www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday, 21 November 2019

മഴയോർമ്മകൾ ഭാഗം7

ആ മഴക്കാലം കഴിഞ്ഞപ്പോൾ  എനിക്ക് എറണാകുളത്ത്  ഓഫീസിലേക്കു മാറ്റമായി. ഓർഡർ കിട്ടിയപ്പോഴേ അമ്മയ്ക്കു പരിഭ്രമം തുടങ്ങി. .

" എത്രഅകലെയുള്ള സ്ഥലമാണ്.. അവിടെയൊക്കെ കൃസ്ത്യന്‍സ്  ആയിരിക്കും. .എങ്ങനെയാണ് മക്കളേ നിങ്ങള്‍  അവിടെ  ജീവിക്കുക.."

അതായിരുന്നു അമ്മയുടെ പേടി..അതുവരെ അമ്മ കൃസ്ത്യന്‍സിനെ പരിചയപ്പെട്ടിട്ടില്ല. അവര്‍  എന്തോ ക്രൂരന്മാരാണെന്നാണ് അമ്മയുടെ വിചാരം.. ( ഒടുവില്‍  അനിയൻ ഒരു കൃസ്ത്യന്‍ പെൺകുട്ടിയെ കല്യാണം കഴിച്ചു   അതു പിന്നെ പറയാം )

" അവരും മനുഷ്യരല്ലേയമ്മേ.  ചേച്ചി തനിച്ചല്ലല്ലോ.  ഏട്ടന്റെ കൂടെയല്ലേ " എന്നൊക്കെ അനിയന്മാരു ആശ്വസിപ്പിച്ചിട്ടും ഞങ്ങള്‍ പുറപ്പെട്ട ദിവസം  പറമ്പിന്റെ ഇങ്ങേയറ്റംവരെ വന്നു കണ്ണില്‍ നിന്ന് മറയുവോളം അമ്മ നോക്കിനിന്നത് ഇന്നും എന്റെ മനസ്സിലുണ്ട്..

എറണാകുളത്താണെന്ന   പേരുമാത്രം. ഓഫീസ്  എറണാകുളം ജില്ലയിലെ കോതമംഗലം  എന്ന സ്ഥലത്തായിരുന്നു.  കൊയിലാണ്ടിയിലെ കോതമംഗലത്തുനിന്ന് എറണാകുളത്തെ കോതമംഗലത്തേക്ക് .... ഓഫീസില്‍ നിന്ന്  അര കിലോ മീറ്റര്‍ ദൂരത്തിൽ മാതിരപ്പള്ളിയിൽ ഒരു കൃസ്ത്യന്‍ ഫാമിലിയുടെകൂടെ പേയിങ്ങ് ഗസ്റ്റ് ആയാണ് ഞാന്‍ കൂടിയത്.

അവിടെ ഒരു  അപ്പാപ്പനും അദ്ദേഹത്തിന്റെ മകനും ഭാര്യയും മക്കളുമായിരുന്നു താമസം. ഒമ്പതുവയസ്സുള്ള മൂത്തകുട്ടി വലിയ ലോഗ്യത്തിനൊന്നും വരില്ല..രണ്ടാമൻ ജിജോയെന്ന അഞ്ച്  വയസ്സുകാരൻ എപ്പോഴും ധാരാളം സംസാരിച്ചുകൊണ്ട് എന്നെ ചുറ്റിപ്പറ്റി നില്ക്കും..   മൂന്നാമന് ആറുമാസം പ്രായമേയുള്ളൂ.
ആ ചേച്ചിയുംചേട്ടനും നല്ല സ്നേഹത്തോടെയാണ് എന്നോടു പെരുമാറിയത്..മോളെ, കൊച്ചേ എന്നൊക്കെയാണ് എന്നെ വിളിക്കുക..ചിലപ്പോള്‍ ചേച്ചി  "എടീ പെണ്ണേ"യെന്നും വിളിക്കും. ആദ്യമൊക്കെ ആ വിളി എന്നെ അലോസരപ്പെടുത്തിയിരുന്നു. അമ്മയോ ഏട്ടന്മാരോ എന്നെ എടീ യെന്നു വിളിച്ചിട്ടില്ല. വിശ്വേട്ടൻ മാത്രമാണ് അങ്ങനെ വിളിക്കുക. ആ വിളിയെനിക്ക് ഇഷ്ടവുമായിരുന്നു.. പക്ഷേ ഇത്.. ങ്ങാ പോട്ടെ എന്നുവെച്ചു ഞാനങ്ങു സഹിച്ചു. (പക്ഷേ ചേച്ചിയുടെ ആ വിളിയിലും സ്നേഹം നിറച്ചും ഉണ്ടായിരുന്നു കേട്ടോ )

ആ വീടിന്റെ ഔട്ട്ഹൗസിൽ എംഎ കോളേജില്‍ പഠിക്കുന്ന രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. അവരും ഞാനും പെട്ടെന്ന് കൂട്ടായി. അവര്‍  എന്നെ പിടിച്ചിരുത്തി എന്റെ കട്ടിയുള്ള പുരികം ഷേപ്പ് ചെയ്തു.  മുടി നീളംകുറച്ചു വെട്ടിയിട്ടു. സിനിമകഥകൾ പറയിപ്പിച്ചു, പാട്ട് പാടിപ്പിച്ചു..ഞാന്‍ വീണ്ടും എന്റെ കോളേജ് ദിവസങ്ങള്‍  ഓർത്തു.

ഞാന്‍  ഓഫീസില്‍ പോകും വഴിയിലാണ് എംഎ കോളേജില്‍ പഠിപ്പിക്കുന്ന
തരകന്‍ സാറിന്റെവീട്. ജുബയും മുണ്ടുമുടുത്ത് സാറും ചട്ടയും മുണ്ടുമിട്ട ഭാര്യയും ഒരുമിച്ച് കോളേജില്‍ പോകുന്നതു സ്ഥിരം കാണും..ടീച്ചറുടെ പുറകിൽ മുണ്ടിനുള്ള ഞൊറി നല്ല ഭംഗിയാണ് കാണാൻ. നല്ല രസമുള്ള ആ കാഴ്ചയും കണ്ട്, അവരുടെ പുറകെ ഞാനും നടക്കും. അവർക്കു എന്റെ ഓഫീസും കഴിഞ്ഞു വീണ്ടും കുറേ നടന്നാലേ കോളേജിൽ എത്തുള്ളു.

ഓഫീസില്‍  എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. കൂട്ടത്തിൽ ചെറുതല്ലേയെന്നൊരു പരിഗണന എനിക്ക്  എപ്പോഴും കിട്ടിയിരുന്നു.  ജോലിയൊന്നും വലുതായിട്ട് ഉണ്ടായിരുന്നില്ല. ശനിയാഴ്‌ച  ഉച്ചയ്ക്ക് തന്നെ ഞാന്‍ കോതമംഗലം ചെന്ന്  എറണാകുളം ബസ്സില്‍ കയറിയിരിക്കും. .കാരണം എഫ്എസിറ്റിയിൽ ശനിയാഴ്‌ച  ഉച്ചയ്ക്ക് ശേഷം  ഒഴിവായിരുന്നു.

നേരെ ഞങ്ങള്‍ സിനിമാതിയേറ്ററിലേക്കാണു പോവുക. അതുവരെ വല്ലപ്പോഴും സിനിമ കണ്ടിരുന്ന ഞാന്‍  അതിനുശേഷം മോണിംഗ് ഷോ, മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ  ഇങ്ങനെ തുടർച്ചയായി  നിരവധി സിനിമകള്‍ കണ്ടു. മലയാളത്തിനുപുറകെ ഹിന്ദിയും തമിഴും ഇംഗ്ലീഷും  ഒക്കെ ഭാഷ അറിയില്ലെങ്കിലും കണ്ടു. . മേനക, പത്മ, സവിത, സരിത, സംഗീത, കവിത, ഷേണായീസ്, ലിറ്റില്‍ ഷേണായീസ് എല്ലാ തിയേറ്റരിലും ഞങ്ങള്‍  ശനിയും ഞായറും  ചിലവഴിച്ചു.  പുല്ലേപ്പടിയിലുമുണ്ടായിരുന്നു രണ്ടു  തിയേറ്റര്‍ .. അവിടെയും നല്ല പടമുണ്ടെങ്കിൽ പോകും..അന്നുമിന്നും എനിക്ക് സിനിമ കാണാന്‍ വളരെ  ഇഷ്ടമാണ്.  ഇന്ന് പക്ഷേ  ചില നടീനടന്മാരെ, ചില സംവിധായകരെയൊക്കെ നോക്കി സെലക്ട് ചെയ്തു കാണുന്നതാണ്  ഇഷ്ടം.  അന്ന്  അങ്ങനെയല്ല. ഏതുപടവും കാണും. ധാരാളം  ഇംഗ്ലീഷ് ഹൊറര്‍ മൂവീസ് കണ്ടു. .

അങ്ങനെ ഒരു ദിവസം കാണാന്‍ പോയത് ശ്രീധര്‍ തിയേറ്റരിൽ   എക്സോസിസ്റ്റ്  എന്ന പടമായിരുന്നു..പോകുന്നത് ശ്രീധറിലേക്കാണെന്നു പറഞ്ഞപ്പോൾ വിശ്വേട്ടന്റെ കൂട്ടുകാരൻ ഭുവനദാസ് പറഞ്ഞു,
"ഡാ അതു വല്ലാതെ ഹൊറര്‍ ആണേ. ആ പെങ്കൊച്ചു പേടിച്ചു പോകും. ചിലര്‍ക്ക് ഹാർട്ട് അറ്റാക്ക് വരെ വന്നു  എന്നുകേട്ടു..വേറെ ഏതേലും പടത്തിനു പോയ്ക്കോ.."
"ഏയ് അവൾക്ക് ഹൊറര്‍ സിനിമയൊക്കെ ഇഷ്ടമാണ്.  എപ്പോഴും കാണുന്നതല്ലേ." എന്നു പറഞ്ഞു ഞങ്ങള്‍  ശ്രീധറിലേക്കുതന്നെ വച്ചു പിടിച്ചു.  പടംകണ്ടുകൊണ്ടിരുന്നപ്പോൾ ആ പ്രതിമ കിട്ടുന്ന   ഭാഗമൊക്കെ വിശ്വേട്ടൻ വിവരിച്ചു തന്നു. പൂവുപോലൊരു കൊച്ചുകുട്ടി..  ഒടുവില്‍  കുട്ടിയ്ക്ക് പ്രേതബാധയേറ്റശേഷമുള്ള മുഖവും ശബ്ദവും നോട്ടവുംഅലർച്ചയുംഒക്കെ കണ്ടതോടെ ധൈര്യം ചോർന്നു.. എന്റെ ഹാർട്ട് വല്ലാതെ മിടിച്ചു തുടങ്ങി. .തലച്ചോറിൽ പോലും പേടിനിറഞ്ഞു.  ആ പേടി മാറാന്‍ വരുംവഴി വഴിയില്‍ കളമശ്ശേരി പ്രീതിയില്‍ കയറി.  അവിടെനിന്ന് കണ്ടത് കമലഹാസന്റെ വയനാടന്‍ തമ്പാന്‍. . അതും ഹൊറര്‍. .പോരേ പൂരം.?

മുറിയില്‍ തിരിച്ചു വന്നപ്പോൾ എനിക്ക് വിശ്വേട്ടൻടെ സാമീപ്യം പോലും പേടിയായി..എന്റെ പുറകില്‍ കൂടി ആരെങ്കിലും(പ്രേതം) വരുമെന്ന് പേടിച്ചു ഞാന്‍ ചുമരില്‍ ചാരിയിരുന്നു. മുന്നിലൂടെ വരുന്നവരെ കാണാമല്ലോ..ഉറങ്ങാതെ അങ്ങനെയിരുന്നു നേരംവെളുപ്പിച്ചു..

പിറ്റേന്ന് കോതമംഗലത്തേക്ക് വിശ്വേട്ടൻ കൂടെ വന്നു. ഞാന്‍ തനിച്ചല്ലേയവിടെ .. അവിടെനിന്നു പേടിച്ചു കരഞ്ഞാലോ.. ആ വീട്ടില്‍ ചെന്നപ്പോൾ വിശ്വേട്ടൻ എല്ലാരോടും ഞാൻ   സിനിമ കണ്ടു പേടിച്ചകഥ പറഞ്ഞു ചിരിച്ചു.   അവിടത്തെ അപ്പാപ്പന് എന്നെ വല്യ സ്നേഹമാണ്. . അദ്ദേഹത്തെ കണ്ടു വീണ്ടും എനിക്ക് പേടിയായി. .വെളുത്തുചൊകന്ന് തലമുഴുവൻ നരച്ച  അപ്പാപ്പനെ കണ്ടപ്പോൾ വീണ്ടും എനിക്ക്  ആ സിനിമയില്‍ കണ്ട  പാതിരിമാരെയൊക്കെ ഓർമ്മ വന്നു. .പിറ്റേന്നു എന്നെയും കൊണ്ട് വിശ്വേട്ടൻ  ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പോയി..ഞാന്‍  ദേവിയെ കാണുന്നത് എന്റെ സ്വന്തം  അമ്മയുടെ രൂപത്തിലാണെന്ന് വിശ്വേട്ടനറിയാം..അവിടെ ചെന്ന്  ഞാന്‍ കുറെ കരഞ്ഞു. . അമ്മയോട് മനസ്സിൽ എന്റെ വിഷമം  പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാപേടിയും മാറി ഞങ്ങള്‍ തിരിച്ചു പോന്നു.

അങ്ങനെയൊക്കെയാണ്  എന്റെ ജീവിതം  അതുവരെ കാണാത്തൊരു നാട്ടില്‍ വേരുപിടിച്ചു തുടങ്ങിയത്.

1 comment:

  1. ജീവിതം   അതുവരെ കാണാത്തൊരു
    നാട്ടില്‍ വേരുപിടിച്ചു തുടങ്ങിയ കഥ ..!

    ReplyDelete