെ കുറച്ചു മണ്ണിട്ട് അവിടെ നട്ടുവളർത്തിയ ചെടികൾ നിറയെ പൂത്തുലഞ്ഞു കിടക്കുന്നുണ്ട്.   താഴെ മുറ്റത്തു വളർത്തുമീനുകളും  പൂച്ചെടികളും ഉണ്ട് .. കെട്ടിടത്തിന് ചുറ്റും പൂമരങ്ങളും മാവ് മഞ്ചാടി തുടങ്ങിയ മരങ്ങളും ഉണ്ട് .നാട്ടിൽ നിന്നു മറഞ്ഞുതുടങ്ങിയ  തത്തകളെയും അവിടെ  കണ്ടു. കണ്ണിനു ഉത്സവമായിരുന്നു ആ പ്രകൃതി.

രാവിലെ ഞങ്ങൾ പുറത്തേക്കിറങ്ങി. റോഡിൽ പ്രഭാതഭക്ഷണം വിളമ്പുന്ന കൊച്ചുകൊച്ചു കടകളുണ്ട്. സ്റ്റീൽ പ്ലേറ്റിൽ വാഴയിലവെച്ചു അതിൽ ഇഡ്ഡലിയും പൂരിയും ദോശയുമൊക്കെ വിളമ്പുന്നു. പലരും കാർ  നിർത്തി അവിടെ നിന്നു പ്രാതൽ കഴിക്കുന്നതുകണ്ടു,  ഞങ്ങളും അതുപോലൊരു കൊച്ചുകടയ്ക്കുമുന്നിൽ കാർ നിർത്തി. പ്രാതൽ കഴിഞ്ഞു ഞങ്ങൾ പുതുച്ചേരി കാണാനിറങ്ങി.

അരബിന്ദാശ്രമം  കാണാനാണ് നേരെ   പോയത്.. ശ്രീ അരബിന്ദോ മഹര്ഷിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തായ  മദറിന്റെയും ശവകുടീരങ്ങൾക്കു ചുറ്റും പൂക്കൾ നിറഞ്ഞുകവിഞ്ഞു  വളരുന്നു.  ശവകുടീരത്തിനു മുകളിൽ റോസയും താമരയുമടങ്ങുന്ന പൂക്കൾ നിരത്തിയിരിക്കുന്നു. പലരും കല്ലറയ്ക്കുമുകളിൽ തലമുട്ടിച്ചു പ്രാർത്ഥിക്കുന്നു.

അടുത്ത് തന്നെ പുസ്തകശാല. എല്ലാ ഭാഷയിലുമുള്ള പുസ്തകങ്ങൾ അവിടെയുണ്ട്. റിഷി കുറച്ചു പുസ്തകങ്ങൾ വാങ്ങി. 

ബങ്കാളിയായ ശ്രീ അരബിന്ദ്ഘോഷ് ( 15 August 1872 -  5  December  1950 ) യോഗിയും ഗുരുവും കവിയുമായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത   ശ്രീ അരബിന്ദഘോഷ് രാഷ്ട്രീയം ഉപേക്ഷിച്ചു 1910 ൽ  പോണ്ടിച്ചേരിയിലെത്തി ആത്മീയജീവിതം ആരംഭിച്ചു. 1926 നവംബർ 24 നു  അരബിന്ദോആശ്രമം  സ്ഥാപിച്ചു. പിന്നീട്  മരണം വരെ അദ്ദേഹം എഴുത്തും വായനയും ധ്യാനവുമായി അവിടെ കഴിഞ്ഞു.

ഫ്രാൻസിൽനിന്നു വന്ന Mirra  Alfassa അദ്ദേഹത്തിന്റെ ശിഷ്യയായി. പിന്നീട് മദർ എന്നറിയപ്പെട്ടു.

( Mirra Alfassa. 21 February  1878 - 17 നവംബർ 1973 )

1968 ൽ മദർ സ്ഥാപിച്ച നഗരമാണ്  ഓറോവിൽ. ഈ വാക്കിനർത്ഥം പ്രഭാതത്തിന്റെ നഗരം എന്നാണ് . അമ്പതോളം രാജ്യങ്ങളിൽനിന്നു പല സംസ്കാരമുള്ള  2700 ലേറെ ജോലിക്കാർ സാർവലൗകിക സഹോദര്യത്തോടെ അവിടെ ജീവിക്കുന്നു..
(അതൊരു യൂറോപ്യൻ നഗരംപോലെയാണ് എനിക്ക് തോന്നിയത്. നമുക്ക് അവിടെ വലിയ സ്വീകാര്യതയൊന്നും തോന്നില്ല )
ഓറോവിൽ ബീച്ചിൽ രാവിലെ സർഫിങ് നടത്താം.

ഇന്ത്യയിലെ മനോഹരമായ ബീച്ചുകളിൽ രണ്ടെണ്ണം പോണ്ടിച്ചേരിയിലാണ്. പാരഡൈസ് ബീച്ചും റോക്ക് ബീച്ചും. പാരഡൈസ് ബീച്ചിൽ കടലിൽ നീന്താൻ ഇഷ്ടമുള്ളവർക്ക് ചെയ്ഞ്ചിങ് റൂമും ഷവർ റൂമും ഉണ്ട്. ഇവിടെയും പ്രത്യേക പ്രവേശനഫീസുണ്ട്..
സെറിനിറ്റി ബീച്ചിലും സർഫിങ് നടത്താം സർഫിങ് പഠിപ്പിക്കാൻ പ്രത്യേകം ആളുണ്ട് അവിടെ.

പിന്നീട് ഞങ്ങൾ ബീച്ചിലേക്ക് പോയി.
  മദിച്ചു തുള്ളിവരുന്ന തിരകൾക്കു മുകളിൽ കടൽപ്പാലത്തിലൂടെ നടക്കാൻ മോൾ വിളിച്ചു ആദ്യം എനിക്ക് പേടിയായി. കൊച്ചുമോൻ നീൽ പോലും കൂളായി നടക്കുന്നതുകണ്ടപ്പോൾ പതുക്കെ കുറച്ചു ദൂരം ഞാനും സർക്കസ്സ് അഭ്യാസിയെപ്പോലെ നടന്നു. പിന്നീട് അവിടെനിന്നും മക്കൾ കൂടുതൽ അകലേക്ക്‌ നടന്നപ്പോൾ ഞാൻ തിരിച്ചുപോന്നു കരയിൽ കയറ്റിവെച്ച ബോട്ടുകളിൽ കയറിയിരുന്നു. രാവിലെ  കടലിൽനിന്ന് തിരിച്ചെത്തിയ മുക്കുവർ കൂട്ടമായിരുന്നു വലയിൽ കുടുങ്ങിയ ചത്ത മീനും  ശംഖും കക്കയുമെല്ലാം പെറുക്കിമാറ്റി വല  വൃത്തിയാക്കിക്കൊണ്ടിരുന്നത് കണ്ടു അങ്ങോട്ടുചെന്നു  അവരോട് സംസാരിച്ചു ഞാൻ സമയം പോക്കി.. രാവിലെയായതുകാരണം കുട്ടികൾ താമസസ്ഥലത്തുനിന്നും വാടകയ്ക്ക് എടുത്ത സൈക്കിൾ ബീച്ചിലേക്ക് കൊണ്ടുവന്നു. വേദും നീലും കരിങ്കല്ലിൽക്കൂടെ സൈക്കിളുമായി കളിച്ചു..റിഷി ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു.

നഗരത്തിനുള്ളിൽ ധാരാളം ക്ഷേത്രങ്ങളുണ്ട്. വിനായകക്ഷേത്രവും വേദപുരീശ്വര ക്ഷേത്രവും വരദരാജപെരുമാൾ ക്ഷേത്രവും എം ജി റോഡിൽ അടുത്തടുത്താണ്.

മഞ്ഞ നിറമാണ് പോണ്ടിച്ചേരിക്ക്. ചാരവും മഞ്ഞയും നിറങ്ങളിൽ മുങ്ങിയ കെട്ടിടങ്ങളിൽ ഫ്രഞ്ച്, തമിഴ്, മലയാളം ഇവയൊക്കെ സംസാരിക്കുന്ന ആളുകൾ താമസിക്കുന്നു
45 കിമീ തീരദേശമുള്ള പോണ്ടിയുടെ വരുമാനം മൽസ്യബന്ധനവും ടൂറിസവുമാണ് .. പാലുല്പാദനത്തിലും പുതുച്ചേരി മുന്നിലാണ്..

പിന്നെ പോയത് സൺ‌ഡേ മാർക്കറ്റിലേക്ക്
 മാർക്കറ്റ് കണ്ടാൽ ഒരു തമിഴ്നാട് റോഡിലെത്തിയപോലെ തോന്നും. ദീപാവലി അടുത്തസമയമായതിനാൽ ഉടുപ്പുകൾ നിറയെയുണ്ടായിരുന്നു... റോഡിൽ ആൾക്കാർ നിറഞ്ഞുകവിഞ്ഞിരുന്നു.

ഭക്ഷണം കഴിക്കാൻ ഞങ്ങൾ "കാമാച്ചി " എന്ന പ്രസിദ്ധമായ ഹോട്ടലിൽ കയറി. മുൻപ് ഈ സ്ഥലം ബിരിയാണി take away റെസ്റ്ററെന്റ് ആയിരുന്നു. ഇപ്പോൾ ഏറ്റവും പേരുകേട്ട രുചികരമായ നോൺ വെജ്  ആഹാരമാണ്  അവിടെ കിട്ടുന്നത്. ഞാനും മോളും വെജ് ആഹാരം ചോദിച്ചപ്പോൾ  അത് അവരെ കളിയാക്കുന്നതിനു സമം എന്നവർ പറഞ്ഞു. .

റോക്ക് ബീച്ചിനോട് ചേർന്ന റോഡിൽ വൈകീട്ട് ആറുമുതൽ സൈക്കിൾ അടക്കം ഒരു വാഹനവും പ്രവേശിപ്പിക്കില്ല. വ്യായാമത്തിനായി നടക്കുന്നവരും കാറ്റുംകൊണ്ട് വെറുതെ സംസാരിച്ചിരിക്കുന്നവരും കാഴ്ചകണ്ടിരിക്കുന്നവരും പ്രണയജോഡികളുമായി ബീച്ച് വൈകുന്നേരം മുതൽ പാതിരാ വരെ ജനനിബിഢമായിരിക്കും .
സന്ധ്യയ്ക്ക് വൈദ്യുതദീപപ്രഭയാൽ ബീച്ച് മനോഹരിയായിരിക്കുന്നു...

   ഞങ്ങളുടെ കൂടെവന്നിരുന്ന കൊച്ചുമോൻ വേദിനെ സൈക്കിളുമായി പ്രവേശിക്കാൻ    അവിടെ കാവല്നില്ക്കുന്ന പോലീസുകാർ അനുവദിച്ചില്ല . സൈക്കിൾ പോലീസുകാരുടെയടുത്തു ഏൽപ്പിച്ചു ഞങ്ങൾ കടൽപ്പാലത്തിനരികിലേക്കു പോയി. 
ഞങ്ങൾ  ബീച്ചിൽ വെറുതെ നടക്കുമ്പോൾ  ഒരു കൈനോട്ടക്കാരി വന്നു നിര്ബന്ധമായി എന്റെ കൈപിടിച്ചു നോക്കിത്തുടങ്ങി . വേണ്ട എന്ന് മോൾ പറഞ്ഞപ്പോൾ ഞാൻ കണ്ണടച്ചുകാണിച്ചു. പാവം അവർ അതുകൊണ്ട് ജീവിക്കുന്നവരല്ലേ..

 "വിദേശവാസമുണ്ട്. അഞ്ചു മക്കൾക്ക്‌ യോഗമുണ്ട്. പക്ഷേ മൂന്നേ ഇപ്പോൾ ഉള്ളൂ നല്ലവരായ മക്കൾ അമ്മയെ പൊന്നുപോലെ സംരക്ഷിക്കും " എന്നൊക്കെ അവർ പറഞ്ഞു. (മൂന്നാമത്തെ കുഞ്ഞു ഏതാണാവോ ) ഒടുവിൽ നൂറു രൂപവേണമെന്നു  പറഞ്ഞു. പണവും കൊടുത്തു ഞങ്ങൾ പായവിരിച്ചപോലെ മിനുസമുള്ള പാറക്കല്ലുകൾ നിരത്തിയ കടൽഭിത്തിയിൽക്കൂടി നടന്നു.

 രാത്രി ബീച്ചിനടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചു. വളരെ നേരം അവിടെ ചുറ്റിക്കറങ്ങി. വസ്ത്രമേള നടക്കുന്ന ഒരു ഹാളിൽ കയറി. കുറെയേറെ ഉടുപ്പുകൾ വാങ്ങി.
Guest ഹൌസിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു. വാതിലുകൾ അടച്ചു കുറ്റിയിട്ടു സെക്യൂരിറ്റി ഉറങ്ങാൻപോയിരുന്നു. ഞങ്ങളെക്കൂടാതെ വേറെയൊരു ചെറുപ്പക്കാരനും വൈകി കൂടണയാൻ എത്തിയിരുന്നതിനാൽ സെക്യൂരിറ്റിയെ വിളിച്ചുണർത്താൻ അയാൾ മുന്നിട്ടിറങ്ങി. കുറേനേരം വിളിച്ചപ്പോളാണ് സെക്യൂരിറ്റി ഉണർന്നത്. ഞങ്ങൾ അകത്തുകയറിയയുടൻ അയാൾ വീണ്ടും ഗേറ്റ് അടച്ചു കുറ്റിയിട്ടു.

നാളെ ചിദംബരം കാണാമല്ലോ എന്ന  മോഹത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു.

Thursday 21 November 2019

മഴയോർമ്മകൾ ഭാഗം..8

പരീക്ഷ കഴിഞ്ഞപ്പോൾ രാജമ്മയും ഗ്രേസിയും ഔട്ട്ഹൗസ് ഒഴിഞ്ഞു അവരുടെ നാട്ടിലേക്കു പോയി. ക്വാട്ടേഴ്സ് വിട്ടു കൊടുത്ത് ഒരു ബാഗിലൊതുങ്ങുന്ന സാധനങ്ങളുമായി വന്ന   വിശ്വേട്ടനും  ചേച്ചി തന്ന മുറിയിൽനിന്ന് എന്റെ ബാഗുമെടുത്ത്  ഞാനും ആ ഔട്ട്ഹൗസിൽ വലതുകാൽവച്ചു കയറി. ഞങ്ങള്‍  ആദ്യമായി  താമസമാക്കിയ വാടകവീട് അതായിരുന്നു.

രണ്ടുമുറികള്‍ മാത്രമുള്ള കൊച്ചുവീട്. രണ്ടിലും കട്ടിലും കിടക്കയും മേശയും കസേരയും ഉണ്ടായിരുന്നു. വരാന്തയിലും രണ്ടു കസേരകൾ കിടപ്പുണ്ട്.  പിന്നീട്  എറണാകുളത്തെ പുതിയ വീട്ടിലേക്കു താമസംമാറിയപ്പോൾപോലും ഇത്രയധികം സന്തോഷം തോന്നിയിട്ടില്ല.  അടുക്കളയിൽ സ്റ്റവ്വ് വെക്കാന്‍ ഒരു മേശയുണ്ട്. മരത്തിന്റെ ഒരു കൊച്ചു  അലമാരയിൽ  ഒരു വീട്ടിലേക്കു വേണ്ടതായ സാധനങ്ങള്‍ മുഴുവന്‍  ഞങ്ങള്‍  ഒതുക്കി വച്ചു. 

ആ വീട്ടുകാർ നല്ല കൃഷിക്കാരായിരുന്നു. ആവശ്യമുള്ള  അരിയും
 തേങ്ങയുംപച്ചക്കറികളും ആ ചേച്ചിയുംചേട്ടനും ഞങ്ങള്‍ക്ക്തരും. മാസാവസാനം ഒരു തുക പറയും വാടകയുടെ കൂട്ടത്തിൽ അതും കൂടി കൊടുത്താൽ മതി. 

രാവിലെ പ്രാതലിനുശേഷം ഏഴു മണിക്ക് മഹാറാണി ബസ്സില്‍ കയറി വിശ്വേട്ടൻ  ജോലിക്ക് പോകും. ഭക്ഷണം  ഉണ്ടാക്കിവച്ച്  ഒമ്പതര കഴിയുമ്പോള്‍ ഞാനും ഓഫീസിലേക്ക് ഇറങ്ങും.

 വൈകുന്നേരം ഞാന്‍ എത്തുമ്പോഴേക്കും കപ്പ, ചേന, ചേമ്പ്, കൂർക്ക മുതലായവ ചേർത്തുണ്ടാക്കിയ പുഴുക്ക് ചേച്ചി കൊണ്ടുതരും. വിശ്വേട്ടൻ  എത്തിയാല്‍ ഞങ്ങള്‍  ഒരുമിച്ചു ചായയും പുഴുക്കും കഴിക്കും. പിന്നെ  അപ്പാപ്പനും ചേട്ടനും ചേച്ചിയുമൊക്കെക്കൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് ഞങ്ങളിരിക്കും. റേഡിയോനാടകങ്ങൾ കേൾക്കാനിരുന്നാൽ ചേച്ചി  അവിടെ നിന്നും  എഴുന്നേല്ക്കില്ല. ചേട്ടന്‍ വിശ്വേട്ടനോടു പറയും,

" ഇനിയിതു തീരാതെ ചോറുതരില്ല അവൾ..
അവളുടെ വിചാരം ഇതൊക്കെ  എവിടെയോ സംഭവിച്ച കാര്യങ്ങളാണെന്നാ..ആ ഇരിപ്പ് കണ്ടോ..എന്തൊരു ശ്രദ്ധയാ.."

കോതമംഗലത്തേക്ക് മാറിയതിനുശേഷം ഞങ്ങളുടെ  സിനിമ കാണൽ ജവഹര്‍ തിയേറ്ററിലായി. ഞായറാഴ്‌ചകളിൽ ഞങ്ങള്‍ മൂവാറ്റുപുഴ പോയി ലക്ഷ്മിയിലും ലതയിലും മാറിവരുന്ന സിനിമകള്‍ കണ്ടു.   റേഡിയോനാടകങ്ങൾ കേട്ടു. ചലച്ചിത്ര ശബ്ദരേഖകേട്ടു. സിനിമാപ്പാട്ടുകൾ കേട്ടു. എന്റെ വായന തീരെയില്ലാതായി....

ഒരു ദിവസം പൗലോസ് ചേട്ടന്‍ പറമ്പില്‍ കിളച്ചു കൊണ്ടു നില്ക്കുമ്പോൾ അടുത്തു കണ്ട വലിയ മരം ചാരിനിന്ന ഞാൻ ചേട്ടനോടു ചോദിച്ചു,
 " ചേട്ടാ ഇതു പാലയാണോ.?"

"അല്ലല്ലോ കൊച്ചേ..ഇതു മാതിരപ്പള്ളിയാ."
 ചേട്ടന്റെ മറുപടി ഉടനെ വന്നു. .

ഞാന്‍ ചോദിച്ചത് ആ മരം ഏഴിലംപാലയാണോന്നാണ്. അതു ചേട്ടന് മനസ്സിലാവുകയും ചെയ്തതാണ്. പക്ഷേ തരംകിട്ടുമ്പോൾ കളിയാക്കുന്നത് ചേട്ടന്റെ പതിവാണ്. ഒരു കഥയുമില്ലാത്തൊരു പൊട്ടിപ്പെണ്ണാണു ഞാന്‍  എന്നാണ് അവരുടെ  കണ്ടുപിടുത്തം.
 പക്ഷേ  അപ്പാപ്പനു എന്നെപ്പറ്റി നല്ല മതിപ്പായിരുന്നു. ഞാനും വിശ്വേട്ടനും  ഇരിക്കുമ്പോൾ അപ്പാപ്പൻ ഓരോ കുസൃതിച്ചോദ്യം ചോദിക്കും.  എല്ലാറ്റിനും വിശ്വേട്ടനെക്കാൾ ആദ്യം  ഉത്തരം പറയുക ഞാന്‍തന്നെയാണ്. കാരണം എന്റെ രണ്ടാമത്തെ  ഏട്ടന്‍  എപ്പോഴും  ഈമാതിരി ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അങ്ങനെ  അവയുടെ ഉത്തരങ്ങൾ മുമ്പേ ഞാന്‍ പഠിച്ചുവച്ചതാണ്.  അതറിയാതെ അപ്പാപ്പൻ പറയും ," കുമാരി ബുദ്ധിയുള്ള കുട്ടിയാണ് "

ഞായറാഴ്ചകളിൽ ചേച്ചി കഴുകാനുള്ള തുണിയുമെടുത്ത് അടുത്തുള്ള പുഴയില്‍ പോകും.  ഞങ്ങളെയും വിളിക്കും.  കാട്ടാറുപോലെ ശുദ്ധമായ വെള്ളം. വിശ്വേട്ടൻ  അതില്‍ നീന്തും. .അധികം ആഴത്തിൽ പോകാതെ ഞാനും മുങ്ങിക്കുളിക്കും. ചേച്ചിയുടെ രണ്ടാമത്തെ മകൻ ജിജോ നിഴലുപോലെ ഞങ്ങളുടെ കൂടെയുണ്ടാകും. അവൻ ചൂണ്ടയിട്ടു മീൻ പിടിച്ചതു വിസ്തരിക്കും. കൈ നീട്ടിപ്പിടിച്ചു കാണിക്കും

," ഇത്രയും വലിയ മീനാ കിട്ടിയത്."

 ഞങ്ങള്‍  അത്ഭുതത്തോടെ നോക്കിയാൽ ചിരിച്ചു കൊണ്ട് ചൂണ്ടുവിരലുകാണിക്കും

 ,"ഇത്രയും വലുതെന്നാ പറഞ്ഞത്. ". എന്ന്.

(അവനിപ്പോൾ അച്ചൻപട്ടം സ്വീകരിച്ചു. എന്റെ മോളുടെ കല്യാണത്തിനു കോതമംഗലത്തുനിന്ന് ചേച്ചിയെയും കൊണ്ട്, വെളുത്ത ളോഹയും തലയില്‍ കറുത്ത തൊപ്പിയും  അരയില്‍ കറുത്ത കെട്ടുമായി വന്ന  ജിജോയെ കണ്ടു  എനിക്ക് സന്തോഷമായി.

  "നീ വന്നല്ലോ മോനെ. ചേച്ചിക്കു സന്തോഷമായി "
 എന്നു ഞാന്‍ പറഞ്ഞപ്പോൾ ജിജോ എന്നോടു പറയുകയാണ്,
 " ഞങ്ങള്‍ക്ക്ആകെയുള്ളൊരു പെങ്ങളല്ലേ ചേച്ചീ വന്ദന.. .ഞാനവളുടെ കല്യാണം കൂടാൻ വരാതിരിക്കുമോ" എന്ന്. )

കോതമംഗലത്ത് വച്ചാണ് ആദ്യമായി ഞാന്‍ കുടമ്പുളികാണുന്നത്. ഇടയ്ക്കിടെ നാട്ടിലേക്ക് പോകുമ്പോള്‍   ഞങ്ങള്‍ ചേച്ചിയോടു കുടമ്പുളി വാങ്ങി അമ്മയ്ക്കു കൊണ്ടു കൊടുക്കും. ആദ്യം കുടമ്പുളിയിട്ടുവച്ച കറികണ്ട് അമ്മയ്ക്ക് അറപ്പുതോന്നി.
"ഇതെന്താ കറിയിൽ ചാണകമോ" എന്നു ചോദിച്ചു.  നാട്ടില്‍  ഞങ്ങള്‍ മാങ്ങയോ തക്കാളിയോ വാളൻപുളിയോ മാത്രമാണ് കറിയിലിടുക..മാങ്ങയുള്ളപ്പോൾ ചെത്തിയുണക്കി സൂക്ഷിച്ചു വെക്കുമായിരുന്നു കറിയിലിടാൻ....

ആ സുന്ദരമായ പ്രദേശത്തും കുറെ മഴ നനഞ്ഞു..
മഴയോർമ്മകൾ ഭാഗം7

ആ മഴക്കാലം കഴിഞ്ഞപ്പോൾ  എനിക്ക് എറണാകുളത്ത്  ഓഫീസിലേക്കു മാറ്റമായി. ഓർഡർ കിട്ടിയപ്പോഴേ അമ്മയ്ക്കു പരിഭ്രമം തുടങ്ങി. .

" എത്രഅകലെയുള്ള സ്ഥലമാണ്.. അവിടെയൊക്കെ കൃസ്ത്യന്‍സ്  ആയിരിക്കും. .എങ്ങനെയാണ് മക്കളേ നിങ്ങള്‍  അവിടെ  ജീവിക്കുക.."

അതായിരുന്നു അമ്മയുടെ പേടി..അതുവരെ അമ്മ കൃസ്ത്യന്‍സിനെ പരിചയപ്പെട്ടിട്ടില്ല. അവര്‍  എന്തോ ക്രൂരന്മാരാണെന്നാണ് അമ്മയുടെ വിചാരം.. ( ഒടുവില്‍  അനിയൻ ഒരു കൃസ്ത്യന്‍ പെൺകുട്ടിയെ കല്യാണം കഴിച്ചു   അതു പിന്നെ പറയാം )

" അവരും മനുഷ്യരല്ലേയമ്മേ.  ചേച്ചി തനിച്ചല്ലല്ലോ.  ഏട്ടന്റെ കൂടെയല്ലേ " എന്നൊക്കെ അനിയന്മാരു ആശ്വസിപ്പിച്ചിട്ടും ഞങ്ങള്‍ പുറപ്പെട്ട ദിവസം  പറമ്പിന്റെ ഇങ്ങേയറ്റംവരെ വന്നു കണ്ണില്‍ നിന്ന് മറയുവോളം അമ്മ നോക്കിനിന്നത് ഇന്നും എന്റെ മനസ്സിലുണ്ട്..

എറണാകുളത്താണെന്ന   പേരുമാത്രം. ഓഫീസ്  എറണാകുളം ജില്ലയിലെ കോതമംഗലം  എന്ന സ്ഥലത്തായിരുന്നു.  കൊയിലാണ്ടിയിലെ കോതമംഗലത്തുനിന്ന് എറണാകുളത്തെ കോതമംഗലത്തേക്ക് .... ഓഫീസില്‍ നിന്ന്  അര കിലോ മീറ്റര്‍ ദൂരത്തിൽ മാതിരപ്പള്ളിയിൽ ഒരു കൃസ്ത്യന്‍ ഫാമിലിയുടെകൂടെ പേയിങ്ങ് ഗസ്റ്റ് ആയാണ് ഞാന്‍ കൂടിയത്.

അവിടെ ഒരു  അപ്പാപ്പനും അദ്ദേഹത്തിന്റെ മകനും ഭാര്യയും മക്കളുമായിരുന്നു താമസം. ഒമ്പതുവയസ്സുള്ള മൂത്തകുട്ടി വലിയ ലോഗ്യത്തിനൊന്നും വരില്ല..രണ്ടാമൻ ജിജോയെന്ന അഞ്ച്  വയസ്സുകാരൻ എപ്പോഴും ധാരാളം സംസാരിച്ചുകൊണ്ട് എന്നെ ചുറ്റിപ്പറ്റി നില്ക്കും..   മൂന്നാമന് ആറുമാസം പ്രായമേയുള്ളൂ.
ആ ചേച്ചിയുംചേട്ടനും നല്ല സ്നേഹത്തോടെയാണ് എന്നോടു പെരുമാറിയത്..മോളെ, കൊച്ചേ എന്നൊക്കെയാണ് എന്നെ വിളിക്കുക..ചിലപ്പോള്‍ ചേച്ചി  "എടീ പെണ്ണേ"യെന്നും വിളിക്കും. ആദ്യമൊക്കെ ആ വിളി എന്നെ അലോസരപ്പെടുത്തിയിരുന്നു. അമ്മയോ ഏട്ടന്മാരോ എന്നെ എടീ യെന്നു വിളിച്ചിട്ടില്ല. വിശ്വേട്ടൻ മാത്രമാണ് അങ്ങനെ വിളിക്കുക. ആ വിളിയെനിക്ക് ഇഷ്ടവുമായിരുന്നു.. പക്ഷേ ഇത്.. ങ്ങാ പോട്ടെ എന്നുവെച്ചു ഞാനങ്ങു സഹിച്ചു. (പക്ഷേ ചേച്ചിയുടെ ആ വിളിയിലും സ്നേഹം നിറച്ചും ഉണ്ടായിരുന്നു കേട്ടോ )

ആ വീടിന്റെ ഔട്ട്ഹൗസിൽ എംഎ കോളേജില്‍ പഠിക്കുന്ന രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. അവരും ഞാനും പെട്ടെന്ന് കൂട്ടായി. അവര്‍  എന്നെ പിടിച്ചിരുത്തി എന്റെ കട്ടിയുള്ള പുരികം ഷേപ്പ് ചെയ്തു.  മുടി നീളംകുറച്ചു വെട്ടിയിട്ടു. സിനിമകഥകൾ പറയിപ്പിച്ചു, പാട്ട് പാടിപ്പിച്ചു..ഞാന്‍ വീണ്ടും എന്റെ കോളേജ് ദിവസങ്ങള്‍  ഓർത്തു.

ഞാന്‍  ഓഫീസില്‍ പോകും വഴിയിലാണ് എംഎ കോളേജില്‍ പഠിപ്പിക്കുന്ന
തരകന്‍ സാറിന്റെവീട്. ജുബയും മുണ്ടുമുടുത്ത് സാറും ചട്ടയും മുണ്ടുമിട്ട ഭാര്യയും ഒരുമിച്ച് കോളേജില്‍ പോകുന്നതു സ്ഥിരം കാണും..ടീച്ചറുടെ പുറകിൽ മുണ്ടിനുള്ള ഞൊറി നല്ല ഭംഗിയാണ് കാണാൻ. നല്ല രസമുള്ള ആ കാഴ്ചയും കണ്ട്, അവരുടെ പുറകെ ഞാനും നടക്കും. അവർക്കു എന്റെ ഓഫീസും കഴിഞ്ഞു വീണ്ടും കുറേ നടന്നാലേ കോളേജിൽ എത്തുള്ളു.

ഓഫീസില്‍  എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. കൂട്ടത്തിൽ ചെറുതല്ലേയെന്നൊരു പരിഗണന എനിക്ക്  എപ്പോഴും കിട്ടിയിരുന്നു.  ജോലിയൊന്നും വലുതായിട്ട് ഉണ്ടായിരുന്നില്ല. ശനിയാഴ്‌ച  ഉച്ചയ്ക്ക് തന്നെ ഞാന്‍ കോതമംഗലം ചെന്ന്  എറണാകുളം ബസ്സില്‍ കയറിയിരിക്കും. .കാരണം എഫ്എസിറ്റിയിൽ ശനിയാഴ്‌ച  ഉച്ചയ്ക്ക് ശേഷം  ഒഴിവായിരുന്നു.

നേരെ ഞങ്ങള്‍ സിനിമാതിയേറ്ററിലേക്കാണു പോവുക. അതുവരെ വല്ലപ്പോഴും സിനിമ കണ്ടിരുന്ന ഞാന്‍  അതിനുശേഷം മോണിംഗ് ഷോ, മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ  ഇങ്ങനെ തുടർച്ചയായി  നിരവധി സിനിമകള്‍ കണ്ടു. മലയാളത്തിനുപുറകെ ഹിന്ദിയും തമിഴും ഇംഗ്ലീഷും  ഒക്കെ ഭാഷ അറിയില്ലെങ്കിലും കണ്ടു. . മേനക, പത്മ, സവിത, സരിത, സംഗീത, കവിത, ഷേണായീസ്, ലിറ്റില്‍ ഷേണായീസ് എല്ലാ തിയേറ്റരിലും ഞങ്ങള്‍  ശനിയും ഞായറും  ചിലവഴിച്ചു.  പുല്ലേപ്പടിയിലുമുണ്ടായിരുന്നു രണ്ടു  തിയേറ്റര്‍ .. അവിടെയും നല്ല പടമുണ്ടെങ്കിൽ പോകും..അന്നുമിന്നും എനിക്ക് സിനിമ കാണാന്‍ വളരെ  ഇഷ്ടമാണ്.  ഇന്ന് പക്ഷേ  ചില നടീനടന്മാരെ, ചില സംവിധായകരെയൊക്കെ നോക്കി സെലക്ട് ചെയ്തു കാണുന്നതാണ്  ഇഷ്ടം.  അന്ന്  അങ്ങനെയല്ല. ഏതുപടവും കാണും. ധാരാളം  ഇംഗ്ലീഷ് ഹൊറര്‍ മൂവീസ് കണ്ടു. .

അങ്ങനെ ഒരു ദിവസം കാണാന്‍ പോയത് ശ്രീധര്‍ തിയേറ്റരിൽ   എക്സോസിസ്റ്റ്  എന്ന പടമായിരുന്നു..പോകുന്നത് ശ്രീധറിലേക്കാണെന്നു പറഞ്ഞപ്പോൾ വിശ്വേട്ടന്റെ കൂട്ടുകാരൻ ഭുവനദാസ് പറഞ്ഞു,
"ഡാ അതു വല്ലാതെ ഹൊറര്‍ ആണേ. ആ പെങ്കൊച്ചു പേടിച്ചു പോകും. ചിലര്‍ക്ക് ഹാർട്ട് അറ്റാക്ക് വരെ വന്നു  എന്നുകേട്ടു..വേറെ ഏതേലും പടത്തിനു പോയ്ക്കോ.."
"ഏയ് അവൾക്ക് ഹൊറര്‍ സിനിമയൊക്കെ ഇഷ്ടമാണ്.  എപ്പോഴും കാണുന്നതല്ലേ." എന്നു പറഞ്ഞു ഞങ്ങള്‍  ശ്രീധറിലേക്കുതന്നെ വച്ചു പിടിച്ചു.  പടംകണ്ടുകൊണ്ടിരുന്നപ്പോൾ ആ പ്രതിമ കിട്ടുന്ന   ഭാഗമൊക്കെ വിശ്വേട്ടൻ വിവരിച്ചു തന്നു. പൂവുപോലൊരു കൊച്ചുകുട്ടി..  ഒടുവില്‍  കുട്ടിയ്ക്ക് പ്രേതബാധയേറ്റശേഷമുള്ള മുഖവും ശബ്ദവും നോട്ടവുംഅലർച്ചയുംഒക്കെ കണ്ടതോടെ ധൈര്യം ചോർന്നു.. എന്റെ ഹാർട്ട് വല്ലാതെ മിടിച്ചു തുടങ്ങി. .തലച്ചോറിൽ പോലും പേടിനിറഞ്ഞു.  ആ പേടി മാറാന്‍ വരുംവഴി വഴിയില്‍ കളമശ്ശേരി പ്രീതിയില്‍ കയറി.  അവിടെനിന്ന് കണ്ടത് കമലഹാസന്റെ വയനാടന്‍ തമ്പാന്‍. . അതും ഹൊറര്‍. .പോരേ പൂരം.?

മുറിയില്‍ തിരിച്ചു വന്നപ്പോൾ എനിക്ക് വിശ്വേട്ടൻടെ സാമീപ്യം പോലും പേടിയായി..എന്റെ പുറകില്‍ കൂടി ആരെങ്കിലും(പ്രേതം) വരുമെന്ന് പേടിച്ചു ഞാന്‍ ചുമരില്‍ ചാരിയിരുന്നു. മുന്നിലൂടെ വരുന്നവരെ കാണാമല്ലോ..ഉറങ്ങാതെ അങ്ങനെയിരുന്നു നേരംവെളുപ്പിച്ചു..

പിറ്റേന്ന് കോതമംഗലത്തേക്ക് വിശ്വേട്ടൻ കൂടെ വന്നു. ഞാന്‍ തനിച്ചല്ലേയവിടെ .. അവിടെനിന്നു പേടിച്ചു കരഞ്ഞാലോ.. ആ വീട്ടില്‍ ചെന്നപ്പോൾ വിശ്വേട്ടൻ എല്ലാരോടും ഞാൻ   സിനിമ കണ്ടു പേടിച്ചകഥ പറഞ്ഞു ചിരിച്ചു.   അവിടത്തെ അപ്പാപ്പന് എന്നെ വല്യ സ്നേഹമാണ്. . അദ്ദേഹത്തെ കണ്ടു വീണ്ടും എനിക്ക് പേടിയായി. .വെളുത്തുചൊകന്ന് തലമുഴുവൻ നരച്ച  അപ്പാപ്പനെ കണ്ടപ്പോൾ വീണ്ടും എനിക്ക്  ആ സിനിമയില്‍ കണ്ട  പാതിരിമാരെയൊക്കെ ഓർമ്മ വന്നു. .പിറ്റേന്നു എന്നെയും കൊണ്ട് വിശ്വേട്ടൻ  ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പോയി..ഞാന്‍  ദേവിയെ കാണുന്നത് എന്റെ സ്വന്തം  അമ്മയുടെ രൂപത്തിലാണെന്ന് വിശ്വേട്ടനറിയാം..അവിടെ ചെന്ന്  ഞാന്‍ കുറെ കരഞ്ഞു. . അമ്മയോട് മനസ്സിൽ എന്റെ വിഷമം  പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാപേടിയും മാറി ഞങ്ങള്‍ തിരിച്ചു പോന്നു.

അങ്ങനെയൊക്കെയാണ്  എന്റെ ജീവിതം  അതുവരെ കാണാത്തൊരു നാട്ടില്‍ വേരുപിടിച്ചു തുടങ്ങിയത്.
.മഴയോർമ്മകൾ (ഭാഗം6)

വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോൾ രാത്രി എട്ടുമണിയായി.  വന്നുകയറുമ്പോൾ റേഡിയോ പാടിക്കൊണ്ടിരുന്നത്   യേശുദാസിന്റെ," മംഗളം നേരുന്നു ഞാന്‍ മനസ്വിനി..മംഗളം നേരുന്നു ഞാന്‍. ."എന്നതായിരുന്നു ആ പാട്ട് എന്നു ഞാൻ നന്നായി ഓർക്കുന്നു.. ആരാവും എനിക്ക് മംഗളം നേർന്നിരിക്കുക.. ആവോ..

വധുവിനെ കൈപിടിച്ച് കയറ്റാൻ അമ്മ പുറത്തേക്കു വന്നില്ല. വിശ്വേട്ടന്റെ അച്ഛന്റെ  ഏട്ടന്റെ മൂത്ത മകന്റെ ഭാര്യയാണ് എന്നെ കൈപിടിച്ചു കയറ്റിയത്. മനസ്സില്‍  അതു വല്ലാത്ത വിഷമമുണ്ടാക്കി. പിന്നീട് അമ്മ പറഞ്ഞു  വിധവയായ സ്ത്രീ വധുവിനെ എതിരേല്ക്കുന്നതു നല്ലതല്ലെന്നു കരുതിയാണ് ഭാർഗ്ഗവിയേച്ചിയെക്കൊണ്ടു ചെയ്യിച്ചത് എന്ന്. അന്ന് അവർ പ്രസവിച്ചിട്ടു ആറു മാസമായിട്ടേയുണ്ടായിരുന്നുള്ളൂ. ആ മോൻ അനിൽ ഇന്ന് എന്റെ മക്കൾക്ക്‌ സ്നേഹമുള്ള ഏട്ടനാണ്.  ഭാർഗവിയേച്ചിയും കുട്ടികളും ഇന്നും എനിക്കും എന്റെ മക്കൾക്കും സ്വന്തമാണ്.


അമ്മയുടെ  ആങ്ങളയുടെ സുന്ദരിയായ മകളെ വിശ്വേട്ടനെക്കൊണ്ടു കല്യാണം കഴിപ്പിക്കാന്‍ അമ്മയ്ക്ക് മോഹമുണ്ടായിരുന്നു, അതുനടക്കാത്ത വിഷമമാകുമെന്നാണ് ഞാന്‍  ആദ്യം കരുതിയത്. പക്ഷേ  ആ വീട്ടിലേക്കാണ് വിവാഹശേഷം ആദ്യം തന്നെ  എന്നെയും വിശ്വേട്ടനെയും ക്ഷണിച്ചത്. അവിടത്തെ അതിസുന്ദരിയായ അമ്മായി എന്നെ കൈപിടിച്ചു  അകത്തുകൊണ്ടുപോയി നിലവിളക്കുകൊളുത്തിയതിനു മുന്നിലിരുത്തി തലയില്‍  അരിയും പൂവുമിട്ടു പ്രാർത്ഥിക്കുകയുമൊക്കെ ചെയ്തു.

ദിവസങ്ങൾക്കകം അമ്മയുടെ താല്പര്യക്കുറവൊക്കെ മാറി എന്നോട് വളരെ സ്നേഹത്തോടെ പെരുമാറിത്തുടങ്ങി.. ഇവിടുത്തെ കുമാരിയെപ്പോലെ ഭംഗിയായി സാരിയുടുക്കുന്നവർ ഈ പ്രദേശത്തില്ല എന്നൊക്കെ അയൽക്കാരോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

    അമ്മയില്ലാത്ത എനിക്ക്  കല്യാണം കഴിഞ്ഞപ്പോൾ   രണ്ട്  അമ്മമാരെകിട്ടി.  അമ്മയുംമൂത്തമ്മയും  (വിശ്വേട്ടന്ടെ അച്ഛന്റെ പെങ്ങൾ). മൂത്തമ്മയ്ക്ക് വിശ്വേട്ടനെ വലിയ സ്നേഹമായിരുന്നു. അതേപോലെതന്നെ എന്നെയും ഒരുപാട് ഇഷ്ടമായിരുന്നു. കല്യാണദിവസം എന്റെ വീട്ടില്‍ നിന്നു വന്നവര്‍ തിരിച്ചു പോകുമ്പോള്‍ വിഷമത്തോടെ നിന്ന എന്റെ വല്യേട്ടനോട്," നിങ്ങള്‍ വിഷമിക്കാതെ പോകൂ. അവൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും വരാതെ ഞാന്‍ നോക്കു"മെന്നു സമാധാനിപ്പിച്ചതു മൂത്തമ്മയായിരുന്നു.

ഈ വീട്ടില്‍വന്നപ്പോൾ അനിയന്മാരില്ലാത്ത എനിക്ക് മൂന്ന് അനിയന്മാരെ കിട്ടി.  അനിയത്തിയില്ലാത്ത സങ്കടം തീർക്കാൻ ഒരു അനിയത്തിയെ കിട്ടി.  അച്ഛന്റെ സ്നേഹം അനുഭവിക്കാൻ യോഗമില്ലാത്തതുകൊണ്ടാവാം അവിടെയും ഇവിടെയും  അച്ഛനെ കിട്ടിയില്ല.

കല്യാണത്തിൽ പങ്കെടുക്കാനെത്തിയ  എന്റെ ഓഫീസർ വിശ്വേട്ടനോടു ," നളിനകുമാരിയെ അധികം ലീവെടുപ്പിക്കാതെ ഓഫീസിലേക്ക് അയച്ചേക്കണേന്നു" പറഞ്ഞതുകൊണ്ട് ഒരാഴ്ചത്തെ ലീവ് കഴിഞ്ഞ് വിശ്വേട്ടന്റെ വീട്ടില്‍ നിന്ന് ഞാന്‍  ഓഫീസില്‍ പോയിത്തുടങ്ങി.

അമ്മ രാവിലെ തന്നെ ചോറും കറികളുമുണ്ടാക്കി പാത്രത്തിലാക്കിത്തരും. ഞാൻ കുളിച്ചുവന്ന്  പോകാനൊരുങ്ങുമ്പോഴേക്കും രണ്ടാമത്തെ അനിയൻ  മണിഎന്നുവിളിക്കുന്ന പ്രകാശ് നിരവധി പൂക്കള്‍ വിടർന്നുനില്ക്കുന്ന അവന്റെ പനിനീർത്തോട്ടത്തിൽനിന്ന് ഓരോ പൂക്കള്‍ ദിവസേന  എനിക്ക് മുടിയിൽചൂടാനായി കൊണ്ടു തരും.  അവൻതന്നെയാണ് വൈകീട്ട്  എന്നെയും കാത്ത് റെയില്‍വേസ്റ്റേഷനിൽ വന്നുനില്ക്കുന്നതും എന്നെ വീട്ടില്‍ കൊണ്ടുപോയാക്കുന്നതും..
ഞങ്ങള്‍  എവിടെ പോകുകയാണെങ്കിലും അവനുംകൂടെയുണ്ടാവും. ചിലര്‍ ഞങ്ങളെ രാമലക്ഷ്മണന്മാരും സീതയുമെന്നു കളിയായി പറയുമായിരുന്നു. മണിയാണ് അന്നും ഇന്നും കുടുംബത്തിലെല്ലാരുമായി ഏറ്റവും അടുപ്പംസൂക്ഷിക്കുന്നത്.

വിശ്വേട്ടന്റെ തൊട്ടു ഇളയയാൾ ഉണ്ണിയെന്നു ഞങ്ങൾ വിളിക്കുന്ന രാമനാഥൻ  ഒരു പഞ്ചപാവമാണ്.  അവൻ അന്ന് മൈസൂരിലായിരുന്നു.
മൂന്നാമത്തെ അനിയൻ ശശിധരൻ അന്നും ഇന്നും ആരോടും അധികം അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ്.

ഏറ്റവും ഇളയതാണ് പെങ്ങൾ ശൈലജ . ധാരാളം തലമുടിയുള്ള സുന്ദരിയായ പെൺകുട്ടി. ഒഴിവുദിവസങ്ങളിൽ അവളുടെ തലമുടിയിൽ എണ്ണപുരട്ടി ചെമ്പരത്തിയിലയുടെ താളിയുണ്ടാക്കി കുളിപ്പിക്കലായിരുന്നു എന്റെ പ്രധാനവിനോദം.
ആദ്യമായി കുളത്തിലിറങ്ങിയതും നീന്തല്‍ പഠിച്ചതും അവളോടൊപ്പമായിരുന്നു.

എന്റെ വീട്ടിലെ ചുറ്റുപാടും വിശ്വേട്ടന്റെ വീട്ടിലെ ചുറ്റുപാടും തമ്മില്‍ ഒരു പാടു വ്യത്യാസമുണ്ടായിരുന്നു. എന്റെ വീട്ടില്‍ പുരുഷാധിപത്യമായിരുന്നു. അച്ഛന്റെ കാലശേഷം വല്യേട്ടൻ പറയുന്നതിനപ്പുറം ആരും  നടക്കില്ല.  അമ്മ  ഒരു ശബ്ദവുമില്ലാതെ അടുക്കളയിൽ തീർത്താൽതീരാത്ത ജോലിയുമായി  ഒതുങ്ങുന്ന സ്വഭാവമായിരുന്നു.  എന്റെ  എന്തെങ്കിലും ആവശ്യം വല്യേട്ടനോടു പറയാന്‍ ഞാന്‍ അമ്മയെ നിർബന്ധിക്കും. പേടിച്ചുപേടിച്ചാണ് അമ്മയും ആവശ്യങ്ങള്‍ പറയുന്നത്. 

ഞങ്ങളുടെ വീട്ടില്‍ സ്ത്രീകളുടെ ശബ്ദം  ചുവരു കേൾക്കരുതെന്ന നിയമമുണ്ടായിരുന്നു. ഏട്ടന്മാരു തമ്മിലും കളിതമാശയോ പൊട്ടിച്ചിരിയോ ഉണ്ടായിരുന്നില്ല. ആകെ ഗൗരവമുള്ള  തണുത്തുറഞ്ഞ അന്തരീക്ഷം. .
ആദ്യമായി വല്യേട്ടന്റെ മുന്നിൽ വിറയ്ക്കാതെ നിന്നത് കല്യാണപ്പിറ്റേന്ന്  വിരുന്ന് വന്നപ്പോഴായിരുന്നു.  അന്ന് വരന്റെ വീട്ടില്‍ നിന്ന് വന്നവർ എന്റെകൂടെയുണ്ടായിരുന്ന ബലംകൊണ്ടാവാംആ ധൈര്യം കിട്ടിയത്.

വിശ്വേട്ടന്റെ വീട്ടില്‍ നേരെ തിരിച്ചാണ് . അവിടെ സഹോദരന്മാരും അമ്മയും  കൂട്ടുകാരെപ്പോലെയായിരുന്നു. അവര്‍  തമാശപറഞ്ഞു പൊട്ടിച്ചിരിക്കും. ആങ്ങളമാർ പെങ്ങളുടെ മുടിചീകിക്കൊടുക്കും.  ഉച്ചത്തില്‍ സംസാരിക്കും. അമ്മ  ദേഷ്യം വന്നാല്‍ ആൺമക്കളെ ശകാരിക്കും. ആകെ പ്രസന്നതയുള്ള അന്തരീക്ഷമായിരുന്നു.
ഞാന്‍  സന്തോഷത്തോടെ ശ്വാസം കഴിച്ചത് വിശ്വേട്ടന്റെ വീട്ടില്‍ വന്നശേഷമാണെന്നു പറയാം.
മഴയോർമ്മകൾ ഭാഗം5

നവരാത്രി കാലങ്ങൾ എന്നും എനിക്ക് ആഹ്ളാദം നിറഞ്ഞവയായിരുന്നു.

അവലും പഴവും ശർക്കരയും ഇളനീരും പിന്നെ, കല്ലിലരച്ചെടുത്ത ചന്ദനത്തിന്റെ സ്ഥലകാലബോധം മറന്നുപോകുന്ന  മോഹിപ്പിക്കുന്ന ഗന്ധവും..അതാണ് എനിക്കു നവരാത്രി.

 കീറിയെടുത്ത വാഴയില നെറ്റിയിൽവച്ചാണ് അമ്മ ഇലക്കുറി തൊടുവിക്കുക.
അമ്മയുടെ നനഞ്ഞ കൈയും
ചുണ്ടിലുതിരുന്ന ശ്ലോകങ്ങളും  ചന്ദനത്തിന്റെ മണവും മുഖത്തോടടുക്കുമ്പോൾ
ഒരു പ്രത്യേക അനുഭൂതിയായിരുന്നു. 

ഒരു വിദ്യാരംഭദിവസം  സ്കൂളിൽ നിന്നും തിരിച്ചു വന്നപ്പോൾ നല്ല മഴയായിരുന്നു. ഒതുക്കുകല്ലിന്നരികെ ഏട്ടന്മാരുടെ ചെരിപ്പല്ലാതെ വേറൊരു ചെരിപ്പും  നനഞ്ഞ ഒരു കുടയുംകണ്ടു, വിരുന്നുവന്നത് ആരെന്നറിയാനായി അകത്തേക്കു  ഓടിച്ചെന്നപ്പോൾ പരിചയമില്ലാത്തൊരാൾ കുഞ്ഞേട്ടനൊപ്പമിരിക്കുന്നു. 

"നീ എത്തിയോ ?  വാ  ഇങ്ങോട്ട് വാ. നീ ഈയാളെ അറിയ്യോ" കുഞ്ഞേട്ടൻ വിളിച്ചിട്ടും മടിച്ചുനിന്നു.

അമ്മ പറഞ്ഞു" നാണിക്കേണ്ട. കുഞ്ഞേട്ടന്റെ കൂട്ടുകാരനാ.."

ശാന്തമായ കണ്ണുകൾ, പുഞ്ചിരി ഒളിച്ചു വച്ച ഇളംചുവപ്പ്നിറമുള്ള   ചുണ്ടുകൾ, നീണ്ട മൂക്ക്, വാർന്നെടുത്തപോലെ സുന്ദരമായ മുഖം .  കിരീടംവച്ചതുപോലെ  ചീകിവച്ച സമൃദ്ധമായ   മുടി.
 ആളെ നോക്കിക്കാണുകയായിരുന്നു ഞാൻ.

"നീയെന്താ മോളെ  ഇങ്ങനെ നോക്കുന്നത്.?"

ഞാന്‍ മിണ്ടാതെ നിന്നപ്പോൾ

 എന്റെ കൈയിൽ പിടിച്ച് അടുത്ത് ചേർത്ത് നിർത്തി സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചു . 
പിന്നെ ഞങ്ങൾ സംസാരിച്ചുതുടങ്ങി...
നിർത്താതെ..

"എനിക്ക് ഒരു അനിയത്തിയെ ഈശ്വരന്‍ തന്നില്ല, ഇവളെന്റെയുംകൂടിയാ"ണെന്നു പറഞ്ഞയാൾ ,

എന്റെ ഏട്ടന്മാരെക്കാൾ ഞാൻ സ്നേഹിച്ച എന്റെ വിശ്വേട്ടൻ..

പിന്നീട് ---


സൈക്കിളിൽ മുന്നിലെ ബേബിസീറ്റിലിരുത്തി
ഡാൻസ് ക്ലാസ്സിൽ കൊണ്ടുപോയതും,

അകലെയുള്ള അമ്പലത്തിൽ ഉത്സവത്തിനുപോയി വരുമ്പോള്‍ പലനിറത്തിലുള്ള കുപ്പിവളകൾ കൊണ്ടു വന്നു കൈനിറയെ  ഇട്ടുതന്നതും,

പിന്നീട് ഒരു അനിയത്തി ജനിച്ചശേഷം അവളെയുമെടുത്ത് വീട്ടില്‍ കൊണ്ടുവന്നു പരിചയപ്പെടുത്തിയതും  ഈയാളുതന്നെ.

ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ സയൻസ് എക്സിബിഷനുവേണ്ടി ഒരുപാട് ചിത്രങ്ങൾ വരച്ചു തന്നതും,

നല്ല പെയിന്റിങ്ങുകൾ എന്നു ടീച്ചര്‍മാരു നോക്കിയാസ്വദിക്കുമ്പോൾ, "എന്റെ ഏട്ടനാ അതു വരച്ചതെന്നു " പറഞ്ഞു ഞാന്‍  അഭിമാനിച്ചതും ഈയൊരാൾകാരണം.

പ്രീഡിഗ്രി ക്ലാസ്സിലായിരുന്നപ്പോൾ എന്റെ തലയിൽ  കയറാത്ത ലോഗരിതം എന്നെ പഠിപ്പിച്ചതും,

കോളേജിൽ നിന്ന് തിരിച്ചു വരുമ്പോൾ ട്രെയിൻ വൈകിയ ഒരു ദിവസം നേരം ഇരുട്ടിവരുന്നതോർത്തു വിഷമിച്ചപ്പോൾ പേടിക്കണ്ടെന്നു ധൈര്യം തന്നതും, അഞ്ചാറു കിലോമീറ്റർ കൂടെനടന്നു  വീട്ടിൽ എത്തിച്ചതും,

കോളേജില്‍ വച്ച്  മഴ നനഞ്ഞോടിയപ്പോൾ പട്ടുപാവാട കീറിപ്പോയ കാര്യംകേട്ട്  ഇനിയും നടന്നാല്‍ കൂടുതല്‍ കീറിപ്പോവുമെന്നു പറഞ്ഞു  സൈക്കിളിൽ വീട്ടില്‍കൊണ്ടുവിട്ടതും,

ആദ്യമായി(അവസാനമായും) ഒരിക്കല്‍  ഉച്ചയ്ക്ക് വീണുകിട്ടിയ അവധിയാസ്വദിക്കാൻ  കൂട്ടുകാരോടൊപ്പം ഞാനും സിനിമാ കാണാൻ പോയ ദിവസം..
എന്നെത്തിരഞ്ഞു വന്ന ക്ഷിപ്രകോപിയായ ഭുവനേട്ടനോടു ട്രെയിൻ മിസ്സായതുകൊണ്ടാണ് വീട്ടിൽ എത്താൻ വൈകിയത് എന്ന് കളവുപറഞ്ഞ് എന്നെ അടി കിട്ടാതെ  രക്ഷപ്പെടുത്തീയതും
ഈയൊരാൾതന്നെ.

Fact യിൽ ജോലിക്ക് ചേരാൻ പോകുമ്പോൾ "മോള് ആഴ്ചയിൽ ഒരു കത്തെങ്കിലും വിശ്വേട്ടന് എഴുതിയിടണം കേട്ടോ "എന്നുപറഞ്ഞു യാത്ര ചോദിച്ചു പോയശേഷം...

കോളേജില്‍ സീനിയര്‍ ക്ലാസ്സിൽ പഠിക്കുന്ന ഒരാള്‍ ലൈബ്രറിയിൽ വച്ചു ആരുംകാണാതെ എനിക്ക് തന്ന പ്രേമലേഖനം ഒരു കവറിലിട്ട് ജോലിസ്ഥലത്തേക്ക് ഞാൻ  തപാലിലയച്ചുകൊടുത്തു , ആ ഇഷ്ടം ശരിയോതെറ്റോന്ന് ഉപദേശം തേടിയപ്പോൾ  "ഏട്ടന്മാരിതു സമ്മതിക്കുമെന്നു തോന്നുന്നില്ലെടീ "യെന്നു വിലക്കിയതും  ഈയാളായിരുന്നു.

 ഒരു മഴയത്ത് കോളേജില്‍ വഴുതിവീണുകൈയൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നത്  അറിയിക്കാതിരുന്നതിനു  ദേഷ്യപ്പെട്ടു എനിക്ക്  കത്തെഴുതിയതും,

മലയാളനാടിൽ ഞാനെഴുതിയ  കഥ വായിച്ചു  "പ്രണയമാണു വിഷയം ഈ പെണ്ണും മാധവിക്കുട്ടിയെപ്പോലെ  എഴുതുന്നെന്നു കൂട്ടുകാർ പറഞ്ഞു  "എന്നെന്നെ എഴുതാൻ നിരുത്സാഹപ്പെടുത്തിയതും,

പിന്നീട് കൂടെ ജോലിചെയ്യുന്ന അതിസുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ  അയച്ചുതന്ന്,
"മോൾക്ക് ഇഷ്ടായോ ഈ ചേച്ചിയെ.." എന്നു അന്വേഷിച്ചതും,

ഒരു വര്‍ഷം കഴിഞ്ഞ്  ആ സ്ത്രീയുടെ  കല്യാണം വേറൊരാളുമായി നടന്നപ്പോൾ നിരാശാകാമുകനായി  കുറെനാൾ അലഞ്ഞുനടന്നതും  ഈയൊരാൾതന്നെ.

വീണ്ടും മൂന്നുവർഷങ്ങൾ കൊഴിഞ്ഞുവീണപ്പോൾ
എനിക്ക് ജോലികിട്ടിയതറിഞ്ഞു,  അനിയത്തിയെക്കൂട്ടി വീട്ടില്‍ വന്നതും അവരുപോകുമ്പോൾ യാത്രയാക്കാനായി  കൂടെച്ചെന്ന എന്നെ പടിപ്പുരകടക്കുമ്പോൾ പിടിച്ചു നിര്‍ത്തി,
"ജോലികിട്ടിയതിന് എന്റെ സമ്മാനമെന്നു"പറഞ്ഞ് 
ഒരുമ്മതന്നതും പകച്ചുപോയ എന്നെ തിരിഞ്ഞു നോക്കാതെ അനിയത്തിയുടെ കൈയില്‍ പിടിച്ച് നടന്നു പോയതും മറക്കുവതെങ്ങനെ...

എനിക്ക് കല്യാണാലോചന വന്നതറിയിച്ചപ്പോൾ "ഞാനുംകൂടെ വന്നിട്ടു തീരുമാനിക്കാ"മെന്ന് കുഞ്ഞേട്ടന് എഴുതിയതും,
ചെറുക്കനെ കണ്ടപ്പോൾ," മോൾക്ക് നല്ല ഹൈറ്റല്ലേ..അവൾ വലുതായാൽ വണ്ണം വെച്ചാലോ  . They are not physically match." എന്നു പറഞ്ഞതും ഈയൊരാൾതന്നെ.

ആങ്ങളമാർക്കില്ലാത്ത നിർബന്ധം  ഇവനെന്തിന് എന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞു  പ്രശ്നമായപ്പോൾ..

 വല്യേന്റെ മുന്നില്‍ ചെന്നുനിന്ന്
" അവളെ എനിക്ക് വിവാഹം കഴിച്ചു തരാമോ"എന്നു ചോദിച്ചതും,

പകച്ചുപോയ വല്യേട്ടൻ കടമകളിൽനിന്നു  രക്ഷപ്പെടാനായി 
 "അവൾക്ക് ജോലികിട്ടിയിട്ടു ആറുമാസമായല്ലേ ആയുള്ളൂ.  രണ്ടുമൂന്നു വർഷം കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം "എന്ന് പറഞ്ഞപ്പോൾ

"പണവും സ്വർണ്ണവുമൊന്നും വല്യേട്ടൻ ചിലവാക്കേണ്ട. കല്യാണത്തിന് കൈപിടിച്ചു തന്നാൽ മതി"യെന്ന് പറഞ്ഞതും,

"എങ്കിൽ നിങ്ങൾ രെജിസ്റ്റർ മാരിയേജ് ചെയ്തോളൂ "എന്ന വല്യേട്ടനോട്,

"അതുപറ്റില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും ഫ്രണ്ട്സും സഹപ്രവർത്തകരുമില്ലേ. അവരെയൊക്കെ ക്ഷണിക്കേണ്ടേ. അമ്പലത്തിൽ വെച്ചു കല്യാണം കഴിക്കുന്നതാണ് ശരി "എന്നുപറഞ്ഞതും

ഗുരുവായൂരിൽവച്ച് ഒക്ടോബര്‍ പതിനാലിന് മോതിരംമാറി, 
മനസ്സിലെ ചിന്താക്കുഴപ്പങ്ങൾ  മാറ്റാനായി
ആറുമാസത്തെ ഇടവേള തന്നതും

പൊന്നുംപണവുംവേണ്ടെന്നു പറഞ്ഞ്,
നല്ല ദിവസംനോക്കാതെ,  രാഹുകാലംനോക്കാതെ,
 'കുംഭ'മാസത്തിലെ ഞായറാഴ്ച 
'വൈകുന്നേരം നാലരമണിക്ക്'
കോഴിക്കോട് ശിവക്ഷേത്രത്തിലെ ഹാളില്‍വച്ചു നടത്തണമെന്നു തീരുമാനിച്ചു ക്ഷണക്കത്ത് അച്ചടിപ്പിച്ച് എല്ലാവരെയും ക്ഷണിക്കാൻ മുൻകൈയ്യെടുത്തതും ,

രണ്ടു വീട്ടുകാരുടെയും
ബന്ധുക്കളുടെയും അർദ്ധസമ്മതത്തോടെ,

 സ്വന്തം  അനിയന്മാരുടെയും അനിയത്തിയുടെയും പൂർണ്ണസമ്മതത്തോടെ

അയല്ക്കാരുടെയും  രണ്ടു പേരുടെ ജോലിസ്ഥലത്തുള്ളവരുടെയും  സമക്ഷത്തിൽ                  ജീവിതത്തിലേക്കു ചേർത്തുനിർത്തിയതും  അന്നത്തെ  ആ സുന്ദരകില്ലാടിതന്നെ..

ഇതൊക്കെ ഇങ്ങനെ വേണം എന്ന്   ദൈവം അന്നേ കരുതിവച്ചതാവണം.

മഴയോർമ്മകൾ. .ഭാഗം..4
         ----------''''''''''''''------------
"തുടരെ മൂന്നു ദീസം തുള്ളിമുറിയാതെയാ അന്ന്  മഴപെയ്തത്.  ഞാന്‍ മാത്രേള്ളൂ  പേറ്റുപൊരേല് നെന്റമ്മേടടുത്ത്. ന്തൊരു മഴയാ . മിഥുനമാസം പാതിയായേള്ളൂ. മഴകാരണം വയലിലും പറമ്പിലും പണീല്ല. പൊറത്തെ പണിക്കാരൊക്കെ അവനോന്റെ പൊരേല് പോയി. പേറ്റിച്ചിയെ വിളിക്കാൻ പോലും ആരൂല്ല. ഉച്ച കഴിഞ്ഞനേരം, ഒടുവിൽ  ന്റെ കയ്യിലേക്കാ ഞ്ഞി വന്നത്. പെങ്കുട്ട്യാന്ന് അറിഞ്ഞപ്പോ എന്താരുന്നു  എല്ലാരുടെയും സന്തോഷം. .. "


ചീരുവമ്മ മഴപെയ്യുന്നപോലെ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.  ഇത്  എന്നെ കാണുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ്. 
ഞാന്‍  ഭൂജാതയായതു ചീരുവമ്മയുടെ സഹായത്താലാണെന്ന ഓർമ്മപ്പെടുത്തലാണത്.  എന്തെങ്കിലും കാര്യമായി കൊടുക്കണം. പണമായാൽ മാത്രം പോര, തുണിയും വേണം. എന്നാലേ മുഖം തെളിയൂ. 

വീട്ടില്‍  പണ്ടുപണ്ടേയുള്ള സ്ഥിരം ജോലിക്കാരായിരുന്നു ആ കുടുംബം.  അച്ഛൻ തറവാട്ടുകാരണവരായിരുന്ന കാലം. അന്ന് കണ്ണെത്താദൂരത്തോളം നെൽകൃഷിയും അനവധി സ്ഥലങ്ങളിലായി തെങ്ങിന്തോട്ടങ്ങളും ഉണ്ടായിരുന്ന കാലം... കുറെയേറെ കുടുംബങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും സ്ഥിരംജോലിക്കാരായി ഉണ്ടായിരുന്ന കാലം.

അന്ന് അച്ഛന്റെ സഹായിയായി കൂടെയെപ്പോഴും ചന്തുവച്ചൻ  കാണും..
വയലിലെ പണിക്കും ഞാറു നടാനും നെല്ലു കൊയ്യാനുമുള്ള സ്ഥിരം ആളുകളെ ഓർമ്മപ്പെടുത്താനും ചാണകവും തോലുമിടീക്കാനും പലസ്ഥലത്തുമുള്ള തൊടികളിൽ തേങ്ങയിടാൻ നേരമായാൽ പണിക്കാരെ വിളിച്ചു   കൂടെനടന്ന് തേങ്ങ പെറുക്കിക്കൂട്ടാനും അവിടെനിന്ന് അതെല്ലാം വീട്ടിലെത്തിക്കാനുമൊക്കെ ചന്തുവച്ചൻ  തന്നെയാണ്‌  ഉത്സാഹിക്കുന്നത്.

അച്ഛന് ഇടക്കിടെ ശിക്കാറിനു പോകുന്ന സ്വഭാവമുണ്ട്. അപ്പോള്‍  തോക്കുകളും അതിനുവേണ്ടതായ അനുസാരികളുമായി കാടുകയറാനും കൂടെയുണ്ടാവുക ഇയാള്‍തന്നെയാണ്.
ചന്തുവച്ചനും  ചീരുവമ്മയും  അച്ഛൻ കൊടുത്ത രണ്ടേക്കർ പറമ്പില്‍ വീടുവച്ചു താമസിക്കുകയാണ്.  വയലില്‍ പണിചെയ്യാൻ സ്ഥിരമുണ്ടായിരുന്ന കുടുംബങ്ങൾക്കെല്ലാം വീടുവെക്കാൻ അച്ഛൻ സ്ഥലം കൊടുത്തിരുന്നു. കുടികിടപ്പ്  പത്തുസെന്റു  എന്ന് പിന്നീട്  നിലവില്‍ വന്ന കണക്കൊന്നും അച്ഛന്‍ നോക്കിയിരുന്നില്ല, ചിലർക്കു  അതിലുമെത്രയോ കൂടുതലുണ്ടായിരുന്നു. അതായത് അവർ പുരവച്ചു താമസിച്ചുകൊണ്ടിരുന്ന  സ്ഥലം അതേപോലെ അവരുടെ പേരിലാക്കി കൊടുത്തതാണ്.
ആ സ്ഥലങ്ങളിൽ സ്ഥിരോത്സാഹികളായ അവര്‍  ഒരിഞ്ച് വിടാതെ ഓരോരോ കൃഷിചെയ്തു പൂങ്കാവനം പോലെയാക്കിയിരുന്നു.

(പിന്നീട് അച്ഛന്റെ മരണശേഷം,  തറവാട്ടിലെ കാരണവരായിവന്ന  അച്ഛന്റെ  മരുമകന്‍ അവരുടെയെല്ലാം വീടുകള്‍ പൊളിച്ചു മാറ്റി ദൂരെ പാറകള്‍ നിറഞ്ഞയിടത്ത് മൂന്ന് സെന്റ് വീതം എല്ലാവർക്കും  അളന്നുനൽകി.  അവിടെയവർ ഒരു കൃഷിയും ചെയ്യാനാകാതെ സന്തോഷം കെട്ടു ജീവിച്ചുതീർത്തു.)

മിഥുനം കർക്കിടകമാസങ്ങളിൽ അക്കാലത്ത് തോരാത്ത മഴയായിരുന്നു. സ്കൂളില്‍ പോവാനൊന്നും പറ്റില്ല. വീടുമുതൽ സ്കൂള്‍വരെയുള്ള സ്ഥലം മുഴുവൻ  അച്ഛൻ  കൃഷിചെയ്യിച്ചിരുന്ന വയലങ്ങനെ  നീണ്ടുനിവർന്നു പരന്നു കിടക്കുന്നു.  തൊട്ടുതന്നെ പച്ചപ്പട്ടുസാരിയുടെ കസവുബോർഡർപോലെ ഒരു പുഴയൊഴുകുന്നുണ്ട്.  കർക്കിടകമാസത്തിലെ മഴയ്ക്കാണു വെള്ളം കയറിത്തുടങ്ങുന്നത്. അതിനുമുമ്പ് കൊയ്ത്തുകഴിഞ്ഞിരിക്കും. ഒഴിഞ്ഞുകിടക്കുന്ന വയലും പുഴയും അക്കരെ പാടങ്ങളുമെല്ലാം വെള്ളംനിറഞ്ഞ് കടലുപോലെ തോന്നും. അക്കരെപ്പോകാൻ കടത്തുതോണിയല്ലാതെ വേറെയൊരു കൊച്ചുതോണി അച്ഛന്റെ മരുമകന്റെ  വീട്ടുകാർക്കുമാത്രമായുണ്ടായിരുന്നു.

വെള്ളപ്പൊക്കംവന്നാൽ,  ഒരുപാടു നിർബന്ധിച്ചാൽ വല്ലപ്പോഴും    ആ തോണിയിൽ  എന്നെയും കയറ്റി തോണിതുഴയുന്ന ആണ്ടിയെന്നയാൾ കുറെദൂരം കൊണ്ടുപോയി ചുറ്റിയടിച്ചുവരുമായിരുന്നു. വയലെവിടെയായിരുന്നു പുഴയെവിടെതുടങ്ങുന്നു എന്നൊന്നും മനസ്സിലാക്കാനൊക്കില്ല. ചുറ്റും വെള്ളം മാത്രം. . വൻകര കണ്ടുപിടിക്കാനെത്തിയ കൊളമ്പസ്സാണെന്ന ഭാവത്തില്‍  ഞാൻ  സന്തോഷത്തോടെ  തോണിയിലിരിക്കും.

പണ്ടുകാലത്തൊരിക്കൽ,  "ഇതു ഞാന്‍ കണ്ട വയലല്ലേ എവിടെയാണ് വരമ്പുള്ളതെന്നൊക്കെ എനിക്കറിയാം "എന്നു വീമ്പിളക്കി ചന്തുവച്ചൻ  ആ വെള്ളത്തിലിറങ്ങി നടന്നുവെന്നും സ്ഥലമറിയാതെ പുഴയിലെത്തി മുങ്ങിപ്പോയെന്നും തോണിക്കാരൻ ചെന്നു രക്ഷിച്ചുവെന്നുമൊക്കെ ചീരുവമ്മ പറഞ്ഞു കേട്ടിരുന്നു. .

ഇപ്പോൾ അച്ഛനില്ല,  ചന്തുവച്ചനില്ല..  ചീരുവമ്മ വയസ്സായി തലമുടിയൊക്കെ നരച്ചു.   തൂങ്ങിയാടുന്ന മുലകളെ  ഒരു തുണികൊണ്ടുപോലും മറയ്ക്കാതെയാണ്  പണ്ടേ നടക്കുന്നത്.
കേൾവി തീരെ കുറവാണ്.  അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാതെ റേഡിയോ തുറന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കും.
അവരുടെ  ആൺമക്കൾ ഓരോ പണിക്കുപോകുന്നുണ്ട് . എല്ലാവരും കല്യാണം കഴിച്ചു മക്കളുമൊക്കെയായി ആ പുരയിടത്തിലെതന്നെ ഓരോഭാഗത്തു വീടുണ്ടാക്കി താമസമാക്കി. ചീരുവമ്മയോടൊപ്പം  ഇളയമകനും ഭാര്യയുമാണ് താമസിക്കുന്നത്.  അമ്മായിയമ്മപ്പോരില്ലാതെ സ്നേഹത്തോടെ അവർ അവിടെ കഴിയുന്നു.

മഴയോർമ്മകൾ  (ഭാഗം മൂന്ന് )


മഴനൂലുകൾ പെയ്തിറങ്ങുന്ന വഴിയിലൂടെ ആറടിപ്പൊക്കമുള്ള,
വെളുത്തുചുമന്ന ,
കൂട്ടുപുരികമുള്ള,
 ഷേവുചെയ്ത പച്ചഛവിയോടിയ കവിളുകള്ള, മെലിഞ്ഞു സുന്ദരനായ എന്റെ ഏട്ടൻ..
കൂടെ
അഭ്യാസികളുടെ മെയ്യ് വഴക്കമുള്ള ആജാനുബാഹുവായ  എന്റെ  അച്ഛനും. അമാവാസിയും പൗർണ്ണമിയും
ഒരുമിച്ച് വരും പോലെ
പടിപ്പുര കടന്നു ഒന്നു വന്നിരുന്നെങ്കിൽ..!
ഞാൻ പലപ്പോളും വെറുതെയിരുന്ന് സങ്കൽപ്പിക്കും..

അമ്മയും മറ്റുള്ളവരും പറഞ്ഞു കേട്ട്  മനസ്സില്‍ ഉറച്ചു പോയ ആ രൂപങ്ങളൊന്ന് നേരില്‍ കാണാന്‍ ഞാൻ  ഒരുപാട് കൊതിച്ചു ..
ഒരിക്കൽമാത്രം ഒന്ന്  കണ്ടിരുന്നെങ്കിൽ..
ഞാനെത്ര സന്തോഷവതിയായേനെ..!

എന്റെ  ഓർമ്മയില്‍പോലുമില്ലാത്ത
 എന്റെ ഏറ്റവും പ്രിയമുള്ളവർ..
ഒറ്റയടിക്ക് വീടിന്റെ  നെടുംതൂണു മറിഞ്ഞു വീണതുപോലെ .. അവരുടെ നഷ്ടം ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചുകളഞ്ഞത്
അമ്മ പറഞ്ഞു കുറെയൊക്കെ അറിയാം.

 കുടുംബം സുഖലോലുപതയിൽനിന്ന് പെട്ടെന്ന് കഷ്ടപ്പാടിലേക്കു വലിച്ചെറിയപ്പെട്ടത്.. 
എന്നെ പഠിപ്പിക്കാൻപോലും അമ്മ ബുദ്ധിമുട്ടിയത്..

ഓരോ ആവശ്യം പറഞ്ഞു മാഹിയിലെ ഏടത്തിമാരുടെയും ആങ്ങളമാരുടെയും  വീട്ടിലേക്കു,
നെറ്റിയിൽ  പൊട്ടിടാത്ത, 
ആഭരണമില്ലാത്ത,
വെള്ളസാരിയുടുത്ത അമ്മ
എന്റെ കൈക്കുപിടിച്ച്  കയറിച്ചെല്ലുമ്പോൾ 
അമ്മായിമാരുടെ പെരുമാറ്റം
പെട്ടെന്ന് തകിടം മറിയുന്നത്...
നാഥനില്ലാതായപ്പോൾ വിലതാഴ്ത്തപ്പെട്ട അവസ്ഥ..
എല്ലാം അമ്മ പറഞ്ഞു  ഞാൻ കേട്ടിരുന്നു..

എന്തോ കുരുത്തക്കേട് കാണിച്ചതിന്  വല്യമ്മാവൻ തല്ലിയതിന് പിണങ്ങി നാടുവിട്ടു. പട്ടാളത്തിൽ ചേർന്നതാണത്രേ അച്ഛൻ.  നാട്ടിലെ പേരുകേട്ട വൈദ്യന്മാരുടെ കുടുംബം. പ്രസിദ്ധമായ തറവാട്ടിൽ സമ്പന്നതയിൽ ജീവിച്ചു ശീലിച്ചയാൾ അന്യനാട്ടിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടും,
 വൈദ്യവൃത്തിയിൽ നിപുണനായിരുന്നിട്ടും, അമ്മാവന്റെ വരുതിയിലല്ലാതെതന്നെ ജീവിക്കണം എന്നായിരുന്നു അമ്മാവനോടുള്ള പിണക്കം മാറാത്ത ആ മനസ്സിലെ ആഗ്രഹം.അതുകൊണ്ടാണത്രേ  പട്ടാളത്തിൽ തുടർന്നത്..

അച്ഛൻ പട്ടാളത്തിലായിരുന്നപ്പോൾ പണമയച്ചതൊക്കെ  മരുമകന്റെ പേരിൽ.
   
 "എല്ലാം മണ്ണിലിറക്കീ"ട്ടുണ്ടെന്ന മറുപടിക്കത്തു കണ്ട്, 
തിരിച്ചുവരുമ്പോളേക്കും അമ്മാവന്മാരിൽനിന്നും തറവാട്ടുസ്വത്തു കിട്ടിയില്ലേലും  മക്കൾക്കുകൊടുക്കാൻ സ്വയം  അധ്വാനിച്ചുണ്ടാക്കിയ മണ്ണുണ്ടാവും  എന്ന് കരുതിയ കുടുംബസ്നേഹിയായ പട്ടാളക്കാരൻ...

 തിരിച്ചുവന്നപ്പോൾ വാങ്ങിയഭൂമിയെല്ലാം മരുമകന്റെ പേരിൽ.. !

ഒരിക്കലും നാട്ടിൽ കാണാത്ത "കുരുത്തംകെട്ട"വന് തന്റെ ഭാഗം പറയാന്പോലും തറവാട്ടിൽ ആരുമുണ്ടായില്ല. പിന്നെ അമ്മാവന്റെ മരണശേഷം തറവാട്ടുഭരണം കയ്യിലെത്തിയിട്ടും സ്വന്തം മക്കൾക്കായി സ്വരുക്കൂട്ടാതെ തറവാട് "നന്നായിനോക്കിയ ആളെ"ന്ന  ബഹുമതിക്കുവേണ്ടിയായിരുന്നു പിന്നത്തെ ജീവിതം.  സ്വന്തം ഉപജീവനത്തിനുള്ളത് ചികിത്സകൊണ്ട് കിട്ടും.

മരിച്ചുകഴിഞ്ഞപ്പോളാണ് നമുക്കായി ഇവിടെ  ഒന്നുമില്ലെന്ന് അമ്മയും മക്കളും തിരിച്ചറിഞ്ഞത്.
 ഭരണം  ഏറ്റെടുത്ത  മരുമകൻ
"ശവം ദഹിപ്പിക്കും മുൻപ് അമ്മായിയും മക്കളും ഇറങ്ങണമെന്ന് "
ആവശ്യപ്പെടാനും മടികാണിച്ചില്ല.
വല്യേട്ടൻ ശബ്ദമുയർത്താൻ ധൈര്യപ്പെട്ടില്ല.  പക്ഷേ രണ്ടാമത്തെയാൾ, ഭുവനേട്ടൻ ചെറുത്തുനിന്നു. അതിനാൽ താമസിക്കുന്ന രണ്ടേക്കർ പറമ്പിൽനിന്നു ഇറങ്ങിപ്പോകേണ്ടി വന്നില്ല .

അമ്മയുടെ തറവാട്ടിലെ കാരണവന്മാർ മിടുക്കന്മാരായിരുന്നു. സഹോദരിമാരെ സമ്പന്നഗൃഹങ്ങളിലേക്കു വിവാഹംചെയ്തു അയച്ചപ്പോൾ പിന്നെയെല്ലാം അവർ സ്വന്തം മക്കൾക്കായി സംഭരിച്ചു. പെങ്ങന്മാർക്കു ഭാരിച്ച സ്വത്തുള്ള ഭർത്താക്കന്മാരെ  നേടിക്കൊടുത്തിട്ടില്ലേ.. പിന്നെ വേറെന്തു കൊടുക്കണം !
ചുരുക്കത്തിൽ അവിടെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയിൽ ഞങ്ങളുടെ കുടുംബം എത്തിപ്പെട്ടു.

അച്ഛന്റെ വൈദ്യശാലയും കളരിയുമൊക്കെ കുഞ്ഞേട്ടൻ ഏറ്റെടുത്തു  നടത്തി, ഒരു കരപിടിക്കുംവരെ അനുഭവിച്ച ബുദ്ധിമുട്ടുകൾ അതിഭയങ്കരമായിരുന്നത്രെ. ഞാൻ അനുഭവിക്കാൻ പ്രായമായിട്ടില്ലെങ്കിലും വലുതായപ്പോൾ ഒക്കെ പറഞ്ഞുകേട്ടിരുന്നു. .. അന്നൊക്കെ  കാർമേഘങ്ങൾ  ചൊരിഞ്ഞതിനേക്കാൾ കൂടുതല്‍ മഴ വീണത് എന്റെ അമ്മയുടെ കണ്ണില്‍ നിന്നായിരുന്നു.

 പതുക്കെ  ഒക്കെ  മനസ്സിലാക്കിത്തുടങ്ങിയതോടെ   ഒരു പരാതിയുമില്ലാത്ത പാവംകുട്ടിയായി ഞാന്‍  മാറി. ഒരു കാര്യത്തിനും വാശിപിടിക്കില്ല.
എനിക്ക് വിശക്കുന്നു എന്നുപോലും പറയില്ല. 
ഒരു കളിപ്പാട്ടം കണ്ടുകൊതിക്കില്ല..
അമ്മ  ഓലകൊണ്ട് ഉണ്ടാക്കിതരുന്ന  പീപ്പിയും കണ്ണടയും ഒക്കെ  എനിക്കു സന്തോഷം തന്നു. കൊച്ചു മരപ്പലകയെടുത്ത് പാവയെന്നു സങ്കല്പിച്ചു വാവോയെന്നു  താരാട്ടു പാടിയുറക്കി..
ചിരട്ടയിൽ മണ്ണുവാരി ചോറുണ്ടാക്കി.  അങ്ങനെ ഒരു ഏകാന്ത ജീവിയായി .
ധാരാളം മാവും പ്ലാവുംനിറഞ്ഞ പറമ്പില്‍ കയറി
മരത്തണലിൽ മാനംനോക്കിക്കിടക്കുന്നത് എന്റെ വിനോദമായിരുന്നു.. പുസ്തകങ്ങളെ പരിചയപ്പെട്ടപ്പോൾ,  വളരെ ചെറുപ്രായത്തിൽതന്നെ  അമ്മയും, പുസ്തകങ്ങളും മാത്രമായി എന്റെ ലോകം.

എന്നിൽ വരുന്ന മാറ്റങ്ങൾ കുഞ്ഞേട്ടൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.  എന്നെ സന്തോഷിപ്പിക്കാനാവണം  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുടെ നൃത്തവിദ്യാലയത്തിൽ കൊണ്ടുപോയി ചേർത്തു.  ഭരതനാട്യം പഠിച്ചു. കോതമംഗലം വിഷ്ണുക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റം കഴിഞ്ഞപ്പോൾ  മൂത്ത ആങ്ങള ഗോകുൽദാസ്  പറഞ്ഞു

," അവൾ വളർന്നു വരുകയാണ്..  പഠിത്തത്തിന്റെ താല്പര്യം കുറഞ്ഞു പോകും നൃത്തമൊക്കെ മതിയാക്കിക്കോളൂ"

 വല്യേട്ടൻ പറയുന്നതിനപ്പുറം അനിയന്മാർ    ചെയ്യില്ല. അങ്ങനെ  ഡാന്‍സ്പഠിത്തം നിന്നു.

രണ്ടാമത്തെ ഏട്ടൻ ഭുവനദാസ്  അന്ന് മാർക്സിസ്റ്റു പാര്‍ട്ടിയുടെ വലിയ പ്രവർത്തകനായിരുന്നു. ഒരുദിവസം   ഇ.എം.എസ് വരുന്ന ഒരു പരിപാടിക്ക്  ഡാന്‍സ് ചെയ്യണമെന്നു പറഞ്ഞു  എന്നെ കൊണ്ടുപോയി.   ഇ എം എസിനെയൊക്കെ കണ്ടു .  ഡാന്‍സ് ചെയ്തു.. എല്ലാവരും  അഭിനന്ദിച്ചു.. സന്തോഷമായിരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴപെയ്തു. മഴക്കാലമല്ലാത്തതിനാൽ  ഞങ്ങള്‍ കുടയെടുത്തില്ലായിരുന്നു.  നനഞ്ഞൊലിച്ചു  വീട്ടില്‍ വന്നുകയറുമ്പോൾ വല്യേട്ടനുണ്ട് മുമ്പിലിരിക്കുന്നു. 

"എന്താടാ നിന്നെപ്പോലെതന്നെ നിന്റെ   പെങ്ങളെയും പാർട്ടിയുടെ ആളാക്കാനാണോ  മോഹം.. നനഞ്ഞൊലിച്ചു പട്ടിവരുന്നപോലെ  കയറിവന്നതുകണ്ടില്ലേ..
ഇനി ഇതുപോലെ ഡാന്‍സ്, പാർട്ടി സമ്മേളനം എന്നെങ്ങാനും പറഞ്ഞു മോളെ കൊണ്ടുപോയാൽ ബാക്കി  അന്നുപറയാം..."

ഭുവനേട്ടൻ തലയും താഴ്ത്തി നിന്ന തക്കത്തിന് ഞാന്‍  അമ്മയുടെ പിന്നില്‍ പോയൊളിച്ചു . ഭാഗ്യത്തിന്  എന്നെ വഴക്കുപറഞ്ഞില്ല.

"പനിപിടിച്ചു പാര്‍ട്ടി പ്രവർത്തനം മുടങ്ങേണ്ട..പോയി തലതുടച്ചോ രണ്ടാളും."

വല്യേട്ടൻ കോൺഗ്രസ് അനുഭാവിയായതുകൊണ്ട് അനിയന്മാരെ തരംകിട്ടുമ്പോൾ ഇതുപോലെ പരിഹസിക്കുമായിരുന്നു. 

അമ്മയുടെ ചേച്ചിയുടെ ഭർത്താവ് തീവണ്ടി  എഞ്ചിന്‍ ഡ്രൈവറായിരുന്നു. ഈറോഡിൽ  ജോലിചെയ്യുന്നേരം    അവരുടെ ഒരേയൊരു മകനെയും പതിനേഴ് വയസ്സായപ്പോഴേക്കും റെയില്‍വേയിൽ ചേര്‍ത്തു. കമ്മ്യൂണിസ്റ്റുകാരനായി പ്രവർത്തനംതുടങ്ങിഎന്ന കാരണത്താൽ  താമസിയാതെ ആ ഏട്ടന്റെ ജോലിപോയി.   

 അമ്മയുടെ വീട്ടിലെ ആദ്യ ആൺതരി..ഓമനയായി വളർന്നയാൾ. നായനാരുടെയും ഇമ്പിച്ചിബാവയുടേയുമൊക്കെ ഉറ്റസുഹൃത്ത്..സഖാവ് ഇ.കെ.എന്ന രണ്ട് അക്ഷരങ്ങളിൽ അറിയപ്പെട്ട ശ്രീധരേട്ടൻ  1948ൽ  മാസങ്ങളോളം  പലപല സ്ഥലത്തായി ഒളിവില്‍ പോയി.
പിന്നീട് പിടിക്കപ്പെട്ടപ്പോൾ   ജയിലിലെ ക്രൂരമർദ്ദനമേറ്റ് രോഗിയായി.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭവന്നു..
 സഹപ്രവർത്തകരൊക്കെ നല്ലനിലയിലായപ്പോഴും ആ ഏട്ടന്‍  ഒരു ജോലിയുമില്ലാതെ,  ആരോടും സഹായമഭ്യർത്ഥിക്കാതെ, നാട്ടില്‍  ഒറ്റപ്പെട്ടു ജീവിച്ചിരിക്കുന്നതു കണ്ടതിനാലാകാം കമ്മ്യൂണിസം എന്നുകേട്ടാൽ എന്റെ വല്യേട്ടനു  വിറളിപിടിക്കുന്നത്.

ആ ഏട്ടന്റെ സഹോദരിമാരാണ് ശ്രീമതിയും ചന്ദ്രമതിയും. രണ്ടുപേരുടെയും കല്യാണമൊന്നും ഞാൻ കണ്ടിട്ടില്ല. ശ്രീമതിയേടത്തിക്കു എന്നേക്കാൾ രണ്ടര വയസ്സിനു മൂത്ത മകനുണ്ട്. ആ ഏട്ടന്റെകൂടെയാണ് ഞാൻ സ്കൂളിൽ ചേർന്നത്. അങ്ങനെ മൂന്നുവയസ്സിൽത്തന്നെ ഒന്നാംക്‌ളാസ്സിലെത്തി.

(ചന്ദ്രുഏടത്തിക്കും അവരുടെ ഭർത്താവ് രാധാകൃഷ്‌ണേട്ടനും എന്നെ വലിയ ഇഷ്ടമായിരുന്നു. വളർന്നപ്പോൾ ദിവസവും ഒരു ഇംഗ്ലീഷ്  വാക്ക് പഠിക്കണം എന്ന് എന്നോട് എപ്പോളും  പറയുമായിരുന്നു.ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയൽ വായിച്ചാൽ ഇംഗ്ലീഷ് നന്നാവുമെന്നും.. എന്റെ കാര്യം പറയുമ്പോൾ 'സെൽഫ് മെയ്ഡ്   ഗേൾ 'എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുക. )

അച്ഛന്റെ മരണശേഷം തറവാട്ടിലെ  അംഗങ്ങള്‍ പരസ്പരം കേസുംകൂട്ടവുമായി..  റസീവർ ഭരണമായി,  വലിയ വീട്  സീൽചെയ്തു.   മരുമകൻ  വേറെ മാളിക പണിയിച്ചു താമസം മാറ്റിയിരുന്നു .  അന്നോളം നെല്ലു സംഭരിച്ച പത്തായപ്പുര ശൂന്യമായിരുന്നു. അതു ഞങ്ങള്ക്ക് അഭയകേന്ദ്രമായി.  ആ കെട്ടിടം ഓലമേഞ്ഞതായിരുന്നു. പുരയിടത്തിൽനിന്നു കിട്ടുന്ന ഓലമുഴുവൻ  എടുത്താലും ആ വലിയ പത്തായപ്പുര മേയാന്‍ തികയില്ല. അതുകൂടാതെ  അത്തോളിയിലെ ഒരു ബന്ധു  ആയിരംമടൽ മെടഞ്ഞ ഓല  തോണിയിൽ വച്ച് വീട്ടിലെത്തിച്ചുതരുമായിരുന്നു. എന്നാലും തികയില്ല. മഴക്കാലമെത്തുംമുമ്പ് പുരമേയണം. എല്ലാറ്റിന്റെയുംകൂടെ അമ്മയുടെ മനസ്സ് വിഷമിക്കാൻ അതുമൊരു കാരണമായി.
ഇടിയും മഴയും ഇഷ്ടമായിരുന്ന എന്റെ മനസ്സില്‍,  മഴപെയ്യുമ്പോൾ  വിരിയുന്ന സന്തോഷം,  അമ്മയുടെ സങ്കടമായി മാറുന്നത് ഞാനറിഞ്ഞു.

പിന്നെയും കുറെവർഷങ്ങൾ കൂടി  പെയ്തുതോർന്നതിനുശേഷമാണ്  ഞങ്ങളൊരു  നല്ല വീടുണ്ടാക്കിയത്.  അപ്പോഴേക്കും ആരുമറിയാതെ എന്റെ അമ്മയുടെ മജ്ജയിൽ മൾട്ടിപ്പ്ൾ മൈലോമ എന്ന പേരുള്ള   ഞണ്ട് പിടിമുറുക്കിക്കഴിഞ്ഞിരുന്നു..
പുതിയവീട്ടിൽ ഏഴുമാസംമാത്രമാണ് അമ്മ താമസിച്ചത്.. 
ഒരു ദിവസം പുലര്‍ച്ചെ  മനോഹരമായ ഒരു പൂവ് കൊഴിയുന്നപോലെ അമ്മ കണ്ണടച്ചു. 
എന്റെ കൊച്ചുലോകത്തിലെ  ആകെയുണ്ടായിരുന്ന സന്തോഷവും  ഇല്ലാതായി..

മഴയോർമ്മകൾ  (ഭാഗം  രണ്ട് )
എന്റെമുടി ചീകിവിടർത്തുകയായിരുന്നു ചന്ദ്രുവേടത്തി. എനിക്ക് നന്നായി വേദനിക്കുന്നുമുണ്ട്. പനിമാറുമ്പോളേക്കും  മുടിയാകെ ജടപിടിച്ചിരുന്നു.

"എന്തുമാത്രം മുടിയുണ്ടായിരുന്നതാ കുട്ട്യേ  ..ഇപ്പോ കോഴിവാലുപോലെ..ഇതെന്തുപറ്റി. എറണാകുളത്തെ പൈപ്പുവെള്ളം പറ്റിച്ചതാ  ല്ലേ.. നിയ്യ് ബ്യൂട്ടിപാർലറിൽ പോയി മുടീടെ ചുരുളു‍ മാറ്റീരുന്നോ.?"
"ഏയ് ഇല്ല ചന്ദ്രുവേടത്തി. ഞാനൊന്നുംചെയ്തില്ല"
"പിന്നെ ഇതെന്താ മോളേ.. നിന്റെ മുടി കണ്ടാലിപ്പോ പണ്ട്  ചുരുൾമുടിയായിരുന്നൂന്ന് ആരെങ്കിലും വിശ്വസിക്ക്യോ.? 
നിനക്കോർമ്മേണ്ടോ പണ്ട് മുടിവെട്ടാൻ വീട്ടില്‍ ആളു വര്വായിരുന്നു. അന്നൊക്കെ നിന്റെ തല സായ്ബാബയെപ്പോലെയാ...ചീപ്പു അങ്ങ്ട് കടത്താന്‍ നോക്കണ്ട...ചീകാൻ വിളിച്ചാ നിയ്യ്  ലഹളയാ.. ഒരീസം വെളക്കത്രോന്റെ പെണ്ണ് വന്നു.  പതിയെ കഥയൊക്കെ പറഞ്ഞു നെന്റെ മുടി വെട്ടി. അതുതീരുന്നവരെ കണ്ണുംചിമ്മി നിന്നതാ നിയ്യ്.  മുഖത്ത് വീണ മുടിയൊക്കെ തട്ടിക്കളഞ്ഞ് മേല്പൊതച്ച തുണിയും മാറ്റി കണ്ണുതുറന്നു നോക്കൂ ന്നു പറഞ്ഞു ഓള്  ഒരു കണ്ണാടി കാണിച്ചു തന്നു.  കണ്ണാടീലു നോക്കി  താഴെ വീണ മുടീം വാരിപ്പിടിച്ച് ഒരൊറ്റ നെലോളി   . .   ന്റെ കുപ്പിമോതിരം പോയീന്ന് പറഞ്ഞാ കരച്ചില്‍. .   കണ്ടുനിന്നോർക്കുപോലും  സങ്കടായീട്ടോ.  "
"അതെന്താ ചന്ദ്രുവേടത്തി,  കുപ്പിമോതിരം ന്ന് പറഞ്ഞു കരയാന്‍. "
" അതോ. ...  അന്നൊക്കെ  വളച്ചെട്ടികള് വീട്ടിലുവരുമ്പളാ പെൺകുട്ട്യോള്  വളവാങ്ങ്വാ.  ഓരെപെട്ടീല് കുപ്പിവളേം റിബണും കുപ്പികൊണ്ടുള്ള കറുപ്പും ചോപ്പും മോതിരങ്ങളൂണ്ടാവും. ഉമ്മക്കുട്ട്യേളാ അധികോം കുപ്പിമോതിരം വാങ്ങ്വാ. നെനക്കും  ഇഷ്ടാരുന്നു കറുത്ത  കുപ്പിമോതിരം. 
നെന്റെ   വെട്ടിയിട്ട മുടിച്ചുരുളുകൾ ശെരിക്കും തിളങ്ങുന്ന മോതിരം പോലുണ്ടാരുന്നേ.. അന്ന് നെലോളി  മാറ്റാന്‍ പെട്ട പാട്. .ദൈവേ  ഓർത്തൂടാ."
പെട്ടെന്ന് ചന്ദ്രുവേടത്തി എന്തോ ചിന്തയില്‍  കണ്ണു തുടച്ചു. .
"എന്തുപറ്റി ചന്ദ്രുവേടത്തി."
"ഒന്നൂല്ലെടീ..ഞാന്‍  ഓനെ ഓർത്തുപോയി..നിയ്യ് ഓടിച്ചാടി ഇതിലെയെല്ലാം നടക്കുന്നേരം ചിപ്പ്ളീന്നാ ഓൻ നെന്നെ വിളിക്ക്യാ.  "
"അതെന്താ ചെറീമ്മേ. .ചിപ്പ്ളീന്ന്വച്ചാ."
"ആശാരിമാര് മരം ചിപ്ളിയുന്തി മിനുക്കുമ്പോ മരത്തൂളുകൾ കട്ടച്ചുരുളായി വീഴും. അതുപോലെ നിയ്യ്  നടക്കുമ്പോ നെന്റെ ചുരുണ്ട മുടീങ്ങനെ തുള്ളിക്കളിക്കും. അതു കാണാന്‍  ഓനെന്തിഷ്ടാരുന്നൂന്നോ.. .. സരൂട്ടിയേടത്തിക്കു  ശേഷംജനിച്ചതു മുഴ്ഴോനും ആമ്പടയല്ലേ..  ഉള്ളേലും എളേതായി ഒരു പെങ്കുട്ടീണ്ടായപ്പോ  ഓന്റൊരു സന്തോഷം. .നിക്കിപ്പോം ഓർമ്മേണ്ട് ഓനന്ന് സിവില്‍  എഞ്ചിനീയറിംഗിന് കോഴിക്കോട്ടാ പഠിക്കുന്നത്. വരുംവഴി ആരോപറഞ്ഞറിഞ്ഞതാ അമ്മപെറ്റു പെങ്കുട്ട്യാന്ന്..വന്നുകേറീപ്പം ന്റെ മോന്റെ  മൊകം കാണണാരുന്ന്..സന്തോഷംകൊണ്ട്, പൂവിരിഞ്ഞ പോലെ .."
ഏതോ ഓർമ്മയിൽ മുഴുകിയപോലെ ചന്ദ്രുവേടത്തി അകലേക്കുനോക്കി മൗനമായിരുന്നു.
" എന്നിട്ടോ ചന്ദ്രുവേടത്തി..  ഏട്ടന് ന്നെ ഇഷ്ടാരുന്നോ.."
ഒരുനെടുവീർപ്പോടെ  ചന്ദ്രുവേടത്തി പറഞ്ഞു
" ഇഷ്ടാരുന്നോ ന്നോ....  അവനാരുന്നു അമ്മേക്കാളും നെന്നെ ഇഷ്ടം. എളേമ്മക്കു  ആളോള് എന്തു പറയുംന്നൊരു നാണക്കേട്. പേറ് നിന്നൂന്നു കരുതീപ്പോ ഇത്രേം വൈകീട്ട് വീണ്ടും  ഒരുപേറ്. .
എന്നാല്‍ മോനങ്ങനെയല്ല...
മോളെ ഏട്ടൻ നോക്കും..  മോള് പഠിക്കണം. എത്ര കഴിയുമോ അത്രേം പഠിക്കണം.  മോളെ ഏട്ടൻ  പഠിപ്പിക്കും.എന്ന് എപ്പോം പറേം. നെന്നേ ഉടുപ്പിടീച്ച് പൊട്ടുതോടീച്ച് പൊറപ്പെടീച്ച് പോകുന്നെടത്തൊക്കെ കൊണ്ടുനടക്കും."
"എങ്ങന്യാരുന്നു ചെറീമ്മേ എന്റേട്ടൻ കാണാന്‍. "
"ഓന്റൊരു നെറോം ചിരീമൊക്കെ  നെന്റമ്മേപ്പോലെത്തന്നെ.. വെളുത്തുചൊകന്ന്...ഒയരോക്കെ നെന്റെ  അച്ഛനെപ്പോലെ  ആറടിപ്പൊക്കം..പവൻമാർക്ക് മോനായിരുന്നേ..എളേമ്മക്കു ഭാഗ്യോണ്ടായില്ല..നെനക്കും...അത് പറഞ്ഞാ മതീലോ.."
"എന്തിനാരുന്നു ചന്ദ്രുവേടത്തി,  എന്റേട്ടൻ അന്ന്  ആ പൊഴേല് പോയത്.?"
ചന്ദ്രുവേടത്തി കുറേനേരം അകലേക്ക് നോക്കി മൗനമായിരുന്നു.   നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഈറനണിയിച്ച കണ്ണുകള്‍ നേരിയതിന്റെ തുമ്പുകൊണ്ട് ഒപ്പി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
"നെന്റെ  അച്ഛൻ  അപ്പഴേക്കും മിലിട്ടറീന്നു പോന്നിരുന്നു. കളരിപഠിപ്പിക്കലും കൊറച്ച് ചികിത്സേമൊക്കെയായി  കഴീന്ന കാലം. മോനാണ്  ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി. 
ഓൻ പഠിക്കുന്ന സ്ഥലത്ത് വന്നു റെയില്‍വേക്കാർ ഓന് ജോലിക്ക് ഓർഡർ കൊടുത്തു. പാന്സും ഷർട്ടുമൊക്കെ തുന്നിച്ച് പെട്ടിയൊരുക്കി നിന്നപ്പോ നെന്റെ  അച്ഛന് ഒരു സങ്കടം..ഇനിയെന്നാ മോൻ തിരിച്ചു വര്വാ.. ഓണം മുന്നിലിട്ടു പോണ്ടാ. ഒരുമിച്ച്  ഓണമുണ്ടിട്ടു പോയ്ക്കോ എന്ന്.  മോന് അച്ഛനുമമ്മേം പറേന്നതിന് അപ്പുറോല്ല. "
" ഓണപ്പൂവിട്ടു. എല്ലാർക്കും കോടിവാങ്ങി. ഗംഭീരമായി സദ്യയുണ്ടു. അവിട്ടത്തിന്റന്ന് ഊണും കഴിഞ്ഞു മോൻ പുറത്തോട്ടിറങ്ങുമ്പോ അച്ഛൻ  പറഞ്ഞു..
"നായാടൻപുഴയ്ക്ക് അക്കരെ ഉമ്മത്തിന്റെ പൂവുണ്ട് , ആ വഴിയാണേൽ കുറച്ചു ആ മരുന്നുംഎടുത്തോണ്ടുപോരൂ "എന്ന്.
ശരിയച്ഛാന്ന് മോൻ. .
ഓന് കിണ്ണത്തപ്പം വല്യ ഇഷ്ടാണ്.
അമ്മേ ഞാന്‍ വരുമ്പളേക്കും അമ്മ കിണ്ണത്തപ്പം ണ്ടാക്കി വെക്കണേന്ന് പറഞ്ഞു. .
നെന്നെയെടുത്ത് ഉമ്മ തന്ന്   ചേച്ചീ  മോളെ ഒരുക്കിവെക്കണേ ..ഈ ചുന്ദരിക്കുട്ടിയേംകൊണ്ട് പ്രഭൂനെ കാണാന്‍ പോകണം. ഞാനിതാ എത്തിപ്പോയിന്നും പറഞ്ഞു ന്റെ കുട്ടി  ചിരിച്ചോണ്ട് അനിയനേംകൂട്ടി പടിപ്പുരയെറങ്ങിപ്പോയതാ..
ഓന്റൊരു നല്ല ചങ്ങായിയാ  ഹോമിയോ ഡോക്ടര്‍ പ്രഭു, .. എടയ്ക്കിടെ അങ്ങ്ട് ഒരു പോക്കുണ്ട്. നാട്ടിലെ  ആകേള്ളൊരു ചങ്ങായിയാ . വേറെവ്ടേം പോയിരിക്ക്ന്ന പതിവില്ല.  "
"ന്നിട്ട്.?"
"  മോൻ പോവ്വാണല്ലോന്നു കരുതി ഞാനൂണ്ടായി ആ ഓണത്തിന് ഇവിടെ. മോനിപ്പോ എത്തൂലോ നേരംവൈകീന്നുംപറഞ്ഞ്
എളേമ്മ കിണ്ണത്തപ്പം ണ്ടാക്കുന്ന തെരക്കിലാ.
ഞാനും സരൂം നെന്നെ കുളിപ്പിച്ചു ഒരുക്കുന്ന തെരക്കിലും..
അപ്ളേക്കും പതിവില്ലാത്തൊരു മഴേം തൊടങ്ങി. അന്നേരം അപ്പൊറത്തുള്ള ഓരോരുത്തർ ഓരോ കാരണോംപറഞ്ഞ് വന്നോണ്ടിരുന്നു.
അവരൊക്കെ ഈ വിവരറിഞ്ഞോണ്ടാ വരുന്നത് ."
"എങ്ങന്യാരുന്നു ചന്ദ്രുവേടത്തി  അത് പറയ്"
"ന്റെ മോളേ. പിന്നീട്‌ നെന്റെ കുഞ്ഞേട്ടൻ പറഞ്ഞാ  ഞങ്ങളറിഞ്ഞത്..പൊഴേടെ അക്കരെയല്ലേ ഉമ്മം..പൊഴചുറ്റിനടന്ന് അപ്പുറത്തുചെല്ലാം. അതിനു നേരം പിടിക്കൂലേ..
നീയ്യിവിടെ നിക്കെടാ ഞാന്‍ നീന്തിച്ചെന്ന് ആ മരുന്ന് പറിച്ചു വേഗംവരാന്ന് പറഞ്ഞു  ഉടുപ്പഴിച്ച് അനിയന്റെ കയ്യില്‍ കൊടുത്തു മോനങ്ങു നീന്തിയത്രേ..
ആ പൊഴേല് നെറച്ചും താമരയാ.. വിഷമാവും നീന്താന്‍. ..
കൊറെ നീന്തിയപ്പോ അനിയനെ തിരിഞ്ഞുനോക്കി , 'വെള്ളത്തിനെന്തൊരു തണുപ്പാണെടാന്ന് 'പറഞ്ഞു പോലും..
'എന്നാ ഏട്ടന്‍  ഇങ്ങോട്ട് കേറിപ്പോരൂ. നമ്മക്ക് അപ്പുറത്തൂടി പോവാലോന്നു 'അനിയൻ  പറഞ്ഞപ്പോ,  നീയ്യവ്ടെ നിക്ക് ഞാനിപ്പോവരാന്ന് പറഞ്ഞു  ഒരു ചിരീം ചിരിച്ചു അവനങ്ങു ഊളിയിട്ടുപോലും..
കളിപ്പിക്ക്യാന്നു വിചാരിച്ചു അനിയൻ നോക്കിനിന്നു. , പതിവുപോലെ എണ്ണം പിടിച്ച്നിന്നിട്ട്,കുറെനേരം കഴിഞ്ഞിട്ടും കാണാതായപ്പോ അനിയനു പേട്യായി.
ഓൻ കരയാന്‍ തൊടങ്ങി .
ഓരോരുത്തർ ഓടിവന്നു മുങ്ങിത്തപ്പീട്ടൊന്നും കിട്ടീല്ല. കൊറേനേരംകഴിഞ്ഞാ ന്റെ മോന്റെ ശരീരംകിട്ടീത്..അപ്ളേക്കും ഒക്കെകഴീഞ്ഞീര്ന്നു.. "
ചന്ദ്രുവേടത്തി മുഖം  അമർത്തിതുടച്ചു. നിയന്ത്രിച്ചിട്ടും കണ്ണുകള്‍ പെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും..
എന്നാലും  എനിക്ക് അറിയണമായിരുന്നു. അസ്സലായിനീന്തുന്ന ഏട്ടന്  അന്നേരം എന്താ സംഭവിച്ചത് എന്ന്. 
ഒരിക്കലും വീട്ടില്‍ ആരും  ഈ കഥ പറയില്ല. പറഞ്ഞു തുടങ്ങിയാൽ അമ്മ കരയാന്‍ തുടങ്ങും.  അതുകാരണം  അമ്മയോടു ഞാന്‍  ഇതൊന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ഇപ്പോള്‍ ചന്ദ്രുവേടത്തി തുടങ്ങി വച്ച സ്ഥിതിക്ക് മുഴുവൻ കേൾക്കണം. വേറെ ആരും  പറഞ്ഞു തരാനില്ല.  അന്നത്തെ ആരും ഇപ്പോൾ ബാക്കിയില്ല.
ചന്ദ്രുവേടത്തി  ഒന്ന് നോർമലായി എന്നു കണ്ടു വീണ്ടും ഞാന്‍ ചോദിച്ചു
"ഇത്രയും നന്നായി നീന്തലറീന്ന ഏട്ടന്  എന്തുപറ്റീതാരിക്കും ചന്ദ്രുവേടത്തി. ?"
എന്റെമുടി ജടതീർത്ത് മുറുകെ മെടഞ്ഞിട്ടുകൊണ്ട് ചന്ദ്രുവേടത്തി പറഞ്ഞു,
" താമരവളയത്തിൽ കുടുങ്ങീന്നും, നീരാളി പിടിച്ചതാന്നും ഒക്കെ  ഓരോരുത്തർ പിന്നീട് പറഞ്ഞു. . അതൊന്ന്വല്ല നീരാളി പിടിച്ചെങ്കി കടീടെ പാടു കാണൂലേ..അതൊന്നും ണ്ടായില്ല ദേഹത്തിലൊന്നും..
തണുത്താല് കാലു മസിലുകേറുവായിരുന്നു നെന്നെപ്പോലെത്തന്നെ ഓനും..നീന്തുമ്പോ മസിലു പിടിച്ചാ പിന്നെന്താ ചെയ്യാ. ആണ്ടുപോവ്വല്ലാണ്ട്...
കോരിച്ചൊരീന്ന മഴേത്ത് തണുത്തു മരവിച്ച ന്റെ മോനേം കൊണ്ട്   ആളോള് കേറിവന്നപ്പോ....  "ന്റെ മോനേ  ഞാനല്ലേ ടാ നെന്നെ പറഞ്ഞയച്ചേന്നും "ചോദിച്ചു നെന്റെ അച്ഛൻ  വീണു..
രണ്ടാഴ്ച മാത്രാ പിന്നെ കെടന്നുള്ളൂ
മോന്റെ കൂടെ അച്ഛനും പോയി. 
അതോടെ  ഈ വീടൊറങ്ങി കുട്ടീ.."
ചന്ദ്രുവേടത്തി മുഖം അമർത്തിതുടച്ചു.

മഴയോർമ്മകൾ..(ഭാഗം ഒന്ന് )

പനിച്ചു കിടക്കുന്ന എന്നെ സന്ദർശിക്കാനെത്തിയതാണ് ചന്ദ്രുവേടത്തി..  അകന്ന ബന്ധുവായ പത്മിനിച്ചേച്ചിയുമുണ്ട് കൂടെ.  ആ ചേച്ചി  യുപീ സ്കൂളില്‍  എന്റെ സീനിയറായി പഠിച്ചിരുന്നു.  അന്തരീക്ഷം ആകെ കറുത്തിരുണ്ടു വരുന്നു.  ചെറുതായി മഴയും ഇടിയും തുടങ്ങി.   എന്റെ മുഖത്ത് നോക്കിയ ചന്ദ്രുവേടത്തിക്കു ചിരിവന്നു. 

,"പെണ്ണിന്റെ മുഖത്തെ സന്തോഷം കണ്ടോ. .പണ്ടേ ഇടിയുടെ ശബ്ദം  അ വൾക്കിഷ്ടമാ."
സംസാരപ്രിയയായ ചന്ദ്രുവേടത്തി  പത്മിനിച്ചേച്ചിയോട് എന്റെ കുട്ടിക്കാലം വിവരിച്ചു തുടങ്ങി ..

"നിനക്ക് കേക്കണോ..ചെറിയ കുട്ടിയായപ്പോ ഇടികേട്ടാ ഈവളു ഡാന്‍സ് ചെയ്തു തുടങ്ങും. അതെന്തിനാന്നു ചോദിച്ചാലെന്താ പറയ്യാന്നറിയ്യോ അമ്മ പറഞ്ഞു  എന്റെ നക്ഷത്രത്തിനു മയിലാണ് പക്ഷീന്ന്..  ഹഹഹ മയിലാടുന്നപോലെ ആടുകയാത്രേ.."

അവർ രണ്ടുപേരും നിർത്താതെ ചിരിച്ചു. .

"നല്ല മഴയത്ത് നടുമുറ്റത്തു വെള്ളം നിറയ്യല്ലോ..അന്നേരം ഇവളെന്താ  ചെയ്യാ..വെള്ളം ഒഴുകിപ്പോകുന്ന ഓവടച്ചുവെക്കും. എന്നിട്ട് വെള്ളം നിറഞ്ഞാൽ കുളത്തില് നീന്തുമ്പോലെ നീന്തുവാ.."

"നീന്തലറിയ്യോ ചേച്ചി  ഇവൾക്ക് .."

  "   എവടന്ന്.. ഇവളെ എളേമ്മ  നീന്തലൊന്നും പഠിപ്പിച്ചില്ല. മോൻ വെള്ളത്തിൽ പോയേപ്പിന്നെ എളേമ്മക്കു പേടിയാ..കുളത്തിലെറങ്ങാൻ സമ്മതിക്കില്ല.    ഇവളു പണ്ടേ കുസൃതിയല്ലേ... ഒരിക്കല്‍ തോട്ടില്‍ വീണതറീല്ലേ പത്മിനിക്ക്...?"

"പിന്നെ. ...നിക്കോർമ്മേണ്ട്."

"അയ്യോ  അന്നീ കുട്ടി തീർന്നുപോകേണ്ടതാ.  പാവം അന്ന്  എന്റെ  എളേമ്മ ഒത്തിരി  വിഷമിച്ചൂട്ടോ .ഇളയച്ഛൻ മരിച്ചശേഷമല്ലേ ഈ സംഭവം..
ഒരുദിവസം, ഇവളെ സ്കൂളില്‍ നിന്ന് വിളിച്ചോണ്ടുവരാറുള്ള ചെക്കൻ വരാൻ  വൈകി. ഇവളന്നു തീരെ ചെറിയകുട്ട്യല്ലേ.. ഇത്രദൂരം തനിയെ നടക്കാനൊന്നുമാവില്ലല്ലോ. എളേമ്മ പരിഭ്രമിച്ചു പടിപ്പുരയിൽ പോയി നില്പായി.. നോക്കിയപ്പോ ദൂരെയൊരു കുട അരിച്ചരിച്ചു വരുന്നത്രേ... തനിച്ച്.  കുറച്ചു കഴിഞ്ഞു  ആ കുടയും കാണുന്നില്ലത്രേ..എളേമ്മ  ഇറങ്ങി ഓടിച്ചെന്നു നോക്കുമ്പോളെന്താ...ഇവളുടെ കുടയുണ്ട് തോട്ടിലൂടേ ഒഴുകിവരുന്നു. ഇവളോ തോട്ടുവക്കത്തെ കുറെ പുല്ലുംപിടിച്ചു പകുതി വെള്ളത്തിലും പകുതി വരമ്പിലുമായി കിടക്കുന്നത്രേ.  എളെമ്മേടെ  അന്നത്തെ നെലോളി എനിക്കിപ്പോ ഓർത്തൂടാ പത്മിനി..അച്ഛനുംപോയി, മോനും പോയി പുറകെ ഈ കുട്ടീംകൂടി പോയാ പിന്നെ എളേമ്മ  ജീവിച്ചിരിക്ക്യോ.?"

"അന്നു ഞാനില്ലേ ചേച്ചി  സ്കൂളില്‍. . കുഞ്ഞല്ലേ തനിച്ചുപോണ്ടാ.  ന്റെ വീട്ടിലേക്കു പോരൂ അവിടന്ന് ആരേലും കൂട്ടിവിടാന്നു പറഞ്ഞു ഞാന്‍.  ഇവളു പൊടിക്കു കൂട്ടാക്കീല..വീട്ടില്‍ ചെന്നു ഇക്കാര്യം പറഞ്ഞപ്പോ ഇനിയൊരു ചീത്ത ബാക്കീല്യ എന്നെ..അതൊരു ഇത്തിരീള്ള കുട്ട്യല്ലേ..നിയ്യങ്ങനെ തനിച്ചുവിടാമോന്നും ചോദിച്ച്.  ഇവളുപോകുന്ന് പറഞ്ഞപ്പോ ഞാന്‍ കുടയൊക്കെ നിവർത്തി കൈയ്യില്‍ കൊടുത്തു..മീനിനെ പിടിക്കാനൊന്നും പോവല്ലേന്നും പറഞ്ഞാ വിട്ടത്. ഇതിനെന്തെങ്കിലും പറ്റീരുന്നെങ്കിൽ വച്ചേക്ക്വായിരുന്നോ എന്നെ ..  വർഷം എത്ര കഴിഞ്ഞു...ഓർക്കുമ്പോ ഇപ്പളും വെറയാ നിക്ക്. വികൃതി ചിരിക്ക്ന്ന കണ്ടോ.."
ആ ചേച്ചി കവിളിൽ പതുക്കെ ഒരടിതന്നു.

  വെള്ളത്തിൽ വീണതൊക്കെ എനിക്കോർമ്മയുണ്ട്..അമ്മ വന്നു  എടുത്ത ഉടനെ  തുടയ്ക്കു ഒരടി തന്നതും പിന്നീട്  ഉമ്മ തന്നതും ഓർത്തപ്പോ എന്റെ കണ്ണുകള്‍ നിറഞ്ഞു. .

 " വെറുതെ ഓരോന്ന് ഓർത്തു സങ്കടപ്പെടണ്ട ..പനി കൂടും. അച്ഛനുമമ്മയും എന്നും നമ്മുടെ  ഒപ്പം കാണൂല്ല. അതൊക്കെ തിരിച്ചറിയേണ്ട പ്രായമായില്ലേ നിനക്ക്. .കരഞ്ഞു തലവേദന കൂടും.. കണ്ണുംചിമ്മി ഉറങ്ങിക്കോ."

 ചന്ദ്രുവേടത്തി പുതപ്പു  ഒന്നൂടെ ശരിയാക്കി .

Wednesday 20 November 2019

എന്റെ കേരളം എത്ര സുന്ദരം
_____________________________


മകരമഞ്ഞിന്‍റെ കുളിരുള്ള പുലരിയിൽ
കറുകറുത്തൊരു രാവു മരിക്കുന്നു .
മഴമുകിൽ തള്ളിമാറ്റി കതിരവൻ
സ്വർണശോഭയാൽ തൂമുഖംകാട്ടുന്നു .
പൂർവദിങ് മുഖമാറ്റും വിയര്‍പ്പുപോൽ
ഹിമകണം വന്നുവീഴുന്നു പൂക്കളിൽ.
ഏഴുവർണ്ണങ്ങളാകെ തെളിയുന്നു
മഞ്ഞുവീണുകുളിർന്നപുൽനാമ്പതിൽ .
മൂളിമൂളിപ്പറക്കുന്ന വണ്ടുകൾ
ഉമ്മവെക്കുന്നു പൂക്കളെയാകവേ .
മെല്ലെമെല്ലവേ കണ്‍തുറന്നർക്കനെ
പ്രേമപൂർവം കടാക്ഷിപ്പു താമര
നവ്യമാം ചെറുതെന്നൽ തഴുകവേ
കുളിരുകൊണ്ടുവിറയ്ക്കും ചെടികളും.
കാലമെത്താതെവന്നെത്തി കൊന്നപ്പൂ
പൊന്നണിഞ്ഞ മണവാട്ടിപ്പെണ്ണുപോൽ .
*
കിളികൾപാടുന്ന പൂമരച്ചില്ലയിൽ
നദിയിൽ കണ്‍നട്ടു പൊന്മാനിരിക്കുന്നു .
മരതകപ്പട്ടു തോല്ക്കുന്ന പാടവും
ഒറ്റക്കാലിൽ തപംചെയ്യുംകൊറ്റിയും.
കളകളാരവത്തോടെയരുവികൾ
പുഴകൾതേടിക്കുതിക്കുന്നു സാനന്ദം .
അലസഗാമിനി ഇക്കിളികൂട്ടുന്നു
ഇരുകരങ്ങളാൽ കണ്ടൽച്ചെടികളെ .
വെണ്‍നുരക്കൈകൾ നീട്ടിച്ചിരിച്ചു തൻ -
പ്രിയയെ സ്വാഗതംചെയ്യുന്നു സാഗരം.
അമൃതകുംഭങ്ങൾ പേറുന്നകേരങ്ങൾ
കൈകൾകോർത്തു നിരന്നുചിരിക്കുന്നു.
വെള്ളമേഘം മുഖംനോക്കുമാറ്റിലെ
പായലിനുള്ളിൽ മീനുകളോടുന്നു .
പുനർജനിതേടിയെത്തുമാത്മാക്കളാം
തുമ്പികൾ മുറ്റമാകെ പറക്കുന്നു .
മന്ദപവനനുമയവെട്ടും പൈക്കളും
തെല്ലുനേരംമയങ്ങീ മരച്ചോട്ടിൽ .
കൊയ്തകറ്റകൾ മദ്ധ്യാഹ്നസൂര്യന്റെ
പൊള്ളുംചൂടേറ്റിരിപ്പൂ കളമിതിൽ.
*
രൌദ്രഭാവം വെടിഞ്ഞൂ ദിനകരൻ
പശ്ചിമാംബരംനോക്കീ നടകൊണ്ടു.
കൂടുതേടിപ്പറക്കുന്നു പക്ഷികൾ
വാവലാഹാരം തേടിയിറങ്ങുന്നു.
അർക്കനിന്നത്തെ വേഷമഴിക്കാനായ്
ആഴിയിൽ പൊള്ളുമാനനം താഴ്ത്തവെ
ചെമ്പട്ടെല്ലാമഴിച്ചൂ മടക്കിയാ
സന്ധ്യപോയോരരങ്ങിലേക്കായിതാ
പട്ടടപ്പുകയേറ്റ കരിമ്പട-
മെത്തയുമായ് വരുന്നൂ നിശീഥിനി.
നീലമേലാപ്പിൽ രത്നം പതിച്ച പോൽ
വാനിലാകെ തിളങ്ങുന്നു താരകൾ.
തേഞ്ഞുതീർന്നോരരിവാൾത്തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ .
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ.
രാക്കിളികൾതൻ താരാട്ടുപാട്ടുകേ-
ട്ടീ ധരിത്രി സുഖമായുറങ്ങുന്നു.