പോണ്ടിച്ചേരി
യാത്രയെന്നു കേൾക്കുമ്പോളേക്കും ഞാൻ തയ്യാറാവും . ഇത്രയും കാലം ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. ജീവിതത്തിൽ ഇനിയെത്ര നാൾ ബാക്കിയുണ്ട് എന്നറിയില്ലല്ലോ. ഈ ലോകത്തു എന്തൊക്കെ കാണാൻ ബാക്കി കിടപ്പുണ്ട് ...പ്രകൃതിയിലെ സുന്ദരകാഴ്ച്ചകൾ ആവുന്നത്ര കാണണം എന്നത് എന്റെ മോഹമാണ്..
നമുക്ക് പോണ്ടിച്ചേരിവഴി ചിദംബരത്തു പോയാലോ അതുവഴി പിച്ചാവരം കണ്ടൽക്കാട് കാണാനും പോകാം.. എന്ന് മോൾ പറഞ്ഞപ്പോഴേക്കും ഞാൻ ഒരുങ്ങിക്കഴിഞ്ഞു. ചിദംബരം എന്ന വാക്കാണ് എന്നെ കൊതിപ്പിച്ചത്
ഒക്ടോബർ 19 നു വന്ദനയുടെയും ഇളയ മകൻ നീലിന്റെയും ബർത്തുഡേയാണ്. അന്ന് ഉച്ചകഴിഞ്ഞു മോളുടെ കുടുംബവും ഞാനും ചെന്നൈയിൽ നിന്നു 165 കിലോമീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു.
മുൻപ് രണ്ടു മൂന്നു തവണ മഹാബലിപുരവും പോണ്ടിച്ചേരിയുമൊക്കെ കാണാൻപോയിട്ടുണ്ട്. അപ്പോഴൊക്കെ വിശ്വേട്ടൻ കൂടെയുണ്ടായിരുന്നു. ആ ഓർമ്മകളിൽ മുഴുകിയിരുന്ന ഞാൻ കാർ വഴിയിൽ നിർത്തിയപ്പോളാണ് ഉണർന്നത്. സൂര്യൻ ഭൂമിയോടു വിടചോദിച്ചിരുന്നു . എല്ലാരേയും വിശപ്പ് കീഴ്പ്പെടുത്തി. വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ലഘുഭക്ഷണം കഴിച്ചശേഷം വീണ്ടും യാത്ര തുടർന്നു . പോണ്ടിച്ചേരിയിൽ എത്തുമ്പോൾ രാത്രി ഏറെയായിരുന്നു.
ഞങ്ങൾ പോണ്ടിച്ചേരിയിൽ ഒരു ഹോട്ടലിൽ കയറി പീറ്റ്സ കഴിച്ചു. ക്രിക്കറ്റ് ബോളുകളും സ്റ്റമ്പുകളും കൊണ്ടാണ് ആ ഹോട്ടലിന്റെ വാതിൽ പോലും.(Sauce and toss എന്നാണ് അതിന്റെ പേര് ) രണ്ടു വലിയ ടീവിയിൽ എപ്പോളും ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുന്നു. അവിടെയുള്ള പീറ്റ്‌സകൾക്കൊക്കെ ക്രിക്കറ്റ് കളിക്കാരുടെ പേരുകളായിരുന്നു..
പോണ്ടിച്ചേരി ' ഹിന്ദു ' വിൽ ജോലിചെയ്യുന്ന, റിഷിയുടെ ഒരു സുഹൃത്താണ് അരബിന്ദോ ആശ്രമത്തിന്റെ new guest house ൽ മുറികൾ ബുക്ക് ചെയ്തത്. അവിടെ Online ബുക്കിങ് ഇല്ല . ആള് നേരിട്ട് ചെന്നു പണംകൊടുത്താലേ മുറി കിട്ടുള്ളൂ.. രണ്ടുപേരും ഒരു കുട്ടിയും മാത്രമേ ഒരു മുറിയിൽ താമസിക്കാൻ പാടുള്ളൂ എന്ന നിയമം അനുസരിച്ചു ഞങ്ങൾ രണ്ടു മുറി ബുക്ക് ചെയ്തിരുന്നു.. വന്ദനയും റിഷിയും നീലും ഒരു മുറിയിലും ഞാനും വേദും മറ്റൊരു മുറിയിലും ഉറങ്ങി. രണ്ടാമത്തെ നിലയിലായിരുന്നു താമസം.
താമസസ്ഥലം വളരെ വൃത്തിയുള്ളതായിരുന്നു. എല്ലാനിലയിലും വരാന്തയ്ക്കു ചുവടെ കുറച്ചു മണ്ണിട്ട് അവിടെ നട്ടുവളർത്തിയ ചെടികൾ നിറയെ പൂത്തുലഞ്ഞു കിടക്കുന്നുണ്ട്. താഴെ മുറ്റത്തു വളർത്തുമീനുകളും പൂച്ചെടികളും ഉണ്ട് .. കെട്ടിടത്തിന് ചുറ്റും പൂമരങ്ങളും മാവ് മഞ്ചാടി തുടങ്ങിയ മരങ്ങളും ഉണ്ട് .നാട്ടിൽ നിന്നു മറഞ്ഞുതുടങ്ങിയ തത്തകളെയും അവിടെ കണ്ടു. കണ്ണിനു ഉത്സവമായിരുന്നു ആ പ്രകൃതി.
രാവിലെ ഞങ്ങൾ പുറത്തേക്കിറങ്ങി. റോഡിൽ പ്രഭാതഭക്ഷണം വിളമ്പുന്ന കൊച്ചുകൊച്ചു കടകളുണ്ട്. സ്റ്റീൽ പ്ലേറ്റിൽ വാഴയിലവെച്ചു അതിൽ ഇഡ്ഡലിയും പൂരിയും ദോശയുമൊക്കെ വിളമ്പുന്നു. പലരും കാർ നിർത്തി അവിടെ നിന്നു പ്രാതൽ കഴിക്കുന്നതുകണ്ടു, ഞങ്ങളും അതുപോലൊരു കൊച്ചുകടയ്ക്കുമുന്നിൽ കാർ നിർത്തി. പ്രാതൽ കഴിഞ്ഞു ഞങ്ങൾ പുതുച്ചേരി കാണാനിറങ്ങി.
അരബിന്ദാശ്രമം കാണാനാണ് നേരെ പോയത്.. ശ്രീ അരബിന്ദോ മഹര്ഷിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തായ മദറിന്റെയും ശവകുടീരങ്ങൾക്കു ചുറ്റും പൂക്കൾ നിറഞ്ഞുകവിഞ്ഞു വളരുന്നു. ശവകുടീരത്തിനു മുകളിൽ റോസയും താമരയുമടങ്ങുന്ന പൂക്കൾ നിരത്തിയിരിക്കുന്നു. പലരും കല്ലറയ്ക്കുമുകളിൽ തലമുട്ടിച്ചു പ്രാർത്ഥിക്കുന്നു.
അടുത്ത് തന്നെ പുസ്തകശാല. എല്ലാ ഭാഷയിലുമുള്ള പുസ്തകങ്ങൾ അവിടെയുണ്ട്. റിഷി കുറച്ചു പുസ്തകങ്ങൾ വാങ്ങി.
ബങ്കാളിയായ ശ്രീ അരബിന്ദ്ഘോഷ് ( 15 August 1872 - 5 December 1950 ) യോഗിയും ഗുരുവും കവിയുമായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ശ്രീ അരബിന്ദഘോഷ് രാഷ്ട്രീയം ഉപേക്ഷിച്ചു 1910 ൽ പോണ്ടിച്ചേരിയിലെത്തി ആത്മീയജീവിതം ആരംഭിച്ചു. 1926 നവംബർ 24 നു അരബിന്ദോആശ്രമം സ്ഥാപിച്ചു. പിന്നീട് മരണം വരെ അദ്ദേഹം എഴുത്തും വായനയും ധ്യാനവുമായി അവിടെ കഴിഞ്ഞു.
ഫ്രാൻസിൽനിന്നു വന്ന Mirra Alfassa അദ്ദേഹത്തിന്റെ ശിഷ്യയായി. പിന്നീട് മദർ എന്നറിയപ്പെട്ടു.
( Mirra Alfassa. 21 February 1878 - 17 നവംബർ 1973 )
1968 ൽ മദർ സ്ഥാപിച്ച നഗരമാണ് ഓറോവിൽ. ഈ വാക്കിനർത്ഥം പ്രഭാതത്തിന്റെ നഗരം എന്നാണ് . അമ്പതോളം രാജ്യങ്ങളിൽനിന്നു പല സംസ്കാരമുള്ള 2700 ലേറെ ജോലിക്കാർ സാർവലൗകിക സഹോദര്യത്തോടെ അവിടെ ജീവിക്കുന്നു..
(അതൊരു യൂറോപ്യൻ നഗരംപോലെയാണ് എനിക്ക് തോന്നിയത്. നമുക്ക് അവിടെ വലിയ സ്വീകാര്യതയൊന്നും തോന്നില്ല )
ഓറോവിൽ ബീച്ചിൽ രാവിലെ സർഫിങ് നടത്താം.
ഇന്ത്യയിലെ മനോഹരമായ ബീച്ചുകളിൽ രണ്ടെണ്ണം പോണ്ടിച്ചേരിയിലാണ്. പാരഡൈസ് ബീച്ചും റോക്ക് ബീച്ചും. പാരഡൈസ് ബീച്ചിൽ കടലിൽ നീന്താൻ ഇഷ്ടമുള്ളവർക്ക് ചെയ്ഞ്ചിങ് റൂമും ഷവർ റൂമും ഉണ്ട്. ഇവിടെയും പ്രത്യേക പ്രവേശനഫീസുണ്ട്..
സെറിനിറ്റി ബീച്ചിലും സർഫിങ് നടത്താം സർഫിങ് പഠിപ്പിക്കാൻ പ്രത്യേകം ആളുണ്ട് അവിടെ.
പിന്നീട് ഞങ്ങൾ ബീച്ചിലേക്ക് പോയി.
മദിച്ചു തുള്ളിവരുന്ന തിരകൾക്കു മുകളിൽ കടൽപ്പാലത്തിലൂടെ നടക്കാൻ മോൾ വിളിച്ചു ആദ്യം എനിക്ക് പേടിയായി. കൊച്ചുമോൻ നീൽ പോലും കൂളായി നടക്കുന്നതുകണ്ടപ്പോൾ പതുക്കെ കുറച്ചു ദൂരം ഞാനും സർക്കസ്സ് അഭ്യാസിയെപ്പോലെ നടന്നു. പിന്നീട് അവിടെനിന്നും മക്കൾ കൂടുതൽ അകലേക്ക് നടന്നപ്പോൾ ഞാൻ തിരിച്ചുപോന്നു കരയിൽ കയറ്റിവെച്ച ബോട്ടുകളിൽ കയറിയിരുന്നു. രാവിലെ കടലിൽനിന്ന് തിരിച്ചെത്തിയ മുക്കുവർ കൂട്ടമായിരുന്നു വലയിൽ കുടുങ്ങിയ ചത്ത മീനും ശംഖും കക്കയുമെല്ലാം പെറുക്കിമാറ്റി വല വൃത്തിയാക്കിക്കൊണ്ടിരുന്നത് കണ്ടു അങ്ങോട്ടുചെന്നു അവരോട് സംസാരിച്ചു ഞാൻ സമയം പോക്കി.. രാവിലെയായതുകാരണം കുട്ടികൾ താമസസ്ഥലത്തുനിന്നും വാടകയ്ക്ക് എടുത്ത സൈക്കിൾ ബീച്ചിലേക്ക് കൊണ്ടുവന്നു. വേദും നീലും കരിങ്കല്ലിൽക്കൂടെ സൈക്കിളുമായി കളിച്ചു..റിഷി ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു.
നഗരത്തിനുള്ളിൽ ധാരാളം ക്ഷേത്രങ്ങളുണ്ട്. വിനായകക്ഷേത്രവും വേദപുരീശ്വര ക്ഷേത്രവും വരദരാജപെരുമാൾ ക്ഷേത്രവും എം ജി റോഡിൽ അടുത്തടുത്താണ്.
മഞ്ഞ നിറമാണ് പോണ്ടിച്ചേരിക്ക്. ചാരവും മഞ്ഞയും നിറങ്ങളിൽ മുങ്ങിയ കെട്ടിടങ്ങളിൽ ഫ്രഞ്ച്, തമിഴ്, മലയാളം ഇവയൊക്കെ സംസാരിക്കുന്ന ആളുകൾ താമസിക്കുന്നു
45 കിമീ തീരദേശമുള്ള പോണ്ടിയുടെ വരുമാനം മൽസ്യബന്ധനവും ടൂറിസവുമാണ് .. പാലുല്പാദനത്തിലും പുതുച്ചേരി മുന്നിലാണ്..
പിന്നെ പോയത് സൺഡേ മാർക്കറ്റിലേക്ക്
മാർക്കറ്റ് കണ്ടാൽ ഒരു തമിഴ്നാട് റോഡിലെത്തിയപോലെ തോന്നും. ദീപാവലി അടുത്തസമയമായതിനാൽ ഉടുപ്പുകൾ നിറയെയുണ്ടായിരുന്നു... റോഡിൽ ആൾക്കാർ നിറഞ്ഞുകവിഞ്ഞിരുന്നു.
ഭക്ഷണം കഴിക്കാൻ ഞങ്ങൾ "കാമാച്ചി " എന്ന പ്രസിദ്ധമായ ഹോട്ടലിൽ കയറി. മുൻപ് ഈ സ്ഥലം ബിരിയാണി take away റെസ്റ്ററെന്റ് ആയിരുന്നു. ഇപ്പോൾ ഏറ്റവും പേരുകേട്ട രുചികരമായ നോൺ വെജ് ആഹാരമാണ് അവിടെ കിട്ടുന്നത്. ഞാനും മോളും വെജ് ആഹാരം ചോദിച്ചപ്പോൾ അത് അവരെ കളിയാക്കുന്നതിനു സമം എന്നവർ പറഞ്ഞു. .
റോക്ക് ബീച്ചിനോട് ചേർന്ന റോഡിൽ വൈകീട്ട് ആറുമുതൽ സൈക്കിൾ അടക്കം ഒരു വാഹനവും പ്രവേശിപ്പിക്കില്ല. വ്യായാമത്തിനായി നടക്കുന്നവരും കാറ്റുംകൊണ്ട് വെറുതെ സംസാരിച്ചിരിക്കുന്നവരും കാഴ്ചകണ്ടിരിക്കുന്നവരും പ്രണയജോഡികളുമായി ബീച്ച് വൈകുന്നേരം മുതൽ പാതിരാ വരെ ജനനിബിഢമായിരിക്കും .
സന്ധ്യയ്ക്ക് വൈദ്യുതദീപപ്രഭയാൽ ബീച്ച് മനോഹരിയായിരിക്കുന്നു...
ഞങ്ങളുടെ കൂടെവന്നിരുന്ന കൊച്ചുമോൻ വേദിനെ സൈക്കിളുമായി പ്രവേശിക്കാൻ അവിടെ കാവല്നില്ക്കുന്ന പോലീസുകാർ അനുവദിച്ചില്ല . സൈക്കിൾ പോലീസുകാരുടെയടുത്തു ഏൽപ്പിച്ചു ഞങ്ങൾ കടൽപ്പാലത്തിനരികിലേക്കു പോയി.
ഞങ്ങൾ ബീച്ചിൽ വെറുതെ നടക്കുമ്പോൾ ഒരു കൈനോട്ടക്കാരി വന്നു നിര്ബന്ധമായി എന്റെ കൈപിടിച്ചു നോക്കിത്തുടങ്ങി . വേണ്ട എന്ന് മോൾ പറഞ്ഞപ്പോൾ ഞാൻ കണ്ണടച്ചുകാണിച്ചു. പാവം അവർ അതുകൊണ്ട് ജീവിക്കുന്നവരല്ലേ..
"വിദേശവാസമുണ്ട്. അഞ്ചു മക്കൾക്ക് യോഗമുണ്ട്. പക്ഷേ മൂന്നേ ഇപ്പോൾ ഉള്ളൂ നല്ലവരായ മക്കൾ അമ്മയെ പൊന്നുപോലെ സംരക്ഷിക്കും " എന്നൊക്കെ അവർ പറഞ്ഞു. (മൂന്നാമത്തെ കുഞ്ഞു ഏതാണാവോ ) ഒടുവിൽ നൂറു രൂപവേണമെന്നു പറഞ്ഞു. പണവും കൊടുത്തു ഞങ്ങൾ പായവിരിച്ചപോലെ മിനുസമുള്ള പാറക്കല്ലുകൾ നിരത്തിയ കടൽഭിത്തിയിൽക്കൂടി നടന്നു.
രാത്രി ബീച്ചിനടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചു. വളരെ നേരം അവിടെ ചുറ്റിക്കറങ്ങി. വസ്ത്രമേള നടക്കുന്ന ഒരു ഹാളിൽ കയറി. കുറെയേറെ ഉടുപ്പുകൾ വാങ്ങി.
Guest ഹൌസിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു. വാതിലുകൾ അടച്ചു കുറ്റിയിട്ടു സെക്യൂരിറ്റി ഉറങ്ങാൻപോയിരുന്നു. ഞങ്ങളെക്കൂടാതെ വേറെയൊരു ചെറുപ്പക്കാരനും വൈകി കൂടണയാൻ എത്തിയിരുന്നതിനാൽ സെക്യൂരിറ്റിയെ വിളിച്ചുണർത്താൻ അയാൾ മുന്നിട്ടിറങ്ങി. കുറേനേരം വിളിച്ചപ്പോളാണ് സെക്യൂരിറ്റി ഉണർന്നത്. ഞങ്ങൾ അകത്തുകയറിയയുടൻ അയാൾ വീണ്ടും ഗേറ്റ് അടച്ചു കുറ്റിയിട്ടു.
നാളെ ചിദംബരം കാണാമല്ലോ എന്ന മോഹത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു.