www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Thursday, 21 November 2019


മഴയോർമ്മകൾ. .ഭാഗം..4
         ----------''''''''''''''------------
"തുടരെ മൂന്നു ദീസം തുള്ളിമുറിയാതെയാ അന്ന്  മഴപെയ്തത്.  ഞാന്‍ മാത്രേള്ളൂ  പേറ്റുപൊരേല് നെന്റമ്മേടടുത്ത്. ന്തൊരു മഴയാ . മിഥുനമാസം പാതിയായേള്ളൂ. മഴകാരണം വയലിലും പറമ്പിലും പണീല്ല. പൊറത്തെ പണിക്കാരൊക്കെ അവനോന്റെ പൊരേല് പോയി. പേറ്റിച്ചിയെ വിളിക്കാൻ പോലും ആരൂല്ല. ഉച്ച കഴിഞ്ഞനേരം, ഒടുവിൽ  ന്റെ കയ്യിലേക്കാ ഞ്ഞി വന്നത്. പെങ്കുട്ട്യാന്ന് അറിഞ്ഞപ്പോ എന്താരുന്നു  എല്ലാരുടെയും സന്തോഷം. .. "


ചീരുവമ്മ മഴപെയ്യുന്നപോലെ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.  ഇത്  എന്നെ കാണുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ്. 
ഞാന്‍  ഭൂജാതയായതു ചീരുവമ്മയുടെ സഹായത്താലാണെന്ന ഓർമ്മപ്പെടുത്തലാണത്.  എന്തെങ്കിലും കാര്യമായി കൊടുക്കണം. പണമായാൽ മാത്രം പോര, തുണിയും വേണം. എന്നാലേ മുഖം തെളിയൂ. 

വീട്ടില്‍  പണ്ടുപണ്ടേയുള്ള സ്ഥിരം ജോലിക്കാരായിരുന്നു ആ കുടുംബം.  അച്ഛൻ തറവാട്ടുകാരണവരായിരുന്ന കാലം. അന്ന് കണ്ണെത്താദൂരത്തോളം നെൽകൃഷിയും അനവധി സ്ഥലങ്ങളിലായി തെങ്ങിന്തോട്ടങ്ങളും ഉണ്ടായിരുന്ന കാലം... കുറെയേറെ കുടുംബങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും സ്ഥിരംജോലിക്കാരായി ഉണ്ടായിരുന്ന കാലം.

അന്ന് അച്ഛന്റെ സഹായിയായി കൂടെയെപ്പോഴും ചന്തുവച്ചൻ  കാണും..
വയലിലെ പണിക്കും ഞാറു നടാനും നെല്ലു കൊയ്യാനുമുള്ള സ്ഥിരം ആളുകളെ ഓർമ്മപ്പെടുത്താനും ചാണകവും തോലുമിടീക്കാനും പലസ്ഥലത്തുമുള്ള തൊടികളിൽ തേങ്ങയിടാൻ നേരമായാൽ പണിക്കാരെ വിളിച്ചു   കൂടെനടന്ന് തേങ്ങ പെറുക്കിക്കൂട്ടാനും അവിടെനിന്ന് അതെല്ലാം വീട്ടിലെത്തിക്കാനുമൊക്കെ ചന്തുവച്ചൻ  തന്നെയാണ്‌  ഉത്സാഹിക്കുന്നത്.

അച്ഛന് ഇടക്കിടെ ശിക്കാറിനു പോകുന്ന സ്വഭാവമുണ്ട്. അപ്പോള്‍  തോക്കുകളും അതിനുവേണ്ടതായ അനുസാരികളുമായി കാടുകയറാനും കൂടെയുണ്ടാവുക ഇയാള്‍തന്നെയാണ്.
ചന്തുവച്ചനും  ചീരുവമ്മയും  അച്ഛൻ കൊടുത്ത രണ്ടേക്കർ പറമ്പില്‍ വീടുവച്ചു താമസിക്കുകയാണ്.  വയലില്‍ പണിചെയ്യാൻ സ്ഥിരമുണ്ടായിരുന്ന കുടുംബങ്ങൾക്കെല്ലാം വീടുവെക്കാൻ അച്ഛൻ സ്ഥലം കൊടുത്തിരുന്നു. കുടികിടപ്പ്  പത്തുസെന്റു  എന്ന് പിന്നീട്  നിലവില്‍ വന്ന കണക്കൊന്നും അച്ഛന്‍ നോക്കിയിരുന്നില്ല, ചിലർക്കു  അതിലുമെത്രയോ കൂടുതലുണ്ടായിരുന്നു. അതായത് അവർ പുരവച്ചു താമസിച്ചുകൊണ്ടിരുന്ന  സ്ഥലം അതേപോലെ അവരുടെ പേരിലാക്കി കൊടുത്തതാണ്.
ആ സ്ഥലങ്ങളിൽ സ്ഥിരോത്സാഹികളായ അവര്‍  ഒരിഞ്ച് വിടാതെ ഓരോരോ കൃഷിചെയ്തു പൂങ്കാവനം പോലെയാക്കിയിരുന്നു.

(പിന്നീട് അച്ഛന്റെ മരണശേഷം,  തറവാട്ടിലെ കാരണവരായിവന്ന  അച്ഛന്റെ  മരുമകന്‍ അവരുടെയെല്ലാം വീടുകള്‍ പൊളിച്ചു മാറ്റി ദൂരെ പാറകള്‍ നിറഞ്ഞയിടത്ത് മൂന്ന് സെന്റ് വീതം എല്ലാവർക്കും  അളന്നുനൽകി.  അവിടെയവർ ഒരു കൃഷിയും ചെയ്യാനാകാതെ സന്തോഷം കെട്ടു ജീവിച്ചുതീർത്തു.)

മിഥുനം കർക്കിടകമാസങ്ങളിൽ അക്കാലത്ത് തോരാത്ത മഴയായിരുന്നു. സ്കൂളില്‍ പോവാനൊന്നും പറ്റില്ല. വീടുമുതൽ സ്കൂള്‍വരെയുള്ള സ്ഥലം മുഴുവൻ  അച്ഛൻ  കൃഷിചെയ്യിച്ചിരുന്ന വയലങ്ങനെ  നീണ്ടുനിവർന്നു പരന്നു കിടക്കുന്നു.  തൊട്ടുതന്നെ പച്ചപ്പട്ടുസാരിയുടെ കസവുബോർഡർപോലെ ഒരു പുഴയൊഴുകുന്നുണ്ട്.  കർക്കിടകമാസത്തിലെ മഴയ്ക്കാണു വെള്ളം കയറിത്തുടങ്ങുന്നത്. അതിനുമുമ്പ് കൊയ്ത്തുകഴിഞ്ഞിരിക്കും. ഒഴിഞ്ഞുകിടക്കുന്ന വയലും പുഴയും അക്കരെ പാടങ്ങളുമെല്ലാം വെള്ളംനിറഞ്ഞ് കടലുപോലെ തോന്നും. അക്കരെപ്പോകാൻ കടത്തുതോണിയല്ലാതെ വേറെയൊരു കൊച്ചുതോണി അച്ഛന്റെ മരുമകന്റെ  വീട്ടുകാർക്കുമാത്രമായുണ്ടായിരുന്നു.

വെള്ളപ്പൊക്കംവന്നാൽ,  ഒരുപാടു നിർബന്ധിച്ചാൽ വല്ലപ്പോഴും    ആ തോണിയിൽ  എന്നെയും കയറ്റി തോണിതുഴയുന്ന ആണ്ടിയെന്നയാൾ കുറെദൂരം കൊണ്ടുപോയി ചുറ്റിയടിച്ചുവരുമായിരുന്നു. വയലെവിടെയായിരുന്നു പുഴയെവിടെതുടങ്ങുന്നു എന്നൊന്നും മനസ്സിലാക്കാനൊക്കില്ല. ചുറ്റും വെള്ളം മാത്രം. . വൻകര കണ്ടുപിടിക്കാനെത്തിയ കൊളമ്പസ്സാണെന്ന ഭാവത്തില്‍  ഞാൻ  സന്തോഷത്തോടെ  തോണിയിലിരിക്കും.

പണ്ടുകാലത്തൊരിക്കൽ,  "ഇതു ഞാന്‍ കണ്ട വയലല്ലേ എവിടെയാണ് വരമ്പുള്ളതെന്നൊക്കെ എനിക്കറിയാം "എന്നു വീമ്പിളക്കി ചന്തുവച്ചൻ  ആ വെള്ളത്തിലിറങ്ങി നടന്നുവെന്നും സ്ഥലമറിയാതെ പുഴയിലെത്തി മുങ്ങിപ്പോയെന്നും തോണിക്കാരൻ ചെന്നു രക്ഷിച്ചുവെന്നുമൊക്കെ ചീരുവമ്മ പറഞ്ഞു കേട്ടിരുന്നു. .

ഇപ്പോൾ അച്ഛനില്ല,  ചന്തുവച്ചനില്ല..  ചീരുവമ്മ വയസ്സായി തലമുടിയൊക്കെ നരച്ചു.   തൂങ്ങിയാടുന്ന മുലകളെ  ഒരു തുണികൊണ്ടുപോലും മറയ്ക്കാതെയാണ്  പണ്ടേ നടക്കുന്നത്.
കേൾവി തീരെ കുറവാണ്.  അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാതെ റേഡിയോ തുറന്നതുപോലെ പറഞ്ഞുകൊണ്ടിരിക്കും.
അവരുടെ  ആൺമക്കൾ ഓരോ പണിക്കുപോകുന്നുണ്ട് . എല്ലാവരും കല്യാണം കഴിച്ചു മക്കളുമൊക്കെയായി ആ പുരയിടത്തിലെതന്നെ ഓരോഭാഗത്തു വീടുണ്ടാക്കി താമസമാക്കി. ചീരുവമ്മയോടൊപ്പം  ഇളയമകനും ഭാര്യയുമാണ് താമസിക്കുന്നത്.  അമ്മായിയമ്മപ്പോരില്ലാതെ സ്നേഹത്തോടെ അവർ അവിടെ കഴിയുന്നു.

മഴയോർമ്മകൾ  (ഭാഗം മൂന്ന് )


മഴനൂലുകൾ പെയ്തിറങ്ങുന്ന വഴിയിലൂടെ ആറടിപ്പൊക്കമുള്ള,
വെളുത്തുചുമന്ന ,
കൂട്ടുപുരികമുള്ള,
 ഷേവുചെയ്ത പച്ചഛവിയോടിയ കവിളുകള്ള, മെലിഞ്ഞു സുന്ദരനായ എന്റെ ഏട്ടൻ..
കൂടെ
അഭ്യാസികളുടെ മെയ്യ് വഴക്കമുള്ള ആജാനുബാഹുവായ  എന്റെ  അച്ഛനും. അമാവാസിയും പൗർണ്ണമിയും
ഒരുമിച്ച് വരും പോലെ
പടിപ്പുര കടന്നു ഒന്നു വന്നിരുന്നെങ്കിൽ..!
ഞാൻ പലപ്പോളും വെറുതെയിരുന്ന് സങ്കൽപ്പിക്കും..

അമ്മയും മറ്റുള്ളവരും പറഞ്ഞു കേട്ട്  മനസ്സില്‍ ഉറച്ചു പോയ ആ രൂപങ്ങളൊന്ന് നേരില്‍ കാണാന്‍ ഞാൻ  ഒരുപാട് കൊതിച്ചു ..
ഒരിക്കൽമാത്രം ഒന്ന്  കണ്ടിരുന്നെങ്കിൽ..
ഞാനെത്ര സന്തോഷവതിയായേനെ..!

എന്റെ  ഓർമ്മയില്‍പോലുമില്ലാത്ത
 എന്റെ ഏറ്റവും പ്രിയമുള്ളവർ..
ഒറ്റയടിക്ക് വീടിന്റെ  നെടുംതൂണു മറിഞ്ഞു വീണതുപോലെ .. അവരുടെ നഷ്ടം ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചുകളഞ്ഞത്
അമ്മ പറഞ്ഞു കുറെയൊക്കെ അറിയാം.

 കുടുംബം സുഖലോലുപതയിൽനിന്ന് പെട്ടെന്ന് കഷ്ടപ്പാടിലേക്കു വലിച്ചെറിയപ്പെട്ടത്.. 
എന്നെ പഠിപ്പിക്കാൻപോലും അമ്മ ബുദ്ധിമുട്ടിയത്..

ഓരോ ആവശ്യം പറഞ്ഞു മാഹിയിലെ ഏടത്തിമാരുടെയും ആങ്ങളമാരുടെയും  വീട്ടിലേക്കു,
നെറ്റിയിൽ  പൊട്ടിടാത്ത, 
ആഭരണമില്ലാത്ത,
വെള്ളസാരിയുടുത്ത അമ്മ
എന്റെ കൈക്കുപിടിച്ച്  കയറിച്ചെല്ലുമ്പോൾ 
അമ്മായിമാരുടെ പെരുമാറ്റം
പെട്ടെന്ന് തകിടം മറിയുന്നത്...
നാഥനില്ലാതായപ്പോൾ വിലതാഴ്ത്തപ്പെട്ട അവസ്ഥ..
എല്ലാം അമ്മ പറഞ്ഞു  ഞാൻ കേട്ടിരുന്നു..

എന്തോ കുരുത്തക്കേട് കാണിച്ചതിന്  വല്യമ്മാവൻ തല്ലിയതിന് പിണങ്ങി നാടുവിട്ടു. പട്ടാളത്തിൽ ചേർന്നതാണത്രേ അച്ഛൻ.  നാട്ടിലെ പേരുകേട്ട വൈദ്യന്മാരുടെ കുടുംബം. പ്രസിദ്ധമായ തറവാട്ടിൽ സമ്പന്നതയിൽ ജീവിച്ചു ശീലിച്ചയാൾ അന്യനാട്ടിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടും,
 വൈദ്യവൃത്തിയിൽ നിപുണനായിരുന്നിട്ടും, അമ്മാവന്റെ വരുതിയിലല്ലാതെതന്നെ ജീവിക്കണം എന്നായിരുന്നു അമ്മാവനോടുള്ള പിണക്കം മാറാത്ത ആ മനസ്സിലെ ആഗ്രഹം.അതുകൊണ്ടാണത്രേ  പട്ടാളത്തിൽ തുടർന്നത്..

അച്ഛൻ പട്ടാളത്തിലായിരുന്നപ്പോൾ പണമയച്ചതൊക്കെ  മരുമകന്റെ പേരിൽ.
   
 "എല്ലാം മണ്ണിലിറക്കീ"ട്ടുണ്ടെന്ന മറുപടിക്കത്തു കണ്ട്, 
തിരിച്ചുവരുമ്പോളേക്കും അമ്മാവന്മാരിൽനിന്നും തറവാട്ടുസ്വത്തു കിട്ടിയില്ലേലും  മക്കൾക്കുകൊടുക്കാൻ സ്വയം  അധ്വാനിച്ചുണ്ടാക്കിയ മണ്ണുണ്ടാവും  എന്ന് കരുതിയ കുടുംബസ്നേഹിയായ പട്ടാളക്കാരൻ...

 തിരിച്ചുവന്നപ്പോൾ വാങ്ങിയഭൂമിയെല്ലാം മരുമകന്റെ പേരിൽ.. !

ഒരിക്കലും നാട്ടിൽ കാണാത്ത "കുരുത്തംകെട്ട"വന് തന്റെ ഭാഗം പറയാന്പോലും തറവാട്ടിൽ ആരുമുണ്ടായില്ല. പിന്നെ അമ്മാവന്റെ മരണശേഷം തറവാട്ടുഭരണം കയ്യിലെത്തിയിട്ടും സ്വന്തം മക്കൾക്കായി സ്വരുക്കൂട്ടാതെ തറവാട് "നന്നായിനോക്കിയ ആളെ"ന്ന  ബഹുമതിക്കുവേണ്ടിയായിരുന്നു പിന്നത്തെ ജീവിതം.  സ്വന്തം ഉപജീവനത്തിനുള്ളത് ചികിത്സകൊണ്ട് കിട്ടും.

മരിച്ചുകഴിഞ്ഞപ്പോളാണ് നമുക്കായി ഇവിടെ  ഒന്നുമില്ലെന്ന് അമ്മയും മക്കളും തിരിച്ചറിഞ്ഞത്.
 ഭരണം  ഏറ്റെടുത്ത  മരുമകൻ
"ശവം ദഹിപ്പിക്കും മുൻപ് അമ്മായിയും മക്കളും ഇറങ്ങണമെന്ന് "
ആവശ്യപ്പെടാനും മടികാണിച്ചില്ല.
വല്യേട്ടൻ ശബ്ദമുയർത്താൻ ധൈര്യപ്പെട്ടില്ല.  പക്ഷേ രണ്ടാമത്തെയാൾ, ഭുവനേട്ടൻ ചെറുത്തുനിന്നു. അതിനാൽ താമസിക്കുന്ന രണ്ടേക്കർ പറമ്പിൽനിന്നു ഇറങ്ങിപ്പോകേണ്ടി വന്നില്ല .

അമ്മയുടെ തറവാട്ടിലെ കാരണവന്മാർ മിടുക്കന്മാരായിരുന്നു. സഹോദരിമാരെ സമ്പന്നഗൃഹങ്ങളിലേക്കു വിവാഹംചെയ്തു അയച്ചപ്പോൾ പിന്നെയെല്ലാം അവർ സ്വന്തം മക്കൾക്കായി സംഭരിച്ചു. പെങ്ങന്മാർക്കു ഭാരിച്ച സ്വത്തുള്ള ഭർത്താക്കന്മാരെ  നേടിക്കൊടുത്തിട്ടില്ലേ.. പിന്നെ വേറെന്തു കൊടുക്കണം !
ചുരുക്കത്തിൽ അവിടെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയിൽ ഞങ്ങളുടെ കുടുംബം എത്തിപ്പെട്ടു.

അച്ഛന്റെ വൈദ്യശാലയും കളരിയുമൊക്കെ കുഞ്ഞേട്ടൻ ഏറ്റെടുത്തു  നടത്തി, ഒരു കരപിടിക്കുംവരെ അനുഭവിച്ച ബുദ്ധിമുട്ടുകൾ അതിഭയങ്കരമായിരുന്നത്രെ. ഞാൻ അനുഭവിക്കാൻ പ്രായമായിട്ടില്ലെങ്കിലും വലുതായപ്പോൾ ഒക്കെ പറഞ്ഞുകേട്ടിരുന്നു. .. അന്നൊക്കെ  കാർമേഘങ്ങൾ  ചൊരിഞ്ഞതിനേക്കാൾ കൂടുതല്‍ മഴ വീണത് എന്റെ അമ്മയുടെ കണ്ണില്‍ നിന്നായിരുന്നു.

 പതുക്കെ  ഒക്കെ  മനസ്സിലാക്കിത്തുടങ്ങിയതോടെ   ഒരു പരാതിയുമില്ലാത്ത പാവംകുട്ടിയായി ഞാന്‍  മാറി. ഒരു കാര്യത്തിനും വാശിപിടിക്കില്ല.
എനിക്ക് വിശക്കുന്നു എന്നുപോലും പറയില്ല. 
ഒരു കളിപ്പാട്ടം കണ്ടുകൊതിക്കില്ല..
അമ്മ  ഓലകൊണ്ട് ഉണ്ടാക്കിതരുന്ന  പീപ്പിയും കണ്ണടയും ഒക്കെ  എനിക്കു സന്തോഷം തന്നു. കൊച്ചു മരപ്പലകയെടുത്ത് പാവയെന്നു സങ്കല്പിച്ചു വാവോയെന്നു  താരാട്ടു പാടിയുറക്കി..
ചിരട്ടയിൽ മണ്ണുവാരി ചോറുണ്ടാക്കി.  അങ്ങനെ ഒരു ഏകാന്ത ജീവിയായി .
ധാരാളം മാവും പ്ലാവുംനിറഞ്ഞ പറമ്പില്‍ കയറി
മരത്തണലിൽ മാനംനോക്കിക്കിടക്കുന്നത് എന്റെ വിനോദമായിരുന്നു.. പുസ്തകങ്ങളെ പരിചയപ്പെട്ടപ്പോൾ,  വളരെ ചെറുപ്രായത്തിൽതന്നെ  അമ്മയും, പുസ്തകങ്ങളും മാത്രമായി എന്റെ ലോകം.

എന്നിൽ വരുന്ന മാറ്റങ്ങൾ കുഞ്ഞേട്ടൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.  എന്നെ സന്തോഷിപ്പിക്കാനാവണം  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുടെ നൃത്തവിദ്യാലയത്തിൽ കൊണ്ടുപോയി ചേർത്തു.  ഭരതനാട്യം പഠിച്ചു. കോതമംഗലം വിഷ്ണുക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റം കഴിഞ്ഞപ്പോൾ  മൂത്ത ആങ്ങള ഗോകുൽദാസ്  പറഞ്ഞു

," അവൾ വളർന്നു വരുകയാണ്..  പഠിത്തത്തിന്റെ താല്പര്യം കുറഞ്ഞു പോകും നൃത്തമൊക്കെ മതിയാക്കിക്കോളൂ"

 വല്യേട്ടൻ പറയുന്നതിനപ്പുറം അനിയന്മാർ    ചെയ്യില്ല. അങ്ങനെ  ഡാന്‍സ്പഠിത്തം നിന്നു.

രണ്ടാമത്തെ ഏട്ടൻ ഭുവനദാസ്  അന്ന് മാർക്സിസ്റ്റു പാര്‍ട്ടിയുടെ വലിയ പ്രവർത്തകനായിരുന്നു. ഒരുദിവസം   ഇ.എം.എസ് വരുന്ന ഒരു പരിപാടിക്ക്  ഡാന്‍സ് ചെയ്യണമെന്നു പറഞ്ഞു  എന്നെ കൊണ്ടുപോയി.   ഇ എം എസിനെയൊക്കെ കണ്ടു .  ഡാന്‍സ് ചെയ്തു.. എല്ലാവരും  അഭിനന്ദിച്ചു.. സന്തോഷമായിരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴപെയ്തു. മഴക്കാലമല്ലാത്തതിനാൽ  ഞങ്ങള്‍ കുടയെടുത്തില്ലായിരുന്നു.  നനഞ്ഞൊലിച്ചു  വീട്ടില്‍ വന്നുകയറുമ്പോൾ വല്യേട്ടനുണ്ട് മുമ്പിലിരിക്കുന്നു. 

"എന്താടാ നിന്നെപ്പോലെതന്നെ നിന്റെ   പെങ്ങളെയും പാർട്ടിയുടെ ആളാക്കാനാണോ  മോഹം.. നനഞ്ഞൊലിച്ചു പട്ടിവരുന്നപോലെ  കയറിവന്നതുകണ്ടില്ലേ..
ഇനി ഇതുപോലെ ഡാന്‍സ്, പാർട്ടി സമ്മേളനം എന്നെങ്ങാനും പറഞ്ഞു മോളെ കൊണ്ടുപോയാൽ ബാക്കി  അന്നുപറയാം..."

ഭുവനേട്ടൻ തലയും താഴ്ത്തി നിന്ന തക്കത്തിന് ഞാന്‍  അമ്മയുടെ പിന്നില്‍ പോയൊളിച്ചു . ഭാഗ്യത്തിന്  എന്നെ വഴക്കുപറഞ്ഞില്ല.

"പനിപിടിച്ചു പാര്‍ട്ടി പ്രവർത്തനം മുടങ്ങേണ്ട..പോയി തലതുടച്ചോ രണ്ടാളും."

വല്യേട്ടൻ കോൺഗ്രസ് അനുഭാവിയായതുകൊണ്ട് അനിയന്മാരെ തരംകിട്ടുമ്പോൾ ഇതുപോലെ പരിഹസിക്കുമായിരുന്നു. 

അമ്മയുടെ ചേച്ചിയുടെ ഭർത്താവ് തീവണ്ടി  എഞ്ചിന്‍ ഡ്രൈവറായിരുന്നു. ഈറോഡിൽ  ജോലിചെയ്യുന്നേരം    അവരുടെ ഒരേയൊരു മകനെയും പതിനേഴ് വയസ്സായപ്പോഴേക്കും റെയില്‍വേയിൽ ചേര്‍ത്തു. കമ്മ്യൂണിസ്റ്റുകാരനായി പ്രവർത്തനംതുടങ്ങിഎന്ന കാരണത്താൽ  താമസിയാതെ ആ ഏട്ടന്റെ ജോലിപോയി.   

 അമ്മയുടെ വീട്ടിലെ ആദ്യ ആൺതരി..ഓമനയായി വളർന്നയാൾ. നായനാരുടെയും ഇമ്പിച്ചിബാവയുടേയുമൊക്കെ ഉറ്റസുഹൃത്ത്..സഖാവ് ഇ.കെ.എന്ന രണ്ട് അക്ഷരങ്ങളിൽ അറിയപ്പെട്ട ശ്രീധരേട്ടൻ  1948ൽ  മാസങ്ങളോളം  പലപല സ്ഥലത്തായി ഒളിവില്‍ പോയി.
പിന്നീട് പിടിക്കപ്പെട്ടപ്പോൾ   ജയിലിലെ ക്രൂരമർദ്ദനമേറ്റ് രോഗിയായി.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭവന്നു..
 സഹപ്രവർത്തകരൊക്കെ നല്ലനിലയിലായപ്പോഴും ആ ഏട്ടന്‍  ഒരു ജോലിയുമില്ലാതെ,  ആരോടും സഹായമഭ്യർത്ഥിക്കാതെ, നാട്ടില്‍  ഒറ്റപ്പെട്ടു ജീവിച്ചിരിക്കുന്നതു കണ്ടതിനാലാകാം കമ്മ്യൂണിസം എന്നുകേട്ടാൽ എന്റെ വല്യേട്ടനു  വിറളിപിടിക്കുന്നത്.

ആ ഏട്ടന്റെ സഹോദരിമാരാണ് ശ്രീമതിയും ചന്ദ്രമതിയും. രണ്ടുപേരുടെയും കല്യാണമൊന്നും ഞാൻ കണ്ടിട്ടില്ല. ശ്രീമതിയേടത്തിക്കു എന്നേക്കാൾ രണ്ടര വയസ്സിനു മൂത്ത മകനുണ്ട്. ആ ഏട്ടന്റെകൂടെയാണ് ഞാൻ സ്കൂളിൽ ചേർന്നത്. അങ്ങനെ മൂന്നുവയസ്സിൽത്തന്നെ ഒന്നാംക്‌ളാസ്സിലെത്തി.

(ചന്ദ്രുഏടത്തിക്കും അവരുടെ ഭർത്താവ് രാധാകൃഷ്‌ണേട്ടനും എന്നെ വലിയ ഇഷ്ടമായിരുന്നു. വളർന്നപ്പോൾ ദിവസവും ഒരു ഇംഗ്ലീഷ്  വാക്ക് പഠിക്കണം എന്ന് എന്നോട് എപ്പോളും  പറയുമായിരുന്നു.ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയൽ വായിച്ചാൽ ഇംഗ്ലീഷ് നന്നാവുമെന്നും.. എന്റെ കാര്യം പറയുമ്പോൾ 'സെൽഫ് മെയ്ഡ്   ഗേൾ 'എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുക. )

അച്ഛന്റെ മരണശേഷം തറവാട്ടിലെ  അംഗങ്ങള്‍ പരസ്പരം കേസുംകൂട്ടവുമായി..  റസീവർ ഭരണമായി,  വലിയ വീട്  സീൽചെയ്തു.   മരുമകൻ  വേറെ മാളിക പണിയിച്ചു താമസം മാറ്റിയിരുന്നു .  അന്നോളം നെല്ലു സംഭരിച്ച പത്തായപ്പുര ശൂന്യമായിരുന്നു. അതു ഞങ്ങള്ക്ക് അഭയകേന്ദ്രമായി.  ആ കെട്ടിടം ഓലമേഞ്ഞതായിരുന്നു. പുരയിടത്തിൽനിന്നു കിട്ടുന്ന ഓലമുഴുവൻ  എടുത്താലും ആ വലിയ പത്തായപ്പുര മേയാന്‍ തികയില്ല. അതുകൂടാതെ  അത്തോളിയിലെ ഒരു ബന്ധു  ആയിരംമടൽ മെടഞ്ഞ ഓല  തോണിയിൽ വച്ച് വീട്ടിലെത്തിച്ചുതരുമായിരുന്നു. എന്നാലും തികയില്ല. മഴക്കാലമെത്തുംമുമ്പ് പുരമേയണം. എല്ലാറ്റിന്റെയുംകൂടെ അമ്മയുടെ മനസ്സ് വിഷമിക്കാൻ അതുമൊരു കാരണമായി.
ഇടിയും മഴയും ഇഷ്ടമായിരുന്ന എന്റെ മനസ്സില്‍,  മഴപെയ്യുമ്പോൾ  വിരിയുന്ന സന്തോഷം,  അമ്മയുടെ സങ്കടമായി മാറുന്നത് ഞാനറിഞ്ഞു.

പിന്നെയും കുറെവർഷങ്ങൾ കൂടി  പെയ്തുതോർന്നതിനുശേഷമാണ്  ഞങ്ങളൊരു  നല്ല വീടുണ്ടാക്കിയത്.  അപ്പോഴേക്കും ആരുമറിയാതെ എന്റെ അമ്മയുടെ മജ്ജയിൽ മൾട്ടിപ്പ്ൾ മൈലോമ എന്ന പേരുള്ള   ഞണ്ട് പിടിമുറുക്കിക്കഴിഞ്ഞിരുന്നു..
പുതിയവീട്ടിൽ ഏഴുമാസംമാത്രമാണ് അമ്മ താമസിച്ചത്.. 
ഒരു ദിവസം പുലര്‍ച്ചെ  മനോഹരമായ ഒരു പൂവ് കൊഴിയുന്നപോലെ അമ്മ കണ്ണടച്ചു. 
എന്റെ കൊച്ചുലോകത്തിലെ  ആകെയുണ്ടായിരുന്ന സന്തോഷവും  ഇല്ലാതായി..

മഴയോർമ്മകൾ  (ഭാഗം  രണ്ട് )
എന്റെമുടി ചീകിവിടർത്തുകയായിരുന്നു ചന്ദ്രുവേടത്തി. എനിക്ക് നന്നായി വേദനിക്കുന്നുമുണ്ട്. പനിമാറുമ്പോളേക്കും  മുടിയാകെ ജടപിടിച്ചിരുന്നു.

"എന്തുമാത്രം മുടിയുണ്ടായിരുന്നതാ കുട്ട്യേ  ..ഇപ്പോ കോഴിവാലുപോലെ..ഇതെന്തുപറ്റി. എറണാകുളത്തെ പൈപ്പുവെള്ളം പറ്റിച്ചതാ  ല്ലേ.. നിയ്യ് ബ്യൂട്ടിപാർലറിൽ പോയി മുടീടെ ചുരുളു‍ മാറ്റീരുന്നോ.?"
"ഏയ് ഇല്ല ചന്ദ്രുവേടത്തി. ഞാനൊന്നുംചെയ്തില്ല"
"പിന്നെ ഇതെന്താ മോളേ.. നിന്റെ മുടി കണ്ടാലിപ്പോ പണ്ട്  ചുരുൾമുടിയായിരുന്നൂന്ന് ആരെങ്കിലും വിശ്വസിക്ക്യോ.? 
നിനക്കോർമ്മേണ്ടോ പണ്ട് മുടിവെട്ടാൻ വീട്ടില്‍ ആളു വര്വായിരുന്നു. അന്നൊക്കെ നിന്റെ തല സായ്ബാബയെപ്പോലെയാ...ചീപ്പു അങ്ങ്ട് കടത്താന്‍ നോക്കണ്ട...ചീകാൻ വിളിച്ചാ നിയ്യ്  ലഹളയാ.. ഒരീസം വെളക്കത്രോന്റെ പെണ്ണ് വന്നു.  പതിയെ കഥയൊക്കെ പറഞ്ഞു നെന്റെ മുടി വെട്ടി. അതുതീരുന്നവരെ കണ്ണുംചിമ്മി നിന്നതാ നിയ്യ്.  മുഖത്ത് വീണ മുടിയൊക്കെ തട്ടിക്കളഞ്ഞ് മേല്പൊതച്ച തുണിയും മാറ്റി കണ്ണുതുറന്നു നോക്കൂ ന്നു പറഞ്ഞു ഓള്  ഒരു കണ്ണാടി കാണിച്ചു തന്നു.  കണ്ണാടീലു നോക്കി  താഴെ വീണ മുടീം വാരിപ്പിടിച്ച് ഒരൊറ്റ നെലോളി   . .   ന്റെ കുപ്പിമോതിരം പോയീന്ന് പറഞ്ഞാ കരച്ചില്‍. .   കണ്ടുനിന്നോർക്കുപോലും  സങ്കടായീട്ടോ.  "
"അതെന്താ ചന്ദ്രുവേടത്തി,  കുപ്പിമോതിരം ന്ന് പറഞ്ഞു കരയാന്‍. "
" അതോ. ...  അന്നൊക്കെ  വളച്ചെട്ടികള് വീട്ടിലുവരുമ്പളാ പെൺകുട്ട്യോള്  വളവാങ്ങ്വാ.  ഓരെപെട്ടീല് കുപ്പിവളേം റിബണും കുപ്പികൊണ്ടുള്ള കറുപ്പും ചോപ്പും മോതിരങ്ങളൂണ്ടാവും. ഉമ്മക്കുട്ട്യേളാ അധികോം കുപ്പിമോതിരം വാങ്ങ്വാ. നെനക്കും  ഇഷ്ടാരുന്നു കറുത്ത  കുപ്പിമോതിരം. 
നെന്റെ   വെട്ടിയിട്ട മുടിച്ചുരുളുകൾ ശെരിക്കും തിളങ്ങുന്ന മോതിരം പോലുണ്ടാരുന്നേ.. അന്ന് നെലോളി  മാറ്റാന്‍ പെട്ട പാട്. .ദൈവേ  ഓർത്തൂടാ."
പെട്ടെന്ന് ചന്ദ്രുവേടത്തി എന്തോ ചിന്തയില്‍  കണ്ണു തുടച്ചു. .
"എന്തുപറ്റി ചന്ദ്രുവേടത്തി."
"ഒന്നൂല്ലെടീ..ഞാന്‍  ഓനെ ഓർത്തുപോയി..നിയ്യ് ഓടിച്ചാടി ഇതിലെയെല്ലാം നടക്കുന്നേരം ചിപ്പ്ളീന്നാ ഓൻ നെന്നെ വിളിക്ക്യാ.  "
"അതെന്താ ചെറീമ്മേ. .ചിപ്പ്ളീന്ന്വച്ചാ."
"ആശാരിമാര് മരം ചിപ്ളിയുന്തി മിനുക്കുമ്പോ മരത്തൂളുകൾ കട്ടച്ചുരുളായി വീഴും. അതുപോലെ നിയ്യ്  നടക്കുമ്പോ നെന്റെ ചുരുണ്ട മുടീങ്ങനെ തുള്ളിക്കളിക്കും. അതു കാണാന്‍  ഓനെന്തിഷ്ടാരുന്നൂന്നോ.. .. സരൂട്ടിയേടത്തിക്കു  ശേഷംജനിച്ചതു മുഴ്ഴോനും ആമ്പടയല്ലേ..  ഉള്ളേലും എളേതായി ഒരു പെങ്കുട്ടീണ്ടായപ്പോ  ഓന്റൊരു സന്തോഷം. .നിക്കിപ്പോം ഓർമ്മേണ്ട് ഓനന്ന് സിവില്‍  എഞ്ചിനീയറിംഗിന് കോഴിക്കോട്ടാ പഠിക്കുന്നത്. വരുംവഴി ആരോപറഞ്ഞറിഞ്ഞതാ അമ്മപെറ്റു പെങ്കുട്ട്യാന്ന്..വന്നുകേറീപ്പം ന്റെ മോന്റെ  മൊകം കാണണാരുന്ന്..സന്തോഷംകൊണ്ട്, പൂവിരിഞ്ഞ പോലെ .."
ഏതോ ഓർമ്മയിൽ മുഴുകിയപോലെ ചന്ദ്രുവേടത്തി അകലേക്കുനോക്കി മൗനമായിരുന്നു.
" എന്നിട്ടോ ചന്ദ്രുവേടത്തി..  ഏട്ടന് ന്നെ ഇഷ്ടാരുന്നോ.."
ഒരുനെടുവീർപ്പോടെ  ചന്ദ്രുവേടത്തി പറഞ്ഞു
" ഇഷ്ടാരുന്നോ ന്നോ....  അവനാരുന്നു അമ്മേക്കാളും നെന്നെ ഇഷ്ടം. എളേമ്മക്കു  ആളോള് എന്തു പറയുംന്നൊരു നാണക്കേട്. പേറ് നിന്നൂന്നു കരുതീപ്പോ ഇത്രേം വൈകീട്ട് വീണ്ടും  ഒരുപേറ്. .
എന്നാല്‍ മോനങ്ങനെയല്ല...
മോളെ ഏട്ടൻ നോക്കും..  മോള് പഠിക്കണം. എത്ര കഴിയുമോ അത്രേം പഠിക്കണം.  മോളെ ഏട്ടൻ  പഠിപ്പിക്കും.എന്ന് എപ്പോം പറേം. നെന്നേ ഉടുപ്പിടീച്ച് പൊട്ടുതോടീച്ച് പൊറപ്പെടീച്ച് പോകുന്നെടത്തൊക്കെ കൊണ്ടുനടക്കും."
"എങ്ങന്യാരുന്നു ചെറീമ്മേ എന്റേട്ടൻ കാണാന്‍. "
"ഓന്റൊരു നെറോം ചിരീമൊക്കെ  നെന്റമ്മേപ്പോലെത്തന്നെ.. വെളുത്തുചൊകന്ന്...ഒയരോക്കെ നെന്റെ  അച്ഛനെപ്പോലെ  ആറടിപ്പൊക്കം..പവൻമാർക്ക് മോനായിരുന്നേ..എളേമ്മക്കു ഭാഗ്യോണ്ടായില്ല..നെനക്കും...അത് പറഞ്ഞാ മതീലോ.."
"എന്തിനാരുന്നു ചന്ദ്രുവേടത്തി,  എന്റേട്ടൻ അന്ന്  ആ പൊഴേല് പോയത്.?"
ചന്ദ്രുവേടത്തി കുറേനേരം അകലേക്ക് നോക്കി മൗനമായിരുന്നു.   നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഈറനണിയിച്ച കണ്ണുകള്‍ നേരിയതിന്റെ തുമ്പുകൊണ്ട് ഒപ്പി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
"നെന്റെ  അച്ഛൻ  അപ്പഴേക്കും മിലിട്ടറീന്നു പോന്നിരുന്നു. കളരിപഠിപ്പിക്കലും കൊറച്ച് ചികിത്സേമൊക്കെയായി  കഴീന്ന കാലം. മോനാണ്  ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി. 
ഓൻ പഠിക്കുന്ന സ്ഥലത്ത് വന്നു റെയില്‍വേക്കാർ ഓന് ജോലിക്ക് ഓർഡർ കൊടുത്തു. പാന്സും ഷർട്ടുമൊക്കെ തുന്നിച്ച് പെട്ടിയൊരുക്കി നിന്നപ്പോ നെന്റെ  അച്ഛന് ഒരു സങ്കടം..ഇനിയെന്നാ മോൻ തിരിച്ചു വര്വാ.. ഓണം മുന്നിലിട്ടു പോണ്ടാ. ഒരുമിച്ച്  ഓണമുണ്ടിട്ടു പോയ്ക്കോ എന്ന്.  മോന് അച്ഛനുമമ്മേം പറേന്നതിന് അപ്പുറോല്ല. "
" ഓണപ്പൂവിട്ടു. എല്ലാർക്കും കോടിവാങ്ങി. ഗംഭീരമായി സദ്യയുണ്ടു. അവിട്ടത്തിന്റന്ന് ഊണും കഴിഞ്ഞു മോൻ പുറത്തോട്ടിറങ്ങുമ്പോ അച്ഛൻ  പറഞ്ഞു..
"നായാടൻപുഴയ്ക്ക് അക്കരെ ഉമ്മത്തിന്റെ പൂവുണ്ട് , ആ വഴിയാണേൽ കുറച്ചു ആ മരുന്നുംഎടുത്തോണ്ടുപോരൂ "എന്ന്.
ശരിയച്ഛാന്ന് മോൻ. .
ഓന് കിണ്ണത്തപ്പം വല്യ ഇഷ്ടാണ്.
അമ്മേ ഞാന്‍ വരുമ്പളേക്കും അമ്മ കിണ്ണത്തപ്പം ണ്ടാക്കി വെക്കണേന്ന് പറഞ്ഞു. .
നെന്നെയെടുത്ത് ഉമ്മ തന്ന്   ചേച്ചീ  മോളെ ഒരുക്കിവെക്കണേ ..ഈ ചുന്ദരിക്കുട്ടിയേംകൊണ്ട് പ്രഭൂനെ കാണാന്‍ പോകണം. ഞാനിതാ എത്തിപ്പോയിന്നും പറഞ്ഞു ന്റെ കുട്ടി  ചിരിച്ചോണ്ട് അനിയനേംകൂട്ടി പടിപ്പുരയെറങ്ങിപ്പോയതാ..
ഓന്റൊരു നല്ല ചങ്ങായിയാ  ഹോമിയോ ഡോക്ടര്‍ പ്രഭു, .. എടയ്ക്കിടെ അങ്ങ്ട് ഒരു പോക്കുണ്ട്. നാട്ടിലെ  ആകേള്ളൊരു ചങ്ങായിയാ . വേറെവ്ടേം പോയിരിക്ക്ന്ന പതിവില്ല.  "
"ന്നിട്ട്.?"
"  മോൻ പോവ്വാണല്ലോന്നു കരുതി ഞാനൂണ്ടായി ആ ഓണത്തിന് ഇവിടെ. മോനിപ്പോ എത്തൂലോ നേരംവൈകീന്നുംപറഞ്ഞ്
എളേമ്മ കിണ്ണത്തപ്പം ണ്ടാക്കുന്ന തെരക്കിലാ.
ഞാനും സരൂം നെന്നെ കുളിപ്പിച്ചു ഒരുക്കുന്ന തെരക്കിലും..
അപ്ളേക്കും പതിവില്ലാത്തൊരു മഴേം തൊടങ്ങി. അന്നേരം അപ്പൊറത്തുള്ള ഓരോരുത്തർ ഓരോ കാരണോംപറഞ്ഞ് വന്നോണ്ടിരുന്നു.
അവരൊക്കെ ഈ വിവരറിഞ്ഞോണ്ടാ വരുന്നത് ."
"എങ്ങന്യാരുന്നു ചന്ദ്രുവേടത്തി  അത് പറയ്"
"ന്റെ മോളേ. പിന്നീട്‌ നെന്റെ കുഞ്ഞേട്ടൻ പറഞ്ഞാ  ഞങ്ങളറിഞ്ഞത്..പൊഴേടെ അക്കരെയല്ലേ ഉമ്മം..പൊഴചുറ്റിനടന്ന് അപ്പുറത്തുചെല്ലാം. അതിനു നേരം പിടിക്കൂലേ..
നീയ്യിവിടെ നിക്കെടാ ഞാന്‍ നീന്തിച്ചെന്ന് ആ മരുന്ന് പറിച്ചു വേഗംവരാന്ന് പറഞ്ഞു  ഉടുപ്പഴിച്ച് അനിയന്റെ കയ്യില്‍ കൊടുത്തു മോനങ്ങു നീന്തിയത്രേ..
ആ പൊഴേല് നെറച്ചും താമരയാ.. വിഷമാവും നീന്താന്‍. ..
കൊറെ നീന്തിയപ്പോ അനിയനെ തിരിഞ്ഞുനോക്കി , 'വെള്ളത്തിനെന്തൊരു തണുപ്പാണെടാന്ന് 'പറഞ്ഞു പോലും..
'എന്നാ ഏട്ടന്‍  ഇങ്ങോട്ട് കേറിപ്പോരൂ. നമ്മക്ക് അപ്പുറത്തൂടി പോവാലോന്നു 'അനിയൻ  പറഞ്ഞപ്പോ,  നീയ്യവ്ടെ നിക്ക് ഞാനിപ്പോവരാന്ന് പറഞ്ഞു  ഒരു ചിരീം ചിരിച്ചു അവനങ്ങു ഊളിയിട്ടുപോലും..
കളിപ്പിക്ക്യാന്നു വിചാരിച്ചു അനിയൻ നോക്കിനിന്നു. , പതിവുപോലെ എണ്ണം പിടിച്ച്നിന്നിട്ട്,കുറെനേരം കഴിഞ്ഞിട്ടും കാണാതായപ്പോ അനിയനു പേട്യായി.
ഓൻ കരയാന്‍ തൊടങ്ങി .
ഓരോരുത്തർ ഓടിവന്നു മുങ്ങിത്തപ്പീട്ടൊന്നും കിട്ടീല്ല. കൊറേനേരംകഴിഞ്ഞാ ന്റെ മോന്റെ ശരീരംകിട്ടീത്..അപ്ളേക്കും ഒക്കെകഴീഞ്ഞീര്ന്നു.. "
ചന്ദ്രുവേടത്തി മുഖം  അമർത്തിതുടച്ചു. നിയന്ത്രിച്ചിട്ടും കണ്ണുകള്‍ പെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും..
എന്നാലും  എനിക്ക് അറിയണമായിരുന്നു. അസ്സലായിനീന്തുന്ന ഏട്ടന്  അന്നേരം എന്താ സംഭവിച്ചത് എന്ന്. 
ഒരിക്കലും വീട്ടില്‍ ആരും  ഈ കഥ പറയില്ല. പറഞ്ഞു തുടങ്ങിയാൽ അമ്മ കരയാന്‍ തുടങ്ങും.  അതുകാരണം  അമ്മയോടു ഞാന്‍  ഇതൊന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ഇപ്പോള്‍ ചന്ദ്രുവേടത്തി തുടങ്ങി വച്ച സ്ഥിതിക്ക് മുഴുവൻ കേൾക്കണം. വേറെ ആരും  പറഞ്ഞു തരാനില്ല.  അന്നത്തെ ആരും ഇപ്പോൾ ബാക്കിയില്ല.
ചന്ദ്രുവേടത്തി  ഒന്ന് നോർമലായി എന്നു കണ്ടു വീണ്ടും ഞാന്‍ ചോദിച്ചു
"ഇത്രയും നന്നായി നീന്തലറീന്ന ഏട്ടന്  എന്തുപറ്റീതാരിക്കും ചന്ദ്രുവേടത്തി. ?"
എന്റെമുടി ജടതീർത്ത് മുറുകെ മെടഞ്ഞിട്ടുകൊണ്ട് ചന്ദ്രുവേടത്തി പറഞ്ഞു,
" താമരവളയത്തിൽ കുടുങ്ങീന്നും, നീരാളി പിടിച്ചതാന്നും ഒക്കെ  ഓരോരുത്തർ പിന്നീട് പറഞ്ഞു. . അതൊന്ന്വല്ല നീരാളി പിടിച്ചെങ്കി കടീടെ പാടു കാണൂലേ..അതൊന്നും ണ്ടായില്ല ദേഹത്തിലൊന്നും..
തണുത്താല് കാലു മസിലുകേറുവായിരുന്നു നെന്നെപ്പോലെത്തന്നെ ഓനും..നീന്തുമ്പോ മസിലു പിടിച്ചാ പിന്നെന്താ ചെയ്യാ. ആണ്ടുപോവ്വല്ലാണ്ട്...
കോരിച്ചൊരീന്ന മഴേത്ത് തണുത്തു മരവിച്ച ന്റെ മോനേം കൊണ്ട്   ആളോള് കേറിവന്നപ്പോ....  "ന്റെ മോനേ  ഞാനല്ലേ ടാ നെന്നെ പറഞ്ഞയച്ചേന്നും "ചോദിച്ചു നെന്റെ അച്ഛൻ  വീണു..
രണ്ടാഴ്ച മാത്രാ പിന്നെ കെടന്നുള്ളൂ
മോന്റെ കൂടെ അച്ഛനും പോയി. 
അതോടെ  ഈ വീടൊറങ്ങി കുട്ടീ.."
ചന്ദ്രുവേടത്തി മുഖം അമർത്തിതുടച്ചു.

മഴയോർമ്മകൾ..(ഭാഗം ഒന്ന് )

പനിച്ചു കിടക്കുന്ന എന്നെ സന്ദർശിക്കാനെത്തിയതാണ് ചന്ദ്രുവേടത്തി..  അകന്ന ബന്ധുവായ പത്മിനിച്ചേച്ചിയുമുണ്ട് കൂടെ.  ആ ചേച്ചി  യുപീ സ്കൂളില്‍  എന്റെ സീനിയറായി പഠിച്ചിരുന്നു.  അന്തരീക്ഷം ആകെ കറുത്തിരുണ്ടു വരുന്നു.  ചെറുതായി മഴയും ഇടിയും തുടങ്ങി.   എന്റെ മുഖത്ത് നോക്കിയ ചന്ദ്രുവേടത്തിക്കു ചിരിവന്നു. 

,"പെണ്ണിന്റെ മുഖത്തെ സന്തോഷം കണ്ടോ. .പണ്ടേ ഇടിയുടെ ശബ്ദം  അ വൾക്കിഷ്ടമാ."
സംസാരപ്രിയയായ ചന്ദ്രുവേടത്തി  പത്മിനിച്ചേച്ചിയോട് എന്റെ കുട്ടിക്കാലം വിവരിച്ചു തുടങ്ങി ..

"നിനക്ക് കേക്കണോ..ചെറിയ കുട്ടിയായപ്പോ ഇടികേട്ടാ ഈവളു ഡാന്‍സ് ചെയ്തു തുടങ്ങും. അതെന്തിനാന്നു ചോദിച്ചാലെന്താ പറയ്യാന്നറിയ്യോ അമ്മ പറഞ്ഞു  എന്റെ നക്ഷത്രത്തിനു മയിലാണ് പക്ഷീന്ന്..  ഹഹഹ മയിലാടുന്നപോലെ ആടുകയാത്രേ.."

അവർ രണ്ടുപേരും നിർത്താതെ ചിരിച്ചു. .

"നല്ല മഴയത്ത് നടുമുറ്റത്തു വെള്ളം നിറയ്യല്ലോ..അന്നേരം ഇവളെന്താ  ചെയ്യാ..വെള്ളം ഒഴുകിപ്പോകുന്ന ഓവടച്ചുവെക്കും. എന്നിട്ട് വെള്ളം നിറഞ്ഞാൽ കുളത്തില് നീന്തുമ്പോലെ നീന്തുവാ.."

"നീന്തലറിയ്യോ ചേച്ചി  ഇവൾക്ക് .."

  "   എവടന്ന്.. ഇവളെ എളേമ്മ  നീന്തലൊന്നും പഠിപ്പിച്ചില്ല. മോൻ വെള്ളത്തിൽ പോയേപ്പിന്നെ എളേമ്മക്കു പേടിയാ..കുളത്തിലെറങ്ങാൻ സമ്മതിക്കില്ല.    ഇവളു പണ്ടേ കുസൃതിയല്ലേ... ഒരിക്കല്‍ തോട്ടില്‍ വീണതറീല്ലേ പത്മിനിക്ക്...?"

"പിന്നെ. ...നിക്കോർമ്മേണ്ട്."

"അയ്യോ  അന്നീ കുട്ടി തീർന്നുപോകേണ്ടതാ.  പാവം അന്ന്  എന്റെ  എളേമ്മ ഒത്തിരി  വിഷമിച്ചൂട്ടോ .ഇളയച്ഛൻ മരിച്ചശേഷമല്ലേ ഈ സംഭവം..
ഒരുദിവസം, ഇവളെ സ്കൂളില്‍ നിന്ന് വിളിച്ചോണ്ടുവരാറുള്ള ചെക്കൻ വരാൻ  വൈകി. ഇവളന്നു തീരെ ചെറിയകുട്ട്യല്ലേ.. ഇത്രദൂരം തനിയെ നടക്കാനൊന്നുമാവില്ലല്ലോ. എളേമ്മ പരിഭ്രമിച്ചു പടിപ്പുരയിൽ പോയി നില്പായി.. നോക്കിയപ്പോ ദൂരെയൊരു കുട അരിച്ചരിച്ചു വരുന്നത്രേ... തനിച്ച്.  കുറച്ചു കഴിഞ്ഞു  ആ കുടയും കാണുന്നില്ലത്രേ..എളേമ്മ  ഇറങ്ങി ഓടിച്ചെന്നു നോക്കുമ്പോളെന്താ...ഇവളുടെ കുടയുണ്ട് തോട്ടിലൂടേ ഒഴുകിവരുന്നു. ഇവളോ തോട്ടുവക്കത്തെ കുറെ പുല്ലുംപിടിച്ചു പകുതി വെള്ളത്തിലും പകുതി വരമ്പിലുമായി കിടക്കുന്നത്രേ.  എളെമ്മേടെ  അന്നത്തെ നെലോളി എനിക്കിപ്പോ ഓർത്തൂടാ പത്മിനി..അച്ഛനുംപോയി, മോനും പോയി പുറകെ ഈ കുട്ടീംകൂടി പോയാ പിന്നെ എളേമ്മ  ജീവിച്ചിരിക്ക്യോ.?"

"അന്നു ഞാനില്ലേ ചേച്ചി  സ്കൂളില്‍. . കുഞ്ഞല്ലേ തനിച്ചുപോണ്ടാ.  ന്റെ വീട്ടിലേക്കു പോരൂ അവിടന്ന് ആരേലും കൂട്ടിവിടാന്നു പറഞ്ഞു ഞാന്‍.  ഇവളു പൊടിക്കു കൂട്ടാക്കീല..വീട്ടില്‍ ചെന്നു ഇക്കാര്യം പറഞ്ഞപ്പോ ഇനിയൊരു ചീത്ത ബാക്കീല്യ എന്നെ..അതൊരു ഇത്തിരീള്ള കുട്ട്യല്ലേ..നിയ്യങ്ങനെ തനിച്ചുവിടാമോന്നും ചോദിച്ച്.  ഇവളുപോകുന്ന് പറഞ്ഞപ്പോ ഞാന്‍ കുടയൊക്കെ നിവർത്തി കൈയ്യില്‍ കൊടുത്തു..മീനിനെ പിടിക്കാനൊന്നും പോവല്ലേന്നും പറഞ്ഞാ വിട്ടത്. ഇതിനെന്തെങ്കിലും പറ്റീരുന്നെങ്കിൽ വച്ചേക്ക്വായിരുന്നോ എന്നെ ..  വർഷം എത്ര കഴിഞ്ഞു...ഓർക്കുമ്പോ ഇപ്പളും വെറയാ നിക്ക്. വികൃതി ചിരിക്ക്ന്ന കണ്ടോ.."
ആ ചേച്ചി കവിളിൽ പതുക്കെ ഒരടിതന്നു.

  വെള്ളത്തിൽ വീണതൊക്കെ എനിക്കോർമ്മയുണ്ട്..അമ്മ വന്നു  എടുത്ത ഉടനെ  തുടയ്ക്കു ഒരടി തന്നതും പിന്നീട്  ഉമ്മ തന്നതും ഓർത്തപ്പോ എന്റെ കണ്ണുകള്‍ നിറഞ്ഞു. .

 " വെറുതെ ഓരോന്ന് ഓർത്തു സങ്കടപ്പെടണ്ട ..പനി കൂടും. അച്ഛനുമമ്മയും എന്നും നമ്മുടെ  ഒപ്പം കാണൂല്ല. അതൊക്കെ തിരിച്ചറിയേണ്ട പ്രായമായില്ലേ നിനക്ക്. .കരഞ്ഞു തലവേദന കൂടും.. കണ്ണുംചിമ്മി ഉറങ്ങിക്കോ."

 ചന്ദ്രുവേടത്തി പുതപ്പു  ഒന്നൂടെ ശരിയാക്കി .

Wednesday, 20 November 2019

എന്റെ കേരളം എത്ര സുന്ദരം
_____________________________


മകരമഞ്ഞിന്‍റെ കുളിരുള്ള പുലരിയിൽ
കറുകറുത്തൊരു രാവു മരിക്കുന്നു .
മഴമുകിൽ തള്ളിമാറ്റി കതിരവൻ
സ്വർണശോഭയാൽ തൂമുഖംകാട്ടുന്നു .
പൂർവദിങ് മുഖമാറ്റും വിയര്‍പ്പുപോൽ
ഹിമകണം വന്നുവീഴുന്നു പൂക്കളിൽ.
ഏഴുവർണ്ണങ്ങളാകെ തെളിയുന്നു
മഞ്ഞുവീണുകുളിർന്നപുൽനാമ്പതിൽ .
മൂളിമൂളിപ്പറക്കുന്ന വണ്ടുകൾ
ഉമ്മവെക്കുന്നു പൂക്കളെയാകവേ .
മെല്ലെമെല്ലവേ കണ്‍തുറന്നർക്കനെ
പ്രേമപൂർവം കടാക്ഷിപ്പു താമര
നവ്യമാം ചെറുതെന്നൽ തഴുകവേ
കുളിരുകൊണ്ടുവിറയ്ക്കും ചെടികളും.
കാലമെത്താതെവന്നെത്തി കൊന്നപ്പൂ
പൊന്നണിഞ്ഞ മണവാട്ടിപ്പെണ്ണുപോൽ .
*
കിളികൾപാടുന്ന പൂമരച്ചില്ലയിൽ
നദിയിൽ കണ്‍നട്ടു പൊന്മാനിരിക്കുന്നു .
മരതകപ്പട്ടു തോല്ക്കുന്ന പാടവും
ഒറ്റക്കാലിൽ തപംചെയ്യുംകൊറ്റിയും.
കളകളാരവത്തോടെയരുവികൾ
പുഴകൾതേടിക്കുതിക്കുന്നു സാനന്ദം .
അലസഗാമിനി ഇക്കിളികൂട്ടുന്നു
ഇരുകരങ്ങളാൽ കണ്ടൽച്ചെടികളെ .
വെണ്‍നുരക്കൈകൾ നീട്ടിച്ചിരിച്ചു തൻ -
പ്രിയയെ സ്വാഗതംചെയ്യുന്നു സാഗരം.
അമൃതകുംഭങ്ങൾ പേറുന്നകേരങ്ങൾ
കൈകൾകോർത്തു നിരന്നുചിരിക്കുന്നു.
വെള്ളമേഘം മുഖംനോക്കുമാറ്റിലെ
പായലിനുള്ളിൽ മീനുകളോടുന്നു .
പുനർജനിതേടിയെത്തുമാത്മാക്കളാം
തുമ്പികൾ മുറ്റമാകെ പറക്കുന്നു .
മന്ദപവനനുമയവെട്ടും പൈക്കളും
തെല്ലുനേരംമയങ്ങീ മരച്ചോട്ടിൽ .
കൊയ്തകറ്റകൾ മദ്ധ്യാഹ്നസൂര്യന്റെ
പൊള്ളുംചൂടേറ്റിരിപ്പൂ കളമിതിൽ.
*
രൌദ്രഭാവം വെടിഞ്ഞൂ ദിനകരൻ
പശ്ചിമാംബരംനോക്കീ നടകൊണ്ടു.
കൂടുതേടിപ്പറക്കുന്നു പക്ഷികൾ
വാവലാഹാരം തേടിയിറങ്ങുന്നു.
അർക്കനിന്നത്തെ വേഷമഴിക്കാനായ്
ആഴിയിൽ പൊള്ളുമാനനം താഴ്ത്തവെ
ചെമ്പട്ടെല്ലാമഴിച്ചൂ മടക്കിയാ
സന്ധ്യപോയോരരങ്ങിലേക്കായിതാ
പട്ടടപ്പുകയേറ്റ കരിമ്പട-
മെത്തയുമായ് വരുന്നൂ നിശീഥിനി.
നീലമേലാപ്പിൽ രത്നം പതിച്ച പോൽ
വാനിലാകെ തിളങ്ങുന്നു താരകൾ.
തേഞ്ഞുതീർന്നോരരിവാൾത്തലപ്പുപോൽ
പഞ്ചമിത്തിങ്കൾ മേലേ വിരാജിപ്പൂ .
മന്ദമാരുതൻ തള്ളും ജലാശയ-
പ്പൊന്നൂഞ്ഞാലിൽ ചിരിക്കുന്നു നെയ്യാമ്പൽ.
രാക്കിളികൾതൻ താരാട്ടുപാട്ടുകേ-
ട്ടീ ധരിത്രി സുഖമായുറങ്ങുന്നു.

Sunday, 28 August 2016

തളിരിടുന്ന കിനാവുകള്‍

അടുത്ത ക്ളാസ് ടെൻത് ബിയിലാണ്. ആ ക്ളാസ് സുഭദ്രടീച്ചർക്കു കൊടുത്തു. അവർക്ക് കണക്കിലെ പോർഷൻസ് ഇനിയും തീരാനുണ്ട്. അമ്മ മരിച്ചപ്പോൾ സുഭദ്രടീച്ചർ കുറെ നാള്‍ ലീവായിരുന്നു. അവരുടെ ഭര്‍ത്താവ് വീണു കാലൊടിഞ്ഞുകിടന്നപ്പോഴും കുറച്ചു ലീവെടുത്തു വീട്ടില്‍ പോയിരുന്നു. ആ ഭാഗമെല്ലാംതീർക്കാൻ ബാക്കി കിടക്കുന്നു . തനിക്ക് എപ്പോ വേണമെങ്കിലും സമയമുണ്ട്. മലയാളം ക്ളാസിൽ പിള്ളേരു നല്ല താൽപര്യത്തോടെ ഇരിക്കും. കവിതയും കഥയുമൊക്കെയായി അവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തനിക്ക് പെട്ടെന്ന് കഴിയും. സുഭദ്ര ടീച്ചര്‍ക്ക് ഇങ്ങനെയെങ്കിലുംഒരു സഹായം ചെയ്യാന്‍ കഴിയുന്നല്ലോ എന്നതിൽ സന്തോഷം തോന്നാറുണ്ട്.

 സ്റ്റാഫ് റൂമില്‍ ഇരുന്നാൽ മറ്റുള്ളവർ ഓരോ വർത്തമാനം ചോദിച്ചുവരും. അത് ഭയങ്കര ശല്യമാണ്. നേരെ ലൈബ്രറിയിൽ ചെന്നപ്പോള്‍ ആരുമില്ല. ഒരു പുസ്തകമെടുത്തു ഒഴിഞ്ഞ മൂലയില്‍ ചെന്നിരുന്നപ്പോഴുണ്ട് വിനയന്‍ മാഷ് വരുന്നു.തന്നെ കാണണ്ടാ. ഒന്നുകൂടി മറഞ്ഞിരുന്നു. വിനയന്‍ മാഷെ കാണുമ്പോൾ മനസ്സില്‍ മൃദുലവികാരങ്ങൾ തളിരിടുന്നപോലെ തോന്നാറുണ്ട്. അദ്ദേഹം മാത്രമേ എന്തു ചോദിച്ചാലും മിണ്ടാതിരിക്കുന്ന തന്നോട് വീണ്ടും വീണ്ടും സംസാരിക്കാൻ ശ്രമിക്കാറുള്ളൂ. ദൂരെ കാണുമ്പോൾത്തന്നെ ആ മുഖത്ത് പുഞ്ചിരി വിടരും. ആ കണ്ണുകളിലെ ശാന്തതയും സ്നേഹവും കാണുന്നേരം മോഹിച്ചുപോകും ഈയാൾ തന്റെ സ്വന്തമായിരുന്നെങ്കിലെന്ന്.. വിവേകം വിലക്കും, അരുത്. . ആ മോഹമൊക്കെ മനസ്സില്‍നിന്ന് മാച്ചു കളഞ്ഞതല്ലേ..ഈ വൃത്തികെട്ട മുഖവും കണ്ടു ആരെങ്കിലും തന്നെ ഇഷ്ടപ്പെടുമോ. കൂടെ കൂട്ടുമോ..
 ഒരു ദിവസംതനിച്ച് കണ്ടപ്പോള്‍, "നീലിമടീച്ചർക്ക് വിരോധമില്ലെങ്കിൽ നമുക്ക് കല്യാണംകഴിച്ചുകൂടേ .ഞാൻ അമ്മയെ ഇങ്ങോട്ട് അയയ്ക്കട്ടേ? " എന്ന് വെട്ടിത്തുറന്നു ചോദിച്ചു. ആ ശബ്ദവുംസ്നേഹം നിറഞ്ഞ നോട്ടവും എല്ലാം തനിച്ചിരിക്കുമ്പോൾ ഓർത്തുപോകാറുണ്ടെങ്കിലും അന്നേരം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോവാനാണ് തോന്നിയത്. സുഭദ്രടീച്ചർ ഇതു കേട്ടപ്പോൾ പറഞ്ഞത് ഞാനാണെങ്കിൽ ആ നിമിഷം സമ്മതമറിയിക്കുമായിരുന്നല്ലോ ടീച്ചറേ എന്നായിരുന്നു.

നീലിമടീച്ചർക്ക് എന്തു സുഖമാണ് എന്ന് മറ്റുള്ള ടീച്ചര്‍മാരുടെ കമന്റ് ശരിയാണ്. ഒരു തരത്തില്‍ തന്റെ ജീവിതം ഒരു സുഖമല്ലേ. ഒന്നും ചിന്തിക്കാതെ ആരോടും കടപ്പാടില്ലാതെ ജീവിക്കുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ല . മരിച്ചാല്‍ ചീഞ്ഞുനാറുംമുന്നെ ആരെങ്കിലും എടുത്തു സംസ്കരിച്ചോളും.

തനിക്കും അമ്മയുംഅച്ഛനുമുണ്ടായിരുന്നു. പ്രേമിച്ച പെണ്‍കുട്ടിയുമായി അച്ഛന്‍ നാടുവിട്ടതുകൊണ്ടാണ് വേറെ ബന്ധുക്കൾ ഇല്ലാതായിപ്പോയത്. എവിടെയോ ബന്ധുക്കൾ എല്ലാവരും ഉണ്ടായിരിക്കും.
 ഓർക്കരുതെന്നു കരുതുന്ന കാര്യങ്ങളാണ് തിക്കിതിരക്കി ഓർമ്മയിൽഓടിയെത്തുന്നത്.

വർഷങ്ങൾ നീണ്ട പ്രാർത്ഥനക്കുശേഷംകിട്ടിയ മകളുടെ വിവാഹത്തിനു ആഹ്ളാദത്തോടെ പുറപ്പെട്ട അച്ഛനും അമ്മയും. .
കല്യാണം കഴിഞ്ഞ് ഗുരുവായൂരില്‍നിന്ന് വീട്ടിലേക്കുള്ള വരവില്‍ വിവാഹപാർട്ടി സഞ്ചരിച്ച ബസ്സു ലോറിയിലിടിച്ച് മറിഞ്ഞു. നീണ്ട മുപ്പതു ദിവസങ്ങൾക്കുശേഷംകണ്ണു തുറന്നത് ആശുപത്രിയിലായിരുന്നു. അച്ഛനും അമ്മയും താലികെട്ടിയ ആളും ആരുമില്ലാതെ ഈ ലോകത്ത് തനിച്ചായിപ്പോയെന്ന തിരിച്ചറിവിൽ, ശുശ്രൂഷിക്കാനാളില്ലാതെ കിടന്നപ്പോഴും കൂടെ ജോലി ചെയ്യുന്ന സുഭദ്ര ടീച്ചറാണ് സഹായവുംആശ്വാസവാക്കുകളുമായെത്തിയത്.
 ഭർത്താവിന്ടെ വീട്ടുകാർ, മകനെ കൊല്ലാനെത്തിയ യക്ഷി എന്ന മട്ടിലാണ് അപകടം മുഖത്തു സമ്മാനിച്ച വൈരൂപ്യവുമായി നിന്ന തന്നോടു പെരുമാറിയത്. തന്ടെ ജാതകദോഷമാണത്രേ അവരുടെ മകന്ടെ ജീവനപഹരിച്ചത്.

നാട്ടിൽ നിന്നുംസ്ഥലംമാറ്റം ചോദിച്ചു വാങ്ങി ഈ നാട്ടിൻപുറത്ത് വന്നത് ആരോരുമറിയാതെ ജീവിക്കാൻവേണ്ടി ആയിരുന്നു. പക്ഷേ കറങ്ങിത്തിരിച്ചു സുഭദ്രടീച്ചറും ഇവിടേക്കുതന്നെ വന്നു. അങ്ങനെ എല്ലാമറിയുന്ന ഒരാള്‍ ഇവിടെയും ഉണ്ടായി. രണ്ടുപേരുംഒരു വീടെടുത്തു താമസമാക്കി. സുഭദ്രടീച്ചർ എല്ലാ ആഴ്ചയിലും വീട്ടില്‍ പോകും. എത്ര വിളിച്ചിട്ടും ഇതുവരെ ടീച്ചറുടെ വീട്ടില്‍ പോയിട്ടില്ല. രണ്ടു മാസത്തെ അവധിദിവസങ്ങളിൽപ്പോലും തനിച്ചിരിക്കയാണു പതിവ്.
             
അവസാന പിരിയേഡുകഴിഞ്ഞു. ഇന്ന് വെള്ളിയാഴ്ച യാണ്. സുഭദ്രടീച്ചർക്കു വീട്ടില്‍ പോകണം.
     "ഞാനില്ലാത്ത തക്കത്തിന് ഭക്ഷണം പോലും കഴിക്കാതെ മടിപിടിച്ചിരിക്കല്ലേ ടീച്ചര്‍ " എന്നുപറഞ്ഞു
സുഭദ്രടീച്ചർ യാത്ര ചോദിച്ചു പോയി. ഇനി
രണ്ടു നാൾ തന്റെ സ്വന്തം സാമ്രാജ്യമാണ് വീട്. വീടെത്തുവോളം ഓരോന്ന് ചിന്തിച്ചുകൊണ്ടാണ് നടന്നത്.

കുടഞ്ഞുകളയാന്‍ ശ്രമിച്ചിട്ടും വിനയന്‍ മാഷുടെ മുഖം പലപ്പോഴും മനസ്സില്‍ കയറിവന്നു. ..
ഒന്നും ചെയ്യാനില്ല. വായിക്കാൻ ബാക്കി വച്ച പുസ്തകങ്ങളിൽ രക്ഷതേടി.
മഴ ശക്തിയായി പെയ്തപ്പോഴാണ് വെളിയില്‍ തോരാനിട്ട തുണിയെക്കുറിച്ച് ഓർത്തത്. ലൈറ്റിട്ട് ഓടിച്ചെന്ന് തുണികളെല്ലാമെടുത്ത് കൈത്തണ്ടയിൽ വച്ച് മുൻവശത്തൂടെ ഓടിക്കയറി. ഞെട്ടിപ്പോയി. ഒരാൾ നനഞ്ഞു
വിറച്ച് വരാന്തയിൽ നില്ക്കുന്നു.
" ഹാരാത് " ശബ്ദം പൊങ്ങുന്നില്ല.
"പേടിക്കേണ്ട ടീച്ചര്‍. ഞാനാ വിനയന്‍. ടൗണിൽ പോയി വരുംവഴിയാ. മഴ പെയ്തത് പെട്ടെന്നാ. ലൈറ്റു കണ്ടു ഓടിക്കയറിയപ്പോൾ ടീച്ചറുടെ വീടാണെന്ന് ഓർത്തില്ല. "
"അതിനെന്താ മാഷ് ഇരിക്കൂ." അങ്ങനെ പറയാനാണു തോന്നിയത്. പക്ഷേ പെട്ടെന്ന് മനസ്സില്‍ ഒരു വടംവലി നടന്നു. ആരുമില്ലാത്ത രാത്രി സമയം. ഒരു അന്യപുരുഷൻ ..വഴിയില്‍ക്കൂടി പോകുന്ന ആരെങ്കിലും ശ്രദ്ധിച്ചാലോ. നാളെ കുട്ടികളുടെ മുന്നില്‍ ചെന്നു നിൽക്കാനൊക്കുമോ. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ നനഞ്ഞു കുളിച്ചു വന്നപ്പോൾ ഇറങ്ങിപ്പോകാൻ എങ്ങനെ പറയും. .
"മാഷ് അകത്തു കയറി ഇരിക്കൂ. വരാന്തയിൽ തൂവാനമടിക്കുന്നുണ്ട്."
വെളിയില്‍ നിന്ന് ആരെങ്കിലും കാണരുതെന്നേയുണ്ടായിരുന്നുള്ളൂ.
" തല തുവർത്തൂ മാഷേ. വല്ലാതെ തണുത്തു വിറയ്ക്കുന്നുമുണ്ടല്ലോ" തോർത്ത് എടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു.
"ടീച്ചറുംനന്നായി നനഞ്ഞല്ലോ" ശരീരത്തിൽ നനഞ്ഞൊട്ടിയ വേഷവുമായാണ് താൻ നിൽക്കുന്നത് എന്ന തിരിച്ചറിവിൽ ലജ്ജ തോന്നി. ധൃതിയില്‍ അകത്തുപോയി വസ്ത്രം മാറി ഒരു കപ്പ് ചൂട് കാപ്പിയുമായി വന്നപ്പോൾ വിനയന്‍ മാഷ് തലതുവർത്തി നിൽക്കുന്നു. കാപ്പി കൊടുത്തു കൊണ്ടു പറഞ്ഞു
"പാലില്ല കട്ടനാ. തണുപ്പു മാറട്ടേന്നു കരുതിയാ.കുടിക്കൂ മാഷെ"

"അവധിക്കാലത്ത് തനിച്ച് ടീച്ചര്‍ എങ്ങനെയാണ് സമയം കളയുന്നത്."
"ലൈബ്രറിയിൽ പുസ്തകങ്ങൾ ഉള്ള കാലത്തോളം എനിക്ക് എന്ത് വിഷമം"
നിസ്സാരഭാവത്തിൽ പറഞ്ഞെങ്കിലും ആ നാളുകളില്‍ അനുഭവിക്കുന്ന മടുപ്പിക്കുന്ന ഏകാന്തതയുടെ കയ്പ് മുഖത്ത് വന്നോ ആവോ.
മാഷുടെ കണ്ണുകൾ തന്നെ അടിമുടി ഉഴിയുന്നത് മനസ്സിലായപ്പോൾ വേവലാതിയോടെ
വേഗം വിഷയം മാറ്റി.
" എങ്ങനെ പോവും മാഷേ. മഴ കുറയുന്നില്ലല്ലോ"
അതു ശ്രദ്ധിക്കുകപോലും ചെയ്യാതെ
 വിനയന്‍ മാഷ് പറഞ്ഞു "നമ്മളൊന്നിച്ചു താമസിക്കുന്ന ഒരു കൊച്ചു വീട് ടീച്ചറെ കണ്ടതു മുതല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഇതുപോലെ. "
"ശാപം പിടിച്ച എന്നെയാണോ മാഷ് കണ്ടുപിടിച്ചത്. ആളുകളുടെ മുന്നില്‍ കൂടെ കൊണ്ടു നടക്കാൻ പറ്റിയ ഒരു മുഖം പോലുമില്ലല്ലോ എനിക്ക്. മാഷിനേക്കാൾ ചില വർഷങ്ങൾ കൂടുതൽ ഓണമുണ്ടിട്ടുണ്ട് ഞാന്‍. അതറിയുമോ മാഷെ"
"ഞാനതൊന്നും കാര്യമാക്കുന്നില്ല. മുഖമല്ല പ്രായമല്ല മനസ്സാണു ഞാന്‍ കണ്ടത്. ഇപ്പോള്‍ മുഖംമൂടിയുമായല്ലല്ലോ സ്കൂളില്‍ പോകുന്നത്.. നീലിമടീച്ചറെ എനിക്ക് ഇഷ്ടമാണ്. എനിക്ക് എന്നും കൂട്ടായി വരാമോ.അത് മാത്രം അറിഞ്ഞാല്‍ മതി. "
കൺകോണുകളിൽ നീരസം ചാലിച്ച് ഒഴിഞ്ഞ കാപ്പിക്കപ്പ് വാങ്ങാന്‍ കൈ നീട്ടി. ആ കൈയ്യില്‍ കടന്നുപിടിച്ചു വിനയന്‍ മാഷ് എഴുന്നേൽക്കുന്നത് ചങ്കിടിപ്പോടെയാണ് കണ്ടത്. മനസ്സിലെ ആന്തൽ അടക്കി കൈ വലിച്ചു. "നീലിമടീച്ചർക്ക് എന്നെ ഇഷ്ടമല്ലേ. അതു മാത്രമാണ് എനിക്കറിയേണ്ടത്. എത്ര നാളായി ഇതൊന്നു പറയാന്‍ ഞാന്‍ കാത്തിരിക്കുന്നു . എപ്പോഴും ഞാന്‍ അടുത്തു വരുമ്പോള്‍ ടീച്ചര്‍ മാറിക്കളയും. ഇപ്പോള്‍ പറയൂ ടീച്ചര്‍ക്ക് എന്നെ ഇഷ്ടമല്ലേ.."
ഒരാള്‍ എന്നെങ്കിലും ചോദിക്കണമെന്നാഗ്രഹിച്ച ചോദ്യം.

പുരുഷന്റെ ഗന്ധം, അവന്റെ നിശ്വാസം, ആ കയ്യില്‍ നിന്ന് പ്രസരിച്ച സ്നേഹം, ഇതൊക്കെ എത്ര കൊതിച്ചതാണ്.

അവൾ അകത്തു പോയി ഒരു കുടയുമെടുത്തു വന്നു.
"മാഷ് നനയാതെ പോകൂ. അമ്മ വരട്ടെ എന്നെ ഇഷ്ടമായെങ്കിൽ ഞാന്‍ കൂടെ വരും. "
"ഹാവൂ ദേവി പ്രസാദിച്ചല്ലോ. സന്തോഷമായി ടീച്ചര്‍. "

   കുടയുമെടുത്തു നടന്നു പോകുന്ന മാഷെ നോക്കി നില്ക്കുമ്പോൾ പുറത്ത് നാദസ്വരമേളം പോലെ മഴ ആർത്തലച്ചു പെയ്യുകയായിരുന്നു.

Tuesday, 2 August 2016

ഇനി ഞാന്‍ ഉറങ്ങട്ടെ.
നിന്റെ നിശ്വാസമേൽക്കാതെ
നിൻ സ്നേഹപ്പുതപ്പു മൂടീടാതെ
നിൻ കരലാളനമില്ലാതെ
വഴിയില്‍ വലിച്ചെറിയപ്പെട്ട
തലയൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ
തണുത്തു മരവിച്ച കിടക്കയിൽ
അതിലെറെ മരവിച്ച മനസ്സുമായി
ഇനിഞാനുറങ്ങട്ടെ.
സ്നേഹത്തിൻ ചൂടുള്ള സൂര്യന്‍
ഉദിച്ച നാളുകൾ ഓർമ്മയിൽ
സ്വപ്നങ്ങളെല്ലാം ഓടിയൊളിച്ച മനസ്സോടെ
ഇനി ഞാനുറങ്ങട്ടെ വീണ്ടും.
പോവുക മൽ പ്രാണസ്നേഹിതാ നിൻമുന്നിൽ
നീണ്ടു കിടക്കുന്നു ജീവിതത്താരകൾ
വിട്ടേക്കുകീ പാഴ്ചെടിയെ നിൻ കാൽക്കലായ് ചവിട്ടേറ്റുണങ്ങിക്കിടക്കുമീ മുൾച്ചെടിയേ
മരവിച്ച പാവം മനസ്സും ശരീരവും
എണ്ണതടവി പുനർജ്ജനിപ്പിച്ചു നീ
സ്നേഹസുഗന്ധിയാമെണ്ണ ....
കാരണമെന്തെന്നറിയാത്തൊരുൾഭയ
മെന്നെ ഭരിക്കുന്നു പ്രാണനാഥാ
തൊട്ടടുത്തേതോ നിമിഷത്തിലൊരു കൂ ർത്ത
കത്തിമുന നെഞ്ചിലമരുംപോലെ
നെഞ്ച് പിടയുന്നൂ കണ്ണിൽ, തലച്ചോറി
ലഗ്നി പടരുന്നെൻ പ്രിയതമാ കേൾ
എൻനെഞ്ചിനുള്ളിലായൊരു കിളിക്കുഞ്ഞു
ചിറകടിച്ചോടുന്നു കാണുമോ നീ
ഒരു ദിവസം കൊണ്ടു വാടുന്നപൂവുപോൽ
വീണുപോകരുതെന്റെ ഹൃദയത്തിൽനിന്നു നീ
രാത്രിയിൽ കണ്ടൊരു നല്ല കനവുപോൽ
മാഞ്ഞുപോയെന്നോ പ്രണയമേ നീ...
ഇന്നു കനവിലും നാളെ നിനവിലും
വന്നെത്തുമെന്നുള്ളൊരാശയോടെ
ചെന്നു ശയനഗൃഹമേറുന്നു
ഇനി ഞാനുറങ്ങട്ടെ ശാന്തിയോടെ