www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Monday, 16 September 2013

             ഉണ്ണിക്കുട്ടന്റെ സ്കൂൾ ബാഗ്‌ 


                               

മാളു മുറ്റമടിച്ചു കഴിഞ്ഞു കയ്യ് കഴുകി കൊച്ചമ്മ കൊടുത്ത പഴംകഞ്ഞി കുടിക്കാൻതുടങ്ങി .. മുരിങ്ങ മര  കൊമ്പിലിരുന്ന  ഒരു കാക്ക പറന്നു വന്നു അടുക്കള കോലായിൽ ഇരുന്നു. 


:"പോ കാക്കേ മുറ്റത്തേക്ക് പോ.." ഒരു പ്ലാവില വറ്റു  എടുത്തു മാളു മുറ്റത്തെക്കിട്ടു കൊടുത്തു.
 കാക്ക ഓരോ വറ്റും  കൊത്തി  തിന്നു വീണ്ടും തല  ചെരിച്ചു മാളുവേ നോക്കി.. 

അവൾ കഞ്ഞി കുടിചെഴുന്നെറ്റപ്പോൾ കൊച്ചമ്മ പുറത്തേക്കു വന്നു.. 
" മാളൂ ഇത്തിരി വെയില് തെളിയുന്നുണ്ട്. ഇന്നലെ അലക്കിയ തുണിയൊക്കെ വിറകു പുരയിലെ അഴയിൽ ഉണ്ട്. അതെല്ലാം എടുത്തു വെയിലുള്ള സ്ഥലത്ത് ഇടണം ട്ടോ. "

":ശരി കൊച്ചമ്മ.." അവൾ കഞ്ഞികുടിച്ച പാത്രം കഴുകി അടുക്കള കോലായിൽ കമഴ്ത്തി വെച്ച് വിറകുപുരയിൽ ചെന്ന് തുണികൾ എടുത്തു. മുറ്റത്തു, വെയിൽ ഉള്ള ഭാഗത്ത്‌ അഴയിൽ ഓരോന്നായി വിരിച്ചു.

 മാളു മുകളിലേക്ക് ഒന്ന് നോക്കി.  കാക്ക അവിടെ മരക്കൊമ്പിൽ  ഇരിക്കുന്നു.. 

"ആ ചെളി യുള്ള കാലും കൊണ്ട് തുണിയിൽ ഇരിക്കല്ലേ കാക്കേ ഞാൻ വീണ്ടും അലക്കേണ്ടി വരും.."

ഒരു ചെറിയ കല്ലെടുത്ത്‌ അവൾ കാക്കയെ എറിഞ്ഞോടിച്ചു 

കൊച്ചമ്മ, വലിയ ഒരു കെട്ട് കൊണ്ടുവന്നു  അവളെ ഏല്പ്പിച്ചു.. 

"ഇത് വേണ്ടാത്ത തുണികൾ  ഒക്കെയാ നിനക്ക് വേണ്ടത് ഉണ്ടെങ്കിൽ എടുത്തു ബാക്കി കളഞ്ഞേക്കണേ."

"ഓ" മാളു കൊച്ചമ്മ കൊടുത്ത കെട്ട് വാങ്ങി  അവിടെ തന്നെ ഇരുന്നു അഴിച്ചു ഓരോന്നായി പരിശോധിച്ച്..
 നല്ല രണ്ടു കുഞ്ഞു ഷർട്ടുകൾ എടുത്തു മാറ്റി വച്ച്..

 ഉണ്ണിക്കുട്ടൻ  ഇന്നലെ ഇട്ട ഷർട്ട്‌  തന്നെയാണ് ഇന്നും സ്കൂളിൽ പോകുമ്പോൾ ഇടാൻ എടുത്തു വെച്ചത്.. 

"അഴുക്കുണ്ടല്ലോ അമ്മെ ഇന്നും കൂടി  ഇത് .". എന്നവൻ പകുതിക്കു നിർത്തി 
"അലക്കിയാൽ ഉണങ്ങില്ല മോനെ "എന്ന് പറഞ്ഞു താൻ ജോലി തീർക്കാൻ ഇങ്ങോട്ട് ഓടിപ്പോന്നതാണ്.... പാവം

 ഇന്ന് സ്കൂളിൽ നിന്ന് വന്നാൽ  ആ ഷർട്ട്  കഴുകിയിടാം മഴയാണെങ്കിൽ ഉണങ്ങില്ല. നാളെ   വലിയ കിണ്ണത്തിൽ തിളച്ച വെള്ളമെടുത്തു ഷര്ട്ടിനു മുകളിൽ  വെച്ച് ഉണക്കിയെടുക്കാം എന്നൊക്കെ മനസ്സില് കണ്ടതാണ്..
ഇതാ ഇപ്പോൾ എന്റെ മോന് രണ്ടു ഷര്ട്ടു കിട്ടി.  കീറിയിട്ടോന്നുമില്ല. ഇവിടത്തെ കൊച്ചിന് ചെറുതായി പോയതാകും..

ഓരോന്ന് എടുത്തു ഒടുവിലതാ കിടക്കുന്നു ഒരു സ്കൂൾ ബാഗ്‌ ..മാളുവിന്റെ  കണ്ണുകൾ  സന്തോഷം കൊണ്ട് വിടര്ന്നു .. എത്ര നാളായി ഉണ്ണിക്കുട്ടൻ  ഒരു ബാഗിന് വേണ്ടി കരയുന്നു.. എവിടെ നിന്ന് പണം ഉണ്ടാക്കിയാണ് ഒരു ബാഗ് വാങ്ങുക എന്ന് സങ്കടപ്പെട്ടിരിക്കുമ്പോൾ ലോട്ടറി അടിച്ച പോലെ നല്ല  ഒരു ബാഗ്.

 ഒരു ഭാഗത്ത്‌ വാട്ടർ ബോട്ട്ൽ വെക്കാനുള്ള ചെറിയ ഭാഗം മാത്രമേ കീറിയിട്ടുള്ളൂ .  എന്റെ മോന് ഭാഗ്യമുണ്ടല്ലോ... എന്റെ ദൈവമേ നിനക്ക് സ്തുതി.. ബാഗും ഷര്ട്ടുകളും മടക്കി വേറെ ഒരു പ്ലാസ്റിക് കൂട്ടിലിട്ടു കയ്യിൽ  പിടിച്ചു. മറ്റുള്ളതൊക്കെ വേറെ ഒരു കെട്ടാക്കി  .

 മോൻ സ്കൂളിൽ പോകും മുന്പ് വീടെത്തിയാൽ ഇന്ന് തന്നെ അവനു ഈ ബാഗിൽ പുസ്തകങ്ങൾ  ഇട്ടു പോകാമല്ലോ...
ഉണ്ണിക്കുട്ടന്റെ കണ്ണിലെ സന്തോഷം കാണാൻ വേണ്ടി മാളു വീട്ടിലേക്കുള്ള വഴിയിലൂടെ ഓടി.
                                                          ... 

42 comments:

  1. ചെറിയവരുടെ മനസ്സിലടക്കിവെച്ച ഇത്തിരി മോഹങ്ങള്‍ സാധിക്കുമ്പോഴുണ്ടാകുന്ന സന്തോഷം മനസ്സിലൊരു വിങ്ങലായി മാറുന്നു....
    നന്നായിരിക്കുന്നു രചന
    നന്മയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
    Replies
    1. ആദ്യമായി എന്റെ ഈ കുഞ്ഞു ബ്ലോഗില്‍ എത്തിയതിനും കയ്യൊപ്പ് ചാര്‍ത്തിയതിനും
      എന്റെ സന്തോഷം തങ്കപ്പന്‍ സര്‍
      ദുഃഖങ്ങള്‍ പുറത്തറിയിക്കാതെ എത്ര കുഞ്ഞുങ്ങള്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു..ആരറിയുന്നു അവരുടെ കുഞ്ഞു മോഹങ്ങള്‍..?

      Delete
  2. പുസ്തകവും ഉടുപ്പുമൊക്കെ വലിയ സ്വപ്നം മാത്രമായിരുന്ന എന്റെ ബാല്യം ഓര്‍മ്മ വന്നു

    ReplyDelete
    Replies
    1. കുഞ്ഞു മനസ്സിലെ വലിയ മോഹങ്ങള്‍ സാധിപ്പിക്കാന്‍ കഴിയാത്ത നിസ്സഹായരായ രക്ഷാകര്‍ത്താക്കളുടെ നൊമ്പരം എത്ര വലുതായിരിക്കും
      നന്ദി അജിത്ത് ഈ വരവിനും വായനക്കും

      Delete
  3. ഇത്തരം സന്തോഷങ്ങൾ നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു....
    ഒരു കുട്ടി ഉപയോഗിച്ച് പഴകി ഉപേക്ഷിച്ച ആനന്ദം, മറ്റൊരു കുട്ടിയുടെ പുതുസന്തോഷമാവുന്നത് ഏറെ കണ്ടിട്ടുണ്ടെങ്കിലും അത്തരം കാഴ്ചകൾ എന്തോ ഒരുതരം നൊമ്പരവും മനസ്സിൽ ഉണർത്താറുണ്ട്. മനസ്സൽപ്പം ആർദ്രമാവും. ആ അവസ്ഥ എന്താണെന്ന് വാക്കുകൾ കൊണ്ട് എനിക്ക് പറഞ്ഞറിയിക്കാൻ അറിയില്ല - ഈശ്വരാ എല്ലാ കുട്ടികൾക്കും ഒരുപോലെ പുതിയ വസ്തുക്കൾ ലഭിക്കുന്ന കാലം വരണമേ എന്നൊരു പ്രാർത്ഥന മനസ്സിന്റെ ആഴങ്ങളിൽ അറിയാതെ വിതുമ്പാറുണ്ടെന്നത് സത്യമാണ്.....

    നന്നായി എഴുതി.....

    ReplyDelete
    Replies
    1. എല്ലാ കുഞ്ഞുങ്ങളും ഒരേപോലെ സന്തോഷം അനുഭവിക്കുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യം
      അങ്ങനെ ഒന്ന് ഉണ്ടാവുമോ?
      നന്ദി Pradeep Kumar ഈ വരവിനും കയ്യൊപ്പിനും

      Delete
  4. മാളുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടര്ന്നു ...
    ഈ സന്തോഷമാണ് സന്തോഷം!
    ലളിതമായ, ഹൃദയസ്പര്ശിയായ രചന.
    ആശംസകൾ.

    ReplyDelete
    Replies
    1. അതെ ഡോക്ടര്‍
      കുഞ്ഞുങ്ങളുടെ ന്യായമായ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെ.
      നന്ദി ഈ വരവിനും വായനക്കും

      Delete
  5. കുഞ്ഞുമനസ്സിന്റെ സന്തോഷം ഈ വരികള്‍ പകര്‍ന്നു തരുന്നു..

    ReplyDelete
    Replies
    1. നമ്മുടെ നാട്ടില്‍ ഇപ്പോഴും നടമാടുന്ന ദാരിദ്ര്യവും ..അല്ലെ സര്‍?
      നന്ദി ഈ കയ്യൊപ്പിനു

      Delete
  6. ദാരിദ്ര്യത്തിന്‍റെ നേര്‍ക്കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയ കഥ ഇടയ്ക്ക് വെച്ച് നിര്‍ത്തിയപോലെ തോന്നി പെട്ടന്ന് അവസാനിച്ചപ്പോള്‍.
    ആശംസകള്‍..

    ReplyDelete
    Replies
    1. എന്റെ ബ്ളോഗ് എപ്പോഴും വളരെ വലുതായി പോകുന്നു എന്ന് തോന്നാറുണ്ട്ധ്വനി
      അത് കൊണ്ട് ഇത് തീരെ ചെറുതാക്കി എഴുതാമോ എന്ന് നോക്കിയതാ..
      നന്ദി ഈ കയ്യൊപ്പിനു

      Delete
  7. ഷാജു ഈ വായനക്ക് നന്ദി

    ReplyDelete
  8. സ്കൂള്‍ ബാഗും മാറിയിട്ടുകൊണ്ട് പോകാന്‍ ഉടുപ്പുമൊക്കെ സ്വപ്നം കണ്ടു നടന്ന എന്റെയും ബാല്യം ഓര്‍മ്മിപ്പിച്ചു.. എന്നെ ഞാനാക്കിയ അനുഭവങ്ങളുടെ ഓര്‍മ്മകള്‍..,.

    നല്ല സരളമായ എഴുത്ത്.. ആശംസകള്‍...,.

    ReplyDelete
    Replies
    1. നന്ദി.എനിക്കുള്ള ഈ പ്രോത്സാഹനത്തിനു...

      Delete
  9. ഇല്ലായ്മയിൽ നിന്ന് എന്തെങ്കിലുമൊക്കെ ഉണ്ടാകുന്നതാണു ജീവിതത്തിന്റെ സന്തോഷം..

    ReplyDelete
    Replies
    1. കാശുള്ള വീട്ടിലെ കുട്ടികൾ വഴി പിഴച്ചു പോകുമ്പോൾ ദരിദ്ര കുടുംബത്തിലെ പഠിക്കാൻ ആശയുള്ള കുട്ടികൾ ഉയരങ്ങളിൽ എത്താറുണ്ട്.
      നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  10. മോള്‍ ചെറിയ ക്ളാസ്സില്‍ പഠിക്കുമ്പോൾ എല്ലാ വർഷവും പുതിയ ബാഗ്‌ വേണമെന്നു ആവശ്യപ്പെടുമായിരുന്നു . ആദ്യത്തെ രണ്ടു മൂന്നു വർഷങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. നന്നായി സൂക്ഷിക്കുന്ന കുട്ടിയായതു കൊണ്ട് കേടുപാടുകൾ ഒന്നുമില്ലാതെ പുതിയത് പോലിരിക്കും . എങ്കിലും പുതിയത് വേണമെന്ന് ആവശ്യപ്പെടുന്നത് കണ്ടപ്പോഴാണ് അടുത്തുള്ള കോളനിയിലെ കുട്ടികളെ കാണിച്ചു കൊടുത്തത് . അവരുടെ ബാഗ്, വസ്ത്രങ്ങൾ എല്ലാം കണ്ടതിനു ശേഷം പിന്നെ ഒരിക്കൽ പോലും ഒന്നിനും വാശി പിടിച്ചിട്ടില്ല .

    കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞോട്ടെ, ഓരോ വർഷവും പുതിയ ബാഗ് വാങ്ങുന്നുണ്ടായിരുന്നു , അത് ആ കോളനിയിലെ കുട്ടികൾക്കായിട്ടായിരുന്നു . മോൾ പിന്നെ പത്താം ക്ളാസ് കഴിയുന്ന വരെ പുതിയ ബാഗ്‌ വാങ്ങിയിട്ടേയില്ല ...

    കഥ മനസ്സിൽ തൊട്ടു ട്ടോ ...

    ReplyDelete
    Replies
    1. നമ്മളേക്കാള്‍ ബുദ്ധിമുട്ടുന്നവരെ കാണിച്ചു കൊടുത്താല്‍ നമ്മുടെ കുട്ടികള്‍ക്ക് ഈ ലോകത്തില്‍ കഷ്ടപ്പെടുന്നവരും ഉണ്ട് എന്ന് മനസ്സിലാവും
      ആ കഷ്ടപ്പാടിലേക്ക് നമ്മെക്കൊണ്ട് ആവുന്നത് ചെയ്യണം എന്നാ ഒരു പാടവും അവരുടെ മനസ്സില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും.
      കുഞ്ഞൂസ്സെ ആ നല്ല മനസ്സിന് നന്ദി

      Delete
  11. പണ്ട് ഇങ്ങനെ കുറച്ചു ഉടുപ്പുകള്‍ കിട്ടിയിരുന്നു.... പാകമാകാത്ത ആ ഉടുപ്പുകള്‍ കിട്ടുമ്പോള്‍ സന്തോഷമാണ് - :) . ഈ രചന നന്നായി

    ReplyDelete
    Replies
    1. എനിക്ക് ആശിക്കാന്‍ കഴിയാത്ത അത്ര നല്ല ഉടുപ്പുകള്‍ അമ്മ വീട്ടില്‍ ചെല്ലുമ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടിയിരുന്നു. അന്നത്തെ ആ സന്തോഷം ഇപ്പോള്‍ പത്തു പവന്‍ സ്വര്‍ണം കിട്ടിയാലും ഉണ്ടാകുന്നില്ല.
      നന്ദി ആര്‍ഷ ഈ കയ്യൊപ്പിനു

      Delete

  12. എന്റെ കുട്ടിക്കാലത്ത്‌ ബാഗ് എന്ന ഒരു വസ്തുവേ പുസ്തകത്തിനായി ഉണ്ടായിരുന്നില്ല.. റബ്ബർ ബാന്റാണ്‌ പുസ്തകങ്ങൾക്ക് ഇടാറ്‌`. അതുപോലെ ചേട്ടന്റെയൊ, ചേച്ചിയുടെയൊ മുറുകിയ ഉടുപ്പ്‌ ഇടാനാണ്‌ ഇളയതിന്റെ വിധി. 12 നാഴിക നടന്നു സ്കൂളിൽ വന്നവർ അക്കാലത്ത്‌ ഉണ്ടായിരുന്നു. ഇന്ന്‌ ഒരു കിലൊമീറ്റർ നടക്കാൻപോലും വിദ്യാർത്ഥികൾക്ക്‌ വിഷമമാ.. നന്നായി എഴുതി നളിനകുമാരി. ആശംസകൾ

    ReplyDelete
  13. മധു സർ വളരെ സന്തോഷം ഈ കയ്യൊപ്പിനു
    അതെ സർ എന്റെ കുട്ടിക്കാലത്ത് ബാഗ് ഒക്കെ ഉണ്ടായിരുന്നെങ്കിലും സ്കൂളിലേക്ക് ഒരുപാട് നടന്നിട്ടുണ്ട് ഇപ്പോൾ എന്റെ കൊച്ചു മക്കൾ ഗേറ്റിനു തൊട്ടടുത്തുള്ള സ്കൂളിലേക്ക് നടന്നു പോകാൻ വിസമ്മതിക്കുന്നു

    ReplyDelete
  14. പുസ്തകവും ഉടുപ്പും ബാഗുമൊന്നും സ്വപ്നമായിരുന്നില്ല. എന്‍റെ സ്വപ്നം അച്ഛനുമമ്മയും സ്നേഹത്തോടെ സന്തോഷത്തോടെ അതൊക്കെ തരുന്നതായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ അമ്മയും കോപവും അമര്‍ഷവും ചുവപ്പിച്ച മുഖവുമുള്ള അച്ഛനും പുസ്തകവും ഉടുപ്പും ബാഗും മധുര പലഹാരവുമൊക്കെ തന്നിരുന്നു...

    ഭയന്നു വിളറിയ മുഖവുമായി, വിറക്കുന്ന ശരീരവുമായി ഞാനതെല്ലാം സ്വീകരിച്ചിരുന്നു..



    ഈ എഴുത്ത് മനോഹരമായിട്ടുണ്ട്..

    ReplyDelete
    Replies
    1. പഴകിയ കണ്ണാടിയില്‍ എന്നപോലെ മങ്ങിയ ഒരു ഓര്‍മയായ്‌ അച്ഛനും അച്ഛന്റെ സ്ഥാനം കയ്യേറിയ വലിയേട്ടന്റെ കനത്ത മുഖവും സങ്കടം മറക്കാന്‍ എപ്പോഴും തമാശ പറയുന്ന, ഇല്ലായ്മ എന്നെ അറിയിക്കാതെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന അമ്മയുടെ ദീര്‍ഘശ്വാസങ്ങളും
      ഒക്കെ ഓര്‍ത്തു പോയി എച്ചുമൂ ഈ വരികള്‍ വായിച്ചപ്പോള്‍..
      ഓരോരുത്തര്‍ക്ക് ഓരോ വിധി.

      Delete
  15. ഒരുപാട് ഇഷ്ടമായി ചേച്ചി ഈ എഴുത്ത് ....ആശംസകൾ

    ReplyDelete
    Replies
    1. നന്ദിയുണ്ട് അശ്വതി ഈ വരവിനും വായനക്കും

      Delete
  16. ചേച്ചീ..
    മനോഹരം..
    കഥകളോടും കുഞ്ഞുകുറിപ്പുകളോടും എന്നും ഒരു ലഹരിയാണ്..
    പോസ്റ്റി൯റെ വലിപ്പം കണ്ട് ഒഴിവാക്കാ൯ മനസ്സ് മന്ത്രിച്ചതാ..
    എന്തോ..വായിച്ചു.. നല്ല ഭാക്ഷ.. ഇനിയീവീട്ടിലും ഇടയ്ക്കെത്താമെന്ന് വാക്കുതരുന്നു....

    ReplyDelete
  17. ആ ഹാ .. ഇതൊരു കൊച്ചു കഥയല്ലേ..അനിയാ. സാധാരണ ഞാന്‍ കുറേകൂടി ദീര്ഘിപ്പിച്ചാണ് എഴുതാറ്.
    ഇവിടെ എത്തിയതിനും ഈ വായനക്കുംസന്തോഷമുണ്ട്
    ഇനിയും വരുമല്ലോ...നന്ദി

    ReplyDelete
  18. ഉണ്ണിക്കുട്ടന്റെ സന്തോഷം നിറഞ്ഞ മുഖമൊന്ന് കണ്ടിരുന്നെങ്കിൽ എന്നോർത്തുപോയി...ലളിതമായി പറഞ്ഞിരിക്കുന്നു.നന്ന്...

    ReplyDelete
  19. തുമ്പി ..ഇവിടെ പറന്നെത്തിയപ്പോള്‍ സന്തോഷമായി
    ഉണ്ണിക്കുട്ടനെ കണ്ടിട്ടില്ലേ. കണ്ണ് തുറന്നു നമ്മുടെ വീട്ടില്‍ ജോലിക്ക് വരുന്നവരുടെ വീട്ടിലേക്കൊന്നു നോക്ക്.
    നന്ദി തുമ്പി ഈ വായനക്ക്.ഇനിയും വരില്ലേ..?

    ReplyDelete
  20. ഇപ്പൊ പഴയ പുസ്തകങ്ങള്‍ ചില സ്കൂളില്‍ ഉപയോഗിക്കാന്‍ പാടില്ലത്രേ.ഞാന്‍ പഴയ പുസ്തകങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.

    " വലിയ കിണ്ണത്തിൽ തിളച്ച വെള്ളമെടുത്തു ഷര്ട്ടിനു മുകളിൽ വെച്ച് ഉണക്കിയെടുക്കാം " ചിലതൊക്കെ ഓര്‍മിപ്പിച്ച വരികള്‍....,..നന്ദി ചേച്ചി.

    ReplyDelete
    Replies
    1. ഞാൻ പഠിക്കാനുള്ള പുസ്തകങ്ങൾ നന്നായി സൂക്ഷിക്കുമായിരുന്നു
      എന്റെ വീട്ടിനടുത്തുള്ള ഒരു കുട്ടി എല്ലാ വർഷവും എന്റെ പുസ്തകങ്ങളാണ് വാങ്ങിയിരുന്നത്
      ഇപ്പോൾ പിന്നെ സ്കൂളുകളിൽ തന്നെ പുസ്തകങ്ങൾ കൊടുക്കുന്നുണ്ട് എന്ന് കേൾക്കുന്നു .അപ്പോൾ പിന്നെ പഴയവ ഉപയോഗിക്കേണ്ടി വരില്ലല്ലോ

      Delete
  21. മനസ്സില് തൊട്ട കഥ..നാട്ടില ജീവിക്കുമ്പോൾ ഇതൊക്കെ
    കാണുന്നത് കൊണ്ട് ഇതൊക്കെ മനസ്സിലാക്കാനും സാധിക്കും.

    പക്ഷെ ഇന്ന് പല മാതാ പിതാക്കളും കുഞ്ഞുങ്ങളെ ഇതൊന്നും
    പഠിപ്പിക്കാൻ മിനക്കെടാറില്ല.പകരം മത്സരിക്കാൻ ആണ്
    പഠിപ്പിക്കുന്നത്...മനോരമയുടെ നല്ല പാഠം എന്ന
    പരിപാടി ടീവിയിൽ കണ്ടു നല്ല ഒരു ആശയം ആണ്.
    (അവരുടെ കച്ചവട കണ്ണിനെ മാറ്റി നിർത്തിയാൽ)..

    ചെറുപ്പത്തിൽ എന്റെ പുസ്തകങ്ങള തൊട്ടു
    മുമ്പുള്ള ക്ലാസ്സുകാരൻ ബുക്ക്‌ ചെയ്തു വെയ്ക്കുമായിരുന്നു
    അടുത്ത വര്ഷത്തേക്ക്.നന്നായി സൂക്ഷിക്കുന്ന ബുക്കിനു
    മുക്കാൽ വില.അല്ലാത്തതിനു പകുതി വില.രണ്ടു കൂട്ടര്ക്കും
    അല്പം ലാഭം..എല്ലാം ഇപ്പൊ ഓര്മ വന്നു.ഈ പോസ്റ്റ്‌
    കണ്ടപ്പോൾ..
    നന്നായി എഴുതി.ആശംസകൾ

    ReplyDelete
    Replies
    1. എന്റെ ബ്ലോഗിലേക്കുള്ള ഈ ആദ്യ വരവിനു സ്വാഗതം സുഹൃത്തേ .
      നന്ദി ഈ കയ്യൊപ്പിനു .
      ഇനിയും വരുമല്ലോ.

      Delete
  22. ഇത് കഥയൊന്നുമല്ലല്ലോ
    നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഗതികൾ തന്നെയല്ലേ മേം
    നന്നായി എഴുതിയിരിക്കുന്നൂ...

    ReplyDelete
  23. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ എഴുതി വെക്കുക മാത്രമാണ് എന്റെ കഥകളില്‍ കാണുന്നത്.
    നന്ദി മുരളീ ഈ വായനക്ക്

    ReplyDelete
  24. വായിച്ചപ്പോള്‍ മനസ്സില്‍ എന്തോ ഒരു വിഷമം...

    നന്നായെഴുതി, ചേച്ചീ...

    ReplyDelete
  25. നമുക്ക് ചുറ്റും കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളും എന്തിനു ദൈനംദിന കാര്യങ്ങള്ക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുണ്ട് . shree

    ReplyDelete
  26. പഠന കാലത്ത് ഇത്തരം ഉണ്ണികുട്ടന്മാര്‍ നമുകിടയില്‍ ഉണ്ടായിരുന്നു,ഇന്നും ഉണ്ട്.അമ്മമാരുടെ കഷ്ടപ്പാടുകള്‍.. നന്നായി അവതരിപ്പിച്ചു ടീച്ചര്‍

    ReplyDelete
    Replies
    1. ഈ ഉണ്ണിക്കുട്ടന്റെ സങ്കടങ്ങള്‍ കണ്ടു മനസ്സിലാക്കിയതിനു നന്ദി.
      ഇനിയും വരുമല്ലോ.

      Delete