www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Sunday, 28 August 2016

തളിരിടുന്ന കിനാവുകള്‍

അടുത്ത ക്ളാസ് ടെൻത് ബിയിലാണ്. ആ ക്ളാസ് സുഭദ്രടീച്ചർക്കു കൊടുത്തു. അവർക്ക് കണക്കിലെ പോർഷൻസ് ഇനിയും തീരാനുണ്ട്. അമ്മ മരിച്ചപ്പോൾ സുഭദ്രടീച്ചർ കുറെ നാള്‍ ലീവായിരുന്നു. അവരുടെ ഭര്‍ത്താവ് വീണു കാലൊടിഞ്ഞുകിടന്നപ്പോഴും കുറച്ചു ലീവെടുത്തു വീട്ടില്‍ പോയിരുന്നു. ആ ഭാഗമെല്ലാംതീർക്കാൻ ബാക്കി കിടക്കുന്നു . തനിക്ക് എപ്പോ വേണമെങ്കിലും സമയമുണ്ട്. മലയാളം ക്ളാസിൽ പിള്ളേരു നല്ല താൽപര്യത്തോടെ ഇരിക്കും. കവിതയും കഥയുമൊക്കെയായി അവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തനിക്ക് പെട്ടെന്ന് കഴിയും. സുഭദ്ര ടീച്ചര്‍ക്ക് ഇങ്ങനെയെങ്കിലുംഒരു സഹായം ചെയ്യാന്‍ കഴിയുന്നല്ലോ എന്നതിൽ സന്തോഷം തോന്നാറുണ്ട്.

 സ്റ്റാഫ് റൂമില്‍ ഇരുന്നാൽ മറ്റുള്ളവർ ഓരോ വർത്തമാനം ചോദിച്ചുവരും. അത് ഭയങ്കര ശല്യമാണ്. നേരെ ലൈബ്രറിയിൽ ചെന്നപ്പോള്‍ ആരുമില്ല. ഒരു പുസ്തകമെടുത്തു ഒഴിഞ്ഞ മൂലയില്‍ ചെന്നിരുന്നപ്പോഴുണ്ട് വിനയന്‍ മാഷ് വരുന്നു.തന്നെ കാണണ്ടാ. ഒന്നുകൂടി മറഞ്ഞിരുന്നു. വിനയന്‍ മാഷെ കാണുമ്പോൾ മനസ്സില്‍ മൃദുലവികാരങ്ങൾ തളിരിടുന്നപോലെ തോന്നാറുണ്ട്. അദ്ദേഹം മാത്രമേ എന്തു ചോദിച്ചാലും മിണ്ടാതിരിക്കുന്ന തന്നോട് വീണ്ടും വീണ്ടും സംസാരിക്കാൻ ശ്രമിക്കാറുള്ളൂ. ദൂരെ കാണുമ്പോൾത്തന്നെ ആ മുഖത്ത് പുഞ്ചിരി വിടരും. ആ കണ്ണുകളിലെ ശാന്തതയും സ്നേഹവും കാണുന്നേരം മോഹിച്ചുപോകും ഈയാൾ തന്റെ സ്വന്തമായിരുന്നെങ്കിലെന്ന്.. വിവേകം വിലക്കും, അരുത്. . ആ മോഹമൊക്കെ മനസ്സില്‍നിന്ന് മാച്ചു കളഞ്ഞതല്ലേ..ഈ വൃത്തികെട്ട മുഖവും കണ്ടു ആരെങ്കിലും തന്നെ ഇഷ്ടപ്പെടുമോ. കൂടെ കൂട്ടുമോ..
 ഒരു ദിവസംതനിച്ച് കണ്ടപ്പോള്‍, "നീലിമടീച്ചർക്ക് വിരോധമില്ലെങ്കിൽ നമുക്ക് കല്യാണംകഴിച്ചുകൂടേ .ഞാൻ അമ്മയെ ഇങ്ങോട്ട് അയയ്ക്കട്ടേ? " എന്ന് വെട്ടിത്തുറന്നു ചോദിച്ചു. ആ ശബ്ദവുംസ്നേഹം നിറഞ്ഞ നോട്ടവും എല്ലാം തനിച്ചിരിക്കുമ്പോൾ ഓർത്തുപോകാറുണ്ടെങ്കിലും അന്നേരം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോവാനാണ് തോന്നിയത്. സുഭദ്രടീച്ചർ ഇതു കേട്ടപ്പോൾ പറഞ്ഞത് ഞാനാണെങ്കിൽ ആ നിമിഷം സമ്മതമറിയിക്കുമായിരുന്നല്ലോ ടീച്ചറേ എന്നായിരുന്നു.

നീലിമടീച്ചർക്ക് എന്തു സുഖമാണ് എന്ന് മറ്റുള്ള ടീച്ചര്‍മാരുടെ കമന്റ് ശരിയാണ്. ഒരു തരത്തില്‍ തന്റെ ജീവിതം ഒരു സുഖമല്ലേ. ഒന്നും ചിന്തിക്കാതെ ആരോടും കടപ്പാടില്ലാതെ ജീവിക്കുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ല . മരിച്ചാല്‍ ചീഞ്ഞുനാറുംമുന്നെ ആരെങ്കിലും എടുത്തു സംസ്കരിച്ചോളും.

തനിക്കും അമ്മയുംഅച്ഛനുമുണ്ടായിരുന്നു. പ്രേമിച്ച പെണ്‍കുട്ടിയുമായി അച്ഛന്‍ നാടുവിട്ടതുകൊണ്ടാണ് വേറെ ബന്ധുക്കൾ ഇല്ലാതായിപ്പോയത്. എവിടെയോ ബന്ധുക്കൾ എല്ലാവരും ഉണ്ടായിരിക്കും.
 ഓർക്കരുതെന്നു കരുതുന്ന കാര്യങ്ങളാണ് തിക്കിതിരക്കി ഓർമ്മയിൽഓടിയെത്തുന്നത്.

വർഷങ്ങൾ നീണ്ട പ്രാർത്ഥനക്കുശേഷംകിട്ടിയ മകളുടെ വിവാഹത്തിനു ആഹ്ളാദത്തോടെ പുറപ്പെട്ട അച്ഛനും അമ്മയും. .
കല്യാണം കഴിഞ്ഞ് ഗുരുവായൂരില്‍നിന്ന് വീട്ടിലേക്കുള്ള വരവില്‍ വിവാഹപാർട്ടി സഞ്ചരിച്ച ബസ്സു ലോറിയിലിടിച്ച് മറിഞ്ഞു. നീണ്ട മുപ്പതു ദിവസങ്ങൾക്കുശേഷംകണ്ണു തുറന്നത് ആശുപത്രിയിലായിരുന്നു. അച്ഛനും അമ്മയും താലികെട്ടിയ ആളും ആരുമില്ലാതെ ഈ ലോകത്ത് തനിച്ചായിപ്പോയെന്ന തിരിച്ചറിവിൽ, ശുശ്രൂഷിക്കാനാളില്ലാതെ കിടന്നപ്പോഴും കൂടെ ജോലി ചെയ്യുന്ന സുഭദ്ര ടീച്ചറാണ് സഹായവുംആശ്വാസവാക്കുകളുമായെത്തിയത്.
 ഭർത്താവിന്ടെ വീട്ടുകാർ, മകനെ കൊല്ലാനെത്തിയ യക്ഷി എന്ന മട്ടിലാണ് അപകടം മുഖത്തു സമ്മാനിച്ച വൈരൂപ്യവുമായി നിന്ന തന്നോടു പെരുമാറിയത്. തന്ടെ ജാതകദോഷമാണത്രേ അവരുടെ മകന്ടെ ജീവനപഹരിച്ചത്.

നാട്ടിൽ നിന്നുംസ്ഥലംമാറ്റം ചോദിച്ചു വാങ്ങി ഈ നാട്ടിൻപുറത്ത് വന്നത് ആരോരുമറിയാതെ ജീവിക്കാൻവേണ്ടി ആയിരുന്നു. പക്ഷേ കറങ്ങിത്തിരിച്ചു സുഭദ്രടീച്ചറും ഇവിടേക്കുതന്നെ വന്നു. അങ്ങനെ എല്ലാമറിയുന്ന ഒരാള്‍ ഇവിടെയും ഉണ്ടായി. രണ്ടുപേരുംഒരു വീടെടുത്തു താമസമാക്കി. സുഭദ്രടീച്ചർ എല്ലാ ആഴ്ചയിലും വീട്ടില്‍ പോകും. എത്ര വിളിച്ചിട്ടും ഇതുവരെ ടീച്ചറുടെ വീട്ടില്‍ പോയിട്ടില്ല. രണ്ടു മാസത്തെ അവധിദിവസങ്ങളിൽപ്പോലും തനിച്ചിരിക്കയാണു പതിവ്.
             
അവസാന പിരിയേഡുകഴിഞ്ഞു. ഇന്ന് വെള്ളിയാഴ്ച യാണ്. സുഭദ്രടീച്ചർക്കു വീട്ടില്‍ പോകണം.
     "ഞാനില്ലാത്ത തക്കത്തിന് ഭക്ഷണം പോലും കഴിക്കാതെ മടിപിടിച്ചിരിക്കല്ലേ ടീച്ചര്‍ " എന്നുപറഞ്ഞു
സുഭദ്രടീച്ചർ യാത്ര ചോദിച്ചു പോയി. ഇനി
രണ്ടു നാൾ തന്റെ സ്വന്തം സാമ്രാജ്യമാണ് വീട്. വീടെത്തുവോളം ഓരോന്ന് ചിന്തിച്ചുകൊണ്ടാണ് നടന്നത്.

കുടഞ്ഞുകളയാന്‍ ശ്രമിച്ചിട്ടും വിനയന്‍ മാഷുടെ മുഖം പലപ്പോഴും മനസ്സില്‍ കയറിവന്നു. ..
ഒന്നും ചെയ്യാനില്ല. വായിക്കാൻ ബാക്കി വച്ച പുസ്തകങ്ങളിൽ രക്ഷതേടി.
മഴ ശക്തിയായി പെയ്തപ്പോഴാണ് വെളിയില്‍ തോരാനിട്ട തുണിയെക്കുറിച്ച് ഓർത്തത്. ലൈറ്റിട്ട് ഓടിച്ചെന്ന് തുണികളെല്ലാമെടുത്ത് കൈത്തണ്ടയിൽ വച്ച് മുൻവശത്തൂടെ ഓടിക്കയറി. ഞെട്ടിപ്പോയി. ഒരാൾ നനഞ്ഞു
വിറച്ച് വരാന്തയിൽ നില്ക്കുന്നു.
" ഹാരാത് " ശബ്ദം പൊങ്ങുന്നില്ല.
"പേടിക്കേണ്ട ടീച്ചര്‍. ഞാനാ വിനയന്‍. ടൗണിൽ പോയി വരുംവഴിയാ. മഴ പെയ്തത് പെട്ടെന്നാ. ലൈറ്റു കണ്ടു ഓടിക്കയറിയപ്പോൾ ടീച്ചറുടെ വീടാണെന്ന് ഓർത്തില്ല. "
"അതിനെന്താ മാഷ് ഇരിക്കൂ." അങ്ങനെ പറയാനാണു തോന്നിയത്. പക്ഷേ പെട്ടെന്ന് മനസ്സില്‍ ഒരു വടംവലി നടന്നു. ആരുമില്ലാത്ത രാത്രി സമയം. ഒരു അന്യപുരുഷൻ ..വഴിയില്‍ക്കൂടി പോകുന്ന ആരെങ്കിലും ശ്രദ്ധിച്ചാലോ. നാളെ കുട്ടികളുടെ മുന്നില്‍ ചെന്നു നിൽക്കാനൊക്കുമോ. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ നനഞ്ഞു കുളിച്ചു വന്നപ്പോൾ ഇറങ്ങിപ്പോകാൻ എങ്ങനെ പറയും. .
"മാഷ് അകത്തു കയറി ഇരിക്കൂ. വരാന്തയിൽ തൂവാനമടിക്കുന്നുണ്ട്."
വെളിയില്‍ നിന്ന് ആരെങ്കിലും കാണരുതെന്നേയുണ്ടായിരുന്നുള്ളൂ.
" തല തുവർത്തൂ മാഷേ. വല്ലാതെ തണുത്തു വിറയ്ക്കുന്നുമുണ്ടല്ലോ" തോർത്ത് എടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു.
"ടീച്ചറുംനന്നായി നനഞ്ഞല്ലോ" ശരീരത്തിൽ നനഞ്ഞൊട്ടിയ വേഷവുമായാണ് താൻ നിൽക്കുന്നത് എന്ന തിരിച്ചറിവിൽ ലജ്ജ തോന്നി. ധൃതിയില്‍ അകത്തുപോയി വസ്ത്രം മാറി ഒരു കപ്പ് ചൂട് കാപ്പിയുമായി വന്നപ്പോൾ വിനയന്‍ മാഷ് തലതുവർത്തി നിൽക്കുന്നു. കാപ്പി കൊടുത്തു കൊണ്ടു പറഞ്ഞു
"പാലില്ല കട്ടനാ. തണുപ്പു മാറട്ടേന്നു കരുതിയാ.കുടിക്കൂ മാഷെ"

"അവധിക്കാലത്ത് തനിച്ച് ടീച്ചര്‍ എങ്ങനെയാണ് സമയം കളയുന്നത്."
"ലൈബ്രറിയിൽ പുസ്തകങ്ങൾ ഉള്ള കാലത്തോളം എനിക്ക് എന്ത് വിഷമം"
നിസ്സാരഭാവത്തിൽ പറഞ്ഞെങ്കിലും ആ നാളുകളില്‍ അനുഭവിക്കുന്ന മടുപ്പിക്കുന്ന ഏകാന്തതയുടെ കയ്പ് മുഖത്ത് വന്നോ ആവോ.
മാഷുടെ കണ്ണുകൾ തന്നെ അടിമുടി ഉഴിയുന്നത് മനസ്സിലായപ്പോൾ വേവലാതിയോടെ
വേഗം വിഷയം മാറ്റി.
" എങ്ങനെ പോവും മാഷേ. മഴ കുറയുന്നില്ലല്ലോ"
അതു ശ്രദ്ധിക്കുകപോലും ചെയ്യാതെ
 വിനയന്‍ മാഷ് പറഞ്ഞു "നമ്മളൊന്നിച്ചു താമസിക്കുന്ന ഒരു കൊച്ചു വീട് ടീച്ചറെ കണ്ടതു മുതല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇതുപോലെ. "
"ശാപം പിടിച്ച എന്നെയാണോ മാഷ് കണ്ടുപിടിച്ചത്. ആളുകളുടെ മുന്നില്‍ കൂടെ കൊണ്ടു നടക്കാൻ പറ്റിയ ഒരു മുഖം പോലുമില്ലല്ലോ എനിക്ക്. മാഷിനേക്കാൾ ചില വർഷങ്ങൾ കൂടുതൽ ഓണമുണ്ടിട്ടുണ്ട് ഞാന്‍. അതറിയുമോ മാഷെ"
"ഞാനതൊന്നും കാര്യമാക്കുന്നില്ല. മുഖമല്ല പ്രായമല്ല മനസ്സാണു ഞാന്‍ കണ്ടത്. ഇപ്പോള്‍ മുഖംമൂടിയുമായല്ലല്ലോ സ്കൂളില്‍ പോകുന്നത്.. നീലിമടീച്ചറെ എനിക്ക് ഇഷ്ടമാണ്. എനിക്ക് എന്നും കൂട്ടായി വരാമോ.അത് മാത്രം അറിഞ്ഞാല്‍ മതി. "
കൺകോണുകളിൽ നീരസം ചാലിച്ച് ഒഴിഞ്ഞ കാപ്പിക്കപ്പ് വാങ്ങാന്‍ കൈ നീട്ടി. ആ കൈയ്യില്‍ കടന്നുപിടിച്ചു വിനയന്‍ മാഷ് എഴുന്നേൽക്കുന്നത് ചങ്കിടിപ്പോടെയാണ് കണ്ടത്. മനസ്സിലെ ആന്തൽ അടക്കി കൈ വലിച്ചു. "നീലിമടീച്ചർക്ക് എന്നെ ഇഷ്ടമല്ലേ. അതു മാത്രമാണ് എനിക്കറിയേണ്ടത്. എത്ര നാളായി ഇതൊന്നു പറയാന്‍ ഞാന്‍ കാത്തിരിക്കുന്നു . എപ്പോഴും ഞാന്‍ അടുത്തു വരുമ്പോള്‍ ടീച്ചര്‍ മാറിക്കളയും. ഇപ്പോള്‍ പറയൂ ടീച്ചര്‍ക്ക് എന്നെ ഇഷ്ടമല്ലേ.."
ഒരാള്‍ എന്നെങ്കിലും ചോദിക്കണമെന്നാഗ്രഹിച്ച ചോദ്യം.

പുരുഷന്റെ ഗന്ധം, അവന്റെ നിശ്വാസം, ആ കയ്യില്‍ നിന്ന് പ്രസരിച്ച സ്നേഹം, ഇതൊക്കെ എത്ര കൊതിച്ചതാണ്.

അവൾ അകത്തു പോയി ഒരു കുടയുമെടുത്തു വന്നു.
"മാഷ് നനയാതെ പോകൂ. അമ്മ വരട്ടെ എന്നെ ഇഷ്ടമായെങ്കിൽ ഞാന്‍ കൂടെ വരും. "
"ഹാവൂ ദേവി പ്രസാദിച്ചല്ലോ. സന്തോഷമായി ടീച്ചര്‍. "

   കുടയുമെടുത്തു നടന്നു പോകുന്ന മാഷെ നോക്കി നില്ക്കുമ്പോൾ പുറത്ത് നാദസ്വരമേളം പോലെ മഴ ആർത്തലച്ചു പെയ്യുകയായിരുന്നു.

Tuesday, 2 August 2016

ഇനി ഞാന്‍ ഉറങ്ങട്ടെ.
നിന്റെ നിശ്വാസമേൽക്കാതെ
നിൻ സ്നേഹപ്പുതപ്പു മൂടീടാതെ
നിൻ കരലാളനമില്ലാതെ
വഴിയില്‍ വലിച്ചെറിയപ്പെട്ട
തലയൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ
തണുത്തു മരവിച്ച കിടക്കയിൽ
അതിലെറെ മരവിച്ച മനസ്സുമായി
ഇനിഞാനുറങ്ങട്ടെ.
സ്നേഹത്തിൻ ചൂടുള്ള സൂര്യന്‍
ഉദിച്ച നാളുകൾ ഓർമ്മയിൽ
സ്വപ്നങ്ങളെല്ലാം ഓടിയൊളിച്ച മനസ്സോടെ
ഇനി ഞാനുറങ്ങട്ടെ വീണ്ടും.
പോവുക മൽ പ്രാണസ്നേഹിതാ നിൻമുന്നിൽ
നീണ്ടു കിടക്കുന്നു ജീവിതത്താരകൾ
വിട്ടേക്കുകീ പാഴ്ചെടിയെ നിൻ കാൽക്കലായ് ചവിട്ടേറ്റുണങ്ങിക്കിടക്കുമീ മുൾച്ചെടിയേ
മരവിച്ച പാവം മനസ്സും ശരീരവും
എണ്ണതടവി പുനർജ്ജനിപ്പിച്ചു നീ
സ്നേഹസുഗന്ധിയാമെണ്ണ ....
കാരണമെന്തെന്നറിയാത്തൊരുൾഭയ
മെന്നെ ഭരിക്കുന്നു പ്രാണനാഥാ
തൊട്ടടുത്തേതോ നിമിഷത്തിലൊരു കൂ ർത്ത
കത്തിമുന നെഞ്ചിലമരുംപോലെ
നെഞ്ച് പിടയുന്നൂ കണ്ണിൽ, തലച്ചോറി
ലഗ്നി പടരുന്നെൻ പ്രിയതമാ കേൾ
എൻനെഞ്ചിനുള്ളിലായൊരു കിളിക്കുഞ്ഞു
ചിറകടിച്ചോടുന്നു കാണുമോ നീ
ഒരു ദിവസം കൊണ്ടു വാടുന്നപൂവുപോൽ
വീണുപോകരുതെന്റെ ഹൃദയത്തിൽനിന്നു നീ
രാത്രിയിൽ കണ്ടൊരു നല്ല കനവുപോൽ
മാഞ്ഞുപോയെന്നോ പ്രണയമേ നീ...
ഇന്നു കനവിലും നാളെ നിനവിലും
വന്നെത്തുമെന്നുള്ളൊരാശയോടെ
ചെന്നു ശയനഗൃഹമേറുന്നു
ഇനി ഞാനുറങ്ങട്ടെ ശാന്തിയോടെ

Saturday, 20 February 2016

വെറുതെ ചില വിചാരങ്ങൾ.

വെറുതെ ചില വിചാരങ്ങൾ

                    നളിനകുമാരി

മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരംഒളിച്ചുതാമസമാണ്.   പനി പിടിച്ചു വായിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട്  ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു  ചതുരം എനിക്കു  ആശ്വാസമാകുന്നു.
  മുന്നിലെ വഴിയിൽകൂടി പോകുന്ന എല്ലാവരെയുംഎനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത്  ആരും കാണുന്നുമില്ല. മണ്ണിന്ടെ  നിറമുള്ള ഡോബർമാൻ പടക്കുതിരയെപ്പോലെ മുറ്റത്ത് ഓടിക്കൊണ്ടിരിക്കുമ്പോൾ ആ കാഴ്ചവിട്ട് ആളുകളുടെ കണ്ണുകൾ ഒരിക്കലും മുകളിലേക്ക് ഉയരാറില്ല.   പണ്ടുള്ളവർ പറയുമ്പോലെ
എല്ലാംകണ്ടുകൊണ്ട് മുകളിലിരിക്കുന്ന ഒരാൾ ഉണ്ട് എന്ന് ആരും  ഒരിക്കലും  ചിന്തിക്കാറില്ലല്ലോ.

വഴിയാത്രക്കാരെക്കാൾ  ഇപ്പോൾ  എന്റെ  ശ്രദ്ധ  പിടിച്ചുപറ്റുന്നത്   വഴിയുടെ മറുവശത്ത്‌   പൂട്ടികിടക്കുന്ന   വലിയ വീടും തട്ടുതട്ടായി   പുറകിലേക്കു   ഉയർന്നുപോകുന്ന  വിശാലമായ  പറമ്പുമാണ്.
ആ വീടിന്റെ  ഉമ്മറത്ത്   കുറെ   പുതിയ  താമസക്കാർ എത്തിയിരിക്കുന്നു. ശബ്ദം കേൾക്കാറുണ്ടെങ്കിലും കണ്ടുതുടങ്ങിയത് രണ്ടു  നാൾ  മുൻപ്മാത്രമാണ്.

അഞ്ചു ചുണക്കുട്ടൻമാർ. ഒരാൾ നല്ലവെള്ള. മറ്റു രണ്ട്പേർക്ക്  ഉടലു വെളുപ്പ് ചെവിയുംവാലുംകറുപ്പ്. പിന്നെയുള്ള രണ്ട്പേർ  വയറുംകാലും നല്ല കറുപ്പ്.  മുഖവും വാലും വെള്ള. തനിവെള്ള നിറമുള്ളവനാണ് കൂടുതൽ മിടുക്കൻ. ഒരു നിഴൽ അനങ്ങിയാൽ മതി വരാന്തയിലെ അരഭിത്തിയുടെ സുരക്ഷിതത്വംഉപേക്ഷിച്ച്അവൻ കുഞ്ഞുവായിൽ കുരച്ചുകൊണ്ടു ഓടിവരും.പുറകെ മറ്റുള്ള സഹോദരന്മാരും. അവരെ നോക്കിയിരിക്കുന്നത് എനിക്ക് ഒരു വിനോദമായി മാറി.

അതിലൊന്നിനെ നമുക്ക് എടുത്തു വളർത്താമെന്നു ഞാൻ കെഞ്ചിയിട്ടുംഎന്റെ ഭർത്താവ് സമ്മതിച്ചില്ല. പരിഹാസത്തോടെ

" വെറുംനാടൻ പട്ടിക്കുഞ്ഞല്ലേ അതിനെയൊന്നും വേണ്ട" എന്ന് അദ്ദേഹംശഠിച്ചു.

 നല്ലവില കൊടുത്തു  വാങ്ങിയവരുംഉന്നതകുല ജാതരുമായ ഡോബർമാനുംജർമൻഷെപ്പേർഡും റോട്ടുവീലറുമൊക്കെ വീട്ടിലുള്ളപ്പോൾ  ഈ നാടൻപട്ടി എന്തിനാ എന്ന് അദ്ദേഹംചോദിച്ചു.
ഒരു പഗ്ഗിനെ വാങ്ങണമെന്ന് അദ്ദേഹംപറഞ്ഞപ്പോൾ ഇനിയും ഇവിടെ നായയെ  വേണ്ട എന്ന് ഞാന്‍  പറഞ്ഞത് ഇപ്പോൾ എന്റെ ആഗ്രഹത്തെ എതിർക്കാനുള്ള ആയുധമാക്കുകയാണ്.
ഒരു ഭംഗിയുമില്ലാത്ത പഗ്ഗ്പോലെയാണോ ഈ സുന്ദരൻ നായക്കുട്ടി.
ഈ ഭംഗി ഇപ്പോഴേ കാണൂ വേഗംഅതു തനി നാടനായി മാറുമെന്ന് അദ്ദേഹവും ധാരാളംപാലുംമുട്ടയുംകൊടുത്തു അവനെ മിടുക്കനാക്കാമെന്ന്  ഞാനും  പറഞ്ഞെങ്കിലുംഎന്റെ ആഗ്രഹം അനുവദിക്കപ്പട്ടില്ല. ഒരു നായയെ തിരഞ്ഞെടുക്കാനോ വളര്‍ത്താനോ   ഉളള സ്വാതന്ത്ര്യം പോലും  ഭാര്യയായ എനിക്കില്ല.  എന്തൊരു പുരുഷാധിപത്യം!

പനിയുടെ തളർച്ചയിൽ കിടപ്പായിപ്പോയി അല്ലെങ്കിൽ അപ്പോൾ തന്നെ അവിടെ ചെന്ന് ഒരു കുഞ്ഞു നായയെ എടുത്തുകൊണ്ട് പോരാമായിരുന്നു എന്ന് ഞാൻ പിറുപിറുത്തപ്പോൾ, പെറ്റപട്ടി ഏത്നേരവും തിരിച്ചു വന്നേക്കാമെന്നുംഅതു കടിച്ചാൽ ഇൻജക്ഷൻ എടുക്കേണ്ടി വരുംഎന്നും
വീട്ടിൽ എന്ടെ സഹായിയായ സ്ത്രീ പറഞ്ഞപ്പോൾ ഞാൻ നിസ്സഹായയായി കിടന്നു.
എങ്കിലുംസദാസമയവുംഎന്റെ കണ്ണുകൾ ആ നായക്കുട്ടികളെ വട്ടമിട്ടു പറന്നു.
ഇന്ന് പകൽ അഞ്ച് സുന്ദരൻമാരുംപതുക്കെ മുറ്റത്ത് ഇറങ്ങിയത് ഞാൻ കണ്ടു.അവർക്ക് വിശന്നിട്ടാവണം ചിനുങ്ങിചിനുങ്ങി കരയുന്നുണ്ടായിരുന്നു.
വിശപ്പുണ്ടെങ്കിലും ആ കുഞ്ഞുങ്ങൾക്ക്  കളിക്കാൻ മടിയൊന്നുമില്ല. ചാടിമറിഞ്ഞും മേൽക്കുമേലെ കയറിമറിഞ്ഞും ഉരുണ്ടുവീണും പരസ്പരം ചെവിയുംവാലും കടിച്ചു വലിച്ച്കുടഞ്ഞും പിന്നെ കുറച്ചു അമ്മയെ ഓർത്തു മോങ്ങിയും കുറച്ചു ഉറങ്ങിയുംഅവർ പകൽ മുഴുവൻ ആ മുറ്റത്ത് കഴിച്ച്കൂട്ടി.
ഒടുവിൽ ആ അമ്മ വരുക തന്നെ ചെയ്തു. കുഞ്ഞുങ്ങളുടെ ഹർഷാരവംകേട്ടാണ് ഞാൻ നോക്കിയത്.
അവളുടെ ശരീരത്തിൽ എല്ലുകൾ മുഴച്ചു നിന്നിരുന്നു. വയറൊട്ടി കിടക്കുന്നു. ദിവസങ്ങളോളം മക്കളെ മുലയൂട്ടുന്നെങ്കിലും അവൾ പട്ടിണിയായിരുന്നിരിക്കാം. പേപ്പട്ടിയെക്കുറിച്ചുള്ള ഭയംകാരണം കാണുന്നവരൊക്കെ അടിച്ചോടിക്കുമ്പോൾ എവിടെ നിന്ന് ഭക്ഷണം  കിട്ടാനാണ്.

അമ്മയെ കണ്ടു മക്കൾ ഓടി വരുന്നുണ്ട്. ആദ്യം രണ്ട്പേർ ഓടിയുംവീണുംഅമ്മയുടെ അടുത്തെത്തി. നിന്ന്കൊണ്ട് അമ്മയുടെ മുലകൾ വായിലാക്കി ഒന്നു നുണഞ്ഞേയുള്ളു. അമ്മ നടന്നുതുടങ്ങി. അപ്പോൾ ബാക്കി രണ്ടുപേർ എത്തി. അവരുംഅമ്മിഞ്ഞയിൽ കടിച്ചുതൂങ്ങി. ഒരാൾമാത്രംഓടാനാകാതെ നിന്നിരുന്നു. ആ അമ്മ തിരിച്ചു നടന്നു ആ കുഞ്ഞുമോനെ ഒന്നു മണപ്പിച്ചു. കിട്ടിയ തക്കത്തിന് ഒരുമിനിറ്റ് അവനുംഅമ്മയുടെ മുലക്കണ്ണ്  വായിലാക്കി. പെട്ടെന്ന് അമ്മ മക്കളെ വിട്ട് വേഗത്തിൽ നടന്നുതുടങ്ങി. ഓടിയുംനടന്നും വീണും മക്കൾ അമ്മയുടെ ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. നടക്കാൻ വേഗതയില്ലാത്ത ഒരാൾ മാത്രമാണ് ആ മുറ്റത്ത് ബാക്കിയായത്. പിന്നെ
പറമ്പിൽ പലയിടത്തായി നായക്കുട്ടികളുടെ കരച്ചിൽ കേട്ടുകൊണ്ടിരുന്നു. കുറെ കഴിഞ്ഞു  ശബ്ദമൊന്നുംകേട്ടില്ല. അമ്മ മക്കളെയുംകൊണ്ടു  പോയിക്കാണുമെന്നും നടക്കാന്‍ കഴിയാതെ ബാക്കിയായിപ്പോയ കുഞ്ഞിനെ തിരക്കി വീണ്ടുംവരുമെന്നും ഞാൻകരുതി. പക്ഷേ രാത്രി ഏറെ വൈകിയിട്ടുംഅവൾ തിരിച്ചുവന്നില്ല. വീശന്നുപൊരിഞ്ഞ ആ കുഞ്ഞു മോങ്ങിക്കൊണ്ട്  ആ മുറ്റത്ത് പ്രാഞ്ചി  പ്രാഞ്ചി   നടക്കുന്നുണ്ടായിരുന്നു.

നാളേക്ക് സുന്ദരൻമാരായ ആ പിഞ്ചു കുഞ്ഞുങ്ങളുടെ
ഗതി എന്തായിരിക്കും? ജീവിച്ചിരിപ്പുണ്ടാകുമോ..അതോ പറമ്പുകളിൽ കൂടി ആഹാരംതേടി കൂവി നടക്കുന്ന കുറുക്കൻമാരുടെ ഭക്ഷണമായി മാറി കാണുമോ..