www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday, 17 October 2013

എന്റെ ഗ്രാമത്തിൽ ഒരു ദിവസം

മകരമഞ്ഞിന്‍റെ കുളിരുള്ള പുലരിയിൽ
കറുകറുത്തൊരു രാവുമരിക്കുന്നു.
മഴമുകില്‍ തള്ളിമാറ്റി  കതിരവൻ
ചെമ്പനീര്‍പ്പൂപോലെയെത്തിനോക്കീടുന്നു.
പൂർവദിങ്മുഖമാറ്റും  വിയര്‍പ്പ് പോൽ
ഹിമകണം വന്നുവീഴുന്നു പൂക്കളിൽ.
ഏഴു വർണ്ണങ്ങളാകെ തെളിയുന്നു
മഞ്ഞു വീണു കുളിർന്നപുൽനാമ്പതിൽ.  
മൂളിമൂളിപ്പറക്കുന്ന വണ്ടുകൾ
ഉമ്മവെക്കുന്നു പൂക്കളെയാകവേ.
മെല്ലെമെല്ലവേ കണ്‍ തുറന്നർക്കനെ
പ്രേമപൂർവം കടാക്ഷിപ്പു താമര.
നവ്യമാം ചെറു തെന്നൽ തഴുകവേ
കുളിരുകൊണ്ട് വിറയ്ക്കും  ചെടികളും,
കാലമെത്താതെ വന്നെത്തി കൊന്നപ്പൂ
പൊന്നണിഞ്ഞ മണവാട്ടിപ്പെണ്ണുപോൽ.
                           ***
കിളികൾപാടുന്ന പൂമരച്ചില്ലയിൽ
നദിയിൽ കണ്‍നട്ടു പൊന്മാനിരിക്കുന്നു.
മരതകപ്പട്ടു തോല്ക്കുന്ന പാടവും ,
ഒറ്റക്കാലിൽ തപം ചെയ്യും  കൊറ്റിയും. 
കളകളാരവത്തോടെയരുവികൾ
പുഴകൾതേടിക്കുതിക്കുന്നു സാനന്ദം.
അലസഗാമിനി ഇക്കിളി കൂട്ടുന്നു
ഇരുകരങ്ങളാൽ കണ്ടൽച്ചെടികളെ.
വെണ്‍ നുരക്കൈകൾ നീട്ടിച്ചിരിച്ചു തൻ
പ്രിയയെ സ്വാഗതം ചെയ്യുന്നു സാഗരം.
അമൃത കുംഭങ്ങൾ പേറുന്ന കേരങ്ങൾ
കൈകൾ കോർത്തു നിരന്നുചിരിക്കുന്നു.
ധവളമേഘം മുഖം നോക്കുമാറ്റിലെ
പായലിനുള്ളിൽ മീനുകളോടുന്നു.
പുനർജനിതേടിയെത്തുമാത്മാക്കളാം
തുമ്പികൾ മുറ്റമാകെ പറക്കുന്നു.
മന്ദപവനനു മയവെട്ടും പൈക്കളും
തെല്ലുനേരം മയങ്ങീ മരച്ചോട്ടിൽ.
കൊയ്തകറ്റകൾ മദ്ധ്യാഹ്നസൂര്യന്റെ
പൊള്ളുംചൂടേറ്റിരിപ്പൂ കളമിതിൽ.
                   ***
 രൌദ്രഭാവം വെടിഞ്ഞൂ ദിനകരൻ
പശ്ചിമാംബരം നോക്കീ നടകൊണ്ടു.
കൂടുതേടിപ്പറക്കുന്നു പക്ഷികൾ
വാവലാഹാരം തേടിയിറങ്ങുന്നു.
അർക്കനിന്നത്തെ വേഷമഴിക്കാനായ്
ആഴിയിൽ പൊള്ളുമാനനം താഴ്തവേ
ചെമ്പട്ടെല്ലാമഴിച്ചു മടക്കിയാ-
സന്ധ്യപോയോരരങ്ങിലേക്കായിതാ 
പട്ടടപ്പുകയേറ്റ കരിമ്പട-
മെത്തയുമായ് വരുന്നൂ നിശീഥിനി.
നീലമേലാപ്പില്‍രത്നം പതിച്ചപോല്‍
വാനിലാകെ തിളങ്ങുന്നു താരകള്‍.
തേഞ്ഞു തീർന്നോരരിവാൾ തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ. 
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ
രാക്കിളികൾ തൻ താരാട്ട് പാട്ടുകേ-
ട്ടീ ധരിത്രി സുഖമായുറങ്ങുന്നു.