www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday, 17 October 2013

എന്റെ ഗ്രാമത്തിൽ ഒരു ദിവസം

മകരമഞ്ഞിന്‍റെ കുളിരുള്ള പുലരിയിൽ
കറുകറുത്തൊരു രാവുമരിക്കുന്നു.
മഴമുകില്‍ തള്ളിമാറ്റി  കതിരവൻ
ചെമ്പനീര്‍പ്പൂപോലെയെത്തിനോക്കീടുന്നു.
പൂർവദിങ്മുഖമാറ്റും  വിയര്‍പ്പ് പോൽ
ഹിമകണം വന്നുവീഴുന്നു പൂക്കളിൽ.
ഏഴു വർണ്ണങ്ങളാകെ തെളിയുന്നു
മഞ്ഞു വീണു കുളിർന്നപുൽനാമ്പതിൽ.  
മൂളിമൂളിപ്പറക്കുന്ന വണ്ടുകൾ
ഉമ്മവെക്കുന്നു പൂക്കളെയാകവേ.
മെല്ലെമെല്ലവേ കണ്‍ തുറന്നർക്കനെ
പ്രേമപൂർവം കടാക്ഷിപ്പു താമര.
നവ്യമാം ചെറു തെന്നൽ തഴുകവേ
കുളിരുകൊണ്ട് വിറയ്ക്കും  ചെടികളും,
കാലമെത്താതെ വന്നെത്തി കൊന്നപ്പൂ
പൊന്നണിഞ്ഞ മണവാട്ടിപ്പെണ്ണുപോൽ.
                           ***
കിളികൾപാടുന്ന പൂമരച്ചില്ലയിൽ
നദിയിൽ കണ്‍നട്ടു പൊന്മാനിരിക്കുന്നു.
മരതകപ്പട്ടു തോല്ക്കുന്ന പാടവും ,
ഒറ്റക്കാലിൽ തപം ചെയ്യും  കൊറ്റിയും. 
കളകളാരവത്തോടെയരുവികൾ
പുഴകൾതേടിക്കുതിക്കുന്നു സാനന്ദം.
അലസഗാമിനി ഇക്കിളി കൂട്ടുന്നു
ഇരുകരങ്ങളാൽ കണ്ടൽച്ചെടികളെ.
വെണ്‍ നുരക്കൈകൾ നീട്ടിച്ചിരിച്ചു തൻ
പ്രിയയെ സ്വാഗതം ചെയ്യുന്നു സാഗരം.
അമൃത കുംഭങ്ങൾ പേറുന്ന കേരങ്ങൾ
കൈകൾ കോർത്തു നിരന്നുചിരിക്കുന്നു.
ധവളമേഘം മുഖം നോക്കുമാറ്റിലെ
പായലിനുള്ളിൽ മീനുകളോടുന്നു.
പുനർജനിതേടിയെത്തുമാത്മാക്കളാം
തുമ്പികൾ മുറ്റമാകെ പറക്കുന്നു.
മന്ദപവനനു മയവെട്ടും പൈക്കളും
തെല്ലുനേരം മയങ്ങീ മരച്ചോട്ടിൽ.
കൊയ്തകറ്റകൾ മദ്ധ്യാഹ്നസൂര്യന്റെ
പൊള്ളുംചൂടേറ്റിരിപ്പൂ കളമിതിൽ.
                   ***
 രൌദ്രഭാവം വെടിഞ്ഞൂ ദിനകരൻ
പശ്ചിമാംബരം നോക്കീ നടകൊണ്ടു.
കൂടുതേടിപ്പറക്കുന്നു പക്ഷികൾ
വാവലാഹാരം തേടിയിറങ്ങുന്നു.
അർക്കനിന്നത്തെ വേഷമഴിക്കാനായ്
ആഴിയിൽ പൊള്ളുമാനനം താഴ്തവേ
ചെമ്പട്ടെല്ലാമഴിച്ചു മടക്കിയാ-
സന്ധ്യപോയോരരങ്ങിലേക്കായിതാ 
പട്ടടപ്പുകയേറ്റ കരിമ്പട-
മെത്തയുമായ് വരുന്നൂ നിശീഥിനി.
നീലമേലാപ്പില്‍രത്നം പതിച്ചപോല്‍
വാനിലാകെ തിളങ്ങുന്നു താരകള്‍.
തേഞ്ഞു തീർന്നോരരിവാൾ തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ. 
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ
രാക്കിളികൾ തൻ താരാട്ട് പാട്ടുകേ-
ട്ടീ ധരിത്രി സുഖമായുറങ്ങുന്നു.

61 comments:

  1. ടീച്ചറെ ഇവിടെയെത്തുവാൻ
    വളരെ വൈകിയെങ്കിലും
    ഇവിടെ കമന്റുകൾ ഒന്നും
    കാണാഞ്ഞതിനാൽ
    ഞാൻ വൈകിയില്ലായെന്നും
    ധരിക്കുന്നു.
    വളരെ മനോഹരമായി
    നാടിന്റെ വർണ്ണന
    ഇവിടെ കുറിച്ചിട്ടു
    വൈലോപ്പള്ളി
    ഉള്ളൂർ
    കുരാരനാശാനെ
    അറിയാതെ
    ഓർത്തു പോയീ
    ഞാനീ വരികൾ
    വായിച്ചപ്പോൾ
    ഗംഭീരം , ഒപ്പം
    കർണ്നാനന്ദകരവും
    ഇവിടെ ഒരു
    കവയത്രി
    മറഞ്ഞിരിക്കുന്നു.
    ആശംസകൾ

    ReplyDelete
    Replies
    1. ഫിലിപ് സർ
      എന്റെ ബ്ളോഗിൽ സർ ആദ്യമായാണ്‌ വരുന്നത്.
      അത് എന്റെ ഗ്രാമ ഭംഗി കാണാൻ വേണ്ടി ആയതു വളരെ നന്നായി.
      ഈ വരവിനും കയ്യൊപ്പിനും ഒരുപാട് സന്തോഷം

      Delete
  2. നല്ല വരികള്‍.... ഇഷ്ടായി...

    ReplyDelete
    Replies
    1. Sri. Manoj Kumar.
      ഈ വരവിനും കയ്യൊപ്പിനും ഒരുപാട് സന്തോഷം നന്ദി ഇനിയും വരുമല്ലോ

      Delete
  3. .ചന്തമുള്ള വാക്കുകളിലുടെ ഭാവനത്മകമായ ചായകൂട്ടുകൾ കൊണ്ട് തന്റെ നാടിന്റെ ഭംഗി വരച്ചിരിക്കുന്നു ....കുളിര്മ ചൊരിയുന്ന വരികൾ മനോഹരം ....മനസ്സില് പ്രകൃതിയുടെ മനോഹാരിത അനുഭവപെടുന്നു ...വല്ലാത്ത സുഖം ..ഒരുപാട് ഒരുപാട് സ്നേഹ ആശംസകൾ .

    ReplyDelete
    Replies
    1. എന്റെ നാടിന്റെ ഭംഗി എന്റെ കുട്ടിക്കാലത്ത് മാത്രമല്ല;ഈയടുത്ത കാലം വരെ ഇങ്ങനെ തന്നെയായിരുന്നു.
      ഇപ്പോൾ കുറച്ചു വീടുകൾ ഉണ്ടായി എന്നല്ലാതെ വളരെയൊന്നും മാറിയിട്ടില്ല
      ഈ വരവിനും വായനക്കും അഭിപ്രായങ്ങള്ക്കും സന്തോഷമുണ്ട് നന്ദി

      Delete
  4. സ്വന്തം നാടിണ്ടെ ഗ്രാമീണ
    ഭംഗി മുഴുവനായും ടീച്ചർ ഇവിടെ പകർത്തി വെച്ചിരിക്കുകയാണല്ലോ

    ReplyDelete
    Replies
    1. അതെ മുരളീ മുകുന്ദന്‍..ഭംഗിയുള്ള എന്റെ നാട് തന്നെ ഈ വരികളില്‍...
      നന്ദി ഈ വായനക്കും കയ്യൊപ്പിനും..

      Delete
  5. ഗ്രാമീണഭംഗിയും, പ്രകൃതിഭംഗിയും, കവിഭാവനയിൽ ഇടം തേടുമ്പോൾ ഉടലെടുക്കുന്ന വർണ്ണനയുടെ ചാരുതക്ക് ഒരു ഉദാഹരണം...... ഇതാ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര്‍
      ഈ വായക്കും നല്ല വാക്കുകള്‍ക്കും..

      Delete
  6. മലയാളിക്ക് നഷ്ടമായ പഴയകാലഗ്രാമം കവിതയിലേക്ക് പകര്‍ത്തിയെഴുതി ....

    ReplyDelete
    Replies
    1. പ്രദീപ്‌ ജീ നന്ദി ഈ വരവിനും വായനക്കും.

      Delete
  7. ഗ്രാമവിശുദ്ധി വെളിവാക്കും വരികള്‍

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ സര്‍
      ഈ വായനക്കും കയ്യൊപ്പിനും.

      Delete
  8. നന്മയുടെ തിളക്കവും പ്രകാശവും പരത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ സര്‍.
      ഈ നല്ല വാക്കുകള്‍ക്കു സന്തോഷവും നന്നിയും ഉണ്ട്.

      Delete
  9. നല്ല കാഴ്ച്ചകള്‍
    നല്ല വാക്കുകള്‍
    നല്ല വരികള്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സഹോദരാ. അജിത്‌.
      എന്റെ കവിതയില്‍ എതിചെര്ന്നതിനും ഈ നല്ല കമന്റിനും നന്ദി.

      Delete
  10. ഒരു ദിനത്തിലെ ഗ്രാമ വിശുദ്ധിയെ
    കവിതയാക്കിയോ
    ആശംസയായിരം

    ReplyDelete
    Replies
    1. നിധീഷ് വര്‍മ
      ഈ വരവിനും വായനക്കും നന്ദി..

      Delete
  11. ലളിതമായി ആര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ എഴുതിയ കവിത . ഇഷ്ടായി.

    ReplyDelete
    Replies
    1. ഫൈസല്‍ ബാബു.
      ഈ നല്ല വാക്കുകള്‍ക്കു നന്ദി. ഈ വരവിന് സന്തോഷവും..

      Delete
  12. വരികളില്‍ വിരിയും പഴയ ഗ്രാമഭംഗി,

    ReplyDelete
    Replies
    1. ഇത് എന്റെ ഗ്രാമത്തിലെ തന്നെ കാഴ്ചകള്‍ ആയിരുന്നു എന്നല്ല ഇപ്പോഴും പകുതി അവിടെ ഉണ്ട്.
      നന്ദി ജോസെലെറ്റ് ഈ വരവിനും വായനക്കും..

      Delete
  13. കൊതിപ്പിക്കുന്ന ഗ്രാമം..

    ReplyDelete
    Replies
    1. എന്റെ ഗ്രാമത്തില്‍ ഇലഞ്ഞിപൂക്കളുടെ സൌരഭ്യം വിതറിയത് വളരെ സന്തോഷമുണ്ടാക്കി.
      ഇനിയും വരുമല്ലോ..

      Delete
  14. നാടിന്റെയാത്മാക്കളായിരുന്നു ഓരോ ഗ്രാമവും. ഇന്ന്‍ നാടിന്റെ ദുഃഖങ്ങളും അവര്‍ തന്നെ. അതിവേഗം ഗ്രാമങ്ങള്‍ അപ്രത്യക്ഷമാകുകയാണ്. ഗ്രാമങ്ങളോടൊപ്പം തന്നെ അവ നല്‍കിയിരുന്ന നന്മകളും നിറക്കാഴ്ചകളും. മനോഹരമായ ഗ്രാമവിശേഷം ചേച്ചി. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. അതെ ശ്രീക്കുട്ടാ.ഗ്രാമത്തിന്റെ വിശുദ്ധിയും നിറമുള്ള കാഴ്ചകളും നന്മയും ഒക്കെ നശിച്ചു കൊണ്ടിരിക്കുന്നു..
      സന്തോഷമുണ്ട് ഈ വരവിനും കയ്യൊപ്പിനും.

      Delete
  15. ഗ്രാമം തികച്ചും സങ്കല്പം മാത്രമാവുന്ന കാലം വിദൂരമല്ല അന്ന് ഇത്തരം കവിതകള്‍ അവിടത്തെ തലമുറയ്ക്ക് ചില അടയാളങ്ങള്‍ സമ്മാനിക്കും .നല്ലൊരു വായന.

    ReplyDelete
    Replies
    1. ആദ്യത്തെ വരവല്ലേ. നന്ദി.
      നാട്ടിന്പുറങ്ങളുടെ നിറക്കാഴ്ചകള്‍ ഇനിയുള്ള കുഞ്ഞുങ്ങലെങ്കിലും അറിയേണ്ടേ?
      ഇനിയും വരുമല്ലോ.
      സന്തോഷമുണ്ട് ഈ വായനക്ക്

      Delete
  16. ഒരു ഗ്രാമത്തിന്റെ വിശുദ്ധി പോലെ തന്നെ കവിതയും..
    ഇപ്പൊ ഗ്രാമ കാഴ്ചകൾ സിനിമയിൽ പോലും അന്യം ആയി
    തുടങ്ങി..കണ്ടിട്ട് വേണ്ടേ പടം പിടിക്കാൻ..

    ഒത്തിരി ഇഷ്ടം ആയി.അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. വിന്‍സെന്റ് സന്തഷമുന്ദ് ഈ വരവിനും വായനക്കും..
      ഗ്രാമ കാഴ്ചകള്‍ തേടി സിനിമാക്കാര്‍ പോകുന്നത് ശോര്നൂരിനടുതോക്കെയല്ലേ. അവിടെ ഇപ്പോഴുമുണ്ട് നല്ല ഗ്രാമങ്ങള്‍.ചെറുതുരുത്തി പോലെ..
      ആട്ടെ. ബ്രൂണിക്ക് സുഖമല്ലേ.?:)

      Delete
  17. കൊയ്തകറ്റകൾ മദ്ധ്യാഹ്ന സൂര്യന്റെ
    പൊള്ളും ചൂടെറ്റിരിപ്പൂ കളമിതിൽ ....................


    മധുതുളുബും വരികൾ കോരിയിടുന്ന ടീച്ചറിന്റെ കൊച്ചുമനസ്സിനെ കുളിരേകുവാൻ ഭൂമിദേവി ആ സമയത്ത് ഒരു ചാറ്റൽ മഴ പെയിപ്പിച്ചിരുന്നു .... അപ്പൊ മഴവില്ല് വിരിഞിരുന്നു കണ്ടില്ലേ.... ഓർക്കുന്നില്ലേ ..?
    എന്തെ ആ ഏഴഴകുള്ള വരണ വിസ്മയത്തെ കുറിച്ച് പറഞ്ഞില്ല ..അതോ മറന്നു പോയോ ..?.ഇപ്പോഴും .മഴവില്ലിന്നെ കാണുമ്പോൾ കൊതിച്ചു പോകുന്ന നിങ്ങളെ ഞാൻ അറിയുണ്ട് ....

    നിങ്ങളുടെ നാട്ടിന് ആനചന്തം ..വരികള്ക്കെല്ലാം ഏഴഴക്.. അപ്പോൾ ഒരു മഴവില്ല് കൂടി ഉണ്ടായിരുനെങ്കിൽ എന്ന് ആശിച്ചു പോയി .............

    ReplyDelete
    Replies
    1. മഴവില്ല് ഞാന്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ കുട്ടിക്കാലത്ത്.ഒന്നോ രണ്ടോ തവണ, അതായിരിക്കും ആ മനോഹര ചിത്രം മനസ്സിന്റെ മുന്നിലെത്താന്‍ മടിച്ചത്..ധാരാളം മരങ്ങള്‍ നിറഞ്ഞ ഒരു വലിയ പുരയിടത്തിന്റെ ഒത്ത നടുക്കായിരുന്നു വീട്.അതിനാല്‍ കാഴ്ചയില്‍ പെടാതിരുന്നതാവാം.വീടിനു തൊട്ടു
      ഒരു അക്ക്വടെറ്റ് വന്നിട്ടുണ്ട്.അതില്‍ കയറി നിന്നാല്‍ നാടാകെ കാണാം .രണ്ടു മലകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന പുഴയും, ആ പച്ചപ്പും...എന്ത് രസമാണെന്നോ..വയലിന്റെ മാരിലൂടെയുണ്ടായിരുന്ന വലിയ വരമ്പ് ഈയിടെ ടാറിട്ട റോഡ്‌ ആയിഅതില്ക്കൊദെ വല്ലപ്പോഴും ഒരു ബസ്‌ വരുന്നുണ്ട്.അത് നാടിന്റെ സൗകര്യം കൂട്ടി. പക്ഷെ സൌന്ദര്യം കുറച്ചു.
      സന്തോഷം ഈ കയ്യൊപ്പിനു...

      Delete
  18. ആഹാ തിരക്കിനിടയിൽ ഒരു ഒറ്റ ദിവസത്തേക്ക് വീണു കിട്ടിയ നാട്ടിലേക്കുള്ള ഒരു വെക്കേഷൻ പോലെ ആസ്വദിച്ചു

    ReplyDelete
    Replies
    1. ഒരു ദിവസത്തേക്കാനെങ്കിലും നാട്ടിലെത്തിയല്ലോ മനസ്സുകൊണ്ട്
      ഈ വായനയ്ക്ക് നന്ദിയുണ്ട്

      Delete
  19. ഗ്രാമത്തിലെ ഒരു ദിവസത്തെ കാഴ്ചകള്‍ ആണോ ഇത്രയും..
    മനോഹരം..@@
    എന്താണ് "തൂമുഖം" ... ?

    ReplyDelete
    Replies
    1. തൂമ തൂകുന്ന മുഖം.
      എന്റെ ഗ്രാമത്തില്‍ പുലര്‍ച്ചെ വരണം വൈകീട്ട് ചെമ്പട്ടും കൊണ്ട് സന്ധ്യ പോയി കരിമ്പടവുമായി രജനിയെത്തുമ്പോള്‍ പിന്നെ ചന്ദ്രനും വരും .ചീവീട് ചിലക്കും കൂമന്‍ മൂളും ചിലപ്പോള്‍ കാളന്‍ കോഴികള്‍ കൂവും. തീക്കന്നുമായി കള്ള്ണ്ണി എന്ന് ഞങ്ങള്‍ വിളിക്കുന്ന,നമ്മള്‍ നോക്കുമ്പോള്‍ പറന്നു മാറുന്ന ഒരു ജീവി പനമുകളില്‍ കായ തിന്നാന്‍ വരും.ശീതക്കാറ്റു പനയോലകളില്‍ തട്ടി ഹുംകാരം പുറപ്പെടുവിക്കും. പേടിയാകുന്നോ..സത്യമാണ് ഇതൊക്കെ കാണും അവിടെ.അങ്ങ് ദൂരെ എന്റെ ഗ്രാമത്തില്‍ .ചെറിയ കുട്ടിയായിരുന്നപ്പോള്‍ എനിക്ക് എന്ത് പേടിയായിരുന്നെന്നോ?

      Delete
  20. ആഹാ! ഗ്രാമസൌഭാഗ്യത്തിന്‍റെ നല്ലൊരു ചിത്രമാണല്ലോ.... അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. എച്മു.
      ഇവിടെ വരാം എന്ന് പറഞ്ഞിട്ടും വരാത്ത ആളിനെ എങ്ങനെ ഞാന്‍ അത്രയും ദൂരെ എന്‍റെ ഗ്രാമ സൌന്ദര്യം കാണാന്‍ കൊണ്ട് പോകും? പാടത്തിന്റെ പച്ചപ്പ്‌ റോഡരികില്‍ വന്ന കുറെ വീടുകള്‍ കൊണ്ട് നാശമായി എന്നേയുള്ളൂ.ബാക്കിയൊക്കെ അവിടെയുണ്ട്.

      Delete
  21. നല്ല വരികള്‍...വെള്ളമേഘം മുഖം നോക്കും ആറ് , അർക്കനിന്നത്തെ വേഷമഴിക്കാനായ് ...- ഈ വർണനകൾ ഇഷ്ടപ്പെട്ടു...

    ReplyDelete
    Replies
    1. ഹരിപ്രിയാ. ആദ്യമായുള്ള ഈ വരവ് എന്നെ ഒരു പാട് സന്തോഷിപ്പിച്ചു.
      ഇനിയും വരുമല്ലോ. നന്ദി

      Delete
  22. "വെള്ളമേഘം മുഖം നോക്കുമാറ്റിലെ
    പായലിനുള്ളിൽ മീനുകളോടുന്നു "


    ലളിതമായ വരികളിലൂടെ വരച്ചു വച്ചിരിയ്ക്കുന്ന നല്ലൊരു ഗ്രാമീണ ചിത്രം. നല്ല കവിത, ഇഷ്ടമായി...

    ReplyDelete
    Replies
    1. ശ്രീ
      എന്റെ വരികളില്‍ എന്തെങ്കിലും തെറ്റ് വരുമ്പോള്‍ ചൂണ്ടിക്കാണിച്ചും തരണേ.

      Delete
    2. അയ്യോ... തിരുത്താനും മാത്രമൊന്നും ഞാനായിട്ടില്ല ചേച്ചീ :)

      Delete
    3. ഞാൻ വായിച്ചല്ലോ ശ്രീയുടെ ബ്ലോഗുകൾ
      എന്ത് നല്ല കയ്യടക്കത്തോടെയാണ്‌ എഴുതിയിരിക്കുന്നത്..

      Delete
  23. ടീച്ചറെ ...മനോഹരം ഈ വരികൾ ....ആശംസകൾ

    ReplyDelete
    Replies
    1. നന്ദി അബ്ദുല്‍ ഷുക്കൂര്‍
      ആദ്യമായി ഈ വഴി വന്നതിനും വായനക്കും.

      Delete
  24. വളരെ യാദ്രിസ്ചികമായിട്ടാണ് ടീച്ചറുടെ ബ്ലോഗില്‍ എത്തിയത്.ജാലകം തുറന്നപ്പോള്‍ ആദ്യം കണ്ടത് തന്നെ ഗ്രാമത്തിന്റെ ഭംഗി.മകര മഞ്ഞിന്‍റെ കുളിരുള്ള പുലരിയിൽ തുടങ്ങി രാക്കിളികൾ തൻ താരാട്ട് പാട്ടിനാൽ ഗ്രാമം ഉറങ്ങും വരെയുള്ള കാഴ്ചകളെസുന്ദരമായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. ആദ്യമായാണ്‌ എന്റെ ബ്ലോഗില്‍...
      നന്ദി ഈ വായനയ്ക്ക്.
      ഇനിയും വരുമല്ലോ.

      Delete
    2. വരണം ഇപ്പോഴേ നന്ദി അറിയിക്കുന്നു..

      Delete
  25. വായിച്ചു, ഇഷ്ടപ്പെട്ടു, ആശംസകള്‍ !

    ReplyDelete
    Replies
    1. ഇവിടെ എത്തിയതിനും കയ്യൊപ്പിനും സന്തോഷം...ഇനിയും വരുമല്ലോ..

      Delete
  26. ഗ്രാമഭംഗി വരികളിൽ തുളുമ്പി നിൽക്കുന്നു. ഇത്ര മനോഹരമായ സ്ഥലത്തെ താമസം തീർച്ചയായും മനസ്സിൽ കവിത നിറയ്ക്കും.

    ReplyDelete
    Replies
    1. ഏട്ടാ ആദ്യമായുള്ള ഈ വരവിനും വായനക്കും സന്തോഷവും നന്ദിയും അറിയി ക്കുന്നു

      Delete
  27. മനോഹരമായ വരികളിലൂടെ അനുദിനം നഗരവല്ക്കരിക്കപ്പെടുന്ന ഗ്രാമത്തിന്റെ ശാലീന സൌന്ദര്യം അനാവരണം ചെയ്ത ടീച്ചർക്കു അഭിനന്ദനം.

    ReplyDelete
    Replies
    1. ഗ്രാമജീവിതം മനോഹരമല്ലേ മധു സര്‍?
      ഒക്കെ ശരി തന്നെ. പക്ഷെ നഗരം കണ്ടു വളര്‍ന്നു കഴിഞ്ഞു പിന്നെ തിരിച്ചു ചെന്നാല്‍ ഒരാഴ്ച കഴിയുമ്പോള്‍ നമുക്ക് ആ സുന്ദര ഗ്രാമം മടുക്കും. അല്ലെ. ഇന്നത്തെ കുട്ടികള്‍ ഒട്ടും ഇഷ്ടപ്പെടില്ല ഗ്രാമ ജീവിതം.

      Delete
  28. മനസ്സിൽപ്പതിഞ്ഞു കിടക്കുമേ മായതെ
    കറയറ്റ ലാവണ്യമെന്നുമെന്നും..

    ഗ്രാമഭംഗിയുടെ കറയറ്റ വാങ്മയചിത്രം തന്നെ അമ്മയുടെ ഈ കവിത.ഒരുപാട് ഇഷ്ടമായി.

    അമ്മയ്ക്കെന്റെ പുതുവത്സരാശംസകൾ...

    ReplyDelete