www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday 21 November 2019

മഴയോർമ്മകൾ  (ഭാഗം മൂന്ന് )


മഴനൂലുകൾ പെയ്തിറങ്ങുന്ന വഴിയിലൂടെ ആറടിപ്പൊക്കമുള്ള,
വെളുത്തുചുമന്ന ,
കൂട്ടുപുരികമുള്ള,
 ഷേവുചെയ്ത പച്ചഛവിയോടിയ കവിളുകള്ള, മെലിഞ്ഞു സുന്ദരനായ എന്റെ ഏട്ടൻ..
കൂടെ
അഭ്യാസികളുടെ മെയ്യ് വഴക്കമുള്ള ആജാനുബാഹുവായ  എന്റെ  അച്ഛനും. അമാവാസിയും പൗർണ്ണമിയും
ഒരുമിച്ച് വരും പോലെ
പടിപ്പുര കടന്നു ഒന്നു വന്നിരുന്നെങ്കിൽ..!
ഞാൻ പലപ്പോളും വെറുതെയിരുന്ന് സങ്കൽപ്പിക്കും..

അമ്മയും മറ്റുള്ളവരും പറഞ്ഞു കേട്ട്  മനസ്സില്‍ ഉറച്ചു പോയ ആ രൂപങ്ങളൊന്ന് നേരില്‍ കാണാന്‍ ഞാൻ  ഒരുപാട് കൊതിച്ചു ..
ഒരിക്കൽമാത്രം ഒന്ന്  കണ്ടിരുന്നെങ്കിൽ..
ഞാനെത്ര സന്തോഷവതിയായേനെ..!

എന്റെ  ഓർമ്മയില്‍പോലുമില്ലാത്ത
 എന്റെ ഏറ്റവും പ്രിയമുള്ളവർ..
ഒറ്റയടിക്ക് വീടിന്റെ  നെടുംതൂണു മറിഞ്ഞു വീണതുപോലെ .. അവരുടെ നഷ്ടം ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചുകളഞ്ഞത്
അമ്മ പറഞ്ഞു കുറെയൊക്കെ അറിയാം.

 കുടുംബം സുഖലോലുപതയിൽനിന്ന് പെട്ടെന്ന് കഷ്ടപ്പാടിലേക്കു വലിച്ചെറിയപ്പെട്ടത്.. 
എന്നെ പഠിപ്പിക്കാൻപോലും അമ്മ ബുദ്ധിമുട്ടിയത്..

ഓരോ ആവശ്യം പറഞ്ഞു മാഹിയിലെ ഏടത്തിമാരുടെയും ആങ്ങളമാരുടെയും  വീട്ടിലേക്കു,
നെറ്റിയിൽ  പൊട്ടിടാത്ത, 
ആഭരണമില്ലാത്ത,
വെള്ളസാരിയുടുത്ത അമ്മ
എന്റെ കൈക്കുപിടിച്ച്  കയറിച്ചെല്ലുമ്പോൾ 
അമ്മായിമാരുടെ പെരുമാറ്റം
പെട്ടെന്ന് തകിടം മറിയുന്നത്...
നാഥനില്ലാതായപ്പോൾ വിലതാഴ്ത്തപ്പെട്ട അവസ്ഥ..
എല്ലാം അമ്മ പറഞ്ഞു  ഞാൻ കേട്ടിരുന്നു..

എന്തോ കുരുത്തക്കേട് കാണിച്ചതിന്  വല്യമ്മാവൻ തല്ലിയതിന് പിണങ്ങി നാടുവിട്ടു. പട്ടാളത്തിൽ ചേർന്നതാണത്രേ അച്ഛൻ.  നാട്ടിലെ പേരുകേട്ട വൈദ്യന്മാരുടെ കുടുംബം. പ്രസിദ്ധമായ തറവാട്ടിൽ സമ്പന്നതയിൽ ജീവിച്ചു ശീലിച്ചയാൾ അന്യനാട്ടിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടും,
 വൈദ്യവൃത്തിയിൽ നിപുണനായിരുന്നിട്ടും, അമ്മാവന്റെ വരുതിയിലല്ലാതെതന്നെ ജീവിക്കണം എന്നായിരുന്നു അമ്മാവനോടുള്ള പിണക്കം മാറാത്ത ആ മനസ്സിലെ ആഗ്രഹം.അതുകൊണ്ടാണത്രേ  പട്ടാളത്തിൽ തുടർന്നത്..

അച്ഛൻ പട്ടാളത്തിലായിരുന്നപ്പോൾ പണമയച്ചതൊക്കെ  മരുമകന്റെ പേരിൽ.
   
 "എല്ലാം മണ്ണിലിറക്കീ"ട്ടുണ്ടെന്ന മറുപടിക്കത്തു കണ്ട്, 
തിരിച്ചുവരുമ്പോളേക്കും അമ്മാവന്മാരിൽനിന്നും തറവാട്ടുസ്വത്തു കിട്ടിയില്ലേലും  മക്കൾക്കുകൊടുക്കാൻ സ്വയം  അധ്വാനിച്ചുണ്ടാക്കിയ മണ്ണുണ്ടാവും  എന്ന് കരുതിയ കുടുംബസ്നേഹിയായ പട്ടാളക്കാരൻ...

 തിരിച്ചുവന്നപ്പോൾ വാങ്ങിയഭൂമിയെല്ലാം മരുമകന്റെ പേരിൽ.. !

ഒരിക്കലും നാട്ടിൽ കാണാത്ത "കുരുത്തംകെട്ട"വന് തന്റെ ഭാഗം പറയാന്പോലും തറവാട്ടിൽ ആരുമുണ്ടായില്ല. പിന്നെ അമ്മാവന്റെ മരണശേഷം തറവാട്ടുഭരണം കയ്യിലെത്തിയിട്ടും സ്വന്തം മക്കൾക്കായി സ്വരുക്കൂട്ടാതെ തറവാട് "നന്നായിനോക്കിയ ആളെ"ന്ന  ബഹുമതിക്കുവേണ്ടിയായിരുന്നു പിന്നത്തെ ജീവിതം.  സ്വന്തം ഉപജീവനത്തിനുള്ളത് ചികിത്സകൊണ്ട് കിട്ടും.

മരിച്ചുകഴിഞ്ഞപ്പോളാണ് നമുക്കായി ഇവിടെ  ഒന്നുമില്ലെന്ന് അമ്മയും മക്കളും തിരിച്ചറിഞ്ഞത്.
 ഭരണം  ഏറ്റെടുത്ത  മരുമകൻ
"ശവം ദഹിപ്പിക്കും മുൻപ് അമ്മായിയും മക്കളും ഇറങ്ങണമെന്ന് "
ആവശ്യപ്പെടാനും മടികാണിച്ചില്ല.
വല്യേട്ടൻ ശബ്ദമുയർത്താൻ ധൈര്യപ്പെട്ടില്ല.  പക്ഷേ രണ്ടാമത്തെയാൾ, ഭുവനേട്ടൻ ചെറുത്തുനിന്നു. അതിനാൽ താമസിക്കുന്ന രണ്ടേക്കർ പറമ്പിൽനിന്നു ഇറങ്ങിപ്പോകേണ്ടി വന്നില്ല .

അമ്മയുടെ തറവാട്ടിലെ കാരണവന്മാർ മിടുക്കന്മാരായിരുന്നു. സഹോദരിമാരെ സമ്പന്നഗൃഹങ്ങളിലേക്കു വിവാഹംചെയ്തു അയച്ചപ്പോൾ പിന്നെയെല്ലാം അവർ സ്വന്തം മക്കൾക്കായി സംഭരിച്ചു. പെങ്ങന്മാർക്കു ഭാരിച്ച സ്വത്തുള്ള ഭർത്താക്കന്മാരെ  നേടിക്കൊടുത്തിട്ടില്ലേ.. പിന്നെ വേറെന്തു കൊടുക്കണം !
ചുരുക്കത്തിൽ അവിടെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയിൽ ഞങ്ങളുടെ കുടുംബം എത്തിപ്പെട്ടു.

അച്ഛന്റെ വൈദ്യശാലയും കളരിയുമൊക്കെ കുഞ്ഞേട്ടൻ ഏറ്റെടുത്തു  നടത്തി, ഒരു കരപിടിക്കുംവരെ അനുഭവിച്ച ബുദ്ധിമുട്ടുകൾ അതിഭയങ്കരമായിരുന്നത്രെ. ഞാൻ അനുഭവിക്കാൻ പ്രായമായിട്ടില്ലെങ്കിലും വലുതായപ്പോൾ ഒക്കെ പറഞ്ഞുകേട്ടിരുന്നു. .. അന്നൊക്കെ  കാർമേഘങ്ങൾ  ചൊരിഞ്ഞതിനേക്കാൾ കൂടുതല്‍ മഴ വീണത് എന്റെ അമ്മയുടെ കണ്ണില്‍ നിന്നായിരുന്നു.

 പതുക്കെ  ഒക്കെ  മനസ്സിലാക്കിത്തുടങ്ങിയതോടെ   ഒരു പരാതിയുമില്ലാത്ത പാവംകുട്ടിയായി ഞാന്‍  മാറി. ഒരു കാര്യത്തിനും വാശിപിടിക്കില്ല.
എനിക്ക് വിശക്കുന്നു എന്നുപോലും പറയില്ല. 
ഒരു കളിപ്പാട്ടം കണ്ടുകൊതിക്കില്ല..
അമ്മ  ഓലകൊണ്ട് ഉണ്ടാക്കിതരുന്ന  പീപ്പിയും കണ്ണടയും ഒക്കെ  എനിക്കു സന്തോഷം തന്നു. കൊച്ചു മരപ്പലകയെടുത്ത് പാവയെന്നു സങ്കല്പിച്ചു വാവോയെന്നു  താരാട്ടു പാടിയുറക്കി..
ചിരട്ടയിൽ മണ്ണുവാരി ചോറുണ്ടാക്കി.  അങ്ങനെ ഒരു ഏകാന്ത ജീവിയായി .
ധാരാളം മാവും പ്ലാവുംനിറഞ്ഞ പറമ്പില്‍ കയറി
മരത്തണലിൽ മാനംനോക്കിക്കിടക്കുന്നത് എന്റെ വിനോദമായിരുന്നു.. പുസ്തകങ്ങളെ പരിചയപ്പെട്ടപ്പോൾ,  വളരെ ചെറുപ്രായത്തിൽതന്നെ  അമ്മയും, പുസ്തകങ്ങളും മാത്രമായി എന്റെ ലോകം.

എന്നിൽ വരുന്ന മാറ്റങ്ങൾ കുഞ്ഞേട്ടൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.  എന്നെ സന്തോഷിപ്പിക്കാനാവണം  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുടെ നൃത്തവിദ്യാലയത്തിൽ കൊണ്ടുപോയി ചേർത്തു.  ഭരതനാട്യം പഠിച്ചു. കോതമംഗലം വിഷ്ണുക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റം കഴിഞ്ഞപ്പോൾ  മൂത്ത ആങ്ങള ഗോകുൽദാസ്  പറഞ്ഞു

," അവൾ വളർന്നു വരുകയാണ്..  പഠിത്തത്തിന്റെ താല്പര്യം കുറഞ്ഞു പോകും നൃത്തമൊക്കെ മതിയാക്കിക്കോളൂ"

 വല്യേട്ടൻ പറയുന്നതിനപ്പുറം അനിയന്മാർ    ചെയ്യില്ല. അങ്ങനെ  ഡാന്‍സ്പഠിത്തം നിന്നു.

രണ്ടാമത്തെ ഏട്ടൻ ഭുവനദാസ്  അന്ന് മാർക്സിസ്റ്റു പാര്‍ട്ടിയുടെ വലിയ പ്രവർത്തകനായിരുന്നു. ഒരുദിവസം   ഇ.എം.എസ് വരുന്ന ഒരു പരിപാടിക്ക്  ഡാന്‍സ് ചെയ്യണമെന്നു പറഞ്ഞു  എന്നെ കൊണ്ടുപോയി.   ഇ എം എസിനെയൊക്കെ കണ്ടു .  ഡാന്‍സ് ചെയ്തു.. എല്ലാവരും  അഭിനന്ദിച്ചു.. സന്തോഷമായിരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴപെയ്തു. മഴക്കാലമല്ലാത്തതിനാൽ  ഞങ്ങള്‍ കുടയെടുത്തില്ലായിരുന്നു.  നനഞ്ഞൊലിച്ചു  വീട്ടില്‍ വന്നുകയറുമ്പോൾ വല്യേട്ടനുണ്ട് മുമ്പിലിരിക്കുന്നു. 

"എന്താടാ നിന്നെപ്പോലെതന്നെ നിന്റെ   പെങ്ങളെയും പാർട്ടിയുടെ ആളാക്കാനാണോ  മോഹം.. നനഞ്ഞൊലിച്ചു പട്ടിവരുന്നപോലെ  കയറിവന്നതുകണ്ടില്ലേ..
ഇനി ഇതുപോലെ ഡാന്‍സ്, പാർട്ടി സമ്മേളനം എന്നെങ്ങാനും പറഞ്ഞു മോളെ കൊണ്ടുപോയാൽ ബാക്കി  അന്നുപറയാം..."

ഭുവനേട്ടൻ തലയും താഴ്ത്തി നിന്ന തക്കത്തിന് ഞാന്‍  അമ്മയുടെ പിന്നില്‍ പോയൊളിച്ചു . ഭാഗ്യത്തിന്  എന്നെ വഴക്കുപറഞ്ഞില്ല.

"പനിപിടിച്ചു പാര്‍ട്ടി പ്രവർത്തനം മുടങ്ങേണ്ട..പോയി തലതുടച്ചോ രണ്ടാളും."

വല്യേട്ടൻ കോൺഗ്രസ് അനുഭാവിയായതുകൊണ്ട് അനിയന്മാരെ തരംകിട്ടുമ്പോൾ ഇതുപോലെ പരിഹസിക്കുമായിരുന്നു. 

അമ്മയുടെ ചേച്ചിയുടെ ഭർത്താവ് തീവണ്ടി  എഞ്ചിന്‍ ഡ്രൈവറായിരുന്നു. ഈറോഡിൽ  ജോലിചെയ്യുന്നേരം    അവരുടെ ഒരേയൊരു മകനെയും പതിനേഴ് വയസ്സായപ്പോഴേക്കും റെയില്‍വേയിൽ ചേര്‍ത്തു. കമ്മ്യൂണിസ്റ്റുകാരനായി പ്രവർത്തനംതുടങ്ങിഎന്ന കാരണത്താൽ  താമസിയാതെ ആ ഏട്ടന്റെ ജോലിപോയി.   

 അമ്മയുടെ വീട്ടിലെ ആദ്യ ആൺതരി..ഓമനയായി വളർന്നയാൾ. നായനാരുടെയും ഇമ്പിച്ചിബാവയുടേയുമൊക്കെ ഉറ്റസുഹൃത്ത്..സഖാവ് ഇ.കെ.എന്ന രണ്ട് അക്ഷരങ്ങളിൽ അറിയപ്പെട്ട ശ്രീധരേട്ടൻ  1948ൽ  മാസങ്ങളോളം  പലപല സ്ഥലത്തായി ഒളിവില്‍ പോയി.
പിന്നീട് പിടിക്കപ്പെട്ടപ്പോൾ   ജയിലിലെ ക്രൂരമർദ്ദനമേറ്റ് രോഗിയായി.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭവന്നു..
 സഹപ്രവർത്തകരൊക്കെ നല്ലനിലയിലായപ്പോഴും ആ ഏട്ടന്‍  ഒരു ജോലിയുമില്ലാതെ,  ആരോടും സഹായമഭ്യർത്ഥിക്കാതെ, നാട്ടില്‍  ഒറ്റപ്പെട്ടു ജീവിച്ചിരിക്കുന്നതു കണ്ടതിനാലാകാം കമ്മ്യൂണിസം എന്നുകേട്ടാൽ എന്റെ വല്യേട്ടനു  വിറളിപിടിക്കുന്നത്.

ആ ഏട്ടന്റെ സഹോദരിമാരാണ് ശ്രീമതിയും ചന്ദ്രമതിയും. രണ്ടുപേരുടെയും കല്യാണമൊന്നും ഞാൻ കണ്ടിട്ടില്ല. ശ്രീമതിയേടത്തിക്കു എന്നേക്കാൾ രണ്ടര വയസ്സിനു മൂത്ത മകനുണ്ട്. ആ ഏട്ടന്റെകൂടെയാണ് ഞാൻ സ്കൂളിൽ ചേർന്നത്. അങ്ങനെ മൂന്നുവയസ്സിൽത്തന്നെ ഒന്നാംക്‌ളാസ്സിലെത്തി.

(ചന്ദ്രുഏടത്തിക്കും അവരുടെ ഭർത്താവ് രാധാകൃഷ്‌ണേട്ടനും എന്നെ വലിയ ഇഷ്ടമായിരുന്നു. വളർന്നപ്പോൾ ദിവസവും ഒരു ഇംഗ്ലീഷ്  വാക്ക് പഠിക്കണം എന്ന് എന്നോട് എപ്പോളും  പറയുമായിരുന്നു.ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയൽ വായിച്ചാൽ ഇംഗ്ലീഷ് നന്നാവുമെന്നും.. എന്റെ കാര്യം പറയുമ്പോൾ 'സെൽഫ് മെയ്ഡ്   ഗേൾ 'എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുക. )

അച്ഛന്റെ മരണശേഷം തറവാട്ടിലെ  അംഗങ്ങള്‍ പരസ്പരം കേസുംകൂട്ടവുമായി..  റസീവർ ഭരണമായി,  വലിയ വീട്  സീൽചെയ്തു.   മരുമകൻ  വേറെ മാളിക പണിയിച്ചു താമസം മാറ്റിയിരുന്നു .  അന്നോളം നെല്ലു സംഭരിച്ച പത്തായപ്പുര ശൂന്യമായിരുന്നു. അതു ഞങ്ങള്ക്ക് അഭയകേന്ദ്രമായി.  ആ കെട്ടിടം ഓലമേഞ്ഞതായിരുന്നു. പുരയിടത്തിൽനിന്നു കിട്ടുന്ന ഓലമുഴുവൻ  എടുത്താലും ആ വലിയ പത്തായപ്പുര മേയാന്‍ തികയില്ല. അതുകൂടാതെ  അത്തോളിയിലെ ഒരു ബന്ധു  ആയിരംമടൽ മെടഞ്ഞ ഓല  തോണിയിൽ വച്ച് വീട്ടിലെത്തിച്ചുതരുമായിരുന്നു. എന്നാലും തികയില്ല. മഴക്കാലമെത്തുംമുമ്പ് പുരമേയണം. എല്ലാറ്റിന്റെയുംകൂടെ അമ്മയുടെ മനസ്സ് വിഷമിക്കാൻ അതുമൊരു കാരണമായി.
ഇടിയും മഴയും ഇഷ്ടമായിരുന്ന എന്റെ മനസ്സില്‍,  മഴപെയ്യുമ്പോൾ  വിരിയുന്ന സന്തോഷം,  അമ്മയുടെ സങ്കടമായി മാറുന്നത് ഞാനറിഞ്ഞു.

പിന്നെയും കുറെവർഷങ്ങൾ കൂടി  പെയ്തുതോർന്നതിനുശേഷമാണ്  ഞങ്ങളൊരു  നല്ല വീടുണ്ടാക്കിയത്.  അപ്പോഴേക്കും ആരുമറിയാതെ എന്റെ അമ്മയുടെ മജ്ജയിൽ മൾട്ടിപ്പ്ൾ മൈലോമ എന്ന പേരുള്ള   ഞണ്ട് പിടിമുറുക്കിക്കഴിഞ്ഞിരുന്നു..
പുതിയവീട്ടിൽ ഏഴുമാസംമാത്രമാണ് അമ്മ താമസിച്ചത്.. 
ഒരു ദിവസം പുലര്‍ച്ചെ  മനോഹരമായ ഒരു പൂവ് കൊഴിയുന്നപോലെ അമ്മ കണ്ണടച്ചു. 
എന്റെ കൊച്ചുലോകത്തിലെ  ആകെയുണ്ടായിരുന്ന സന്തോഷവും  ഇല്ലാതായി..

2 comments:

  1. പതുക്കെ ഒക്കെ മനസ്സിലാക്കിത്തുടങ്ങിയതോടെ ഒരു പരാതിയുമില്ലാത്ത പാവംകുട്ടിയായി ഞാന്‍ മാറി. ഒരു കാര്യത്തിനും വാശിപിടിക്കില്ല.
    എനിക്ക് വിശക്കുന്നു എന്നുപോലും പറയില്ല.
    ഒരു കളിപ്പാട്ടം കണ്ടുകൊതിക്കില്ല..
    അമ്മ ഓലകൊണ്ട് ഉണ്ടാക്കിതരുന്ന പീപ്പിയും കണ്ണടയും ഒക്കെ എനിക്കു സന്തോഷം തന്നു. കൊച്ചു മരപ്പലകയെടുത്ത് പാവയെന്നു സങ്കല്പിച്ചു വാവോയെന്നു താരാട്ടു പാടിയുറക്കി..
    ചിരട്ടയിൽ മണ്ണുവാരി ചോറുണ്ടാക്കി. അങ്ങനെ ഒരു ഏകാന്ത ജീവിയായി .
    ധാരാളം മാവും പ്ലാവുംനിറഞ്ഞ പറമ്പില്‍ കയറി
    മരത്തണലിൽ മാനംനോക്കിക്കിടക്കുന്നത് എന്റെ വിനോദമായിരുന്നു.. പുസ്തകങ്ങളെ പരിചയപ്പെട്ടപ്പോൾ, വളരെ ചെറുപ്രായത്തിൽതന്നെ അമ്മയും, പുസ്തകങ്ങളും മാത്രമായി എന്റെ ലോകം....!

    ReplyDelete
  2. അന്ന് അങ്ങനെയായിരുന്നു. ഏകദേശം ഇപ്പോളും അതേ...
    ഒന്നിനും വാശിയില്ല കിട്ടിയാൽ കൊള്ളാം അത്രതന്നെ.

    ReplyDelete